പഞ്ചായത്തിലൂടെ

ചപ്പാരപ്പടവ് - 2010

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ തളിപ്പറമ്പ് ബ്ലോക്കിലാണ് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1969ല്‍ രൂപീകൃതമായ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 69.7 ച.കി.മീറ്ററാണ്. ചപ്പാരപ്പടവ് പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ വടക്ക് ആലക്കോട് പഞ്ചായത്തും കിഴക്ക് ആലക്കോട്, നടുവില്‍, ചെങ്ങളായി പഞ്ചായത്തുകളും തെക്ക് കുറുമാത്തൂര്‍, പരിയാരം, ചെങ്ങളായി പഞ്ചായത്തുകളും പടിഞ്ഞാറ്  കടന്നപ്പള്ളി-പാണപ്പുഴ, എരമംകുറ്റൂര്‍, പരിയാരം എന്നീ പഞ്ചായത്തുകളുമാണ്. പഞ്ചായത്തിന്റെ മൊത്തം ജനസംഖ്യ 29695 ആണ്. ഇതില്‍ 15117 പേര്‍ സ്ത്രീകളും 14578 പേര്‍ പുരുഷന്മാരുമാണ്. മൊത്തം ജനതയുടെ സാക്ഷരതാ നിരക്ക് 90 ശതമാനം ആണ്. ഭൂപ്രകൃതി അനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന പഞ്ചായത്താണ് ചപ്പാരപ്പടവ്. തെങ്ങ്, കവുങ്ങ്, വാഴ, റബ്ബര്‍ എന്നിവയാണ് പ്രധാനമായും ഇവിടെ കൃഷി ചെയ്യുന്നത്. ചപ്പാരപ്പടവ് (കുപ്പം) പുഴയാണ് പഞ്ചായത്തിലൂടെ ഒഴുകുന്ന പ്രധാന പുഴ. പന്ത്രണ്ടാം ചാല്‍ പക്ഷിനിരീക്ഷണ കേന്ദ്രം ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. സ്വകാര്യ കിണറുകളെ കൂടാതെ 47 പൊതു കിണറുകളും 32 പൊതു കുടിവെള്ള ടാപ്പുകളും കുടിവെള്ള വിതരണത്തിനായി ഈ പഞ്ചായത്തില്‍ ഉപയോഗിക്കുന്നു. പഞ്ചായത്തിന്റെ വീഥികള്‍ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നതിനായി 160 തെരുവു വിളക്കുകളും അങ്ങിങ്ങായി സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളം. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റെയില്‍വെ സ്റ്റേഷന്‍. കൊച്ചി തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം. പഞ്ചായത്തിന്റെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന സ്ഥലം തളിപ്പറമ്പ് ബസ് സ്റ്റാന്റാണ്. തളിപ്പറമ്പ്-ആരക്കോട് റോഡ്, തളിപ്പറമ്പ്-പെരുമ്പടവ് റോഡ് എന്നിവയാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകള്‍. ചപ്പാരപ്പടവ് പാലം, തേറണ്ടിപാലം എന്നിവ പഞ്ചായത്തിലെ പ്രധാന പാലങ്ങളാണ്. തടിമില്‍, സ്റ്റോണ് ക്രഷര്‍ എന്നിവയുടെ നിരവധി ചെറുകിട ഇടത്തരം യൂണിറ്റുകള്‍ പഞ്ചായത്തിലുണ്ട്. സള്‍ഫെക്സ് മാട്രസ്സ്, എല്ലുപൊടി ഫാക്ടറി എന്നിവ പഞ്ചായത്തിലെ മറ്റു ചെറുകിട വ്യവസായങ്ങളാണ്. മലബാര്‍ ഗ്യാസ് എന്ന പേരില്‍ ഒരു ഗ്യാസ് ഏജന്‍സി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 6 റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. ചപ്പാരപ്പടവ്, പെരുമ്പടവ്, തടിക്കടവ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങള്‍. പെരുമ്പടവ്,ഒടുവള്ളി എന്നിവിടങ്ങളില്‍ ഷോപ്പിംഗ് കോംപ്ലക്സുകള്‍ ഉണ്ട്. വിവിധ മതക്കാരുടേതായി നിരവധി ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. 12 ക്ഷേത്രങ്ങളും, 16 മുസ്ലീം പള്ളികളും 6 ക്രിസ്ത്യന്‍ പള്ളികളും പഞ്ചായത്തില്‍ അങ്ങിങ്ങായി നിലകൊള്ളുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബാലന്‍ മാഷ് പഞ്ചായത്തിലെ ഒരു പ്രമുഖ വ്യക്തിയാണ്. പെരുമ്പടവ് വായനശാല, എളമ്പേരം ഇ.എം.എസ് വായനശാല എന്നിവ പഞ്ചായത്തിലെ പ്രധാന സാംസ്കാരിക സ്ഥാപനങ്ങളാണ്. ആരോഗ്യ പരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന നിരവധി ആരോഗ്യ കേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട്. പഞ്ചായത്തിലെ ചപ്പാരപ്പടവ്, ഒടുവള്ളി എന്നിവിടങ്ങളില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ചപ്പാരപ്പടവ് ശാന്തിഗിരി ആയുര്‍വേദ ആശുപത്രി, ചപ്പാരപ്പടവ് എം.എ.എച്ച് മെമ്മോറിയല്‍ ആശുപത്രി, പെരുമ്പടവ് സത്യശങ്കര്‍ ക്ലിനിക്ക് എന്നിവ പഞ്ചായത്തിന്റെ ആരോഗ്യ പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് പ്രധാന സ്ഥാപനങ്ങളാണ്. മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ പെരുമ്പടവില്‍ ഒരു മൃഗാശുപത്രി പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. 2010 എത്തി നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ 4 സ്കൂളുകളും സ്വകാര്യ മേഖലയില്‍ 5 സ്കൂളുകളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ സ്വകാര്യ മേഖലയില്‍ 2 കോളേജുകളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കരുണാപുരത്തെ സ്നേഹഭവനം എന്ന അഗതിമന്ദിരം പഞ്ചായത്തിലെ ഒരു പ്രധാന സാമൂഹ്യ സ്ഥാപനമാണ്. പഞ്ചായത്തിലെ കുവേരി, തടിക്കടവ് എന്നിവിടങ്ങളില്‍ സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ തടിക്കടവില്‍ നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ ഒരു ശാഖ പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിലെ എരുവൊട്ടിയിലും, ആലത്തട്ടിലും ഓരോ കമ്മ്യൂണിറ്റി ഹാളുകള്‍ ഉണ്ട്. ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്തില്‍ നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വില്ലേജ് ഓഫീസുകള്‍ പഞ്ചായത്തിലെ കുവേരി, തിമിരി എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്നു. വൈദ്യുതി ബോര്‍ഡ് ഓഫീസ് ചപ്പാരപ്പടവിലും, കൃഷിഭവന്‍ അമ്മന്‍കുളത്തും സ്ഥിതി ചെയ്യുന്നു. ചപ്പാരപ്പടവ്, പെരുമ്പടവ്, തടിക്കടവ് എന്നിവിടങ്ങളില്‍ ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവ കൂടാതെ പഞ്ചായത്തില്‍ 5 തപാല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.