ചമ്പക്കുളം

ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കില്‍ പൂര്‍ണ്ണമായും ഭാഗികമായി അമ്പലപ്പുഴ താലൂക്കിലുമായാണ് ചമ്പക്കുളം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എടത്വാ, കൈനകരി, ചമ്പക്കുളം, തകഴി, തലവടി, നെടുമുടി എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ചമ്പക്കുളം ബ്ളോക്ക് പഞ്ചായത്ത്. തലവടി, എടത്വ, തകഴി, കരുമാടി(ഭാഗികം), നെടുമുടി, ചമ്പക്കുളം, കൈനകരി വടക്ക്, കൈനകരി തെക്ക് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ചമ്പക്കുളം ബ്ളോക്ക് പഞ്ചായത്തിന് 151.65 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് മണിമലയാറും, കിഴക്കുഭാഗത്ത് പുന്നകുന്ന്-പുളിങ്കുന്ന് റോഡും, മണിമലയാറും, തെക്കുഭാഗത്ത് കുരങ്കഴിത്തോട്, അരിതോട്, കരിയാര്‍തോട് എന്നീ നീരൊഴുക്കുകളും, പടിഞ്ഞാറുഭാഗത്ത് പൂക്കൈതയാറും, വേമ്പനാട് കായലുമാണ് ചമ്പക്കുളം ബ്ളോക്കിന്റെ അതിര്‍ത്തികള്‍. ഭൂപ്രകൃതി അനുസരിച്ച് തീര സമതല മേഖലയിലാണ് ചമ്പക്കുളം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കാലാവസ്ഥ അടിസ്ഥാനപ്പെടുത്തിയാണ് ഇന്നും കുട്ടനാട്ടില്‍ കാര്‍ഷികവൃത്തി നടന്നുവരുന്നത്. കുട്ടനാടിന്റെ കാര്‍ഷിക പരിസ്ഥിതി ഘടകങ്ങളെ അനുസരിച്ച് ചമ്പക്കുളത്തിന്റെ ഭൂപ്രകൃതിയെ അപ്പര്‍ കുട്ടനാട്, കായല്‍ പ്രദേശങ്ങള്‍, വൈക്കം, ലോവര്‍ കുട്ടനാട്, വടക്കന്‍ കുട്ടനാട്, പുറക്കാട് കരി എന്നിങ്ങനെ 6 ആയി തരം തിരിക്കാം. തലവടി, എടത്വാ എന്നീ പഞ്ചായത്തുകള്‍ അപ്പര്‍ കുട്ടനാട്ടിലും, ചമ്പക്കുളം, നെടുമുടി എന്നീ പഞ്ചായത്തുകള്‍ ലോവര്‍ കുട്ടനാട്ടിലും, തകഴി പഞ്ചായത്ത് പുറക്കാട് കരിയിലും, കൈനകരി പഞ്ചായത്ത് കായല്‍ പ്രദേശങ്ങളിലും സ്ഥിതി ചെയ്യുന്നു. സമതലത്തിലുള്ള കരഭൂമി, താഴ്ന്ന പ്രദേശങ്ങളായ വയലുകള്‍ എന്നിങ്ങനെ ഭൂമിയുടെ കിടപ്പ് അനുസരിച്ചും ഈ പ്രദേശത്തെ രണ്ടായി തിരിക്കാം. കരഭൂമി സമുദ്രനിരപ്പില്‍ നിന്നും ഉയരത്തിലും വയലുകള്‍ സമുദ്രനിരപ്പില്‍ നിന്നും താഴ്ചയിലുമാണ്. മുന്‍കാലങ്ങളില്‍ ഈ പ്രദേശങ്ങള്‍ കായലുകളായിരുന്നു എന്നു പഴയ ചരിത്രരേഖകളില്‍ നിന്നും മനസിലാക്കാം. കിഴക്കന്‍ മലകളില്‍ നിന്നും ഒഴുകിയെത്തിയ എക്കല്‍ മണ്ണ് അടിഞ്ഞുണ്ടായതാണ് കുട്ടനാട് എന്ന് പറയപ്പെടുന്നു. എന്നാല്‍ ഇന്നു കാണുന്ന കരഭൂമിയില്‍ നല്ലൊരു ഭാഗം ജലാശയങ്ങളില്‍ നിന്നും കോരിയെടുത്ത പശയുള്ള ചെളിമണ്ണുകൊണ്ട് മനുഷ്യപ്രയത്നത്താല്‍ ഉണ്ടാക്കിയെടുത്തതാണ്. പ്രകൃതി കനിഞ്ഞുനല്‍കിയ ഫലപുഷ്ടി നിറഞ്ഞ കറുത്ത പശയുള്ള എക്കല്‍മണ്ണാണ് പൊതുവേ എല്ലായിടത്തും കാണപ്പെടുന്നത്. കായലുകള്‍, ചെറുതും വലുതുമായ തോടുകള്‍ എന്നിവകൊണ്ട് നിറഞ്ഞതും ജലാശയങ്ങള്‍ കൊണ്ട് അനുഗ്രഹീതവുമായ ഭൂപ്രദേശമാണ് ചമ്പക്കുളം ബ്ളോക്ക് പഞ്ചായത്ത്. അച്ചന്‍കോവിലാറ്, മണിമലയാറ്, പമ്പാനദി എന്നീ പുഴകളുടെ പോഷകനദികള്‍ ഈ ബ്ളോക്കിലൂടെ ഒഴുകുന്നുണ്ട്. ചമ്പക്കുളം ദേശീയ വികസന ബ്ളോക്ക് 1961-ലാണ് നിലവില്‍ വന്നത്.