ചരിത്രം

പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കില്‍ തൃത്താല ബ്ളോക്കില്‍ ചാലിശ്ശേരി വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് നാഗലശ്ശേരി പഞ്ചായത്ത്, തെക്ക് നാഗലശ്ശേരി, കടവല്ലൂര്‍(തൃശ്ശൂര്‍ ജില്ല) പഞ്ചായത്തുകള്‍, പടിഞ്ഞാറ് കപ്പൂര്‍, ആലംകോട്(മലപ്പുറം ജില്ല) പഞ്ചായത്തുകള്‍,  വടക്ക് പട്ടിത്തറ പഞ്ചായത്ത് എന്നിവയാണ്.നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള കുട്ടനാടിന്റെ അതിര്‍ത്തി പ്രദേശമായിരുന്നു ഇവിടം. പിന്നീട് സാമൂതിരിയുടെ കോഴിക്കോടിന്റെയും അതിനുശേഷം ബ്രിട്ടീഷ് മലബാറിന്റെയും അതിര്‍ത്തി ചാലിശ്ശേരി തന്നെയായിരുന്നു. ഈ പ്രദേശത്ത് വള്ളുവനാടന്‍ സംസ്കാരം ഇന്നും നിലനില്‍ക്കുന്നു. മഹാപണ്ഡിതനും പതിനെട്ടര കവികളിലെ പ്രമുഖനുമായിരുന്ന കാക്കശ്ശേരി ഭട്ടതിരിയെന്ന ദാമോദരഭട്ടതിരിയുടെ ജന്മസ്ഥലം ചാലിശ്ശേരിയാണ്. ഇവിടേയക്ക് ടിപ്പു സുല്‍ത്താന്‍ പടനയിച്ചതിന്റെ ചരിത്രാവിശിഷ്ടങ്ങള്‍ ഇവിടെ കാണാം. മഴ തീര്‍ന്നാലും വറ്റാത്ത നിരവധി ചോലകളും, ചാലുകളും ഇവിടുത്തെ പ്രത്യേകതയായിരുന്നു. ഇതുമൂലം ചാലുകള്‍ ചേര്‍ന്നത് എന്നര്‍ഥം വരുന്ന ചാലുശ്ശേരി, ചാലിശ്ശേരി ആയതാവാം എന്ന് കരുതപ്പെടുന്നു.125 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വാതന്ത്ര സുറിയാനി സഭ സ്ഥാപിച്ച സ്കൂളാണ് എസ്.സി.വി.പി സ്കൂള്‍. 1956-ല്‍ പ്രവര്‍ത്തമനംരംഭിച്ച മഹാത്മാവായനശാല ആന്റ് ഗ്രന്ഥശാല തണ്ണീര്‍ക്കോട് ആണ് ഈ പഞ്ചായത്തിലെ ആദ്യത്തെ സാംസ്കാരിക സംരംഭം.ഒരുകാലത്ത് കേരളത്തിലെ ഒന്നാംകിട വാണിജ്യ കേന്ദ്രമായിരുന്നു ചാലിശ്ശേരി. അടയ്ക്ക മാര്‍ക്കറ്റുകളില്‍ ഇന്ത്യയിലെ തന്നെ ഒന്നാം സ്ഥാനത്തായിരുന്നു ചാലിശ്ശേരി. മലഞ്ചരക്കു വിപണനമാണ് ഇവിടെ ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ളത്. നാണ്യവിളകളാണ് ഈ പ്രദേശത്ത് കൃഷി ചെയ്തിരുന്നത്. ചാലിശ്ശേരി പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള ഇരുമ്പിന്‍ കുന്നത്ത് കാണുന്ന ഗുഹയും ചില ശിലാരൂപങ്ങളും ഏതോ പ്രാചീനമനുഷ്യരുടെ ജീവിതത്തെക്കുറിക്കുന്നു. ഇവിടം ഗവേഷണ സാധ്യതയുള്ള ഒരു സ്ഥലമാണ്.200 വര്‍ഷം പഴക്കമുള്ള ഔഗാല്‍ ചര്‍ച്ച്, കുറ്റനാട്ടുകാവ്, പഞ്ചായത്തിലെ ഏറ്റവും പുരാതനമായ കാവുക്കോട് ശിവക്ഷേത്രം എന്നിവയാണ് പ്രധാന ആരാധനാലയങ്ങള്‍. നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. മൂന്ന് ക്രിസ്ത്യന്‍ പള്ളികളും, 5 ക്ഷേത്രങ്ങളും, 3 മുസ്ളിം പള്ളികളും പഞ്ചായത്തില്‍ പലസ്ഥലങ്ങളിലായി നിലകൊള്ളുന്നു. മൂലയം പറമ്പ് ഉത്സവം, കൂറ്റനാട് പള്ളി നേര്‍ച്ച, കോട്ടക്കാവ് പൂരം, പുതിയേടത്ത് പൂരം, കൊളത്താണി പൂരം എന്നിവയാണ് ഗ്രാമവാസികളുടെ പ്രധാന ആഘോഷങ്ങള്‍. മാര്‍വല്‍ ആര്‍ട്ട്സ്  ആന്റ് സ്പോര്‍ട്സ് ക്ളബ്, ജി.ഡി.സി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ്  ക്ളബ്, കമുക്കോട് ക്ളബ്, യുണൈറ്റഡ് ക്ളബ് എന്നിവയാണ് പ്രധാന കലാ-കായിക-സാംസ്കാരിക സ്ഥാപനങ്ങള്‍.