ചാലിശ്ശേരി

പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കില്‍ തൃത്താല ബ്ളോക്കിലാണ് ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 19.2 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് നാഗലശ്ശേരി പഞ്ചായത്ത്, തെക്ക് നാഗലശ്ശേരി, കടവല്ലൂര്‍(തൃശ്ശൂര്‍ ജില്ല) പഞ്ചായത്തുകള്‍, പടിഞ്ഞാറ് കപ്പൂര്‍, ആലംകോട്(മലപ്പുറം ജില്ല) പഞ്ചായത്തുകള്‍,  വടക്ക് പട്ടിത്തറ പഞ്ചായത്ത് എന്നിവയാണ്. 1956-ല്‍ ചാലിശ്ശേരി പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. എം.എം. അഹമ്മദുണ്ണിയായിരുന്നു ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ്. 1963-ല്‍ കാവുക്കോട് പഞ്ചായത്തും ചാലിശ്ശേരി പഞ്ചായത്തും യോജിപ്പിച്ച് ഇന്നത്തെ ചാലിശ്ശേരി പഞ്ചായത്ത് രൂപീകരിച്ചു. 1963-ല്‍ ജനകീയ തെരഞ്ഞെടുപ്പിലൂടെ ഇട്ട്യേശ്ശന്‍ മാസ്റ്റര്‍ അധ്യക്ഷനായുള്ള ഭരണസമിതി നിലവില്‍ വന്നു. സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ഗ്രാമപഞ്ചായത്താണ് ചാലിശ്ശേരി. വിനോദസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രങ്ങളായ ഇരുമ്പുംകുന്ന്, കൂറ്റനാട് ടിപ്പുകോട്ട എന്നിവ ചാലിശ്ശേരിയില്‍ സ്ഥിതി ചെയ്യുന്നു. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന ചാലിശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഇരുമ്പുംകുന്ന്, പടാട്ട്കുന്ന് എന്നീ രണ്ടു കുന്നുകള്‍ സ്ഥിതി ചെയ്യുന്നു. തെങ്ങാണ് ചാലിശ്ശേരി ഗ്രാമപഞ്ചായത്തിലെ മുഖ്യ കൃഷി. ഇതുകൂടാതെ കവുങ്ങ്, നെല്ല്, കപ്പ, റബ്ബര്‍, ഇഞ്ചി, വാഴ, പച്ചക്കറികള്‍ എന്നിവയും ഇവിടെ കൃഷി ചെയ്യുന്നു. വിദ്യാഭ്യാസത്തിന് വളരെയധികം പ്രധാന്യം നല്‍കി വരുന്ന ഒരു ഗ്രാമപഞ്ചായത്താണ് ചാലിശ്ശേരി. അതുകൊണ്ടുതന്നെ സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച പഞ്ചായത്തു കൂടിയാണിത്. മൃഗസംരക്ഷണത്തിനായി മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൃഗാശുപത്രി ചാലിശ്ശേരി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. കാത്തോലിക്ക് സിറിയന്‍ ബാങ്ക്, എസ്.ബി.ടി എന്നീ ദേശസാല്‍കൃത ബാങ്കുകളുടെ ശാഖകളും, സഹകരണ ബാങ്കുകളായ  കോ-ഓപ്പറേറ്റീവ് ബാങ്ക്, അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവയും  ഈ പഞ്ചായത്തിലുണ്ട്. പെരിന്തല്‍മണ്ണ- പെരുമണ്ണൂര്‍, പാലക്കാട്-ഗുരുവായൂര്‍, പൊന്നാനി-പാലക്കാട് എന്നിവയാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകള്‍. കുറ്റനാട് ബസ് സ്റ്റാന്റ്, പട്ടാമ്പി ബസ് സ്റ്റാന്റ് എന്നിവയാണ് ഗതാഗത സൌകര്യങ്ങള്‍ കേന്ദ്രീകരിക്കുന്ന ഇവിടുത്തെ പ്രധാന ബസ് സ്റ്റാന്റുകള്‍. പൊന്നാനി-ബിയ്യം ആണ് ഇവിടുത്തെ ജലഗതാഗതത്തിനു സൌകര്യമുള്ള കേന്ദ്രം. വാണിജ്യരംഗത്ത് ചാലിശ്ശേരിയിലെ അടയ്ക്കാ മാര്‍ക്കറ്റാണ് പേരുകേട്ട വ്യാപാരകേന്ദ്രം. രണ്ട് ഷോപ്പിംഗ് കോംപ്ളക്സുകള്‍ ഈ പഞ്ചായത്തിന്റേതായുണ്ട്. അങ്ങാടി-ചാലിശ്ശേരിലെ   ചന്ത ഇവിടുത്തെ ജനങ്ങളുടെ ജീവിതത്തിന്റെയും സംസ്കാരത്തിന്റേയും ഭാഗമായികഴിഞ്ഞു. എടപ്പാള്‍ ഹോസ്പിറ്റല്‍, കൂറ്റനാട് ഹോസ്പിറ്റല്‍ എന്നിവ പഞ്ചായത്ത് നിവാസികള്‍ക്ക് ആരോഗ്യ രംഗത്ത് സേവനം ലഭ്യമാക്കുന്ന സംവിധാനങ്ങളാണ്.