ചാലക്കുടി

തൃശ്ശൂര്‍ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ് ചാലക്കുടി ബ്ളോക്ക് സ്ഥിതി ചെയ്യുന്നത്. കാടുകുറ്റി, കോടശ്ശേരി, കൊരട്ടി, മേലൂര്‍, പരിയാരം, അതിരപ്പള്ളി എന്നീ ആറ് ഗ്രാമപ്പഞ്ചായത്തുകളാണ് ഈ ബ്ളോക്കിലുള്‍പ്പെടുന്നത്. 674.2 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ ബ്ളോക്കിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കൊടകര, ആലത്തൂര്‍, നെന്മാറ ബ്ളോക്കുകളും കിഴക്കുഭാഗത്ത് തമിഴ്നാടും നെന്മാറ ബ്ളോക്കും, തെക്കുഭാഗത്ത് അങ്കമാലി, കോതമംഗലം ബ്ളോക്കുകളും, പടിഞ്ഞാറുഭാഗത്ത് മാള, കൊടകര ബ്ളോക്കുകളുമാണ്. എലിഞ്ഞിപ്ര, കോടശ്ശേരി, മുരിങ്ങൂര്‍ തെക്കുംമുറി, കൊരട്ടി, കിഴക്കുംമുറി, വടക്കുംമുറി, പരിയാരം, കുറ്റിച്ചിറ എന്നീ വില്ലേജുകളിലായാണ് ചാലക്കുടി ബ്ളോക്ക് വ്യാപിച്ചുകിടക്കുന്നത്. ചാലക്കുടിപ്പുഴയാണ് ഈ ബ്ളോക്കിലെ ഏറ്റവും പ്രധാനപ്പെട്ട ജലസ്രോതസ്സ്. അര്‍ണ്ണോസുപാതിരി കേരളത്തില്‍ സ്ഥാപിച്ച ആദ്യത്തെ മലയാളം അച്ചുകൂടം ചാലക്കുടി ബ്ളോക്കിലെ കാടുകുറ്റി പഞ്ചായത്തിലെ സമ്പാളൂരിനടുത്താണ്. ടിപ്പുസുല്‍ത്താന്റെ ആക്രമണം ചെറുക്കാനായി തിരുവിതാംകൂര്‍, കൊച്ചി രാജാക്കന്മാര്‍ സംയുക്തമായി അറബിക്കടല്‍ മുതല്‍ സഹ്യാദ്രിവരെ നെടുനീളത്തില്‍ കോട്ട നിര്‍മ്മിക്കുകയുണ്ടായി. നെടുംകോട്ട എന്നു വിളിക്കപ്പെടുന്ന ഈ കോട്ടയുടേയും അതിനോടനുബന്ധിച്ചുള്ള കിടങ്ങിന്റേയും യുദ്ധസാമഗ്രികളുടേയും അവശിഷ്ടങ്ങള്‍ ഇപ്പോഴും ബ്ളോക്കിലെ പല പഞ്ചായത്തുകളിലും അങ്ങിങ്ങായി കാണാന്‍ സാധിക്കും. പനമ്പിള്ളി ഗോവിന്ദ മേനോന്റെ ജന്മദേശം ഈ ബ്ളോക്കിലാണ്. ഈ നാടിന്റെ ഹൃദയത്തിലൂടെ കൊച്ചിരാജാക്കന്മാരുടെ കാലത്ത് സ്ഥാപിച്ച ഒരു ട്രാംവേലൈന്‍ കടന്നുപോയിരുന്നു. ചാലക്കുടിയിലേക്ക് കിഴക്കന്‍മലകളില്‍ നിന്നും തടി, വിറക് മുതലായവ ഇറക്കിക്കൊണ്ടുവരുന്നതിന് പറമ്പിക്കുളം വരെ നീണ്ടുകിടന്നിരുന്ന ഒരു റയില്‍വേസംവിധാനമായിരുന്നു ട്രാംവേ. അതിവിസ്തൃതമായ അതിരപ്പിള്ളി പഞ്ചായത്ത്, ഭൂപ്രകൃതിയുടെ കാര്യത്തിലും, കാലാവസ്ഥയുടെ കാര്യത്തിലും വളരെയധികം വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. ബ്ളോക്കിന്റെ വടക്കും കിഴക്കും പര്‍വ്വതനിരകളാണ്. ഇത് തികച്ചും തെക്കോട്ട് ചരിഞ്ഞുകിടക്കുന്ന ഒരു മലഞ്ചരിവാണെന്ന് പറയുന്നതാവും ഉത്തമം. കുറച്ചുഭാഗം മാത്രമേ കുന്നിന്‍പ്രദേശം എന്നു പറയാനാകൂ. അധികവും ചെരിവോടുകൂടിയ സമതലങ്ങളാണ്. ഒരുകാലത്ത് സമതലങ്ങളില്‍ ഭൂരിഭാഗവും നെല്‍കൃഷിയായിരുന്നു. നെല്ലുല്‍പാദനത്തില്‍ ചാലക്കുടി ബ്ളോക്കിലെ പഞ്ചായത്തുകള്‍ക്ക് റെക്കോഡുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. 1952-ല്‍ പ്രാവര്‍ത്തികമായ ചാലക്കുടി വലതുകര കനാലില്‍ നിന്നും ജലം സുലഭമായിരുന്നപ്പോള്‍ നെല്‍കൃഷിയിലുണ്ടായിരുന്ന കുതിച്ചുകയറ്റം ഇന്ന് നിലവിലില്ല. എന്‍.എച്ച്-47 ഈ ബ്ളോക്കിലൂടെ കടന്നുപോകുന്നു. വിവിധഭാഷകളുടേയും, സംസ്കാരങ്ങളുടേയും, മതവിഭാഗങ്ങളുടേയും ഒരു സങ്കരഭൂമിയാണ് ചാലക്കുടി ബ്ളോക്കു പ്രദേശം.