ഭരണിക്കാവ്

ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കിലാണ് ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചുനക്കര, നൂറനാട്, പാലമേല്‍, ഭരണിക്കാവ്, മാവേലിക്കര-താമരക്കുളം, വള്ളിക്കുന്നം എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഈ ബ്ളോക്കിലുള്‍പ്പെടുന്നു. ഭരണിക്കാവ്, കറ്റാനം, നൂറനാട്, വള്ളിക്കുന്നം, താമരക്കുളം, ചുനക്കര, പാലമേല്‍ എന്നീ 7 റവന്യൂ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഭരണിക്കാവ് ബ്ളോക്കിന് 129.94 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 1962-ലാണ് ഭരണിക്കാവ് എന്‍.ഇ.എസ് ബ്ളോക്ക് പ്രവര്‍ത്തനം തുടങ്ങുന്നത്. കേരളത്തിലെ മുന്‍ മുഖ്യമന്ത്രി യശ:ശരീരനായ പട്ടം താണുപിള്ളയായിരുന്നു ഉദ്ഘാടകന്‍. ഭരണിക്കാവ് പഞ്ചായത്തിലായിരുന്നു ഈ ബ്ളോക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. 1966-ലാണ് ബ്ളോക്ക് ആഫീസ് ആസ്ഥാനം ചാരുംമൂട്ടിലേക്ക് മാറുന്നത്. ആലപ്പുഴ ജില്ലയുടെ തെക്കുകിഴക്ക് ഭാഗത്തായിട്ടാണ് ഈ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തെക്കുവശം കൊല്ലം ജില്ലയും കിഴക്ക് പത്തനംതിട്ട ജില്ലയും അതിരുകളാണ്. ബ്ളോക്ക് പഞ്ചായത്താസ്ഥാനമായ ചാരുമൂട്ടില്‍ കൂടി കടന്നുപോകുന്ന കായംകുളം-പുനലൂര്‍ റോഡില്‍ കായകുളത്തു നിന്നും 4 കിലോമീറ്റര്‍ മുതല്‍ കിഴക്കോട്ട് 22 കിലോമീറ്റര്‍ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമായിട്ടാണ് ഈ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തീരപ്രദേശത്തോടു ചേര്‍ന്നുകിടക്കുന്ന ഇടനാടാണെങ്കിലും മലനാടിന്റെ ചില്ലറ സ്വഭാവങ്ങള്‍ ഈ ബ്ളോക്കിന്റെ  കിഴക്കുഭാഗത്തിനുണ്ട്. ഇതിന്റെ പശ്ചിമഭാഗം തീരസമതലത്തില്‍പെടുകയും ചെയ്യുന്നു. ഭൂപ്രകൃതിയുടെ അടിസ്ഥാനത്തില്‍ ഈ ബ്ളോക്കുപഞ്ചായത്തിനെ ഇടത്തരം കുന്നുകളും താഴ്വാരങ്ങളുമുള്ള കിഴക്കുഭാഗം, തീരെ ചെറിയ കുന്നുകളും താഴ്വാരങ്ങളുമടങ്ങിയ മധ്യഭാഗം, പശ്ചിമസമതലം എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തിരിക്കാം. ഉയര്‍ന്നഭാഗങ്ങളിലെ പ്രധാന കൃഷി റബ്ബറാണ്. തെങ്ങും കൃഷി ചെയ്യുന്നു. കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, വെറ്റിലക്കൊടി, വാഴ, പച്ചക്കറി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, കശുമാവ്, മറ്റു ഫലവൃക്ഷങ്ങള്‍ തുടങ്ങിയവ ചെരിവുകളിലും വെള്ളം കെട്ടി നില്ക്കാത്ത താഴ്വാരങ്ങളിലും കൃഷി ചെയ്യുന്നു. കുറേകൂടി താഴ്ന്ന ഭാഗങ്ങള്‍ നെല്‍വയലുകളോ ജലാശയങ്ങളോ ആണ്. ഈ ബ്ളോക്ക് പഞ്ചായത്തില്‍കൂടി കായംകുളം-പുനലൂര്‍ സംസ്ഥാന ഹൈവേ കടന്നുപോകുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായി സ്ഥാപിച്ചതും ഏറ്റവുമധികം ജനശ്രദ്ധയാകര്‍ഷിച്ചതുമായ നൂറനാട് ലെപ്രസി സാനിട്ടോറിയം ഈ ബ്ളോക്കിലാണ് സ്ഥിതി ചെയ്യുന്നത്.