ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം
രാമായണ കഥാപാത്രമായ ബാലി തപസ്സനുഷ്ഠിച്ച സ്ഥലമാണ് ബാലിച്ചേരി അഥവാ ബാലുശ്ശേരി എന്ന പേരില്‍ പില്‍ക്കാലത്ത് അറിയപ്പെട്ടത് എന്ന് ഐതിഹ്യം.നിസ്സഹകരണ സമരവും ക്വിറ്റിന്ത്യാസമരവും ഈ പഞ്ചായത്തിലെ ജനജീവിതത്തെ ഇളക്കിമറിച്ചു. ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് അനേകം സംഭവങ്ങള്‍ ഈ പഞ്ചായത്തിലുണ്ടായി. 1911-ല്‍ പഞ്ചായത്തിലെ ആദ്യത്തെ സ്കൂള്‍ കോക്കല്ലൂര്‍ എലിമെന്റെറി സ്കൂള്‍ സ്ഥാപിച്ചു. വിവിധോദേശ്യ ഐക്യനാണയ സംഘം ആദ്യത്തെ സഹകരണ സംഘമായിരുന്നു. കര്‍ഷകസംഘങ്ങള്‍ ഈ പഞ്ചായത്തിന്റെ സാമൂഹ്യമേഖലയില്‍ വളരെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കോങ്കോട്ടു ഭഗവതി ക്ഷേത്രം, എരമംഗലം മുസ്ളീം പള്ളി പൊന്നരം തെരു ഗണപതിക്ഷേത്രം, ചാലിശ്രീ ഭഗവതിക്ഷേത്രം, വൈകുണ്ഠം വിഷ്ണുക്ഷേത്രം, ചിറക്കല്‍കാവ്, ചാമുണ്ഡേശ്വരി ക്ഷേത്രം തുടങ്ങിയവ പ്രധാന ആരാധനാലയങ്ങളാണ്്. നടുവണ്ണൂര്‍ ഗ്രാമത്തില്‍ ഇന്നും കാണപ്പടുന്ന പുരാതനമായ നന്ത്യാര്‍കുടങ്ങളും ചെങ്കല്ലറകളും ഈ ഗ്രാമത്തിന്റെ പ്രാചീനചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. കുലശേഖര രാജാവായിരുന്ന കോത കോത കേരള കേസരിയുടെ നാലാംഭരണ വര്‍ഷത്തിലെ ഒരു ചരിത്രരേഖയായി മാറിയ ശിലാഫലകവും ഇവിടെ നിന്നും കിട്ടിയിട്ടുണ്ട്. കോത കോത എന്ന രാജാവ് കൊടുങ്ങല്ലൂരില്‍ നിന്നും ഇവിടെ വന്നിരുന്നതായി അനുമാനിക്കപ്പെടുന്നു. തര്‍ക്കങ്ങള്‍ക്ക് നടുവില്‍ നിന്ന് പ്രശ്നങ്ങള്‍ രമ്യമായിത്തീര്‍ക്കുന്ന കൂട്ടായ്മയുടെ പാരമ്പര്യമുള്ളതു കൊണ്ട് “നടുവന്‍ ഊര്” എന്ന പേരും അതില്‍ നിന്ന് നടുവണ്ണൂരും ഉണ്ടായിയെന്നു വിശ്വസിക്കപ്പെടുന്നു. 1871 കാലത്തു തന്നെ നടുവണ്ണൂരിലൊരു രജിസ്ട്രാഫീസ് നിലവില്‍ വന്നിരുന്നു. 1942-ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി രജിസ്ട്രാഫീസ് ചുട്ടുകരിക്കപ്പെടുകയുണ്ടായി. ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത നേതാവായിരുന്നു ഇടവനപ്പുറത്ത് ശങ്കരന്‍നായര്‍. വൈക്കം സത്യാഗ്രഹത്തിന്റെ അലയൊലികള്‍ നടുവണ്ണൂര്‍ ഗ്രാമത്തിലുമുണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി, കമ്മ്യൂണിസ്റ് പാര്‍ട്ടി, ഭൂപരിഷ്കരണ നിയമം, കര്‍ഷകപ്രസ്ഥാനം, കര്‍ഷക സംഘങ്ങള്‍ എന്നിവ ഈ പഞ്ചായത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ മേഖലകളില്‍ അനേകം പരിവര്‍ത്തനങ്ങള്‍ വരുത്തുകയുണ്ടായി. 1950-ല്‍ സ്ഥാപിതമായ നടുവണ്ണൂര്‍ ഹൈസ്കൂള്‍ ഈ പ്രദേശത്തെ വിദ്യാഭ്യാസമേഖലയുടെ പുരോഗതിക്കു കാരണമായി.1948-ല്‍ കാവുത്തറയില്‍ ഒരു പീടികമുറിയിലാരംഭിച്ച “ഗാന്ധി സ്മാരക വായനശാല”യാണ് നടുവണ്ണൂരിലെ ആദ്യത്തെ ഗ്രന്ഥാലയം. ഇതിപ്പോള്‍ കാവില്‍ പൊതുജന വായനശാലയായി പ്രവര്‍ത്തിക്കുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്ന നടുവണ്ണൂരിലെ പാവുമുണ്ടിന്റേയും, വേഷ്ടിയുടെയും, മണ്‍പാത്രങ്ങളുടെയും ഗുണമേന്മ പ്രസിദ്ധമായിരുന്നു. തെരുവത്തു കടവു മുതല്‍ എലത്തൂര്‍ വരെയുള്ള ജലപാതയില്‍ ബോട്ടുസര്‍വീസ് നിലവിലുണ്ടായിരുന്നു. കണ്ണമ്പാലത്തു ദേവീക്ഷേത്രം, അതിപുരാതനമായ കിഴക്കോട്ട് കടവിലെ മുസ്ളീംപള്ളി എന്നിവയാണ് നടുവണ്ണൂരിലെ പ്രധാന ആരാധനാലയങ്ങള്‍.സാമൂതിരിയുടെ സാമാന്തന്‍മാരായിരുന്ന കുറുമ്പ്രനാട് സ്വരൂപത്തിന്റെ കീഴിലായിരുന്നു അത്തോളി പ്രദേശം. അവരുടെ വംശാധിപത്യത്തിന്റെ പഴയ പ്രതാപങ്ങള്‍ സൂചിപ്പിക്കുമാറ് “കൊട്ടാരത്തില്‍” “കൊയിലേത്ത്” “കയ്യേരിപുറായി” “ആനത്തലയ്ക്കല്‍” “കുതിപ്പന്തി” “ആറാട്ടുതറ” തുടങ്ങിയ സ്ഥലനാമങ്ങള്‍ ഇന്നും അവശേഷിക്കുന്നു. ടിപ്പുസുല്‍ത്താന്റെ പടയോട്ടം നടന്ന പ്രദേശങ്ങളിലൊന്നാണിതെന്ന് പറഞ്ഞുകേള്‍ക്കുന്നു. അംശക്കച്ചേരി കത്തിച്ച സംഭവം, കള്ളുഷാപ്പ് പിക്കറ്റിംങ്ങ്, വിദേശ വസ്ത്രബഹിഷ്കരണസമരം, ഖാദി പ്രചാരണം എന്നിവയെല്ലാം ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഈ ഗ്രാമത്തില്‍ നടന്നിട്ടുള്ള ചരിത്രസംഭവങ്ങളാണ്. വി.ദാമോദരന്‍ നായര്‍, എ.പി.അപ്പുണ്ണി, എം.കെ.ദാമോദരന്‍ നായര്‍, സി.അപ്പുനായര്‍, എം.കെ.അച്ചുക്കുട്ടി നായര്‍ തുടങ്ങിയവര്‍ ഇവിടെ നിന്നുള്ള പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളായിരുന്നു. വി.ദാമോദരന്‍ നായര്‍ ക്വിറ്റിന്ത്യാ സമരത്തിന്റെ ഭാഗമായി പ്ളക്കാര്‍ഡുമേന്തി ഒറ്റക്ക് സമരപ്രചാരണം നടത്തിയതിന് പോലീസ് മര്‍ദനമേല്‍ക്കേണ്ടിവന്ന പോരാളിയായിരുന്നു. രാമദാസന്‍ ആദ്യം കോണ്‍ഗ്രസ് പാര്‍ട്ടിയിലും പിന്നീട് സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഐ.എന്‍.എ പ്രസ്ഥാനത്തിലും സജീവമായി പങ്കെടുത്ത വ്യക്തിയാണ്. വൈക്കം സത്യാഗ്രഹത്തിന്റെ അലയൊലികളും അത്തോളി ഗ്രാമത്തില്‍ എത്തിയിരുന്നു. 1914-ല്‍ മൊടക്കല്ലൂരിലാണ് ഈ ഗ്രാമത്തിലെ ആദ്യവിദ്യാലയം സ്ഥാപിതമായത്. ആദ്യകാലങ്ങളില്‍ ജലഗതാഗത മാര്‍ഗമായിരുന്നു ചരക്കുനീക്കത്തിനും ദൂരയാത്രക്കും ജനങ്ങള്‍ കൂടുതലായി ആശ്രയിച്ചിരുന്നത്. കോവിലകങ്ങളിലുള്ളവര്‍ മഞ്ചലുകള്‍ ഉപയോഗിച്ചിരുന്നു. 1972-ലാണ് അത്തോളിയില്‍ ബസ് ഗതാഗതമാരംഭിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പണിത പാതയാണ് പടിപടിയായി വികസിച്ച് ഇന്ന് സ്റ്റേറ്റ് ഹൈവേയായി വികസിച്ചിട്ടുളളത്. പണ്ടുകാലം മുതല്‍ തന്നെ കൊപ്രയും, കയറും അത്തോളിയില്‍ നിന്ന് കൊച്ചിയിലേക്ക് കയറ്റി അയച്ചിരുന്നു. വൈദേശിക മേധാവിത്വത്തിനു മുമ്പുതന്നെ ഉള്ളിയേരിയും സമീപഗ്രാമങ്ങളും സ്വയം സമ്പൂര്‍ണ്ണങ്ങളായിരുന്നു. ഓരോ ദേശത്തിനും ദേശക്കൊയ്മകള്‍ എന്നറിയപ്പെട്ടിരുന്ന ദേശത്തലവന്‍മാര്‍ ഉണ്ടായിരുന്നു.ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥ നിലനിന്നിരുന്ന അക്കാലത്ത് വ്യത്യസ്ത തൊഴിലുകളിലേര്‍പ്പെട്ടിരുന്ന വിഭിന്ന ഉപജാതികള്‍ ഓരോ ദേശത്തുമുണ്ടായിരുന്നു. നടുവിലക്കണ്ടി ദാമോദരന്‍ നായര്‍, മൊകേരി മാധവന്‍ നമ്പ്യാര്‍, കരീറ്റിക്കല്‍ ശങ്കരന്‍ നായര്‍, മൈക്കോട്ടേരി അപ്പു നായര്‍, അയ്യാലില്‍ രാമന്‍ നായര്‍, പള്ളിയില്‍ കുഞ്ഞിരാമന്‍ കിടാവ്, ചെറുവാട്ട് ഗോപാലന്‍ നായര്‍, പുളിക്കൂല്‍ ഇമ്പിച്ചുട്ടി പണിക്കര്‍, തോളൂര തുടങ്ങിയവര്‍ ഈ ഗ്രാമത്തിലെ പ്രധാന സ്വാതന്ത്ര്യ സമരസേനാനികളായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന ഉള്ളിയേരി പാലം തകര്‍ക്കല്‍, സബ് രജിസ്ട്രാര്‍ ഓഫീസ് തീവെയ്പ് എന്നീ സംഭവങ്ങളില്‍ ഇവിടെ നിന്ന് നിരവധി സ്വാതന്ത്ര്യ സമരസേനാനികള്‍ പങ്കെടുക്കുകയുണ്ടായിട്ടുണ്ട്. വിദേശ വസ്ത്ര ബഹിഷ്കരണം, ഖാദി പ്രചാരണം, കള്ളുഷാപ്പ് പിക്കറ്റിങ്, നികുതി നിഷേധ പ്രക്ഷോഭം എന്നിവയിലും ഉള്ളിയേരിയുടെ സംഭാവന വളരെ വലുതായിരുന്നു. ഗവ.യു.പി.സ്കൂളില്‍ സ്വാതന്ത്ര്യസമരപ്രചാരണത്തിന്റെ ഭാഗമായി ചര്‍ക്ക ഉപയോഗിച്ച് നൂല്‍നൂല്‍പ്പ് അഭ്യസിപ്പിച്ചിരുന്നു. 1930-കളില്‍ തന്നെ ഉള്ളിയേരിയുടെ ചില ഭാഗങ്ങളില്‍ എഴുത്തുപള്ളികള്‍ നിലനിന്നിരുന്നു. ഹരിജനവിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനുവേണ്ടി വെല്‍ഫെയര്‍ സ്കൂളുകളും മുസ്ളീങ്ങള്‍ക്കുവേണ്ടി മുസ്ളീം സ്കൂളുകളും ഇവിടെയുണ്ടായിരുന്നു.കര്‍ഷക സംഘത്തിന്റെയും കര്‍ഷക പ്രസ്ഥാനത്തിന്റെയും രൂപീകരണം ഗ്രാമത്തിലുടനീളം ജന്മിത്വത്തിനെതിരായിട്ടുള്ള ജനരോഷത്തിന് ശക്തി നല്‍കി. രണ്ടു പ്രധാന സംസ്ഥാന ഹൈവേകള്‍ കടന്നുപോകുന്ന ഗ്രാമമാണ് ഉള്ളിയേരി. അരുമ്പയില്‍ ദേവീക്ഷേത്രം, മപ്പുറത്ത് ഭഗവതീ ക്ഷേത്രം, പള്ളിക്കല്‍ വിഷ്ണുക്ഷേത്രമുള്‍പ്പെടെ 33 മറ്റ് പ്രധാന ക്ഷേത്രങ്ങള്‍, കൊയ്ക്കാട് പാണ്ടിപ്പള്ളി, കുന്നത്തറ ജുമാഅത്ത് പള്ളിയുള്‍പ്പെടെ മറ്റു 14 മുസ്ളീം പള്ളികള്‍, ഒരു ക്രിസ്ത്യന്‍ പള്ളി (പുത്തഞ്ചേരി) എന്നിവയാണ് ഉള്ള്യേരിയിലെ പ്രധാന ആരാധനാലയങ്ങള്‍. അന്തരിച്ച പ്രശസ്ത ചലച്ചിത്രഗാനരചയിതാവായ ഗിരീഷ് പുത്തഞ്ചേരി, ചലച്ചിത്ര സംവിധായകന്‍ വി.എം.വിനു, പ്രശസ്ത നാടകപ്രവര്‍ത്തകനായ മാധവന്‍കുന്നത്തറ എന്നിവര്‍ ഉള്ള്യേരി ഗ്രാമത്തില്‍ നിന്നുള്ളവരാണ്. കൊട്ടൂര്‍ ഗ്രാമത്തിലുണ്ടായിരുന്ന പൂര്‍വ്വികര്‍ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഇവിടം വിട്ട്, തൃശൂരിലേക്ക് കുടിയേറുകയുണ്ടായി എന്നു പറയപ്പെടുന്നു. 365 ഇല്ലങ്ങള്‍ അക്കാലത്ത് ഈ പ്രദേശത്തുണ്ടായിരുന്നുവത്രെ.  ദേശീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനകാലത്ത് “സ്വതന്ത്ര ഭാരത”മെന്ന പേരിലൊരു രഹസ്യപത്രത്തിന്റെ 13 കോപ്പികള്‍ അതീവരഹസ്യമായി ഈ ഗ്രാമത്തില്‍ പ്രചരിക്കപ്പെട്ടിരുന്നു. കളളുഷാപ്പ് പിക്കറ്റിംഗ്, ഖാദി നെയ്ത്ത് പ്രചാരണം എന്നിവ ഏറെ ആളുകളെ സ്വാധീനിച്ചിരുന്നു. 1942-ലെ സ്വാതന്ത്ര്യ സമര കാലത്ത് വടക്കയില്‍ രാമന്‍ നായര്‍, കാര്യേട്ട് കുഞ്ഞിരാമന്‍ നായര്‍, കോട്ടപ്പുറത്ത് ഗോവിന്ദന്‍ നായര്‍, പാലോട്ടുമ്മല്‍ കുഞ്ഞികണ്ണന്‍ നായര്‍ എന്നിവര്‍ നടുവണ്ണൂര്‍ സബ് രജിസ്റ്രാര്‍ ഓഫീസ് കത്തിക്കുന്ന കേസില്‍ പ്രതികളായിരുന്നു. പണ്ടുകാലത്ത് പുരാണ നാടകങ്ങളവതരിപ്പിക്കുന്ന നാടക സംഘം കോട്ടുര്‍ പ്രദേശത്തുണ്ടായിരുന്നു. ഫര്‍ക്ക അടിസ്ഥാനത്തില്‍ പ്രൈമറി വിദ്യാലയങ്ങള്‍ അനുവദിച്ചതോടെ അവിടനെല്ലൂരില്‍ ഒരു ലോവര്‍ പ്രൈമറിസ്ക്കൂള്‍ 1911-ല്‍ സ്ഥാപിതമായി. വാഗ്ഭടാനന്ദ ഗുരുവിന്റെ നേതൃത്വത്തിലുളള ആത്മവിദ്യാസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ സാമൂഹ്യ-സാംസ്കാരിക മേഖലകളില്‍ വന്‍പിച്ച മാറ്റം വരുത്തുകയുണ്ടായി. അയിത്തോച്ചാടനപ്രവര്‍ത്തനങ്ങളും ഇവിടെ സജീവമായിരുന്നു. അധ്യാപകസംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി “ശനിയന്‍ സഭാബഹിഷ്കരണം” എന്നാരു സമരമുറയും അക്കാലത്ത് അരങ്ങേറിയിരുന്നു. ആദ്യകാലത്ത് ഗതാഗത പ്രശ്നം നേരിട്ടിരുന്ന ഈ പ്രദേശത്ത് 1938-ലാണ് ഒരു മണ്‍റോഡുണ്ടായത്. പണ്ടിവിടെ കുതിര സവാരിക്കായി റോഡുകള്‍ ഉണ്ടായിരുന്നു. 1940-ല്‍ ഇവിടേക്ക് കുടിയേറ്റമാരംഭിച്ചതോടെ കിഴക്കന്‍ മലയോരം നാണ്യവിള ഉല്‍പാദന മേഖലയായി മാറി. രണ്ടാം ലോക മഹായുദ്ധകാലത്തെ ഭക്ഷ്യദാരിദ്യ്രത്തിന് അറുതി വരുത്താന്‍ കഴിഞ്ഞത് കുടിയേറ്റകര്‍ഷകര്‍ വിളയിച്ച കപ്പ കൊണ്ടായിരുന്നു. പുരാതനമായ തൃക്കുറ്റിശ്ശേരി മഹാദേവക്ഷേത്രം, അടിവന്നൂര്‍ ലക്ഷ്മി ക്ഷേത്രം, നീറോത്ത് വിഷ്ണുക്ഷേത്രം, കോട്ടുര്‍ വിഷ്ണുക്ഷേത്രം, കുന്നരംപളളി, പൂനത്ത് ജൂമാമസ്ജിദ് പാലോളി ജുമാമസ്ജിദ് തുടങ്ങിയവ ഇവിടുത്തെ പ്രധാന ആരാധനാലയങ്ങളാണ്. പണ്ടുകാലത്ത് സാമൂതിരിയുടെ നാട്ടുരാജ്യത്തിന്റെയും പില്‍ക്കാലത്ത് ബ്രിട്ടീഷ് മദിരാശി സംസ്ഥാനത്തിലെ മലബാര്‍ ജില്ലയുടെയും ഭാഗമായിരുന്നു ഉണ്ണിക്കുളം ഗ്രാമവും. ഗ്രാമത്തില്‍ ഉണ്ണിക്കുളങ്ങര ഭഗവതി ക്ഷേത്രം എന്ന പേരില്‍ ഒരു ക്ഷേത്രവും, ഉണ്ണിക്കുളം എന്ന പേരില്‍ ഒരു കുളവും ഉണ്ടായിരുന്നു. അതുകൊണ്ടാണ് പഞ്ചായത്തിന് ഉണ്ണിക്കുളം എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കണ്ടോത്ത് അച്ചുതന്‍ കിടാവ്, കെ.ചാപ്പൂണ്ണി നാടാര്‍ എന്നിവരുടെ നേതൃത്വത്തിന്‍ പൂനൂര്‍, കാവില്‍ എന്നിവിടങ്ങളിലേയും പാറക്കല്‍ ഗംഗാധരന്‍, ഗോപാലന്‍ കിടാവ് എന്നിവരുടെ നേതൃത്വത്തില്‍ ഏകരൂരിലേയും കള്ളുഷാപ്പുകള്‍ പിക്കറ്റ് ചെയ്തതും, ഉണ്ണിക്കുളം ആള്‍കച്ചേരി കത്തിച്ചതും ഈ പ്രദേശത്ത് എടുത്തുപറയാവുന്ന സ്വാതന്ത്ര്യസമര സംഭവങ്ങളാണ്. ഹൈന്ദവ നവോത്ഥാനപ്രസ്ഥാനമായിരുന്ന ആത്മവിദ്യാസംഘത്തിന്റെ പ്രവര്‍ത്തനം, വിനോബാജിയുടെ ഭൂദാനപ്രസ്ഥാനം എന്നിവ ഈ ഗ്രാമത്തില്‍ സജീവമായിരുന്നു. 1920-30 കാലങ്ങളില്‍ യൂറോപ്യന്‍ കമ്പനിയായ പിയര്‍ലസ്-ജി കമ്പനിയും മറ്റും ഈ ഗ്രാമത്തിലെ പൂനൂര്‍, കിനാലൂര്‍ എന്നീ സ്ഥലങ്ങളിലാരംഭിച്ച റബ്ബര്‍ കൃഷി ഇവിടുത്തെ ജനങ്ങളുടെ തൊഴില്‍ സാധ്യതയെ ഗണ്യമായി വര്‍ദ്ധിപ്പിച്ചു. ഖാദി വ്യവസായ യൂണിറ്റാണ് പൊതുമേഖലയിലെ ഏക സ്ഥാപനം. 1000 വര്‍ഷത്തെ പഴക്കം കരുതപ്പെടുന്ന കരുമല വിഷ്ണുക്ഷേത്രവും, ഭഗവതി ക്ഷേത്രവും, ശിവപുരം, കാന്തപുരം എന്നീ പ്രദേശങ്ങളിലെ മുസ്ളീംപളളികളുമാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങള്‍. ബ്രിട്ടീഷ് ആധിപത്യത്തിന്‍ കീഴിലാവും മുമ്പ് പനങ്ങാട് പ്രദേശം കുറുമ്പ്രനാട് രാജാവിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. കുറുമ്പ്രനാട് കുടുംബത്തിന് “മേക്കോളശ്ശേരി”, “തൌവ്വാട്” എന്നിങ്ങനെ രണ്ട് താവഴികളുണ്ടായിരുന്നു. മേക്കോളശ്ശേരി താവഴിയിലെ കോവിലകമായ കുളപ്പുറത്ത് കോവിലകത്തിന്റെ ആരാധനാമൂര്‍ത്തിയായിരുന്നു “അയ്യന്ത്രോന്‍”. കിഴക്ക് ബത്തേരി വരെ അധികാരമുണ്ടായിരുന്ന രാജകുടുംബത്തിന്റെ സൈനിക നേതൃത്വം ഇടക്കണ്ടി കുടുംബത്തിനായിരുന്നു. എടപ്പുതിയേടത്ത് പറമ്പില്‍ തിരുവഞ്ചേരി പൊയിലില്‍ തുടങ്ങിയ ആദ്യത്തെ എഴുത്തുപള്ളിയാണ് പില്‍ക്കാലത്ത് പ്രിന്‍സ് ഓഫ് വെയില്‍സ് സ്കൂള്‍ എന്ന് നാമകരണം ചെയ്യപ്പെട്ട വിദ്യാലയം. വാഗ്ഭടാനന്ദഗുരു ഇവിടെയെത്തി പലരെയും വിദ്യ അഭ്യസിപ്പിച്ചിരുന്നുവത്രെ. 1960-ല്‍ നിര്‍മല്ലൂരിലെ ഗാന്ധി സ്മാരക നിധി വക ലൈബ്രറിയാണ് ഈ ഗ്രാമത്തില്‍ ഇന്നുള്ള ലൈബ്രറികളിലേറ്റവും പഴയത്.1788-ല്‍ വയനാടന്‍ ചുരത്തിലൂടെ താമരശ്ശേരി വഴി കോഴിക്കോട്ടേക്ക് ഒരു പീരങ്കിപ്പാത ഒരുക്കിയത് ടിപ്പുവായിരുന്നു.ഈ പീരങ്കിപ്പാതയിലേക്ക് ചെന്നുമുട്ടുംവിധം കണയങ്കോട്ടു നിന്നു തുടങ്ങി, ഒടയാംവള്ളി വഴി ഉണ്ടായിരുന്ന നടപ്പാതയാണ് ഇന്നത്തെ സംസ്ഥാനഹൈവേയായി വികസിച്ചിരിക്കുന്നത്.നിര്‍മല്ലൂര്‍ നരസിംഹക്ഷേത്രം, ബാലുശ്ശേരിക്കോട്ട പരദേവതാക്ഷേത്രം, ഏഴുക്കണ്ടി ജുമാമസ്ജിദ്, ചിന്ത്രമംഗലം ശ്രീകൃഷ്ണക്ഷേത്രം, മണിച്ചേരി ക്രിസ്ത്യന്‍ ദേവാലയം തുടങ്ങിയവയാണ് ഈ ഗ്രാമത്തിലെ പ്രധാന ആരാധനാലയങ്ങള്‍. നൂറ്റാണ്ടുകള്‍ക്കുമുമ്പുളള ഏതോ പടയോട്ടം മൂലമോ, യുദ്ധഭീഷണി മൂലമോ, പകര്‍ച്ചവ്യാധികള്‍ കാരണത്താലോ ആളുകള്‍ ഇവിടങ്ങളില്‍ നിന്നും ഒഴിഞ്ഞുപോകേണ്ടി വന്നതിനാലാണ് കൂരാച്ചുണ്ട് പ്രദേശങ്ങള്‍ വനഭൂമികളായി മാറിയതെന്ന് കരുതപ്പെടുന്നു. കൂരാച്ചുണ്ടിലുളള പുഴയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഭയങ്കരമായ ഒരു കയം ഉണ്ടായിരുന്നുവത്രെ. ആ കുഴിയില്‍ കൂരാത്തി എന്നു പറയപ്പെടുന്ന ഒരു തരം മത്സ്യം ധാരാളമായി ഉണ്ടായിരുന്നു. കൂരാത്തിയുളള കുണ്ട് എന്ന അര്‍ഥത്തില്‍ കൂരാത്തിക്കുണ്ട - കുരാച്ചിക്കുണ്ട് എന്നും അത് ലോപിച്ച് കൂരാച്ചുണ്ട് എന്നും ആയിയെന്നു പറയപ്പെടുന്നു. 1947-ല്‍ ആരംഭിച്ച സെന്റ് തോമസ് എലിമെന്ററി സ്കൂളാണ് ഈ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം. കൂരാച്ചുണ്ട് സെന്റ് തോമസ് പളളി, കക്കയം അര്‍ദ്ധനാരീശ്വര ക്ഷേത്രം, പൂവത്തുംചോല അയ്യപ്പഭജനമഠം, മൂത്താച്ചിപ്പാറ ദേവിക്ഷേത്രം, പൊടിപ്പൂര് ശിവക്ഷേത്രം, പതിയില്‍ ഭഗവതി ക്ഷേത്രം എന്നിവയും അത്യോടി, കാളങ്ങാലി, പൂവത്തുംചോല, കക്കയം എന്നിവിടങ്ങളിലെ ജുമാ-അത്ത് പളളികളുമാണ് കൂരാച്ചുണ്ട് ഗ്രാമത്തിലെ പ്രധാന ആരാധാനാലയങ്ങള്‍. പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രമായ കക്കയം ഈ ഗ്രാമത്തിലാണ്.