ബാലുശ്ശേരി

കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലൂക്കിലാണ് ബാലുശ്ശേരി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ബാലുശ്ശേരി, നടുവണ്ണൂര്‍, അത്തോളി, ഉള്ള്യേരി, കോട്ടൂര്‍, ഉണ്ണികുളം, പനങ്ങാട്, കൂരാച്ചുണ്ട് എന്നീ ഗ്രാമപഞ്ചായത്തുകള്‍ ബാലുശ്ശേരി ബ്ളോക്കില്‍ ഉള്‍പ്പെടുന്നു. ബാലുശ്ശേരി, പൊട്ടശ്ശേരി(1), അത്തോളി, ഉള്ളിയേരി, കോട്ടുര്‍, അവിടനല്ലൂര്‍, കൂരാച്ചുണ്ട്, കോട്ടൂര്‍, ഉണ്ണിക്കുളം, ശിവപുരം, പുതൂര്‍, കായണ്ണ, കാന്തലാട്, ചക്കിട്ടപാറ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ബാലുശ്ശേരി ബ്ളോക്ക് പഞ്ചായത്തിന് 278.53 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ബാലുശ്ശേരി ബ്ളോക്ക് പഞ്ചായത്തിന്റെ വടക്കുകിഴക്ക് ഭാഗം മലമ്പ്രദേശമാണ്. ചെങ്കുത്തായ ചെരിവുകളോടുകൂടിയ കുന്നുകളാണ് ഇവിടെ അധികവും. കൂരാച്ചുണ്ടിലെ ഏകദേശം 900 മീറ്റര്‍ ഉയരമുള്ള ഓലതൂക്കി മലയാണ് ഏറ്റവും ഉയര്‍ന്ന പ്രദേശമെന്ന് കരുതുന്നു. കുറ്റ്യാടി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടിന് (കക്കയം) ജന്മം നല്‍കിയ ഉരക്കുഴി വെള്ളച്ചാട്ടവും കൂരാച്ചുണ്ടിലാണ്. പനങ്ങാടിന്റെ വടക്കുഭാഗവും കോട്ടൂരിന്റെ കിഴക്കു ഭാഗവും കൂരാച്ചുണ്ടും ഓലതൂക്കി, കിളികുളുക്കി, മണിച്ചേരി, പേരിയ, തോരാട്, കാന്തലാട്, കുന്നിക്കൂട്ടം, തുരുത്തി, വാഴോറ എന്നീ മലകളും ഉള്‍പ്പെടുന്ന പ്രദേശമാണിത്. കരിങ്കല്‍പാറക്കെട്ടുകളും, ചെറിയ നീരൊഴുക്കുകളും റബ്ബര്‍, കുരുമുളക്, കാപ്പി, കൊക്കോ എന്നീ കൃഷികളുമായി ഒരു മലനാടന്‍ ഗ്രാമപ്രദേശം. പനങ്ങാടിന്റെ തെക്കുഭാഗത്തിനും കോട്ടൂരിന്റെ പടിഞ്ഞാറുഭാഗത്തിനും, ഉണ്ണികുളം, ബാലുശ്ശേരി, നടുവണ്ണൂര്‍ ഗ്രാമങ്ങള്‍ക്കും ഇടനാടിന്റെ പ്രകൃതിയാണ്. ചെമ്മണ്ണും, ചെങ്കല്ലും നിറഞ്ഞ മണ്‍പ്രകൃതിയും നിറഞ്ഞുനില്‍ക്കുന്ന നാളികേരകൃഷിയും അവയ്ക്കിടയില്‍ തോടുകളുടെയും, പുഴയുടെയുടെയും ഓരങ്ങളിലായി വീതികുറഞ്ഞ് നീണ്ട വയലുകളും ഈ നാടിന്റെ പൊതുദൃശ്യമാണ്. എന്നാല്‍ ഉള്ള്യേരി, അത്തോളി ഗ്രാമങ്ങളില്‍ കോരപ്പുഴയുടെ കൈവഴികളോട് ചേര്‍ന്ന പ്രദേശങ്ങള്‍ക്ക് തീരദേശപ്രകൃതിയാണുള്ളത്. കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനഹൈവേ കടന്നുപോകുന്ന ബ്ളോക്കാണ് ബാലുശ്ശേരി. പൂനൂര്‍ പുഴ ബ്ളോക്ക് പഞ്ചായത്തിന്റെ കിഴക്കേ അതിര്‍ത്തിയിലൂടെ ഒഴുകുന്നു. ഇവയുടെ പോഷകത്തോടുകളായ ചുരത്തോടും അറോക്കിന്‍ തോടും പനങ്ങാട് ഗ്രാമത്തിലെ തലയാട്, കിനാലൂര്‍ ഭാഗങ്ങളില്‍ നിന്നും ഉത്ഭവിക്കുന്നു. കുറ്റ്യാടിപുഴയും, കക്കയംപുഴയും കൂരാച്ചുണ്ടിലൂടെ ഒഴുകുന്നു. കൂരാച്ചുണ്ടിലെ അമ്പതോളം തോടുകള്‍ ഇവയിലേക്ക് ജലം പകരുന്നു. കിനാലൂരില്‍ നിന്നും ഉത്ഭവിക്കുന്ന മഞ്ഞപ്പുഴ എന്ന മഞ്ഞക്കടവ് പുഴയും, ഉള്ള്യേരി നടുവണ്ണൂര്‍ അതിര്‍ത്തിയിലൂടെ ഒഴുകുന്ന രാമപ്പുഴയും ബ്ളോക്കിന്റെ മധ്യത്തിലൂടെ ഒഴുകി കോരപ്പുഴയില്‍ ചേരുന്നു. സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമാണ് ഭൂരിഭാഗവും. ഭൂപ്രകൃതിയനുസരിച്ച് ബാലുശ്ശേരി ബ്ളോക്കിനെ മലമ്പ്രദേശം, കുന്നിന്‍ പ്രദേശം, സമതലം, വയല്‍, ഉയര്‍ന്ന സമതലം, ചതുപ്പുനിലം എന്നിങ്ങനെ തരം തിരിക്കാം. ബ്ളോക്കില്‍ പ്രധാനമായും കരിമണ്ണ്, ചെമ്മണ്ണ്, ചെളിമണ്ണ്, ചരല്‍ നിറഞ്ഞ മണ്ണ്, മണല്‍മണ്ണ്, കളിമണ്ണ് എന്നീ ഇനം മണ്ണുകളും കാണാം.