ചരിത്രം

 തിരുവനന്തപുരം ജില്ലയില്‍ ചാല കമ്പോളം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട കമ്പോളമായി പരിഗണിക്കപ്പെടുന്നത് ബാലരാമപുരമാണ്. ബാലരാമവര്‍മ്മ മഹാരാജാവിന്റെ ഭരണകാലത്ത് ആണ് ബാലരാമപുരത്ത് ആദ്യമായി കൈത്തറിനെയ്ത്ത് ആരംഭിക്കുന്നത്. മഹാരാജാവ് തന്റെ ദളവ (മുഖ്യമന്ത്രി)യായിരുന്ന ഉമ്മിണിത്തമ്പിയുമായി കൂടിയാലോചിച്ച്, നെല്‍കൃഷി, തെങ്ങുകൃഷി, മത്സ്യബന്ധനം, നെയ്ത്ത്, എണ്ണസംസ്കരണം എന്നീ പരമ്പരാഗത വാണിജ്യമേഖലകളെ വികസിപ്പിച്ചു കൊണ്ട്, ബാലരാമപുരവും പരിസരപ്രദേശങ്ങളും കാര്‍ഷികാധിഷ്ഠിത വാണിജ്യ-വ്യവസായ മേഖലയാക്കി മാറ്റിയെടുക്കാനുളള പ്രവര്‍ത്തനങ്ങള്‍ അക്കാലത്തു  തുടങ്ങിയിരുന്നു. തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍, പ്രത്യേകം തെരുവുകളായി തിരിച്ച് വ്യവസായവികസനത്തിനാവശ്യമായ ഭൌതികസൌകര്യങ്ങളൊരുക്കുകയായിരുന്നു. രാജകുടുംബാംഗങ്ങള്‍ക്കു വേണ്ടി വസ്ത്രങ്ങള്‍ നെയ്യുന്നതിനായി തമിഴ്നാട്ടില്‍ നിന്നും ഏഴ് നെയ്ത്തുകുടുംബങ്ങളെ (ശാലിയാര്‍) കൊണ്ടുവന്ന് ബാലരാമപുരത്ത് പ്രത്യേകമായി കണ്ടെത്തിയ സ്ഥലത്ത് (ഇന്ന് ശാലിയാര്‍ തെരുവ് എന്ന് വിളിക്കുന്നയിടം) പുനരധിവസിപ്പിക്കുകയായിരുന്നു. ഉല്‍പ്പന്നങ്ങള്‍ അനായാസം ക്രയവിക്രയം ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളില്‍ വ്യാപാരകേന്ദ്രങ്ങള്‍ തുറന്നു. ഇന്ന് ശാലിയാര്‍ തെരുവിനിരുവശവുമുളള പാര്‍പ്പിടങ്ങളില്‍ അധിവസിക്കുന്നവര്‍ മേല്‍പ്പറഞ്ഞ ഏഴ് കുടുംബങ്ങളുടെ പിന്‍മുറക്കാരാണ്. ശാലിയാര്‍ കുടുംബങ്ങള്‍ തമിഴാണ് സംസാരിക്കുന്നത്. സ്വന്തം സമുദായാംഗങ്ങളുമായിമാത്രമേ അവര്‍ വിവാഹബന്ധത്തിലേര്‍പ്പെടൂ. പ്രധാനപ്പെട്ട നാലു തെരുവുകളിലായിട്ടാണ് ശാലിയാര്‍ സമൂഹം അധിവസിക്കുന്നത്. ഒറ്റത്തെരുവ്, ഇരട്ടത്തെരുവ്, വിനായഗാര്‍ തെരുവ്, പുത്തന്‍ തെരുവ് എന്നിവയാണവ. അഗസ്ത്യാര്‍ക്ഷേത്രം പ്രധാന തെരുവിലാണ് സ്ഥിതിചെയ്യുന്നത്. ഇരട്ടത്തെരുവില്‍ രണ്ടു ക്ഷേത്രങ്ങളാണുളളത്-മുത്താരമ്മന്‍ ക്ഷേത്രവും വിനായഗാര്‍ക്ഷേത്രവും. തോപ്പുതെരുവില്‍ ഒരു ഗണപതിക്ഷേത്രമുണ്ട്. 18 വയസിന് മുകളിലുളള പുരുഷന്‍മാര്‍ കര്‍ശനമായും ഈ ക്ഷേത്രകമ്മിറ്റിയില്‍ അംഗത്വമെടുത്തിരിക്കണമെന്ന് നിര്‍ബന്ധമാണ്.  കാലാന്തരത്തില്‍ ഈ തെരുവിലേക്ക് മറ്റ് ജാതിമതസ്ഥരായ വ്യാപാരികളും കുടിയേറി. മുസ്ളീങ്ങള്‍, ഇന്നത്തെ കന്യാകുമാരി ജില്ലയിലുളള തിരുവിതാം കോടില്‍ നിന്നും വന്ന ക്രിസ്ത്യന്‍ മുക്കുവര്‍ തുടങ്ങിയ വിഭാഗക്കാര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. ശാലിയാര്‍ തെരുവിലേക്ക് മുക്കുവസമുദായം കൂടിയെത്തിയതോടെ ഈ സ്ഥലത്തിന് “അഞ്ചു വര്‍ണ്ണത്തെരുവ്” എന്നു കൂടി പേര്‍ വന്നു.  “അഞ്ചു വര്‍ണ്ണത്തെരുവ്” ശാലിയാര്‍, മുക്കുവര്‍, മുസ്ലീങ്ങള്‍, വാണിയര്‍, ബ്രാഹ്മണര്‍ എന്നിങ്ങനെ അഞ്ചു ജാതികളെ പ്രതിനിധീകരിക്കുന്നു. തങ്ങളുടെ സംസ്കാരം, തൊഴില്‍, മതവിശ്വാസം എന്നിവ പ്രതിഫലിപ്പിക്കുന്ന വീടുകളാണ് ശാലിയാര്‍ നെയ്ത്തുകാരുടേത്. പരസ്പരം ചുവരോട് ചുവര്‍ ചേര്‍ന്നു നില്ക്കുന്ന ശാലിയാര്‍ വീടുകളില്‍ ഓരോന്നിലും വസ്ത്ര നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ചില വീടുകളില്‍ ശേഷിയനുസരിച്ച് ഷോറൂമുകള്‍ കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. രൂപത്തില്‍ തനതായ വ്യത്യസ്തത പുലര്‍ത്തുന്ന ശാലിയാര്‍ വീടുകളുടെ നിര്‍മ്മാണരീതിയും അകവശമൊരുക്കിയിരിക്കുന്നതും നെയ്ത്തുവ്യവസായത്തിന് ഏറ്റവും അനുയോജ്യമായ  രീതിയിലാണ്.