പഞ്ചായത്തിലൂടെ
കൈത്തറി വസ്ത്രനിര്‍മ്മാണത്തിന് പ്രസിദ്ധിയാര്‍ജ്ജിച്ച ബാലരാമപുരം ഗ്രാമപഞ്ചായത്ത് തിരുവനന്തപുരം ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരം നഗരത്തോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ബാലരാമപുരം ഗ്രാമത്തില്‍ നെയ്തെടുക്കുന്ന കസവുപുടവ (സെറ്റുമുണ്ട്) കേരളീയ വനിതകളുടെ പരമ്പരാഗതവസ്ത്രമാണ്. “ബാലരാമപുരം സാരി” അതിന്റെ തനിമയും, ലാളിത്യവും, മനോഹാരിതയും കൊണ്ടാണ് പ്രസിദ്ധിയാര്ജ്ജിച്ചിട്ടുളളത്. കേരളത്തിലെ കാലാവസ്ഥയ്ക്കു ഏറ്റവും അനുയോജ്യമായ വസ്ത്രമാണിത്. പ്രകൃതിദത്തമായ പരുത്തിയില്‍ ക്രിത്രിമനിറങ്ങളൊന്നും ചേര്‍ക്കാതെയാണ് സാരി നിര്‍മ്മാണം. സ്വര്‍ണ്ണം പൂശിയ വെളളിനൂലുകൊണ്ടുളള കസവുകരയാണ് ഈ പുടവയുടെ സവിശേഷത. തിരുവനന്തപുരം നഗരത്തില്‍ നിന്നും ഏകദേശം 15 കിലോമീറ്റര്‍ തെക്കു കിഴക്കായി ദേശീയ പാതയിലാണ് ബാലരാമപുരം ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. കേരളത്തിന്റെ തെക്കേയറ്റത്തെ അതിരായ കളിയിക്കാവിളയിലേക്ക് ഇവിടെ നിന്നും 25 കിലോമീറ്ററുണ്ട്. സമകാലീന വസ്ത്രധാരണ ശൈലിയുടെ ഭാഗമായ കസവുപുടവ ഉള്‍പ്പെടെയുളള കൈത്തറി വസ്ത്രനിര്‍മ്മാണ വ്യവസായത്തിന്റെ കേന്ദ്രസ്ഥാനമാണ് ബാലരാമപുരം.