ബാലരാമപുരം
കൈത്തറി വസ്ത്രനിര്‍മ്മാണത്തിന് പ്രസിദ്ധിയാര്‍ജ്ജിച്ച ബാലരാമപുരം ഗ്രാമപഞ്ചായത്ത് തിരുവനന്തപുരം ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരം ജില്ലയില്‍ ചാല കമ്പോളം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട കമ്പോളമായി പരിഗണിക്കപ്പെടുന്നത് ബാലരാമപുരമാണ്. തിരുവനന്തപുരം നഗരത്തോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ബാലരാമപുരം ഗ്രാമത്തില്‍ നെയ്തെടുക്കുന്ന കസവുപുടവ (സെറ്റുമുണ്ട്) കേരളീയ വനിതകളുടെ പരമ്പരാഗതവസ്ത്രമാണ്. “ബാലരാമപുരം സാരി” അതിന്റെ തനിമയും, ലാളിത്യവും മനോഹാരിതയും കൊണ്ടാണ് പ്രസിദ്ധിയാര്ജ്ജിച്ചിട്ടുളളത്. തിരുവനന്തപുരം നഗരത്തില്‍ നിന്നും ഏകദേശം 15 കിലോമീറ്റര്‍ തെക്കു കിഴക്കായി ദേശീയ പാതയിലാണ് ബാലരാമപുരം ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. കേരളത്തിലെ കാലാവസ്ഥയ്ക്കു ഏറ്റവും അനുയോജ്യമായ വസ്ത്രമാണിത്. പ്രകൃതിദത്തമായ പരുത്തിയില്‍ ക്രിത്രിമനിറങ്ങളൊന്നും ചേര്‍ക്കാതെയാണ് സാരി നിര്‍മ്മാണം. സ്വര്‍ണ്ണം പൂശിയ വെളളിനൂലുകൊണ്ടുളള കസവുകരയാണ് ഈ പുടവയുടെ സവിശേഷത. കേരളത്തിന്റെ തെക്കേയറ്റത്തെ അതിരായ കളിയിക്കാവിളയിലേക്ക് ഇവിടെ നിന്നും 25 കിലോമീറ്ററുണ്ട്. സമകാലീന വസ്ത്രധാരണ ശൈലിയുടെ ഭാഗമായ കസവുപുടവ ഉള്‍പ്പെടെയുളള കൈത്തറി വസ്ത്രനിര്‍മ്മാണ വ്യവസായത്തിന്റെ കേന്ദ്രസ്ഥാനമാണ് ബാലരാമപുരം. ബാലരാമവര്‍മ്മ മഹാരാജാവിന്റെ ഭരണകാലത്താണ് ബാലരാമപുരത്ത് ആദ്യമായി കൈത്തറിനെയ്ത്ത് ആരംഭിക്കുന്നത്. മഹാരാജാവ് തന്റെ ദളവ (മുഖ്യമന്ത്രി) യായിരുന്ന ഉമ്മിണിത്തമ്പിയുമായി കുടിയാലോചിച്ച്, നെല്‍കൃഷി, തെങ്ങുകൃഷി, മത്സ്യബന്ധനം, നെയ്ത്ത്, എണ്ണസംസ്കരണം എന്നീ പരമ്പരാഗത വാണിജ്യമേഖലകളെ വികസിപ്പിച്ചു കൊണ്ട്, ബാലരാമപുരവും പരിസരപ്രദേശങ്ങളും കാര്‍ഷികാധിഷ്ഠിത വാണിജ്യ-വ്യവസായ മേഖലയാക്കി മാറ്റിയെടുക്കാനുളള പ്രവര്‍ത്തനങ്ങള്‍ അക്കാലത്തു തുടങ്ങിയിരുന്നു. തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍, പ്രത്യേകം തെരുവുകളായി തിരിച്ച് വ്യവസായവികസനത്തിനാവശ്യമായ ഭൌതികസൌകര്യങ്ങളൊരുക്കുകയായിരുന്നു. രാജകുടുംബാംഗങ്ങള്‍ക്കു വേണ്ടി വസ്ത്രങ്ങള്‍ നെയ്യുന്നതിനായി തമിഴ്നാട്ടില്‍ നിന്നും ഏഴ് നെയ്ത്തുകുടുംബങ്ങളെ (ശാലിയാര്‍) കൊണ്ടുവന്ന് ബാലരാമപുരത്ത് പ്രത്യേകമായി കണ്ടെത്തിയ സ്ഥലത്ത് (ഇന്ന് ശാലിയാര്‍ തെരുവ് എന്ന് വിളിക്കുന്നയിടം) പുനരധിവസിപ്പിക്കുകയായിരുന്നു.