ചരിത്രം

പ്രാദേശിക ചരിത്രം

ഒരു നൂറ്റാണ്ട് മുമ്പ് ഈ പഞ്ചായത്തുള്‍പ്പെടുന്ന ഭൂമിയുടെ സിംഹഭാഗവും അനഭിഗമ്യങ്ങളായ വനപ്രദേശങ്ങള്‍ തന്നെ ആയിരുന്നു. മാവിലര്‍, വേട്ടുവര്‍, മലക്കുടിയന്മാര്‍ എന്നിവരും അപൂര്‍വ്വമായി മാറാട്ടികളും ഇവിടത്തെ  ആദിവാസികളായിരുന്നു. സമ്പന്നമായ ഒരു സാംസ്ക്കാരിക പാരമ്പര്യത്തിന്റെ ഉടമകളാണ് ഈ ജനവിഭാഗം. കാട്ടുകിഴങ്ങുകള്‍ തിന്നും മല ദൈവങ്ങളെ ആരാധിച്ചും ചാമുണ്ഡി, പരദേവത, പഞ്ചുരുളി, ഗുളികന്‍, വീരന്‍ തുടങ്ങിയ തെയ്യങ്ങള്‍ കെട്ടിയും ഇവര്‍ ജീവിച്ചു പോന്നു. ഫലപ്രദമായ പച്ചമരുന്നുകളും മന്ത്രവാദങ്ങളും ഇവരുടെ ചികില്‍സാ രീതിയായി ഉപയോഗിച്ചിരുന്നതായും അറിയുന്നു. ചെറുമര്‍ എന്നറിയപ്പെടുന്ന കുടുംബങ്ങള്‍ ജന്മികുടുംബങ്ങളുടെ അടിമകളായിരുന്നു. ഇവരെ ജന്മിമാര്‍ വീതിച്ചെടുക്കുകയും അന്യോന്യം പാട്ടത്തിനു കൊടുക്കുകയും ചെയ്തിരുന്നു. അടിമക്കച്ചവടത്തിന്റെ ലഘുവായ മറ്റൊരു രൂപമായിരുന്നു അത്. ഒരോ കുടുംബവും വച്ചു പുലര്‍ത്തിയിരുന്ന ചെറുമര്‍ ആ കുടുംബത്തിന്റെ ജന്മക്കാര്‍ ആയിരുന്നു. കായികശേഷി തെളിയിക്കുന്ന യുവാക്കള്‍ക്കേ വിവാഹം ചെയ്യാന്‍ അനുവാദമുണ്ടായിരുന്നുള്ളു. ഒരു പൊതി നെല്ല് (3 പറ) നെഞ്ചു തൊടാതെ ഉയര്‍ത്തിയായിരുന്നു കായിക ശേഷി പരീക്ഷിച്ചിരുന്നത്. വിവാഹാനന്തരം വരനും വധുവും ബന്ധുക്കളും ചേര്‍ന്നു ജന്മിയെക്കണ്ട് അനുഗ്രഹം വാങ്ങുന്ന ചടങ്ങ്  ഒരു സവിശേഷതയായിരുന്നു. വിവാഹ ചെലവുകള്‍ മുഴുവനും ജന്മി വഹിച്ചിരുന്നു. മംഗലക്കളി എന്ന ആചാരകല വിവാഹ ആഘോഷങ്ങളിലെ ഒരു പ്രധാന  ഇനമായിരുന്നു.

സ്ഥലനാമ ചരിത്രം

ഇന്നത്തെ ബളാല്‍ പ്രദേശങ്ങള്‍ അടക്കിവാണിരുന്നത് ബലിക്കടക്കോന്‍ എന്ന നായര്‍ തറവാട്ടുകാരായിരുന്നു. ഇവരുടെ ആസ്ഥാനം അരീക്കരയായിരുന്നു. അരി വിളയുന്ന കരയാണ് അരീക്കരയായി തീര്‍ന്നതെന്നു പറയുന്നു. ബലിക്കടക്കോന്‍  തറവാട്ടുവക കൂലോങ്ങള്‍ അരീക്കരയിലും ബളാലിലും ഉണ്ടായിരുന്നു. മലോം കൂലോത്ത് മറ്റു തെയ്യങ്ങളോടോപ്പം മുക്രിപ്പോക്കര്‍ എന്ന മാപ്പിള തെയ്യം കെട്ടിയാടിയിരുന്നു. പുരാതനമായ കല്ലന്‍ചിറ മാലോം എന്നീ മഖാമുകളുടെ പൂര്‍വ്വ ചരിത്രമറിഞ്ഞാല്‍ കോരിത്തരിപ്പിക്കുന്ന ഐതിഹ്യങ്ങള്‍ വെളിവാകും. മഹാലോകമാണ് മാലോമായി പരിണമിച്ചതെന്ന് പറയപ്പെടുന്നു. ബാലിക്കടക്കോന്‍ തറവാട് ക്ഷയിച്ചതോടെ മാലോം മേഖല കോടോത്ത് കുടുംബത്തിന്റെയും കൊന്നക്കാട് ഭാഗം ക്ളായിക്കോട് ചെറുവിട്ടാര വീട്ടുകാരുടെയും, ബളാല്‍ അരീക്കര പ്രദേശങ്ങള്‍ തൃക്കരിപ്പൂര്‍ ഉടുമ്പന്തലക്കാര്‍ എന്ന പ്രമുഖ മുസ്ളീം കുടുംബത്തിന്റെയും, എടത്തോട് ചേരിപ്പാടി കുടുംബത്തിന്റെയും അധീനതയിലായി. ഏതാണ്ട് 75 വര്‍ഷം മുമ്പ് പൊടവടുക്കം, ബാര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പേറയില്‍, അടുക്കാടുക്കന്‍, പൊളിയപ്രന്‍, മേലത്ത്, കൂക്കള്‍, ചിറക്കര, ഇടയില്ല്യം, വേങ്ങയില്‍, ബേത്തൂര്‍, ഐക്കോടന്‍ തുടങ്ങിയ അനേകം നായര്‍ കുടുംബങ്ങള്‍ ഈ പഞ്ചായത്ത് പ്രദേശത്തേക്ക്  കുടിയേറുകയുണ്ടായി. യാദവര്‍, തീയര്‍ തുടങ്ങിയ ജനവിഭാഗങ്ങളും ഇവിടെ വന്നു താമസം തുടങ്ങി. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ ഇവിടെ മുസ്ളീം കുടുംബങ്ങള്‍ കുടിയേറിയിരുന്നു. ലായിനാക്കില്ലത്ത്, പുഴക്കര തുടങ്ങിയ പ്രമുഖ തറവാട്ടുകാര്‍ ഈ പഞ്ചായത്തിലെ ആദികാല കുടിയേറ്റക്കാരില്‍പ്പെടുന്നു.

കാര്‍ഷിക ചരിത്രം

കൃഷിയുടെ കാര്യമെടുത്താല്‍ പുനം കൃഷിയായിരുന്നു അന്നു പ്രധാനം. മലയിലെ വലിയ കാടുകള്‍ കൊത്തിമറിച്ച് കത്തിച്ച് മൂത്ത മണ്ണില്‍ നെല്ലും കൂടെ ചാമയും മുത്താറിയും തുവരയും മറ്റും വിതച്ചിരുന്നു. അപൂര്‍വ്വമായി പുകയിലയും പരുത്തിയും കൃഷി ചെയ്തിരുന്നു. പുനം കൃഷിയെ താറുമാറാക്കാനെത്തുന്ന വന്യമൃഗങ്ങളെ തുരത്താന്‍ കൊട്ടും തുടിയും, കവണയും വില്ലുമായി രാവൊടുങ്ങുന്നതുവരെ കാവല്‍ കിടക്കുന്നതും ആദിവാസി ജനങ്ങളായിരുന്നു. പുനം  കൃഷി തീര്‍ന്നാല്‍ അവിടെ മുരിക്കുകാല്‍ നാട്ടുകയും കുരുമുളക് കൃഷി നടത്തുകയും ചെയ്യും. കുടിയാന്‍മാര്‍ അന്ന് ജന്മിക്ക് പത്തിന് രണ്ട് എന്ന പാട്ടം കൊടുത്തിരുന്നു. പത്തു കൊല്ലത്തിന് രണ്ടു കൊല്ലം ആദായം എടുക്കാനുള്ള അവകാശം ജന്മിക്കായിരുന്നു. കൂടാതെ കാലാകാലങ്ങളില്‍ ജന്മി നിശ്ചയിക്കുന്ന പുറപ്പാട്ട സംഖ്യയും വാരവും പാട്ടവും കപ്പക്കാര്‍ കൊടുക്കേണ്ടിയിരുന്നു.

കുടിയേറ്റ ചരിത്രം

1942-ല്‍ മാത്യു മീനാട്ടൂര്‍ ബളാലില്‍ ഉടുമ്പന്തല ജന്മിയില്‍ നിന്നും 1000 ഏക്കര്‍ ഭൂമി എസ്റ്റേറ്റ് പിടിപ്പിക്കുന്നതിനു വേണ്ടി വാങ്ങിയിരുന്നു. 1948 മുതല്‍ക്കാണ് തിരുവിതാംകൂര്‍ കുടിയേറ്റം വ്യാപകമായിത്തുടങ്ങിയത്. ബളാല്‍, മാലോം, വെള്ളരിക്കുണ്ട് എന്നീ സ്ഥലങ്ങളിലാണ് ആദ്യകുടിയേറ്റം നടന്നത്. തെക്കിന്റെയും വടക്കിന്റെയും സമ്മിശ്രമായ  ഒരു പുത്തന്‍ സംസ്ക്കാരത്തിന് കുടിയേറ്റം വഴി തെളിച്ചു. റബ്ബര്‍, തേങ്ങ, അടക്ക, കുരുമുളക് തുടങ്ങിയ നാണ്യവിളകളുടെ കേദാരഭൂമിയാക്കി ഈ നാടിനെ പരിവര്‍ത്തനം ചെയ്തത് കുടിയേറ്റ ജനതയാണ്. ഈ പഞ്ചായത്തിലെ ആദ്യ സ്കൂള്‍ 1952-ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ എടത്തോട് എന്ന സ്ഥലത്ത് സ്ഥാപിതമായി. ബളാലില്‍ പരേതനായ പല്ലാട്ടുകുന്നല്‍ തോമസിന്റെ വക ഒരു അമൂല്യ ഗ്രന്ഥശേഖരം ഉണ്ടായിരുന്നു. അനേകം പുസ്തകങ്ങളും പഴയതും പുതിയതുമായ ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്‍പ്പെടുന്ന ഈ ശേഖരം സാംസ്ക്കാരിക മേഖലയ്ക്ക് വിലമതിക്കാനാകാത്ത മുതല്‍ക്കൂട്ടാണ്. ഈ പഞ്ചായത്തില്‍പ്പെട്ട സ്ഥലങ്ങളുമായി ബന്ധപ്പെട്ട റോഡുകള്‍ പലതും കൂപ്പു റോഡുകളായി ആരംഭിച്ചവയാണ്. നീലേശ്വരം-എടത്തോട് റോഡ് ചെരി കുടുംബക്കാരും, എടത്തോട്-ബളാല്‍ റോഡ് സി.കുഞ്ഞിക്കണ്ണന്‍ നായരും കുന്നുംകൈ കല്ലന്‍ചിറ റോഡ് ഉടുമ്പന്തല തറവാട്ടുകാരും ജനങ്ങളുടെ നിര്‍ല്ലോഭമായ സഹകരണത്തോടെ നിര്‍മ്മിച്ചവയാണ്. വെള്ളരിക്കുണ്ട്, മാലോം, ബളാല്‍, വള്ളിക്കടവ്, കൊന്നക്കാട്, എടത്തോട് എന്നിവിടങ്ങളിലെ ടൌണുകള്‍ നല്ല കച്ചവടകേന്ദ്രങ്ങളായി വളരുന്നുണ്ട്. ഈ പഞ്ചായത്തിന്റെ സിരാകേന്ദ്രമാണ് വെള്ളരിക്കുണ്ട്.

ആരാധനാലയങ്ങള്‍

സമീപ കാലത്തു പണിത ബളാല്‍ ഭഗവതീ ക്ഷേത്രം ഇന്നത്തെ പ്രധാന ആരാധനാലയമാണ്. ഇതു കൂടാതെ ചെറിയ ചെറിയ പള്ളിയറകളും, ക്ഷേത്രങ്ങളും, കാവുകളും നാനാ ഭാഗത്തുമുണ്ട്. കൊന്നക്കാട്, വള്ളിക്കടവ്, മാലോം, വെള്ളരിക്കുണ്ട്, ബളാല്‍, ചുള്ളി എന്നിവിടങ്ങളിലേതടക്കം 12 ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. അഞ്ചു സന്യാസിനി മഠങ്ങളുമുണ്ട്. കല്ലന്‍ചിറ, മാലോം, കൊന്നക്കാട്, ഇടത്തോട് എന്നിവിടങ്ങളില്‍ മുസ്ളീം പള്ളികളും മദ്രസകളും ഉണ്ട്. ബളാല്‍ ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവം, മാലോം കല്ലന്‍ചിറ ഉറൂസുകള്‍, ക്രിസ്ത്യന്‍ പള്ളികളിലെ തിരുനാളുകള്‍ തുടങ്ങിയ ആഘോഷങ്ങളില്‍ ജാതിമതഭേദമെന്യേ ജനങ്ങള്‍ സംബന്ധിക്കുന്നു. മത സൌഹാര്‍ദ്ദത്തിന്റെയും സമുദായ മൈത്രിയുടെയും നാടാണ് ബളാല്‍. കൊന്നക്കാട് ക്രിസ്ത്യന്‍ പള്ളിക്കും മുസ്ളീം പള്ളിക്കും സ്ഥലം സൌജന്യമായി കൊടുത്തത് കരിമ്പില്‍ കുഞ്ഞിക്കോമനും മാലോം മുസ്ളീം പള്ളിക്ക് സ്ഥലം സൌജന്യമായി കൊടുത്തത് കെ.പി.നാരായണിയമ്മയും ആണ്. കല്ലന്‍ ചിറ ഉറൂസിനോടനുബന്ധിച്ച് നടത്തിയിരുന്ന നായാട്ടിലും നേര്‍ച്ചയിലും അന്നദാനത്തിലും ജാതിമതഭേദമെന്യേ ജനങ്ങള്‍ സംബന്ധിച്ചിരുന്നത് മത സൌഹാര്‍ദ്ദത്തിന്റെ മകുടോദാഹരണമാണ്. സി.കുഞ്ഞികൃഷ്ണന്‍ നായര്‍ (മുന്‍ എം.എല്‍.എ) സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുക വഴി ഈ പ്രദേശത്തെ ദേശീയ ധാരയിലേക്ക് നയിച്ചു. സ്വാതന്ത്ര്യസമര സേനാനികളായ ചാക്കോ താനപ്പനാല്‍, നലുപുരപ്പാട്ട് ഭാസ്ക്കരന്‍, ഉറുമ്പില്‍ വര്‍ഗ്ഗീസ് എന്നിവരുടെ ആഗമനം സാമൂഹ്യ സാംസ്ക്കാരികരംഗത്ത മുതല്‍ക്കൂട്ടായി.  ഇ.കരുണാകരന്‍ നമ്പ്യാര്‍ സ്വാതന്ത്ര്യസമരത്തിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ സജീവമായി പങ്കു കൊണ്ടു. കൊന്നക്കാട് ഭാഗത്ത് 101 ഏക്കര്‍ സ്ഥലം ഭൂദാന പ്രസ്ഥാനത്തിന് കരിമ്പില്‍ കുഞ്ഞിക്കോമന്‍ നല്‍കുകയുണ്ടായി. പ്രശസ്ത നോവലിസ്റ്റായ സി.വി.ബാലകൃഷ്ണന്റെ കളമെഴുത്ത്, തടവറകളിലെ കലാപം, ആയുസ്സിന്റെ പുസ്തകം എന്നീ നോവലുകളുടെ പശ്ചാത്തലം ഈ നാടാണ് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ജന്മി കുടിയാന്‍ ബന്ധങ്ങളില്‍ മാനുഷിക പരിഗണനകള്‍ക്ക് മുന്‍ തൂക്കം കൊടുത്തിരുന്നതു കൊണ്ടാകാം ഈ പ്രദേശങ്ങളില്‍ കര്‍ഷക സമരങ്ങള്‍ ശക്തിപ്പെടാതിരുന്നത്. ഭൂപരിഷ്ക്കരണ നിയമം പ്രാബല്യത്തില്‍ വന്നതോടെ കര്‍ഷകരുടെ സാമ്പത്തിക സാമൂഹിക നില തികച്ചും ഭദ്രമായി.

സാംസ്ക്കാരിക രംഗം

പൊട്ടന്റെയും പരദേവതയുടെയും മായിത്തിക്കളിയുടെയും ആത്മാവുനെഞ്ചേറ്റുന്ന ഒരു പുരാതന സംസ്കൃതിയുടെ ചിത്രശിലാപാളികള്‍ കൊണ്ടു തീര്‍ക്കപ്പെട്ട മഹനീയ ശ്രീകോവിലാണ് ബളാല്‍. പഴഞ്ചാല്ലുകളില്‍ പോലും സ്ഥാനം പിടിച്ചതും കന്നടയുടെയും മറാത്തായുടെയും അവശിഷ്ടങ്ങള്‍ പേറുന്നതുമായ ഒരു സഞ്ചിതസംസ്കാരം ആണ് ഇവിടെയുള്ളത്. കോട്ടഞ്ചേരി ദേവസ്ഥാനവും അരീക്കര (ബളാല്‍), മാലോം കൂലോമുകളും, മാലോം കല്ലഞ്ചിറ മഖാമുകളും ചൈത്രവാഹിനിയും ചേര്‍ന്ന് രൂപപ്പെടുത്തിയെടുത്ത ഗ്രാമീണതയുടെ തനിമയാര്‍ന്ന സംസ്കാരം. നൂറ്റാണ്ടുകള്‍ക്കു മുമ്പേ കാലിയെ മേയിച്ചും മറ്റും മറാത്താ ഭൂപ്രദേശങ്ങളില്‍ നിന്നും ഇവിടെ എത്തിച്ചേര്‍ന്ന നായിക്കരും വനഭൂമിയോട് ചേര്‍ന്ന് വാസമുറപ്പിച്ച മായിലരും വേട്ടുവരുമാണ് ഈ പഞ്ചായത്തിലെ ആദിമനിവാസികള്‍. വനങ്ങളിലോ വനത്തോട് ചേര്‍ന്ന കാടുകളിലോ ഇവര്‍ വസിച്ചുവരുന്നു. ക്ഷേത്രങ്ങളും കാവുകളും സംരക്ഷിക്കുന്നതിലും സംസ്കാരപോഷണത്തിലും ബാലിക്കടുക്കോനും കോടോത്തും ഉടുമ്പുന്തലയും അടക്കമുള്ള സവര്‍ണ്ണവര്‍ഗ്ഗം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ദേവ സ്ഥാനങ്ങളോടും അമ്പലങ്ങളോടും മുസ്ളീം ക്രിസ്തീയ ദേവാലയങ്ങളോടും ചേര്‍ന്ന് ഇവിടെ കലയും സംസ്കാരവും വളര്‍ന്നുവന്നു. തോറ്റം പാട്ടുകളും തുടിതാളങ്ങളും നാടിന്റെ ഹൃദ്സ്പന്ദനങ്ങളുടെ പര്യായമായി മാറുകയും കലയുടെ വര്‍ണ്ണഭംഗി വിടര്‍ത്തുകയും ചെയ്തു. നാട്ടിപ്പാട്ടുകള്‍, മംഗലപ്പാട്ടുകള്‍ എന്നിവ പാട്ടുപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കായി ബളാലും സംഭാവനചെയ്തു. ഗുളിഗന്‍, പൊട്ടന്‍, പരദേവത, കല്പുരുട്ടി തുടങ്ങി തെയ്യക്കാലങ്ങള്‍ ആചാര അനുഷ്ഠാനങ്ങളുടെ വേലിക്കെട്ടുകള്‍ക്കപ്പുറത്ത് കലയുടെ വലിയൊരു ലോകം തുറന്നുകാണിച്ചു. മാലോം കൂലോത്തെ മുക്രിപോക്കര്‍ തെയ്യം ഒരു സവിശേഷതയാണ്. നൂറ്റാണ്ടുകളായി ബളാല്‍ പുലര്‍ത്തിച്ചുപാരുന്ന ഹിന്ദു മുസ്ളീം മൈത്രിയുടെ പ്രതീകം കൂടിയാണത്. കര്‍ക്കിടകത്തെയ്യം എന്നറിയപ്പെടുന്ന ഗളിഞ്ചന്‍ (കളിഞ്ചന്‍) മറ്റൊരു സവിശേഷ തെയ്യമാണ്. ചേട്ടയെ തള്ളി  ലക്ഷ്മിയെ സ്വീകരിക്കുന്ന സന്ദര്‍ഭത്തിന്റെ പ്രത്യക്ഷവല്‍ക്കരണമാണ് ഇത്. കര്‍ക്കിടകം 18-ന് ഈ തെയ്യം കെട്ടിയാടുന്നു. ബളാല്‍ ഭഗവതിക്ഷേത്രത്തിലെ ഉല്‍സവം പ്രധാനമാണ്. ക്രിസ്തുമത ദേവാലയങ്ങളിലെ പള്ളിപ്പെരുന്നാളുകളും മുസ്ളീം പള്ളികളിലെ ഉറൂസുകളും പ്രധാന ഉത്സവങ്ങളാണ്. മാര്‍ഗം കളി ക്രിസ്തു മതത്തിന്റെയും ദഫ്മുട്ട് മുസ്ളീം മതത്തിന്റെയും പ്രധാന കലയാണ്. കല്യാണാവസരങ്ങളില്‍ ഒപ്പന മുസ്ളീം വിഭാഗത്തിന് ഒഴിവാക്കാനാവാത്ത ചടങ്ങാണ്. തുളു, കന്നട, മറാത്ത എന്നീ ഭാഷകള്‍ മലയാളത്തിന് പുറമെ ഇവിടെ ചെറിയൊരു വിഭാഗത്തിനിടയിലെങ്കിലും സംസാരഭാഷയാണ്. തിരുവിതാംകൂര്‍ കുടിയേറ്റത്തോടെ മലബാര്‍-തിരുവിതാംകൂര്‍ സങ്കലനവും സാംസ്കാരിക രംഗത്തുണ്ടായി. ആചാരാനുഷ്ഠാനങ്ങളിലും ഭക്ഷണക്രമങ്ങളിലും കര്‍ണ്ണാടക സ്വാധീനമുണ്ട്.