ചരിത്രം

സാമൂഹ്യചരിത്രം

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അറബികളും മറ്റ് വിദൂര ദേശങ്ങളില്‍ നിന്നുള്ളവരും തടികൊണ്ടുള്ള പണിത്തരങ്ങളും മലഞ്ചരക്കുകളും കയറ്റി കൊണ്ടുപോയിരുന്നത് മലബാറിന്റെ തീരപ്രദേശത്ത് പേരുകേട്ട അഴീക്കല്‍ തുറമുഖത്തു നിന്നായിരുന്നു. അഴി-പ്രദേശം എന്ന അര്‍ത്ഥം വരുന്നതിനാലാണ് ഈ ഗ്രാമത്തിന് അഴീക്കോടെന്ന പേരു ലഭിച്ചതെന്ന് കരുതപ്പെടുന്നു. ചെറുകപ്പലുകളും ഉരുവും വന്നടുക്കുന്ന കപ്പക്കടവു പ്രദേശത്തിനും കപ്പല്‍ അടുക്കുന്ന പ്രദേശം എന്ന അര്‍ത്ഥത്തിലാവാം ഈ പേര് ലഭിച്ചത്. പഴയ ചിറക്കല്‍ കോവിലകത്തിന്റെയും, നാടുവാഴികളുടെയും അധീനതയിലായിരുന്ന ഈ ഗ്രാമം തികച്ചും കാര്‍ഷിക സമ്പദ്ഘടനയെ ആശ്രയിച്ചായിരുന്നു നിലനിന്നുപോന്നത്. നിരവധി ക്ഷേത്രങ്ങളുടെയും കാവുകളുടെയും നാടായ അഴീക്കോട് അതിപുരാതനവും അപൂര്‍വ്വവുമായ ഒട്ടനവധി തെയ്യങ്ങളുടേയും തിറകളുടേയും നാടു കൂടിയാണ്. ഈ പഞ്ചായത്തിന്റെ ഭൂമിയുടെ ഉടമസ്ഥത പഴയകാലത്ത് നാലോ അഞ്ചാ ദേവസ്വങ്ങളുടേയും, ചില ജന്മികളുടേയും, ചിറക്കല്‍ കോവിലകത്തിന്റേയും, അറക്കല്‍ രാജാവിന്റേയും കൈകളിലായിരുന്നു. ബ്രിട്ടീഷ് ശക്തികളുടെ ആഗമനത്തോടെ പഴയകാല സാംസ്കാരികതനിമകളും കലാരൂപങ്ങളും മറ്റും കൈമോശം വന്നുപോയെങ്കിലും ഇന്നും പ്രാചീനമായ ഇത്തരം കലാരൂപങ്ങളുടെ അവതരണങ്ങള്‍ ക്ഷേത്രോത്സവങ്ങളിലും മറ്റ് പ്രാദേശികമായ തിറകളിലും കാണാന്‍ കഴിയുന്നുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ ആഗമനത്തിന് മുമ്പ് ചിറക്കല്‍ തമ്പുരാന്റെ സേനയില്‍ നെടുംതൂണായി പ്രവര്‍ത്തിക്കുകയും മാടായിക്കോട്ടയുടെ സംരക്ഷകനായി കഴിയുകയും ചെയ്തിരുന്ന അഴീക്കോട് വാസിയായിരുന്ന മുരിക്കഞ്ചരി കേളു, തമ്പുരാനുമായി ഇടയുകയും സൈന്യവുമായി സുധീരം ഏറ്റുമുട്ടി വീരമൃത്യു വരിക്കുകയും ചെയ്ത കഥ നാടന്‍പാട്ടുകളിലും മറ്റും കേള്‍ക്കാം. പ്രസിദ്ധമായ വന്‍കുളം നിര്‍മ്മിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണെന്ന് ഐതിഹ്യമുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ പാലക്കാട് കേന്ദ്രീകരിച്ച്, ജാതീയമായ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പത്രം നടത്തിയ ആളായിരുന്നു അഴീക്കോട്ടുകാരനായ പൊന്മഠത്തില്‍ കൃഷ്ണസ്വാമി. അഴീക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിന് വാഗ്ഭടാനന്ദസ്വാമികളെ പ്രേരിപ്പിച്ചതും പൊന്മഠത്തില്‍ കൃഷ്ണസ്വാമിയായിരുന്നുവെന്നു പറയപ്പെടുന്നു. ആത്മവിദ്യാസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അഴീക്കോട് പ്രദേശത്ത്, സാമൂഹ്യപരിഷ്ക്കരണത്തില്‍, പ്രത്യേകിച്ച് അയിത്തം, വിഗ്രഹാരാധന എന്നിവക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ വമ്പിച്ച ചലനം സൃഷ്ടിച്ചിട്ടുണ്ട്. വാഗ്ഭടാനന്ദഗുരുവിന്റെ ശിഷ്യനായ എം.ടി.കുമാരന്‍ മാസ്റ്റര്‍ കേരളത്തിലുടനീളം ആത്മവിദ്യാസംഘത്തിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിലും കലാസാഹിത്യസദസ്സുകളിലും മറ്റും ഉജ്ജ്വലമായ പ്രഭാഷണങ്ങള്‍ നടത്തുന്നതിലും ശ്രദ്ധേയനായിരുന്നു. സ്വാമി ബ്രഹ്മവ്രതന്റെ പ്രവര്‍ത്തനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ആനന്ദസമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഈ പഞ്ചായത്തില്‍ നല്ല വേരോട്ടം കിട്ടിയിരുന്നു. ഇക്കാലത്തു തന്നെ അയിത്തത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍, പ്രത്യേകിച്ചും മിശ്രഭോജനവും ക്ഷേത്രക്കുളത്തിലെ പൊതുസ്നാനം സംഘടിപ്പിക്കുന്നതിലും മുന്നാട്ടു വന്ന്, ഒട്ടനവധി പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ധീരന്‍മാര്‍ ഈ പ്രദേശത്തുണ്ടായിരുന്നു. പൊതുനിരത്തില്‍ക്കൂടി എല്ലാവര്‍ക്കുമൊപ്പം നടന്നുപോകാനും പൊതുകിണറുകളില്‍ നിന്നും വെള്ളം കോരുന്നതിനും സ്വാതന്ത്യ്രമില്ലാതിരുന്ന, വെറും അടിമകളെപ്പോലെ കഴിയേണ്ടിവന്നിരുന്ന ഹരിജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പച്ച കൃഷ്ണന്‍മാസ്റ്റര്‍ നടത്തിയ മിശ്രഭോജനം വമ്പിച്ച ഒച്ചപ്പാടുണ്ടാക്കിയ സംഭവമായിരുന്നു. അതുപോലെ മൊളോളംകുളത്തില്‍ കുളിച്ചതിന്ന് ജയിലില്‍ പോകേണ്ടിവന്ന ചെറുപ്പക്കാരായ രണ്ട് താഴ്ന്ന ജാതിക്കാര്‍ക്ക്, അതിന് ആവേശം പകര്‍ന്നുകൊടുത്ത സാമൂഹ്യപരിഷ്ക്കരണപ്രസ്ഥാനത്തിന്റെ നായകര്‍ ഈ പ്രദേശത്തിനാകെ അഭിമാനമായിരുന്നു. അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ അക്കാലത്ത് മുന്നാട്ടു വന്നവരില്‍ അഴീക്കല്‍ സ്വദേശിയായ പി.കെ.ഗോപാലശര്‍മ്മയെ പോലുള്ളവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് എല്ലാ വിഭാഗക്കാര്‍ക്കും, പ്രത്യേകിച്ച് ഹരിജനങ്ങള്‍ക്ക്, നാട്ടിലെ നാനാമുഖമായ പ്രവര്‍ത്തനമേഖലകളില്‍ മറ്റുള്ളവര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്നുകൊണ്ട് വിവാഹങ്ങളിലും ഉത്സവങ്ങളിലും സാമൂഹ്യരാഷ്ട്രീയ സംവിധാനങ്ങളിലും പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭ്യമാക്കിയത്. ഈ പ്രവര്‍ത്തനങ്ങളില്‍ പഴയകാലത്ത് ഈ പ്രദേശത്ത് നേതൃനിരയിലുണ്ടായിരുന്നവരില്‍ രാമുണ്ണി വൈദ്യര്‍, കല്ലേന്‍ കുഞ്ഞിരാമന്‍, പനയന്‍ ദാമു എന്നിവര്‍ പ്രത്യേകം ഓര്‍മ്മിക്കപ്പെടേണ്ടവരാണ്. അക്കാലത്തെ രാഷ്ട്രീയപ്രവര്‍ത്തകര്‍ ജന്‍മിത്തത്തിനും ഫ്യൂഡല്‍ വാഴ്ചക്കുമെതിരെ കര്‍ഷകപ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുത്ത് കൊണ്ട് സമരം നടത്തിപ്പോന്നിരുന്നു. ഇവിടുത്തെ ഭൂമിയുടെ ആധിപത്യം ചിറക്കല്‍-അറക്കല്‍ രാജവംശങ്ങള്‍, അക്ളിയത്ത് ദേവസ്വം, ചില ജന്മികുടുംബങ്ങള്‍ എന്നിവരില്‍ ഒതുങ്ങിനിന്നിരുന്നു. കൃഷിഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യം പ്രായോഗികമാക്കുന്നതിനും വാരം, പാട്ടം എന്നിവ അവസാനിപ്പിക്കുന്നതിനും എ.കെ.ജിയെ പ്പോലുള്ളവര്‍ നേതൃത്വം നല്‍കിയ പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച പി.വി.ചാത്തുനായര്‍, സി.ഗോപാലന്‍ നമ്പ്യാര്‍, പി.വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍, കണ്ടഞ്ഞാറ്റല്‍ കൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങി ധാരാളം പേരുണ്ട്. ട്രേഡ്യൂണിയന്‍ മേഖലകളിലും അക്കാലത്ത് അഴീക്കോട്ട് കാര്യമായ പ്രവര്‍ത്തനം നടന്നിരുന്നു. ട്രേയിഡ് യൂണിയന്റെ ആദ്യകാലനേതാക്കളില്‍ പി.വി.ചാത്തുനായര്‍ പ്രത്യേകമായി പരാമര്‍ശിക്കപ്പെടേണ്ട വ്യക്തിയാണ്. ട്രേയിഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യകാലത്ത് മാര്‍ഗ്ഗദര്‍ശനം നല്‍കാന്‍ പി.കൃഷ്ണപിള്ള അഴീക്കോട് സന്ദര്‍ശിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സമ്പദ്ഘടനയില്‍ വ്യാവസായിക മേഖലയില്‍, കുഴിത്തറിയില്‍ നിന്നും കൈത്തറിയിലേക്കുള്ള വളര്‍ച്ച ഒരു വലിയ ഗുണപരമായ മാറ്റമായിരുന്നു. അക്കാലത്ത് കൈത്തറി മേഖലയില്‍ മാറ്റങ്ങള്‍ക്കു നേതൃത്വം നല്‍കുകയും അഴീക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുകൊണ്ട്, കൈത്തറിരംഗത്തെ കണ്ണൂരിന്റെ കുലപതിയെന്ന് വിശേഷിപ്പിക്കാവുന്ന രീതിയില്‍ വന്‍സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച എ.കെ.നായര്‍ അഴീക്കോടിന്റെ വിവിധ മേഖലകളില്‍ വികസനത്തിന് ഒരു പുതിയ പാത തന്നെ വെട്ടിത്തുറക്കുവാന്‍ ശ്രമിച്ച വ്യക്തിയാണ്. 1937-ല്‍ കണ്ണൂര്‍ ജില്ലയില്‍ മൂന്നാമതായി രൂപീകരിക്കപ്പെട്ട അഴീക്കോട് പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് എ.കെ.നായരായിരുന്നു. 1953 മെയ് 29-ന് എന്‍.കൃഷ്ണന്‍ പ്രസിഡന്റായി ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവില്‍ വരികയുണ്ടായി. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടെയും ദേശീയപ്രസ്ഥാനത്തിന്റെയും വളര്‍ച്ചയുടെ കാലഘട്ടത്തില്‍ ജനിച്ചുവളര്‍ന്ന് ഈ രാജ്യത്ത് മാത്രമല്ല, ലോക നിലവാരത്തില്‍ പോലും ശ്രദ്ധിക്കപ്പെടുന്ന പ്രഭാഷകനും ഗ്രന്ഥകാരനുമായ സുകുമാര്‍ അഴീക്കോട് എന്ന മഹത്വ്യക്തിയ്ക്കു ജന്മം നല്‍കിയ നാടാണ് അഴീക്കോട്. രാജ്യത്തെമ്പാടും ആഞ്ഞടിച്ച സ്വാതന്ത്ര്യസമരത്തിന്റെ കാറ്റ് അഴീക്കോട് പ്രദേശത്തുണ്ടാക്കിയ പ്രതികരണം ശക്തമായിരുന്നു. കേരള രാഷ്ട്രീയത്തില്‍ പില്‍ക്കാല നായകന്‍മാരില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന പി.എം.കുഞ്ഞിരാമന്‍ നമ്പ്യാര്‍ അഴീക്കോട്ടെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം വഹിച്ചവരില്‍ പ്രധാനിയായിരുന്നു. സര്‍വ്വോദയ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ടി.വി.അനന്തന്‍ ദേശീയസമരത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന വൃക്തിയായിരുന്നു. മാക്കുനി കൃഷ്ണന്‍ നമ്പ്യാര്‍, പി.വി. കുഞ്ഞിരാമന്‍ ഗുരുക്കള്‍, മാവില ഗോവിന്ദന്‍ നമ്പ്യാര്‍ തുടങ്ങിയവരും ഈ സമരത്തില്‍ സജീവമായിരുന്നു.

സാംസ്കാരിക ചരിത്രം

കടലിന്റെയും പുഴയുടെയും ഹൃദയത്തുടിപ്പ് ഏറ്റുവാങ്ങുന്ന ഈ ഗ്രാമത്തിന് തനതായ ഒരു സാംസ്കാരിക പൈതൃകമുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ അറബികളും മറ്റു വിദേശികളും വ്യാപാരാവശ്യാര്‍ത്ഥം ഈ പ്രദേശവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. അഴീക്കല്‍ തുറമുഖം ഒരുകാലത്ത് പ്രമുഖതുറമുഖങ്ങളുടെ ഗണത്തില്‍പ്പെട്ട ഒന്നായിരുന്നു. കേരളത്തിന്റെ സാംസ്കാരിക മുന്നറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആളുകള്‍ക്ക് ജന്‍മം നല്‍കിയ പ്രദേശമാണിത്. ഒരു കാലത്ത് ആത്മവിദ്യാ സംഘം പോലുള്ള പ്രസ്ഥാനങ്ങള്‍ സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം അവിസ്മരണീയമാണ്. മനുഷ്യനെ മനുഷ്യനായി കാണാത്ത ജാതിവ്യവസ്ഥയ്ക്കെതിരെ പാലക്കാട്ടു പോയി പത്രപ്രചാരണം നടത്തിയ യോഗിവര്യന്‍ പൊന്മഠത്തില്‍ കൃഷ്ണ സ്വാമികള്‍ ഈ ദേശത്തിന്റെ വരദാനങ്ങളിലൊന്നായിരുന്നു. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ഒരു വായനശാല ഉപ്പായിച്ചാലില്‍ പ്രവര്‍ത്തിക്കുന്നു. കൃഷ്ണസ്വാമിയുടെ ശിഷ്യനും ശ്രീ ശങ്കരന്റെ അദ്വൈത വാക്യങ്ങള്‍ക്ക് പുതിയ വ്യാഖ്യാനം നല്‍കുകയും ഒരു സനാതന സംസ്കാരത്തിന് വിത്തുപാകുകയും ചെയ്ത വാഗ്ഭടാനന്ദ ഗുരുദേവര്‍ ഇവിടെയായിരുന്നു പ്രവര്‍ത്തിച്ചത്. എം.ടി.കുമാരന്‍ മാസ്റ്റര്‍, ടി.വി.അനന്തന്‍, പി.വി.ചാത്തുനായര്‍, ഡോ.പി.അനന്തന്‍ തുടങ്ങിയ ഒട്ടനവധി ആളുകള്‍ അഴീക്കോടിന്റെയും സാംസ്കാരിക കേരളത്തിന്റെയും മുഖച്ഛായ മാറ്റാന്‍ അഹോരാത്രം പ്രയത്നിച്ചിരുന്നു. ഇന്ന് ലോകം ബഹുമാനിക്കുന്ന, പ്രഭാഷണകലയുടെ രാജാവെന്നറിയപ്പെടുന്ന സുകുമാര്‍ അഴീക്കോടും ഈ ദേശത്തിന്റെ പുത്രനാണ്. കലാരംഗത്തെ ഏറെ മുന്നറ്റമുണ്ടാക്കിയ പ്രദേശമായിരുന്നു അഴീക്കോട്. സംഗീതസന്ധ്യകളും സാഹിത്യസംവാദങ്ങളും നാടകവേദികളും കൊണ്ട് ഇവിടം സജീവമായിരുന്നു. ജയഭാരതം കലാനിലയം, ജയശ്രീ നാടകനിലയം, പുരോഗമന കലാസമിതി, നടരാജ നാട്യകലാനിലയം, കൈരളി കലാനിലയം തുടങ്ങിയ സംഘങ്ങളായിരുന്നു പ്രധാന നാടകസംഘങ്ങള്‍. പുള്ളുവന്‍ വൈദ്യരുടെ ശിക്ഷണത്തില്‍ അല്ലി അര്‍ജ്ജുനചരിതം, മാലതീമാധവം, സതീലോചന, തുടങ്ങിയ നാടകങ്ങള്‍ ഈ സംഘങ്ങള്‍ അവതരിപ്പിച്ചിരുന്നു. തങ്കം ഗോവിന്ദന്‍, കമലം ഗോവിന്ദന്‍, കുഞ്ഞിരാമന്‍ സ്രാപ്പ് എന്നിവര്‍ സ്ത്രീ വേഷത്തിലഭിനയിച്ച് പ്രേക്ഷകരെ ഹരം കൊള്ളിച്ചിരുന്നു. വാഗ്ഭടാനന്ദന്റെ ശിഷ്യനായിരുന്ന സ്വാമി ബ്രഹ്മവ്രതന്‍ നാടകകലയ്ക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കിയ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ അനവധി മികച്ച നാടകങ്ങള്‍ അഴീക്കോട് പ്രദേശത്ത് അവതരിപ്പിച്ചിട്ടുണ്ട്. അധ്യാപക സമരം കൊടുമ്പിരിക്കൊള്ളുകയും സ്കൂള്‍ മാനേജര്‍മാര്‍ ശമ്പളം നല്‍കാതിരിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നാടകം ജനശ്രദ്ധ പിടിച്ചുപറ്റിയതാണ്. പില്‍ക്കാലത്തും മികച്ച നാടകകൃത്തുക്കള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. കെ.പി.കുമാരന്‍, മമ്മിണിയപ്പന്‍ ബാപ്പു, മീശകരുണന്‍, കെ.പി.കെ.പണിക്കര്‍, പി.ജി.അഴീക്കല്‍, കെ.ടി.ആനന്ദ്, പി.വി.കെ.റാം, കാട്ടാര്‍ തുടങ്ങിയ നടന്‍മാര്‍ നാടകകലയ്ക്ക് അവിസ്മരണീയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ളവരാണ്. പാദുക പട്ടാഭിഷേകം, കൃഷ്ണദൂത് എന്നീ നാടകങ്ങളെഴുതി പോരയില്‍ രാമന്‍ നമ്പ്യാര്‍ മികച്ച നാടകകൃത്തെന്ന ഖ്യാതി നേടിയിരുന്നു. തെക്കന്‍ നാട്ടിലുള്ളവര്‍ മാത്രം കഥാപ്രസംഗകലയില്‍ പ്രാവീണ്യം നേടിയിരുന്ന അവസരത്തില്‍ വടക്കുള്ളവര്‍ക്കും സാധിക്കുമെന്ന് കാണിച്ചു കൊടുത്ത വ്യക്തിയാണ് പി.ജി.അഴീക്കോട്. സുപ്രസിദ്ധ നാടകനടിയും സിനിമാനടിയുമായിരുന്ന കണ്ണൂര്‍ രാജം, നാടകനടി പി.സി.തങ്കം തുടങ്ങിയവരും ഈ നാടിന്റെ സന്തതികളാണ്. തെയ്യം കലാരൂപങ്ങളുടെ നാടാണിത്. കാവുകളുമായി ബന്ധപ്പെട്ട് ഇന്നും തെയ്യം അരങ്ങേറാറുണ്ട്. പ്രധാനമായും വീരന്‍, വീരാളി, ഭഗവതി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ തുടങ്ങിയവയാണ് അവതരിപ്പിക്കാറ്. തെയ്യം കലാരൂപങ്ങളായി അവതരിപ്പിക്കപ്പെടുന്ന ഈ കാലത്തും പരമ്പരാഗതമായി അവതരിപ്പിക്കുന്ന ഒന്നിലേറെ കുടുംബങ്ങള്‍ ഈ ദേശത്തുണ്ട്. കാവുകളുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ തന്നെ അപൂര്‍വ്വമായി നടക്കുന്ന തീച്ചാമുണ്ഡി എന്ന ആചാരം ശ്രീകൂര്‍മ്പാഭഗവതി ക്ഷേത്രത്തില്‍ അരങ്ങേറാറുണ്ട്. നെയ്യമൃത് ഉത്സവം, ആനയെഴുന്നള്ളത്ത് തുടങ്ങിയ അനുഷ്ഠാനങ്ങള്‍ക്ക് മാറ്റു കുറഞ്ഞെങ്കിലും ഇന്നും ഇവിടെ പ്രചാരത്തിലുണ്ട്. ഒരു കാലത്ത് ഉപ്പെഴുന്നള്ളത്ത് എന്നാരനുഷ്ഠാനം ഇവിടെയുണ്ടായിരുന്നു. മൂന്നുനിരത്തിലെ കൂര്‍മ്പകാവില്‍ നിന്നും അക്ളിയത്ത് ശിവക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നതായിരുന്നു ഈ അനുഷ്ഠാനം. കാലക്രമത്തില്‍ അതില്ലാതായി. ഉത്സവങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന നാലഞ്ചുമാസം അഴീക്കോട് ആഘോഷത്തിന്റെ ലഹരിയിലാണ്. ഐക്യത്തോടെ തരംതിരിവില്ലാതെ മനുഷ്യന്‍ ഒത്തുകൂടുന്ന അവസരമാണത്. മലബാറിലെ തന്നെ പ്രസിദ്ധമായ ഉറൂസുകളിലൊന്നാണ് ആലാളാം മഖാം ഉറൂസ്. അപൂര്‍വ്വങ്ങളായി മാത്രം കണ്ടുവരുന്ന ഒരു കാളിക്ഷേത്രവും ബാലീക്ഷേത്രവും ഇവിടെയുണ്ട്. തളിപ്പറമ്പ് ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു കൊട്ടാരം അഴീക്കോടുണ്ട്. കേരളത്തിന്റെ പാരമ്പര്യആയോധന കലകള്‍ പഠിപ്പിക്കുന്ന കളരികള്‍ നാട്ടിന്‍പുറങ്ങളില്‍ സര്‍വ്വസാധാരണമായിരുന്നു. സഹൃദയവേദി, കൈരളികലാനിലയം, പ്രോഗ്രസ്സീവ് ഗ്രൂപ്പ്, പി.ഗോപാലന്‍ സ്മാരക സാംസ്കാരിക വേദി, ശ്രീനാരായണ സാംസ്കാരിക വേദി, മാനവാതീയേറ്റര്‍ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഇന്ന് ഈര്‍ജ്ജിതമായിത്തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നു. നാടന്‍കലകളായ തെയ്യം, തിറ പോലുള്ള കലാരൂപങ്ങളെ ലോകത്തിന് പരിചയപ്പെടുത്തി കേരളത്തിലെ ക്ഷേത്രകലാരൂപങ്ങളെ അന്താരാഷ്ട്ര തലത്തില്‍ പരിചയപ്പെടുത്തുന്നതിനു പ്രവര്‍ത്തിക്കുന്ന ഫോക് ലോര്‍ സെന്റര്‍ ജനശ്രദ്ധയാകര്‍ഷിക്കുന്ന കേന്ദ്രമാണ്.

വിദ്യാഭ്യാസചരിത്രം

അഴീക്കോട്, വിദ്യാഭ്യാസ രംഗത്ത് മഹത്തായ സംഭാവനകള്‍ നല്‍കിയ നാടാണ്. കണ്ണൂരിലും പരിസരങ്ങളിലും പണ്ഡിതന്‍മാരെ സൃഷ്ടിച്ച മേപ്പാട് രാമന്‍ ഗുരുക്കള്‍, യാതൊരു പ്രതിഫലേച്ഛയുമില്ലാതെയാണ് ശിഷ്യന്‍മാരെ പഠിപ്പിച്ചിരുന്നത്. ഇരുപതാം നൂറ്റാണ്ടിനു മുന്‍പ് വിദ്യാലയമാരംഭിച്ച മുണ്ടച്ചാലി കേളന്‍ ഗുരുക്കള്‍, പെരുമാക്കല്‍ ചാത്തു എഴുത്തച്ഛന്‍, പച്ച കണ്ണന്‍ മാസ്റ്റര്‍, കുറ്റിച്ചി രാമന്‍ മാസ്റ്റര്‍, കുഞ്ഞിരാമന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസ്കാരമെന്തെന്ന് ജനങ്ങളെ പഠിപ്പിച്ചവരാണ്. താഴ്ന്ന ജാതിക്കാരനെ കണ്ടാല്‍പോലും അയിത്തമുണ്ടായിരുന്ന കാലത്ത് അവരെ കൂടെയിരുത്തി വിദ്യ അഭ്യസിപ്പിച്ച പനങ്കാവില്‍ ദാമോദരന്‍ മാ സ്റ്റര്‍ ഒരു സാമൂഹ്യവിപ്ളവകാരി തന്നെയായിരുന്നു. ഇന്നത്തെ അഴീക്കോട് ഹൈസ്കൂളിന്റെ ആദ്യത്തെ ഹെഡ്മാ സ്റ്ററായിരുന്ന കെ. അച്യുതന്‍ മാസ്റ്റര്‍, സംസ്കൃത പണ്ഡിതനും കണ്ണൂരും പരിസരത്തും വലിയൊരു ശിഷ്യഗണത്തിന്റെ ഉടമയുമായ പരയങ്ങാട്ട് കുഞ്ഞിരാമന്‍ മാസ്റ്റര്‍ തുടങ്ങിയവരുടെ സേവനം വിദ്യാഭ്യാസരംഗത്ത് അഴീക്കോട് പ്രദേശത്തിന് എന്നും വഴികാട്ടിയായിരുന്നു. ഇന്ന് അഴീക്കോടിന്റെ മുക്കിലും മൂലയിലും പ്രവര്‍ത്തിക്കുന്ന പൊതു വിദ്യാലയങ്ങളും അതിന് സമാന്തരമായി പ്രവര്‍ത്തിക്കുന്ന അനൌപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളും വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നത് ആദ്യകാലത്തുണ്ടയിവന്ന സാമൂഹിക പശ്ചാത്തലത്തില്‍ നിന്നാണ്. മീന്‍കുന്ന് ഗവ ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് 1880-ല്‍ ഒരു സ്ക്കൂള്‍ തുറന്നു. അനേകമാളുകള്‍ക്ക് വിദ്യാഭ്യാസം നല്‍കിയ മുണ്ടച്ചാലി കേളന്‍ഗുരുക്കള്‍, കണ്ണൂരും പരിസരങ്ങളിലും അനേകം ശിഷ്യന്‍മാരെ സൃഷ്ടിച്ച ചാത്തു എഴുത്തച്ഛന്‍, മേപ്പാട് രാമന്‍ ഗുരുക്കള്‍, കമാരന്‍ ഗുരുക്കള്‍ എന്നിവരൊക്കെ സ്കൂള്‍ സ്ഥാപകരും ഗുരുനാഥന്‍മാരുമായിരുന്നു. പഞ്ചായത്തില്‍ ആദ്യകാലത്ത് സ്ഥാപിക്കപ്പെട്ടവയില്‍ ഏറ്റവും പഴക്കമുള്ളവയാണ് അക്ളിയത്ത് സ്കൂള്‍, സെന്‍ട്രല്‍ എല്‍.പി.സ്കൂള്‍, അഴീക്കോട് സൌത്ത് യു.പി.സ്കൂള്‍ എന്നിവ. കുറ്റിച്ചി രാമന്‍മാസ്റ്റര്‍, ശങ്കരന്‍ കുമാരന്‍ മാസ്റ്റര്‍, ആര്‍.കുഞ്ഞിരാമന്‍ മാസ്റ്റര്‍, പച്ച കണ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവരായിരുന്നു അന്നത്തെ പ്രധാന ഗുരുക്കന്‍മാര്‍.