അയ്യന്‍കുന്ന്

കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി താലൂക്കില്‍ ഇരിട്ടി ബ്ളോക്കില്‍ അയ്യന്‍കുന്ന് വില്ലേജ് പരിധിയില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്ത്. കര്‍ണ്ണാടക സംസ്ഥാനത്തിന്റെ ഭാഗമായ കുടക് മലയുടെ താഴ്വരയാണ്  ഈ പ്രദേശം.12280.43 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള പശ്ചിമഘട്ട മലനിരകളോടു ചേര്‍ന്നു കിടക്കുന്ന അയ്യന്‍കുന്ന് പഞ്ചായത്തിന്റെ കിഴക്ക് കര്‍ണാടകവനമാണ്. വടക്ക് ബാരാപ്പുഴയും തെക്ക് വെമ്പുഴയും പഞ്ചായത്തിന്റെ അതിര്‍ത്തികളായി ഒഴുകുന്നു. ആറളം  പഞ്ചായത്ത് വിഭജിച്ച് 1977-ലാണ്  അയ്യന്‍കുന്ന് പഞ്ചായത്ത് നിലവില്‍ വന്നത്.പഞ്ചായത്തിന്റെ വടക്ക്  കര്‍ണാടകത്തിലെ കുടകില്‍ നിന്നുത്ഭവിക്കുന്ന ബാരാപ്പുഴ ആകര്‍ഷകമായ ഒരു സമ്പത്താണ്. പഞ്ചായത്തിന്റെ തെക്കുഭാഗത്തെ ആറളം പഞ്ചായത്തുമായി വേര്‍തിരിക്കുന്ന മറ്റൊരു പുഴയാണ് വെമ്പുഴ. ചെറുതും വലുതുമായ മലകളോടുകൂടിയതും വളരെ കുറച്ചുമാത്രം സമതലപ്രദേശം ഉള്ളതുമായ ചരിഞ്ഞ ഭൂമിയാണ് ഇവിടെയുള്ളത്. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ അയ്യന്‍കുന്ന് ഗ്രാമം കര്‍ണ്ണാടകയുടെ അതിരായി  സ്ഥിതി ചെയ്യുന്നു. ഈ പ്രദേശം പൂര്‍ണ്ണമായും കാര്‍ഷികമേഖലയാണ്. കഴിഞ്ഞ കാലങ്ങളില്‍ തേനീച്ച വളര്‍ത്തലുമായി ബന്ധപ്പെട്ട വ്യവസായം ശക്തമായിരുന്നു. മതസൌഹാര്‍ദ്ദത്തില്‍  നിദര്‍ശനങ്ങളായി മാറിയ വിവിധമതസ്ഥരുടെ ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. ജില്ലാന്തര പ്രശസ്തമായ ശ്രീമുല്ലയാംപറമ്പ് ദേവീക്ഷേത്രവും മുന്നൂറിലേറെ വര്‍ഷത്തെ പഴക്കമുള്ള ഹൈന്ദവആരാധനാകേന്ദ്രമാണ്. കേരളത്തില്‍  വിവിധ ജില്ലകളില്‍ നിന്നും ഭക്തജനങ്ങള്‍ എത്തുന്ന ഈ പുണ്യക്ഷേത്രം അയ്യന്‍കുന്ന് പഞ്ചായത്തിലാണ്. സെന്റ്് ജൂഡ്സ് നഗര്‍ കപ്പേള പ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രമാണ്. മറ്റൊരു തീര്‍ത്ഥാടനകേന്ദ്രമാണ് മുടയിരുത്തികപ്പേള. വളയംകോട് മുസ്ളീം പള്ളിയാണ് പഞ്ചായത്തിലെ മുസ്ളീം മതസ്ഥരുടെ ആരാധനാകേന്ദ്രം. തെക്കന്‍ തിരുവിതാംകൂറില്‍ നിന്ന് കുടിയേറിപാര്‍ത്ത ക്രിസ്തു മതാനുയായികളാണ് പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും. ഹിന്ദുമത വിശ്വാസികളും ഈ പഞ്ചായത്തില്‍  നല്ലൊരു ശതമാനമുണ്ട്. ജനസംഖ്യയില്‍  മുസ്ളീം മതക്കാരും ഏറെയുണ്ട്.