ചരിത്രം

സാമൂഹിക സാംസ്കാരിക പശ്ചാത്തലം

കൊല്ലവര്‍ഷം 925 ചിങ്ങമാസം 28-നു (1750 സെപ്റ്റം. 11) തെക്കംകൂര്‍ രാജാവിന്റെ സ്ഥലങ്ങള്‍ മാര്‍ത്താണ്ഡവര്‍മ്മ രാജാവ് കൈവശപ്പെടുത്തി വടക്കുംകൂര്‍ സ്ഥിതിചെയ്തിരുന്ന സ്ഥലങ്ങള്‍ കോട്ടകെട്ടി അതിര്‍ത്തി സുരക്ഷിതമാക്കിയിരുന്നു. ഈ കോട്ട ഏകദേശം 5 കിലോമീറ്റര്‍ നീളത്തിലും 100 ലിംഗ്സ് വീതിയിലും പഞ്ചായത്തിലെ ഏനാനല്ലൂര്‍ കൂടി കടന്നുപോകുന്നു. ഈ കോട്ട റോഡാക്കി മാറ്റിയാല്‍ ഇവിടെനിന്നും ഉടുമ്പന്നൂര്‍-ഇടുക്കി വഴി തേക്കടിക്കുള്ള ദൈര്‍ഘ്യം 50 കിലോ മീറ്ററോളം കുറവ് വരുന്നതാണ്. 18-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, മഞ്ഞള്ളൂര്‍ കര്‍ത്താവിന്റെ അധികാരസീമയില്‍പ്പെട്ടതായിരുന്നു. ഏനാനല്ലൂര്‍ പ്രദേശം, തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍നിന്നും താലപ്പൊലി എഴുന്നള്ളത്ത് വേങ്ങച്ചുവട്ടില്‍വന്ന മഞ്ഞള്ളൂര് കര്‍ത്താക്കന്‍മാരുടെ കോയിക്കലിന് മുന്‍വശത്തു കൂടി തൃക്കാരിയൂര്‍ക്കു പോകുന്നത് ഏനാനല്ലൂര്‍ ഭാഗത്തു കൂടിയായിരുന്നു എന്ന് ചരിത്രരേഖകളില്‍ കാണുന്നു. കാലാമ്പൂരും ആയവനയും അകത്തൂട്ട് കര്‍ത്താക്കന്‍മാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. ആദ്ധ്യാത്മികാവശ്യങ്ങള്‍ക്കായി ക്രൈസ്തവര്‍ മൈലക്കൊമ്പിലും, കാരക്കുന്നത്തുമാണ് പോയിരുന്നത്. ഈ ബുദ്ധിമുട്ടൊഴിവാക്കുന്നതിനുവേണ്ടി 1884 ജൂലൈ മാസം 15-ാം തീയതി ആയവന തിരുഹൃദയപ്പള്ളി സ്ഥാപിച്ചു. പൂര്‍വ്വീകന്‍മാരുടെ ത്യാഗോജ്വലമായ സേവനഫലമായി 1914 മാര്‍ച്ച് 31-ാം തീയതി കാരിമറ്റം സെന്റ് മേരീസ് ദേവാലയം സ്ഥാപിതമായി. അടുത്തകാലത്തായി സ്ഥാപിതമായ ക്രൈസ്തവ ദേവാലയങ്ങളാണ് കാവക്കാട് സെന്റ് മേരീസ് പള്ളി, പേരമംഗലം വിന്‍സന്‍ഷ്യല്‍ ആശ്രമം, കാലമ്പൂര് സെന്റ് മേരീസ് പള്ളി എന്നിവ. മുസ്ളീം ദേവാലയങ്ങളില്‍ പ്രധാനപ്പെട്ടവയാണ് കാലാംപൂര് ജുമാമസ്ജിദ് പുന്നമറ്റം, മൊഹിയ്ദീന്‍ മസ്ജിദ്, വരാപ്പിള്ളി മ്യാല്‍ മുസ്ളീംപള്ളി എന്നിവ. ഹൈന്ദവാരാധനാലയങ്ങളില്‍ പ്രധാനമായവ കാലാമ്പൂര് ഭഗവതിക്ഷേത്രം, തൃക്കമഹാവിഷ്ണുക്ഷേത്രം, പേരമംഗലം ശിവക്ഷേത്രം, ആയവന അന്നപൂര്‍ണ്ണേശ്വരിക്കാവ്, ഏനാനല്ലൂര്‍ മഹിളമാര്‍കാവ്, കാരിമറ്റം കാളിയേലിക്കാവ്, തോട്ടഞ്ചരി കാക്കനാട്ട് കാവ്, കടുമ്പിടി പാറപ്പുഴക്കാവ്, തൃപ്പൂരത്ത് ശ്രീകൃഷ്ണ ക്ഷേത്രം എന്നിവയാണ്.

സ്ഥലനാമ പുരാണം

ഇവിടുത്തെ കാരിമറ്റം വെറും കാട്ടുപ്രദേശമായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥത്തില്‍ ഇവിടെ കുടിയേറിപ്പാര്‍ത്ത നാമമാത്രമായ കുടിയേറ്റ കര്‍ഷകര്‍ ഏറുമാടങ്ങളിലും കഞ്ഞിപ്പുരകളിലുമാണ് താമസം തുടങ്ങിയത്. സ്ഥലം പതിച്ചുവാങ്ങുന്നതിന് മടികാണിച്ചിരുന്നവരുടെ പേരില്‍ പ്രതികാരബുദ്ധിയോടെ പാര്‍വത്ത്യാര്‍ സ്ഥലങ്ങള്‍ പതിച്ചുനല്‍കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. വൃക്ഷലതാദികള്‍ കൊണ്ട് നിബിഡമായ ആ സ്ഥലങ്ങളെല്ലാം കാടുകള്‍ വെട്ടിത്തെളിച്ച് നെല്‍പാടങ്ങളും മറ്റങ്ങളും ആക്കിയതിനാലായിരിക്കാം ഈ സ്ഥലത്തിന് കാരിമറ്റം എന്ന നാമം ലഭിച്ചത് എന്ന് പറയപ്പെയുന്നു. ഏനാനല്ലൂര്‍ ഭാഗത്തെ നിബിഡ വനപ്രദേശങ്ങള്‍ വെട്ടിത്തെളിച്ച് എനമായ ഭൂമിയാക്കി മാറ്റി നല്ലൊരു ദേശമാക്കി എന്നതു കൊണ്ടാകാം ഈ പ്രദേശത്തിന് ഏനാനല്ലൂര്‍-എനമായ നല്ല സ്ഥലം-എന്ന പേര് നല്‍കിയത്. കടുംപിടി, പുന്നമറ്റം പ്രദേശങ്ങള്‍ വന്യമൃഗങ്ങള്‍ വ്യഹരിച്ചിരുന്ന കാടായിരുന്നു. സദാസമയം വന്യമൃഗങ്ങളുടെ കടിപിടിയും പക്ഷികളുടെ കലപില ശബ്ദവും കൊണ്ട് മുഖരിതമായിരുന്നു. അങ്ങിനെ ആ സ്ഥലത്തിന് കടുംപിടിയെന്നും പുന്നമരങ്ങള്‍ ധാരാളമായി വളര്‍ന്നിരുന്ന പ്രദേശമായിരുന്നതിനാല്‍ കടുംപിടിക്ക് പടിഞ്ഞാറ് പുന്നമറ്റം എന്നും പേരുവന്നു. മണ്‍റോ ദിവാന്‍ സന്ദേശവാഹക തുറക്ക് അഞ്ചല്‍ എന്ന് നാമകരണം ചെയ്തു. കത്തുകളും മറ്റു രേഖകളും ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുന്ന ആളെ അഞ്ചല്‍ക്കാരന്‍ എന്ന പേരു നല്‍കി. അതുപ്രകാരം ആയവന പഞ്ചായത്തില്‍ ഉരുപ്പടികള്‍ നിക്ഷേപിക്കുന്നതിനുള്ള പെട്ടി സ്ഥാപിച്ചിരുന്നു. അങ്ങിനെ ഈ സ്ഥലം അഞ്ചല്‍പ്പെട്ടി എന്ന സ്ഥലമായി അറിയപ്പെട്ടു. 19-ാം നൂറ്റാണ്ടില്‍ സ്ഥാപിതമായ തൃക്കമഹാവിഷ്ണു ക്ഷേത്രത്തില്‍ പുരാതന കാലങ്ങളില്‍ പതിവായി 15 ദിവസത്തേക്ക് പൂരമഹോത്സവം നടത്തിയിരുന്നു. പൂരം നടന്ന സ്ഥലം എന്നതാന് പിന്നീച് കാലമ്പൂര് എന്ന പേരിലറിയപ്പെട്ടത്. .ആയവന പഞ്ചായത്തില്‍ 1889 ജൂലൈ മാസം 15-ാം തീയതി ആയവന തിരുഹൃദയപള്ളി സ്ഥാപിതമായി. അതുപോലെതന്നെ ഏറ്റവും പുരാതനമായ തൃക്ക മഹാവിഷ്ണുക്ഷേത്രം 19-ാം നൂറ്റാണ്ടില്‍ സ്ഥാപിതമായതാണ്. പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങളില്‍ ഏറ്റവും സവിശേഷതയുള്ളത് കാലമ്പൂര് ഭഗവതിക്ഷേത്രത്തിലെ ഭരണിമഹോത്സവവും തിരുഹൃദയപള്ളിയിലെ പെരുന്നാളുമാണ്. ഉടുക്ക്, ചിന്ത്, ദഫ്മുട്ട് തുടങ്ങിയ കലാ രൂപങ്ങള്‍ ഇപ്പോഴും പ്രചാരത്തിലുണ്ട്. പുരാതന വാസ്തുശില്പ മാതൃകയിലുള്ള ആരാാധനാലയം കാലമ്പൂര് തൃക്ക മഹാവിഷ്ണുക്ഷേത്രം മാത്രമാണ്.