ആയവന

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കില്‍ മൂവാറ്റുപുഴ ബ്ളോക്കില്‍ ഏനാനല്ലൂര്‍ വില്ലേജു പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് ആയവന ഗ്രാമപഞ്ചായത്ത്. 29.47 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് : വാരപ്പെട്ടി, പോത്താനിക്കാട്, പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തുകളും, കോതമംഗലം മുനിസിപ്പാലിറ്റിയും കിഴക്ക് : പോത്താനിക്കാട്, കല്ലൂര്‍ക്കാട്, പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തുകളും, തെക്ക് : കല്ലൂര്‍ക്കാട,് മഞ്ഞള്ളൂര്‍, ആവോലി ഗ്രാമപഞ്ചായത്തുകളും, പടിഞ്ഞാറ് : ആവോലി ഗ്രാമപഞ്ചായത്തും, മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയുമാണ്. 1953-ല്‍ സംസ്ഥാനത്തുടനീളം പഞ്ചായത്തുകള്‍ രൂപീകൃതമായതോടൊപ്പം ആയവന പഞ്ചായത്തും നിലവില്‍ വന്നു ആയവന പഞ്ചായത്ത് ഏനാനല്ലൂര്‍ വില്ലേജില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. ഈ വില്ലേജ് കൊല്ലവര്‍ഷം 1089-ലെ വില്ലേജ് സെറ്റില്‍മെന്റ് കാലത്ത് കോട്ടയം ജില്ലയില്‍പെട്ടതായിരുന്നു. പ്രഥമ പഞ്ചായത്തുകമ്മിറ്റി 1953-ല്‍ ഡോ.ഇ.ജെ..ജോസഫിന്റെ നേത്യത്വത്തിലാണ് രൂപീകൃതമായത്. പ്രസ്തുത ഭരണസമിതിയുടെ പ്രവര്‍ത്തനഫലമാണ് കക്കാടശ്ശേരി, ചക്കുളത്തുചാല്‍ പാലങ്ങള്‍. ഇന്ന് നിലവിലിരിക്കുന്ന പഞ്ചായത്ത് ഓഫീസും എസ്.എച്ച്.ഹൈസ്കൂളും സ്ഥാപിതമായത് ഈ ഭരണസമിതിയുടെ കാലത്താണ്. 1963-ല്‍ നിലവില്‍വന്ന 19 വര്‍ഷം നീണ്ടുനിന്ന രണ്ടാമത്തെ ഭരണസമിതിയില്‍ റ്റി.വി.ജോസഫ്, പി.ജെ.പൈലി, പി.എം.ചാക്കോ, പി.എം.കാതിര്‍പിള്ള എന്നിവര്‍ പ്രസിഡന്റുമാരായിരുന്നു. ഇക്കാലത്താണ് പഞ്ചായത്തില്‍ ടെലിഫോണ്‍ എക്സ്ചേഞ്ച്, ആയുര്‍വേദ ആശുപത്രി, കാലാമ്പൂര് മിനി സ്റേഡിയം തുടങ്ങിയവ സ്ഥാപിതമായത്. കേരളം ദേവാലയങ്ങളുടെ നാടാണ് എന്നുള്ള ചൊല്ല് അന്വര്‍ത്ഥമാക്കുംവിധം ആയവന പഞ്ചായത്തില്‍ നാനാജാതി മതസ്ഥരുടെ ധാരാളം ആരാധനാലയങ്ങളുണ്ട്. തകര്‍ന്നടിഞ്ഞ ആരാധാനാലയങ്ങളുടേയും അവശിഷ്ടങ്ങള്‍ ഇന്നും പലയിടത്തും കാണാം. എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്തായി കിഴക്കന്‍സാനുക്കളില്‍ നിന്നും കുത്തിയൊഴുകിയെത്തുന്ന കാളിയാര്‍ നദിയുടെ ഇരുകരകളിലായി പരന്നുകിടക്കുന്നതാണ് ആയവന ഗ്രാമപഞ്ചായത്ത്. പുന്നമറ്റം, കടുമ്പിടി, കാലാമ്പൂര്, പേരമംഗലം, കാവക്കാട്, ആയവന, പുത്തൂര്, കാരിമറ്റം, തോട്ടഞ്ചരി, ഏനാനല്ലൂര്‍ എന്നീ കരകളാണ് ഈ പഞ്ചായത്തില്‍ ഉള്‍പ്പെടുന്നത്. തെക്കുംകൂര്‍ വടക്കുംകൂര്‍ രാജാക്കന്‍മാരുടെ കോട്ട, കാരിമറ്റം, തേന്‍കുളംമന, ശ്രാമ്പിക്കല്‍ പുരയിടം, കളരിക്കുടി പുരയിടം, ആയവന അകത്തൂട്ട് പുരയിടം, കാലാമ്പൂര് അകത്തുട്ടുകുടി പുരയിടം, കാവക്കാട്ട് തൂമ്പാപ്പുറം ഭഗവതീക്ഷേത്രം എന്നിവിടങ്ങളില്‍ കാണുന്ന അവശിഷ്ടങ്ങള്‍ ആയവന ഗ്രാമപഞ്ചായത്തിന്റെ പൌരാണികതയെ സൂചിപ്പിക്കുന്നു.