ചരിത്രം

സാമൂഹ്യ-സാംസ്ക്കാരിക ചരിത്രം

പ്രാചീന സംഘകാലത്തെ കുലശേഖര ഭരണത്തില്‍ ക്ഷേത്രഭരണ മുഖ്യനായ ആര്യന്റെ തറവാട്ടുപേരായ ആര്യങ്കോട് എന്ന പേരില്‍ നിന്നാണ് ചന്തയ്ക്കും തുടര്‍ന്ന് ഈ നാടിനും പഞ്ചായത്തിനും ആര്യങ്കോടെന്ന് പേരു വന്നത്. ജാതിമതങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് ആയി മന്നന്‍മാര്‍ അധിവസിച്ചിരുന്ന ഈ പ്രദേശങ്ങളില്‍ ദ്രാവിഡ, ചേര, ചോള, പാണ്ഡ്യ സംസ്ക്കാരങ്ങളുള്ള ഒരു ജനതയായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഉടയന്‍കാവും പള്ളിക്കപറമ്പും ഇതിന് തെളിവുകളാണ്. പാണ്ഡവന്‍പാറയും പഴിഞ്ഞിപ്പാറയും പാണ്ഡവന്‍പാറയിലെ ശിലാവിഗ്രഹങ്ങളും ശിലാരേഖകളും ഈ പഞ്ചായത്തിന്റെ പ്രാചീനതയെ എടുത്തുകാട്ടുന്നു. നയനമനോഹരമായ പന്തംപാച്ചിമലയും കരിമ്പാറകളും കോളൂര്‍ വെള്ളച്ചാട്ടവും കിഴക്കന്‍മലയും കദളിവാഴചുനയും ചരിത്ര പ്രാധാന്യമുള്ളവ കൂടിയാണ്. നാടുവാഴികളും തറവാട്ടുകാരും ഊരാളന്‍മാരും കരയാളന്‍മാരും പരസ്പരം സഹകരിച്ച് നെല്‍കൃഷി നടത്തിയിരുന്ന അന്യാദൃശ്യമായ ഒരു കാര്‍ഷിക-സാംസ്ക്കാരിക ചരിത്രം ഈ പഞ്ചായത്തിനുണ്ട്. നാടുവാഴികളില്‍ പ്രമുഖനായ ദേവത്രിവിക്രമന്‍ കുറ്റിയായണിക്കോട് ആസ്ഥാനമായി കൊട്ടാരവും കോവിലും കോട്ടയും വച്ച് വാണരുളിയ അഞ്ചു തമ്പുരാന്‍ തെക്കത് ചരിത്രത്തിന്റെ താളുകളില്‍ രേഖപ്പെടുത്തപ്പെട്ടവയാണ്. സംഘകാലം മുതല്‍ ദേശങ്ങളെ തറകളായും ഊരുകളായും കരകളായും കോടുകളായും വിഭജിച്ചുകൊണ്ടുള്ള സാമൂഹ്യക്രമത്തില്‍ അധിഷ്ഠിതമാണ് ഈ പ്രദേശത്തെ കാര്‍ഷികചരിത്രം. ഈ പഞ്ചായത്തിലെ സ്ഥലനാമങ്ങള്‍ വിശകലനം ചെയ്യുമ്പോഴും ഈ ചരിത്രം മനസ്സിലാക്കാവുന്നതാണ്. “തറ” കളായ തറവാടുകളും “ഊരു”കളായ കോളൂര്, ചെമ്പൂര്, കീഴാറൂര് തുടങ്ങിയവയും ആര്യങ്കോട്, ചെമ്പിയാര്‍കോട്, മഞ്ചംകോട് മുതലായ “കോടു”കളും സ്ഥലനാമങ്ങളായി ഈ പ്രദേശത്തിന്റെ പൂര്‍വ്വകാലചരിത്രത്തെ അടയാളപ്പെടുത്തുന്നു. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ കുറ്റിയായണിക്കാട് കേന്ദ്രമാക്കി ഒളിവുകാലം കഴിച്ചുകൂട്ടിയതായി ചരിത്രമുണ്ട്. അന്നത്തെ മാടമ്പിമാരുടേയും എട്ടുവീട്ടില്‍ പിള്ളമാരുടേയും ആക്രമണഭീഷണി ഉണ്ടായിരുന്നിട്ടും കുറ്റിയായണിക്കാട് കേന്ദ്രമാക്കിയാണ് മാര്‍ത്താണ്ഡവര്‍മ്മ പടയൊരുക്കിയത്. കൊല്ലവര്‍ഷം 1108-ല്‍ ഈ പ്രദേശത്ത് ഭീകരമായ വെള്ളപ്പൊക്കമുണ്ടായി. തുടര്‍ന്ന് പടര്‍ന്നുപിടിച്ച മാരകമായ മലമ്പനിയില്‍ അനേകമാളുകള്‍ ചത്തൊടുങ്ങി. ഇതറിഞ്ഞ അമ്മമഹാറാണിയും ശ്രീചിത്തിര തിരുനാളും ഡോക്ടറുടെ സംഘത്തോടൊപ്പം 1112 മിഥുനം 6-ാം തിയതി ആര്യങ്കോട് സ്ഥിതി ചെയ്യുന്ന ഒറ്റശേഖരമംഗലം പോലീസ് ഔട്ട് പോസ്റ്റില്‍ എഴുന്നള്ളുകയും പ്രജകള്‍ക്ക് കൊയ്നയും(പ്രതിരോധമരുന്ന്) ഗുളികകളും സൌജന്യമായി വിതരണം ചെയ്യുകയും ചെയ്തു. ജനങ്ങളുടെ പരാതി ഉണ്ടാകയാല്‍, അതുവരെ കാട്ടുപാതയായിരുന്ന ഒറ്റശേഖരമംഗലം- ചെമ്പൂര്-വെള്ളറട റോഡ് ജനോപകാരപ്രദമായി വെട്ടുന്നതിന് രാജാവ്, മുട്ടിയറപാക്യനാഥന്‍നാടാര്‍ക്ക് കല്പന കൊടുത്തു. അങ്ങനെ നിര്‍മ്മിച്ച റോഡാണ് പാക്യനാഥന്‍ റോഡെന്ന് പഴമക്കാര്‍ പറയുന്ന ഇന്നത്തെ ചെമ്പൂര് വെള്ളറട റോഡ്. റോഡ് തെളിഞ്ഞതിനെത്തുടര്‍ന്ന് മുട്ടിയറ കുടുംബക്കാരുടെ 10 സെന്റ് തറയില്‍ കൊയ്ന കൊടുക്കുവാന്‍ ഓലഷെഡ് വച്ചു കെട്ടിയതാണ് ഇന്നത്തെ പ്രൈമറി ഹെല്‍ത്ത് സെന്ററായി പില്‍ക്കാലത്ത് രൂപാന്തരപ്പെട്ടത്. ഈ പഞ്ചായത്തില്‍ ആര്യങ്കോട് കേന്ദ്രമാക്കി ഒരു അഞ്ചല്‍ ആഫീസ് ഉണ്ടായിരുന്നു. ഈ അഞ്ചല്‍ ആഫീസാണ് ഇന്നത്തെ ഒറ്റശേഖരമംഗലം പോസ്റ്റ് ആഫീസ്. കാഞ്ഞില കുടുംബക്കാരുടെ അധീനതയില്‍ നടത്തപ്പെട്ടിരുന്ന കുടിപ്പള്ളിക്കൂടമാണ് കാലാന്തരത്തില്‍ മൈലച്ചല്‍ ഹൈസ്ക്കൂളായി മാറിയത്. അതാണ് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂളായി മാറിയത്. ക്രിസ്ത്യന്‍ മിഷനറിമാര്‍ ഈ പഞ്ചായത്തില്‍ സ്ഥാപിച്ച ആദ്യത്തെ ക്രൈസ്തവദേവാലയമാണ് (ആര്‍.സി) ആര്യങ്കോടിന് സമീപത്ത് മൈലച്ചല്‍ സ്ഥിതി ചെയ്യുന്ന തിരുഹൃദയ കുടുംബ ദേവാലയം. തുടര്‍ന്ന് എല്‍.എം.എസുകാരും മറ്റു സഭകളും ഈ പഞ്ചായത്തില്‍ വ്യാപകമായി ക്രൈസ്തവ ദേവാലയങ്ങള്‍ സ്ഥാപിച്ചു. മിഷനറിമാര്‍ ചെമ്പൂര് എല്‍.എം.എസ് പള്ളിയില്‍ ആരംഭിച്ച മലയാളം സ്കൂളാണ് പില്ക്കാലത്ത് ആദ്യത്തെ ഇംഗ്ളീഷ് മിഡില്‍ സ്കൂളായി ഉയര്‍ത്തിയത്. 1050-ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ആരംഭിച്ച കാവല്‍ മാടമാണ് ‘ഒറ്റശേഖരമംഗലം ഔട്ട് പോസ്റ്റാ’യി ഇന്നും ആര്യങ്കോട് നിലനില്‍ക്കുന്നത്. പാലംതല കുടുംബത്തില്‍ നിന്നും സൌജന്യമായി നല്‍കിയ 26 സെന്റ് ഭൂമിയിലാണ് പോലീസ് ഔട്ട് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തില്‍ പുരാതനകാലം മുതല്‍തന്നെ രാജകുടുംബവുമായി ബന്ധമുള്ള പ്രമുഖ വ്യക്തികളുണ്ടായിരുന്നിട്ടുണ്ട്. ഇവിടെ ജനിച്ച ശ്രേഷ്ഠവ്യക്തിയായിരുന്നു ഈശ്വരപിള്ള വിചാരിപ്പുകാര്‍. ആട്ടക്കഥ കലാകാരനായ അദ്ദേഹം മഹാരാജാവിന്റെ വീരശൃംഖല വാങ്ങിയിട്ടുണ്ട്.