പഞ്ചായത്തിലൂടെ

ഭൂപ്രകൃതി

സഹ്യപര്‍വ്വതനിരകളില്‍ തൊട്ടുരുമ്മി കിടക്കുന്ന ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്റെ തെക്ക്, കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളെ ചുറ്റി അംബരചുംബികളായ കുന്നുകളും പാറക്കെട്ടുകളും, മധ്യഭാഗത്ത് സഹ്യനു തുല്യമായി ഒറ്റയാനായി നിലകൊള്ളുന്ന പഴിഞ്ഞിപ്പാറയും ഭൂപ്രകൃതിയെ കൂടുതല്‍ നയനമനോഹരമാക്കുന്നു. പശ്ചിമഘട്ടത്തില്‍ നിന്ന് ഒഴുകി വരുന്ന കുഞ്ഞരുവികള്‍ ചിറ്റാറായും നെയ്യാറായും ഈ പഞ്ചായത്തിനെ ജലസമ്പുഷ്ടമാക്കിക്കൊണ്ട് ഒഴുകുന്നു. അനുഗ്രഹീതമായ ജലവിഭവശേഷിയാണ് പഞ്ചായത്തിനുള്ളത്. പാറമുകളിലെ ചുനപ്രവാഹങ്ങളും, കുന്നിന്‍ചരിവിലേയും വയലേലകളിലേയും നീരുറവകളും വടക്കുഭാഗത്തെ തഴുകിയൊഴുകുന്ന ചിറ്റാറും നെയ്യാറും ആര്യങ്കോട് പഞ്ചായത്തിനെ ജലസമൃദ്ധികൊണ്ട് നിറയ്ക്കുന്നു. നെയ്യാര്‍ ഇടതുകര കനാലും അതിന്റെ  ശാഖയായി ഒഴുകുന്ന കനാലുകളും, തോടുകളും അരുവികളും, പഴിഞ്ഞിപ്പാറയില്‍ നിന്ന് ഊറിവരുന്ന നീരുറവയും കദളിവാഴചുനയുമൊക്കെ മേല്‍പ്പറഞ്ഞവ കൂടാതെയുള്ള ജലസ്രോതസ്സുകളാണ്. കുന്നിന്‍പ്രദേശം, താഴ്വര പ്രദേശം, പാടശേഖരങ്ങള്‍ എന്നിങ്ങനെ ഭൂപ്രകൃതിയനുസരിച്ച് ആര്യങ്കോട് പഞ്ചായത്തിനെ മൂന്നായി തരം തിരിക്കാം. കുന്നിന്‍പ്രദേശം പാറക്കെട്ടുകള്‍കൊണ്ട് നിറഞ്ഞതാണ്. പാറയിടങ്ങളില്‍ കരിമണ്ണ്, ചരല്‍ചേര്‍ന്ന മണ്ണ്, ചെമ്മണ്ണ്, മണല്‍മണ്ണ് എന്നിവ കാണപ്പെടുന്നു. ഈ കുന്നിന്‍‍പ്രദേശങ്ങളില്‍ ചില സ്ഥലങ്ങളില്‍ ജലസ്രോതസ്സുകള്‍ കാണാം. മുമ്പ് മരച്ചീനികൃഷി നടത്തിവന്ന പ്രദേശങ്ങള്‍ സമീപകാലത്ത് റബ്ബര്‍ കൃഷിയിലേക്ക് മാറിക്കഴിഞ്ഞു. താഴ്വരപ്രദേശങ്ങള്‍ അടിവാര തീരപ്രദേശങ്ങളാണ്. ഈ പ്രദേശങ്ങളില്‍ ചരല്‍ ചേര്‍ന്ന ചെമ്മണ്ണ്, കരിമണ്ണ്, പശിമശാശി മണ്ണ്, കളിമണ്ണ്, മണല്‍ എന്നീ ഇനങ്ങള്‍ ധാരാളമായി കാണുന്നു. ഇവിടത്തെ പ്രധാന വിളകള്‍, കമുക്, തെങ്ങ്, മാവ്, പ്ളാവ്, വെറ്റിലക്കൊടി, കുരുമുളക് കൊടി, വാഴ, ചേന, ചേമ്പ്, കാച്ചില്‍ മുതലായവ ആണ്. റബ്ബര്‍കൃഷിയും ധാരാളം ഉണ്ട്. നീര്‍ച്ചാലുകളും കൈത്തോടുകളും, അരുവികളും, ഉറവകളും ധാരാളമായി ഉണ്ട്. എല്ലാ ഭക്ഷ്യവിളകള്‍ക്കും, നാണ്യവിളകള്‍ക്കും, തോട്ടവിളകള്‍ക്കും അനുയോജ്യമായ മണ്ണാണ് ഇവിടെയുള്ളത്. പാടശേഖരങ്ങള്‍ നെല്‍കൃഷിയുടെ ഈറ്റില്ലമായിരുന്നു. എന്നാലിന്ന് നെല്‍കൃഷി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഈ വയലേലകളിലെ മണ്‍തരങ്ങള്‍, സമൃദ്ധമായ പശിമരാശി മണ്ണും കളിമണ്ണും മണലും ചേര്‍ന്നതാണ്.

കൃഷി

ആര്യങ്കോട് ഗ്രാമപഞ്ചായത്ത് ഒരു മലയോരപഞ്ചായത്താണ്. കൃഷിയും മാടുവളര്‍ത്തലുമായിരുന്നു പരമ്പാരാഗത ഗ്രാമീണതൊഴില്‍. ഈ പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം നെല്‍കൃഷി പരമ്പരാഗത തൊഴിലാണ്. മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന വിത്തിനങ്ങളായ തുളുനാടന്‍, കരിമ്പുവാലി, ഈഞ്ചക്കാടന്‍,  ചിറയാടി, വാങ്ക്, രാജമേനി, ഞവര, തവളകണ്ണന്‍ തുടങ്ങിയവ ഇന്ന് കാണാനില്ല. ഇരുപ്പൂകൃഷിയും മുപ്പൂകൃഷിയും നിലനിന്നിരുന്നു. മരകലപ്പയും, നുകം പൂട്ടിയ കാളകളും പോത്തുകളും ഉപയോഗിച്ചായിരുന്നു കൃഷി, തൂമ്പകള്‍കൊണ്ടും നിരത്തുമരം കൊണ്ടും പാടങ്ങള്‍ ഒരുക്കിയിരുന്നു. ഓര് മാറ്റുന്നതിന് ചാരവും കുമ്മായവും വിതറിയിരുന്നു. ചാണകവും പച്ചിലവളങ്ങളും ജൈവവളവും സമയാസമയങ്ങളില്‍ കൃഷിയ്ക്ക് ഉപയോഗിച്ചിരുന്നു. കീടനാശിനികളായി ചാരവും ചളയോലയും, ചളമ്പൂവും, പന്തവും പാടങ്ങളില്‍ നിര്‍ത്തിയിരുന്നു. തെങ്ങിന് അനുയോജ്യമായ മണ്ണും കാലാവസ്ഥയും പഞ്ചായത്തിലുണ്ട്. എന്നാല്‍ തെങ്ങുകൃഷിക്ക് പ്രാമുഖ്യം കുറഞ്ഞുവരുന്നു. നാട്ടില്‍ കൂടുതലായി കൃഷിചെയ്യുന്നത് നേന്ത്രവാഴയും പടറ്റി വാഴയുമാണ്. കപ്പവാഴകളും ധാരാളം കൃഷി ചെയ്യുന്നു. എല്ലാ താഴ്വരപ്രദേശങ്ങളും കുന്നിന്‍പ്രദേശങ്ങളും പാടങ്ങളും വരെ റബ്ബര്‍ കൈയ്യടക്കികൊണ്ടിരിക്കുന്നു. മരച്ചീനിയും മത്സ്യവും ഒരു സമീകൃത ആഹാരം ആയിരുന്നു. നമ്മുടെ പഞ്ചായത്തിലെ ആളുകള്‍ക്ക് മുഖ്യ ആഹാരം മരച്ചീനിയായിരുന്നു. മരച്ചീനി കൃഷിക്ക് വളരെ അനുയോജ്യമായ മണ്ണും കാലാവസ്ഥയുമുണ്ട്. പഞ്ചായത്തിലെ മൂന്നില്‍ രണ്ട് ഭാഗവും റബ്ബറും തെങ്ങുമാണ്. തെങ്ങിന്റെ ഇടകളിലും ബണ്ടുകളിലും ഇടകൃഷിയായി ചേന, ചേമ്പ്, എള്ള്, തിന, മുക്കിഴങ്ങ്, നനകിഴങ്ങ്, കാച്ചില്‍, തുടങ്ങിയവ കൃഷി ചെയ്തിരുന്നു. ഈ ചെറുകൃഷികളില്‍ പലതും വര്‍ഗ്ഗം നശിച്ചിരിക്കുന്നു.

വിദ്യാഭ്യാസം

പഞ്ചായത്തിലെ വിദ്യാഭ്യാസചരിത്രത്തിന് നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ മൈലച്ചലും കീഴാറൂറും രണ്ടു പ്രൈമറി വിദ്യാലയങ്ങള്‍ ആരംഭിച്ചിരുന്നു. മൈലച്ചല്‍ കാഞ്ഞില കുടുംബം നടത്തിവന്ന കുടിപ്പള്ളിക്കൂടം 1901-ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തതോടെ ഈ വിദ്യാലയം നെയ്യാറ്റിന്‍കര താലൂക്കിലെ രണ്ടാമത്തെ സര്‍ക്കാര്‍വിദ്യാഭ്യാസകേന്ദ്രമായി മാറി. ക്രിസ്ത്യന്‍ മിഷണറിമാരുടെ പങ്കാളിത്തവും ഈ മേഖലയില്‍ നിര്‍ണ്ണായകമാണ്. ചെമ്പൂരില്‍ എല്‍.എം.എസ് നേതൃത്വത്തില്‍ മലയാളം പ്രൈമറി വിദ്യാലയമായി ആരംഭിച്ച് പില്‍ക്കാലത്ത് 8-ാം ക്ളാസുവരെയായി ഉയര്‍ത്തിയ ഇംഗ്ളീഷ് മിഡില്‍ സ്ക്കൂളാണ് പഞ്ചായത്തിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസകേന്ദ്രം. പഞ്ചായത്ത് നഴ്സറി സ്കൂള്‍ ഇടവാന്‍, പ്രീപ്രൈമറി സ്കൂളുകള്‍, ശ്രീരാമദാസമിഷന്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍-മുക്കുതലയ്ക്കല്‍, ബാലവാടികള്‍, നഴ്സറി സ്കൂളുകള്‍, ക്രഷ്, പ്രീപ്രൈമറി, പാരലല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ടെപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ സ്വകാര്യമേഖലയിലും സാമൂഹ്യസംഘടനകള്‍ വഴിയും പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.

ആരോഗ്യവും കുടിവെള്ളവും

ദശകങ്ങള്‍ക്ക് മുമ്പ് ഭീകരമായ മലമ്പനിയും മാരകമായ മസൂരിയും അനേകം പേരുടെ ജീവന്‍ അപഹരിച്ച നാടാണിത്. അക്കാലത്ത് സര്‍വ്വസ്വത്തും ഉപേക്ഷിച്ച് നാടുവിട്ട കുടുംബവും കുറവല്ലെന്നാണ് കാരണവന്മാരുടെ അഭിപ്രായം. അമ്മ മഹാറാണിയും ശ്രീചിത്തിര തിരുനാള്‍ മഹാരാജാവും അന്നത്തെ വലിയ ഡോക്ടര്‍ കൃഷ്ണന്‍ തമ്പി അവര്‍കളും വിദഗ്ധ ഡോക്ടര്‍മാരും കൂടെ 1112 മിഥുനം 6-ന് ആര്യങ്കോട് സ്ഥിതി ചെയ്യുന്ന കാവല്‍ മാടത്തില്‍ “ഇന്നത്തെ ഒറ്റശേഖരമംഗലം പോലീസ് ഔട്ട് പോസ്റ്റി”ല്‍ എഴുന്നള്ളി, കൊയിനയും ഭക്ഷണവും ധാന്യങ്ങളും നല്‍കാന്‍ ഉത്തരവായി എന്ന് പഴമക്കാര്‍ പറയുന്നു. പഞ്ചായത്തില്‍ പണ്ട് മലമ്പനികാലത്ത് ചെമ്പൂര് മരുന്ന് നല്‍കാന്‍ മുട്ടിയറക്കാര്‍ ദാനം നല്‍കിയ 10 സെന്റ് തറയില്‍ അല്പം കൂടി വാങ്ങിച്ചേര്‍ത്ത വസ്തുവില്‍ പണ്ടിരുന്ന കെട്ടിടത്തില്‍ ജെ.ആര്‍.വൈ സ്കീമില്‍ 8 കിടക്കകളുള്ള മറ്റൊരു കെട്ടിടം പില്‍ക്കാലത്ത് ഉണ്ടായി. പഞ്ചായത്തില്‍ പരമ്പരാഗത കുടുംബവൈദ്യത്തിന് പഴയകാലം തൊട്ടേ ഒരടിത്തറയുണ്ട്. ഈ പഞ്ചായത്തിലെ തറവാട്ടുകാര്‍ക്കെല്ലാം തനതു പച്ചമരുന്നുകളും, ഒറ്റമൂലികളും, എണ്ണയും, കുഴമ്പും കഷായവും ഉപയോഗിച്ചുള്ള ആയൂര്‍വേദ ചികിത്സ വീട്ടില്‍ വച്ച് ചെയ്ത് ചികില്‍സിക്കാറുണ്ട്. ശിശുരോഗ ചികില്‍സയും പിള്ള വൈദ്യവും, മര്‍മ്മ ചികില്‍സയും മന്ത്രവാദവും ജ്യോതിഷവും ഈ പഞ്ചായത്തില്‍ പരമ്പരാഗതമായി പിന്തുടരുന്നവര്‍ ഇന്നുമുണ്ട്. നാടന്‍ ചികില്‍സയുടെയും, ജ്യോതിഷം, മന്ത്രവാദം മുതലായവയുടെയും ഏടുകളും താളിയോല ഗ്രന്ഥങ്ങളും പല കുടുംബങ്ങളുടേയും തെക്കതില്‍ സൂക്ഷിക്കുന്നതായിട്ടാണ് കാണാന്‍ കഴിയുന്നത്.

അടിസ്ഥാനമേഖലകള്‍

വ്യാവസായികമായി വളരെ പിന്നില്‍ നില്‍ക്കുന്നതാണ് പഞ്ചായത്തെങ്കിലും നിരവധി ചെറുകിട വ്യവസായ കേന്ദ്രങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എണ്ണയാട്ടു മില്ലുകളും, അരിയാട്ടു മില്ലുകളും, റൈസ് ആന്റ് ഫ്ളവര്‍ മില്ലുകളും, തടിമില്ലുകളും, ഫര്‍ണീച്ചര്‍ മാര്‍ട്ടുകളും, കടച്ചില്‍ നടത്തുന്ന യൂണിറ്റുകളും പഞ്ചായത്തില്‍ നിരവധി ഉണ്ട്. തീപ്പെട്ടികൊള്ളി നിര്‍മ്മാണം നടത്തുന്ന ചെറുകിടയൂണിറ്റുകള്‍, റെഡിമെയിഡ് ഗാര്‍മെന്റ്സ്, പ്രിന്റിംഗ് പ്രസ്സ്, പാലുല്‍പ്പന്ന നിര്‍മ്മാണകേന്ദ്രം, കയര്‍ ഉല്പന്ന നിര്‍മ്മാണം,  നൂല്‍ ഉല്പാദന യൂണിറ്റുകള്‍, പന്നി വളര്‍ത്തല്‍കേന്ദ്രം, ഇഷ്ടികനിര്‍മ്മാണം തുടങ്ങിയ ചെറുകിടസംരംഭങ്ങള്‍ വലിയ തകര്‍ച്ച കൂടാതെ നില നില്‍ക്കുന്നുണ്ട്. ഈ ഗ്രാമപഞ്ചായത്തിന്റെ പഴയകാലചരിത്രം പരിശോധിച്ചാല്‍ ഈ പഞ്ചായത്ത് കാട്ടുപ്രദേശമായി ഒറ്റപ്പെട്ടു അവഗണിക്കപ്പെട്ടു കിടന്നിരുന്നതായി കാണാം. അമരവിള നിന്ന് മണ്ണടിക്കടവ് വരെയും കാട്ടാക്കട നിന്ന് മണ്ഡപത്തിന്‍ കടവ് വരെയും റോഡ് ഉണ്ടായിരുന്നെങ്കിലും പഞ്ചായത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് ഗതാഗതയോഗ്യമായ റോഡുകള്‍  കുറവായിരുന്നു. 1112 മിഥുനം 6-ാം തിയതി ചിത്തിരതിരുനാള്‍  മഹാരാജാവ് അദ്ദേഹത്തിന്റെ കൊട്ടാരം കാറില്‍ ആദ്യമായി അതിലൂടെ വരികയും ആര്യങ്കോട് മുതല്‍ വെള്ളറട വരെയുള്ള കാട്ടുപാത വെട്ടി റോഡ് ആക്കുന്നതിന് ഉത്തരവുണ്ടായതിനെത്തുടര്‍ന്നാണ് പഞ്ചായത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് ഗതാഗതസൌകര്യമുണ്ടായത്. കൊല്ലവര്‍ഷം 1118 നോടു കൂടി എ.എന്‍.സത്യനേശന്‍ മുതലാളിയുടെ കരിഗ്യാസ് കെ.സി.സി എട്ട് സീറ്റുവണ്ടി നെയ്യാറ്റിന്‍കരയില്‍ നിന്ന് ആര്യങ്കോട് എത്തിയതാണ് ആദ്യത്തെ ബസ് സര്‍വ്വീസ്. 1962-ല്‍ നടന്ന ദേശസാല്‍ക്കരണത്തിന്റെ ഭാഗമായി പഞ്ചായത്തില്‍ സര്‍ക്കാര്‍ വക ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസ് ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍  നെയ്യാറ്റിന്‍കര, പാറശാല, കാട്ടാക്കട ഡിപ്പോകളില്‍ നിന്നും നിരവധി സര്‍വ്വീസുകള്‍ ഈ പഞ്ചായത്തിന്റെ  വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സര്‍വ്വീസ് നടത്തുന്നു. ഇന്നത്തെ മുക്കുതലക്കല്‍ ജംഗ്ഷന് സമീപമുള്ള ആര്യങ്കോട് വീടിന് സമീപത്തുള്ള പാറയിലായിരുന്നു പുരാതന ചന്ത സ്ഥിതി ചെയ്തിരുന്നത് എന്നാണ് മനസ്സിലാക്കുന്നത്. ആര്യങ്കോട് വീടിന് സമീപം സ്ഥിതി ചെയ്തിരുന്ന ചന്ത മൈലച്ചലില്‍ എത്തിയപ്പോള്‍ ആ സ്ഥലം ആര്യങ്കോട് ആയി മാറി എന്നാണ് പഴമക്കാര്‍ പറയുന്നത്. ചെമ്പൂര് ഇന്നുള്ള ചന്തയും ഇതുപോലെ കൈലാസപുരത്തുനിന്നും മാറ്റികൊണ്ടുവന്നു എന്നാണ് മനസ്സിലാക്കുന്നത്. ഇന്ന് ഈ പഞ്ചായത്തില്‍ 3 പ്രധാന മാര്‍ക്കറ്റുകളും ആര്യങ്കോട്, ചെമ്പൂര്, കീഴാറൂര്‍, മണ്ണാംകോണം, തുടലി, മൈലച്ചല്‍, കുറ്റിയായണിക്കാട് എന്നിവിടങ്ങളില്‍ ചെറിയ ചന്തകളും കൂടുന്നുണ്ട്.