ആര്യങ്കോട്

കേരളത്തില്‍ തിരുവനന്തപുരം ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തിയില്‍ സഹ്യസാനുക്കളോട് തൊട്ടുരുമ്മി അഗസ്ത്യപര്‍വ്വത സാമീപ്യത്തില്‍ പ്രകൃതിമനോഹരമായ കുന്നുകളും ചെരിവുകളും ഏലാകളും നിറഞ്ഞ ഒരു മലയോര ഗ്രാമപ്രദേശമാണ് ആര്യങ്കോട് ഗ്രാമപഞ്ചായത്ത്. പുരാതനമായ ഒരു സ്ഥലനാമചരിത്രം ഈ പഞ്ചായത്തിനുണ്ട്. പ്രാചീന സംഘകാലത്തെ കുലശേഖരഭരണത്തില്‍ ക്ഷേത്രഭരണമുഖ്യനായിരുന്ന ആര്യന്റെ തറവാട്ടുപേരായ ആര്യങ്കോട് എന്നതുതന്നെ ഇവിടുത്തെ പഞ്ചായത്തിനും ലഭിക്കുകയുണ്ടായി. തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള ബ്ളോക്കുപഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ആര്യങ്കോട്. സഹ്യപര്‍വ്വതനിരകളില്‍ തൊട്ടുരുമ്മി കിടക്കുന്ന ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്റെ തെക്ക്, കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളെ ചുറ്റി അംബരചുംബികളായ കുന്നുകളും പാറക്കെട്ടുകളും, മധ്യഭാഗത്ത് സഹ്യനു തുല്യമായി ഒറ്റയാനായി നിലകൊള്ളുന്ന പഴിഞ്ഞിപ്പാറയും ഭൂപ്രകൃതിയെ കൂടുതല്‍ നയനമനോഹരമാക്കുന്നു. പശ്ചിമഘട്ടത്തില്‍ നിന്ന് ഒഴുകി വരുന്ന കുഞ്ഞരുവികള്‍ ചിറ്റാറായും നെയ്യാറായും ഈ പഞ്ചായത്തിനെ ജലസമ്പുഷ്ടമാക്കിക്കൊണ്ട് ഒഴുകുന്നു. അനുഗ്രഹീതമായ ജലവിഭവശേഷിയാണ് പഞ്ചായത്തിനുള്ളത്. പാറമുകളിലെ ചുനപ്രവാഹങ്ങളും, കുന്നിന്‍ചരിവിലേയും വയലേലകളിലേയും നീരുറവകളും വടക്കുഭാഗത്തെ തഴുകിയൊഴുകുന്ന ചിറ്റാറും നെയ്യാറും ആര്യങ്കോട് പഞ്ചായത്തിനെ ജലസമൃദ്ധികൊണ്ട് നിറയ്ക്കുന്നു. നെയ്യാര്‍ ഇടതുകര കനാലും അതിന്റെ ശാഖയായി ഒഴുകുന്ന കനാലുകളും, തോടുകളും, അരുവികളും, പഴിഞ്ഞിപ്പാറയില്‍ നിന്ന് ഊറിവരുന്ന നീരുറവയും, കദളിവാഴചുനയുമൊക്കെ മേല്‍പ്പറഞ്ഞവ കൂടാതെയുള്ള ജലസ്രോതസ്സുകളാണ്.