പഞ്ചായത്തിലൂടെ

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലാണ് ആര്യനാട് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നെടുമങ്ങാട് നിന്നും 12 കിലോമീറ്റര്‍ മാറി തെക്കുകിഴക്കായാണ് ആര്യനാടിന്റെ സ്ഥാനം. സുന്ദരമായ ഭൂപ്രകൃതിയും ശാന്തമായ ജനപ്രകൃതിയും ഇവിടത്തെ പ്രത്യേകതയാണ്. നാനാജാതി മതസ്ഥര്‍ സൌഹാര്‍ദ്ദത്തോടു കൂടി ഇവിടെ കഴിയുന്നു. അഗസ്ത്യാര്‍കൂടം മലനിരപ്പില്‍ നിന്നുല്‍ഭവിക്കുന്ന പ്രധാന നദികളിലൊന്നായ കരമനയാര്‍ ഈ ഗ്രാമത്തിലൂടെയൊഴുകുന്നു. ഗ്രാമാതിര്‍ത്തി സഹ്യാദ്രി വരെ നീണ്ടുകിടക്കുന്നു. ഗ്രാമീണരുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം കൃഷിയിലധിഷ്ഠിതമാണ്. നിരവധി ഉത്സവങ്ങളും ആഘോഷങ്ങളും വര്‍ഷാവര്‍ഷം ഇവിടെ കൊണ്ടാടുന്നു. ഐതിഹ്യാധിഷ്ഠിതവും ചരിത്രപ്രധാനവുമായ നിരവധി സ്ഥലങ്ങള്‍ (ഭീമന്‍ ചവിട്ടിയ പാറ, പള്ളിവേട്ട, കോട്ടയ്ക്കകം) ഇവിടെയുണ്ട്. ഇപ്പോഴത്തെ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് ആര്യനാട് പഞ്ചായത്തിലെ ആദ്യത്തെ സ്കൂളായ പഴയതെരുവ് പ്രൈമറി സ്കൂള്‍ സ്ഥാപിക്കപ്പെട്ടത്. വടക്ക് തൊളിക്കോട്, വിതുര പഞ്ചായത്തുകള്‍‍, തെക്ക്  കുറ്റിച്ചല്‍, പൂവച്ചല്‍ പഞ്ചായത്തുകള്‍, കിഴക്ക് വനം, പടിഞ്ഞാറ് വെള്ളനാട്, ഉഴമലയ്ക്കല്‍ പഞ്ചായത്തുകള്‍ എന്നിവയാണ് അതിരുകള്‍. കീഴ്പാലൂര്‍, മീങ്കല്‍,  തേവിയാരുകുന്ന്, ഈഞ്ചപ്പുലി, കൊക്കോട്ടേല, പാലൈക്കോണം, ഇരിഞ്ചല്‍, പള്ളിവേട്ട, കാക്കുഴി, കാഞ്ഞിരമൂട്, ചൂഴ, ആര്യാട് ഠൌണ്‍, കോട്ടയ്ക്കകം, ഇറവൂര്‍, ഐത്തി, വലിയകലുങ്ക്, പറണ്ടോട് എന്നിവയാണ് ഗ്രാമപഞ്ചായത്ത്  വാര്‍ഡുകള്‍.

ഭൂപ്രകൃതി

ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ മലമ്പ്രദേശങ്ങള്‍, ഉയര്‍ന്ന കുന്നിന്‍ പ്രദേശങ്ങള്‍, ചരിവുകള്‍, താഴ്വാരങ്ങള്‍ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. പഞ്ചായത്തിലെ മണ്ണിനങ്ങളെ പ്രധാനമായും വനപ്രദേശമണ്ണ്, ലാറ്ററേറ്റ് മണ്ണ്, എക്കല്‍ മണ്ണ് എന്നിങ്ങനെ തിരിച്ചിരിക്കുന്നു. കരമനയാറിന്റെ പോഷകനദികളും തോടുകളും കുളങ്ങളുമാണ് ഇവിടുത്തെ പ്രധാന ജലസ്രോതസ്സുകള്‍.  ചുഴ ഭഗവതി മുട്ടത്ത് കാല്‍കോണം മല്ലന്‍ തമ്പുരാന്‍, പുളിമൂട്ടില്‍ കണ്ഠന്‍ ശാസ്താവ് തുടങ്ങിയവ പഞ്ചായത്തിലെ ആരാധനാലയങ്ങളാണ്. ഈ പഞ്ചായത്തിലെ ആദ്യകാല റോഡുകളില്‍ പ്രധാനപ്പെട്ടതായിരുന്നു കോട്ടൂര്‍ അംബാസമുദ്രം റോഡ്.