ആര്യനാട്

തിരുവനന്തപുരം  ജില്ലയിലെ  നെടുമങ്ങാട് താലൂക്കിലാണ് ആര്യനാട് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നെടുമങ്ങാട് നിന്നും 12 കിലോമീറ്റര്‍ മാറി തെക്കുകിഴക്കായാണ് ആര്യനാടിന്റെ സ്ഥാനം. ആര്യ എന്ന ശബ്ദത്തിന് ശ്രേഷ്ഠം, മനോഹരം എന്ന് അര്‍ഥമുണ്ട്. കുന്നുകളും മരങ്ങളും കൂടി  പഞ്ചായത്ത്  അതിമനോഹരമായിരിക്കുന്നത് ആര്‍ക്കും കാണാന്‍ കഴിയും. അക്കാരണത്താല്‍ മനോഹരമായ നാട്, ആര്യമായ നാട് ആര്യനാട് ആയി. വടക്ക് പൊന്‍മുടി മുതല്‍ തെക്ക് പൂവച്ചല്‍ പഞ്ചായത്തിന്റെ അതിര്‍ത്തിയിലെ പേഴുംമൂട് വരെയുള്ള പ്രദേശമാണ് ആര്യനാട് പഞ്ചായത്ത്.     സുന്ദരമായ ഭൂപ്രകൃതിയും ശാന്തമായ ജനപ്രകൃതിയും ഇവിടത്തെ പ്രത്യേകതയാണ് . നാനാജാതി മതസ്ഥര്‍ സൌഹാര്‍ദ്ദത്തോടു കൂടി ഇവിടെ കഴിയുന്നു. അഗസ്ത്യാര്‍കൂടം മലനിരപ്പില്‍ നിന്നുല്‍ഭവിക്കുന്ന പ്രധാന നദികളിലൊന്നായ കരമനയാര്‍ ഈ ഗ്രാമത്തിലൂടെയൊഴുകുന്നു. ഗ്രാമാതിര്‍ത്തി സഹ്യാദ്രി വരെ നീണ്ടുകിടക്കുന്നു. ഗ്രാമീണരുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം കൃഷിയിലധിഷ്ഠിതമാണ്. നീഗ്രോ വര്‍ഗത്തില്‍പ്പെട്ട ദ്രാവിഡര്‍ തന്നെയാണ് ഇവിടുത്തെ ആദിമ നിവാസികള്‍. കാലാന്തരത്തില്‍ കര്‍ണാടകത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും കൂടുതല്‍ ജനങ്ങള്‍ കുടിയേറി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ പ്രദേശം പ്രഗത്ഭരായ പ്രഭുകുടുംബങ്ങളുടെ ആസ്ഥാനമായിരുന്നു. കോട്ടയ്ക്കകം, കാവല്‍പുരമുക്ക് തുടങ്ങിയ സ്ഥലപേരുകള്‍ ഇതിനുദാഹരണമാണ് .