ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം
പുരാതനകാലത്ത് ആര്യന്‍മാര്‍ കുടിയേറിപാര്‍ത്ത പ്രദേശമാണ് ആര്യാട് എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ടത്. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലം മുതല്‍ ഇവിടം തിരുവിതാംകൂര്‍ രാജവംശത്തിന്റെ കീഴിലായി. മണ്ണഞ്ചേരിയിലെ വലിയ കലവൂര്‍ കളിത്തട്ട് പണ്ടുകാലത്ത് വിശ്രമസ്ഥലമായും സാംസ്കാരിക കേന്ദ്രമായും ഉപയോഗിച്ചിരുന്നു. പറത്താ പാലത്തിനു കിഴക്കുവശത്ത് വഴിയോരത്തുള്ള ചുമടുതാങ്ങി ഇന്നും കേടുപാടുകള്‍ കൂടാതെ നിലനില്‍ക്കുന്നു. പുരാതനകാലത്ത് ചെമ്പകശ്ശേരി രാജാവിന്റെ അധീനതയിലായിരുന്നു മാരാരിക്കുളം പ്രദേശം. പില്‍ക്കാലത്ത് മാര്‍ത്താണ്ഡവര്‍മ്മ ഇവിടം കൈയ്യടക്കി. രാജാ കേശവദാസന്റെ കാലത്ത് നിര്‍മ്മിച്ച ആലപ്പുഴ-ചേര്‍ത്തല കനാല്‍ പൂര്‍ത്തികരിക്കാതെ പോയ ഒരു ഉള്‍നാടന്‍ ജലഗതാഗത പാതയാണ്. പാതിരപ്പള്ളി-കോമളപുരം റോഡ് ബ്ളോക്കിലെ ആദ്യകാല റോഡുകളിലൊന്നാണ്. എന്‍.എച്ച്-47 ആര്യാട് ബ്ളോക്കിലൂടെ കടന്നുപോകുന്നു. മണ്ണഞ്ചേരി-കലവൂര്‍ റോഡാണ് മണ്ണഞ്ചേരിയിലെ ആദ്യ റോഡ്. വാണിജ്യ പ്രധാനമായ മാരാരിക്കുളത്ത് പുരാതനകാലത്ത് പത്തേമാരികള്‍ വിദേശത്തു നിന്ന് സാധനങ്ങള്‍ കൊണ്ടുവന്ന് വിപണനം നടത്തിയിരുന്നു. ഇവിടെനിന്ന് ചെമ്മീന്‍പരിപ്പ്, കൊപ്ര, എണ്ണ, മത്സ്യഎണ്ണ, ഉണക്കമീന്‍, തമ്പകത്തടി എന്നിവ കയറ്റി അയക്കുകയും ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്യുകയും ചെയ്തിരുന്നു. ക്വിറ്റിന്ത്യാസമരത്തോടെ ആരംഭിച്ച ആര്യാട് പ്രദേശത്തെ ദേശീയ പ്രസ്ഥാനത്തില്‍ വി.കൃഷ്ണന്‍ നായര്‍, എസ്.കുമാരന്‍, എസ്.ദാമോദരന്‍, കെ.ജി.രാഘവന്‍ എന്നിവര്‍ പങ്കെടുത്തു. ഇവിടത്തെ കോണ്‍ഗ്രസ് ലീഡര്‍ വി.കൃഷ്ണന്‍ നായരായിരുന്നു. സി.പി.യുടെ സേച്ഛാധിപത്യ ഭരണത്തിനെതിരെയുള്ള പ്രക്ഷോഭം നടന്നുവന്ന ഘട്ടത്തില്‍ സി.പി.യെ സന്ദര്‍ശിക്കാന്‍ വന്ന വൈസ്രോയിയെ കരിങ്കൊടി കാണിച്ചത് ചരിത്രസംഭവമായിരുന്നു. സമരത്തില്‍ ഇവിടുത്തുകാരനായ കെ.സി.ജോസ് പങ്കെടുത്തു. 1939-ല്‍ പട്ടം താണുപിള്ളയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചുള്ള നിയമലംഘന സമരത്തില്‍ ആര്യാട് നിന്ന് കൃഷ്ണന്‍ നായര്‍ പങ്കെടുത്തു. ചക്കനാട് വാസുപിള്ള പ്രമുഖ സ്റ്റേറ്റ്കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന ദേശവിരുദ്ധ നിലപാടു കൈക്കൊണ്ട സി.പി.ക്കെതിരെ കമ്യൂണിസ്റ്റ് പാര്‍ട്ടി, തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ എന്നിവര്‍ മണ്ണഞ്ചേരി പ്രദേശത്ത് ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തി. 1930-ല്‍ സ്ഥാപിച്ച ലൂര്‍ദ്ദ് സ്കൂള്‍ ഈ പ്രദേശത്തെ പ്രഥമ സ്കൂളാണ്. ഐക്യഭാരതം വായനശാല, ജ്ഞാനദീപഗ്രഹം, സംസ്കാരോദയം, നവോത്ഥാന സമിതി, ജനോദ്ധാരണ സമിതി എന്നിവ സാംസ്കാരിക രംഗത്ത് സ്വാതന്ത്ര്യത്തിനു മുമ്പു മുതല്‍ തന്നെ പ്രവര്‍ത്തിച്ചിരുന്നു. മുഹമ്മ അയ്യപ്പന്‍, സത്യാഗ്രഹി കേശവന്‍, പി.കെ.വാസു, ഗോപാലന്‍, നരിക്കാട്ടുവേലു, പുത്തന്‍പുരയ്ക്കല്‍ ദിവാകരന്‍ തുടങ്ങിയവര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരാണ്. പുന്നപ്ര വയലാര്‍ സമരത്തില്‍ മണ്ണഞ്ചേരി പ്രദേശത്തു നിന്ന് 150-ല്‍ അധികം പേര്‍ പങ്കെടുത്തിട്ടുണ്ട്. പുന്നപ്ര-വയലാര്‍ സമരവുമായി ബന്ധപ്പെട്ട് ചരിത്രപ്രസിദ്ധമായ കണ്ണര്‍കാട് പ്രദേശം ഈ ബ്ളോക്കിലാണ് സ്ഥിതി ചെയ്യുന്നത്. സമരത്തോടുനുബന്ധിച്ച് വെടിവയ്പു നടന്ന പ്രദേശമാണ് ആര്യാട് ബ്ളോക്കിലെ മാരാരിക്കുളം പ്രദേശം. 1944-ല്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സ്മരണ നിലനിര്‍ത്തുന്നതിനു വേണ്ടി വായനശാല സ്ഥാപിച്ച പ്രദേശം ഇന്ന് നേതാജി എന്ന പേരില്‍ തന്നെ അറിയപ്പെടുന്നു. ദേശീയ പ്രസ്ഥാനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ 1930-ല്‍ വിദേശവസ്ത്ര ബഹിഷ്കരണം, 1938-ല്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിനു വേണ്ടിയും ബ്രിട്ടീഷ് ഭരണമവസാനിപ്പിക്കാനുമായി നടന്ന സമരം, മറ്റു കര്‍ഷകസമരങ്ങള്‍ എന്നിവയാണ് മാരാരിക്കുളത്ത് നടന്നിട്ടുള്ള പ്രമുഖ ജനകീയ മുന്നറ്റം. 1860-ല്‍ സ്ഥാപിച്ച വൈദിക പഠന കേന്ദ്രമാണ് മാരാരിക്കുളത്തെ പ്രഥമ വിദ്യാലയം. 1910-ലെ വെര്‍ണ്ണാക്കുലര്‍ മിഡില്‍ സ്കൂള്‍ മറ്റൊരു ആദ്യകാല വിദ്യാലയമാണ്. കര്‍ഷക പ്രസ്ഥാനം, തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി യൂണിയന്‍, തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ നടന്ന പുന്നപ്ര-വയലാര്‍ സമരം ദിവാന്‍ ഭരണത്തിനെതിരെയുണ്ടായ ശക്തമായ പ്രക്ഷോഭമായിരുന്നു. പുരാതനമായ കൈതത്തില്‍ ക്ഷേത്രം, ചാരുപറമ്പ് ക്ഷേത്രം, തിരുവിളക്കു ക്ഷേത്രം, ആര്യാട് മുസ്ളീം പള്ളി, ആര്യാട് ചെറുപുഷ്പ ദേവാലയം, നാലാംമഠം കാവ്, വലിയ കലവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഞാണ്ടിരിക്കല്‍ ശ്രീകോവിലകം തുടങ്ങിയ പുരാതന ക്ഷേത്രങ്ങള്‍, കലവൂര്‍, കല്ലുങ്കല്‍, കണക്കൂര്‍ തുടങ്ങിയ മറ്റു ക്ഷേത്രങ്ങള്‍, പുരാതന മുസ്ളീം ദേവാലയമായ ആര്യാട് മുസ്ളീം ജുമാ മസ്ജിദ് (1500-1600 നും ഇടക്ക്), മണ്ണഞ്ചേരി ജുമാ അത്ത് പള്ളി, കലവൂര്‍ ചെറുപുഷ്പം ക്രിസ്ത്യന്‍ പള്ളി, മണ്ണഞ്ചേരി നിത്യസഹായ മാതാവ് ദേവാലയം, വലിയകലവൂര്‍ ലൂര്‍ദ് മാതാ ദേവാലയം, 1539-ല്‍ സ്ഥാപിച്ച കാട്ടൂര്‍ പള്ളി, ചെറിയ കലവൂര്‍ ധര്‍മശാസ്താ ക്ഷേത്രം, കോര്‍ത്തുശ്ശേരി ദേവി ക്ഷേത്രം, കൂരിക്കശ്ശേരി ക്ഷേത്രം എന്നിവയാണ് പ്രധാന ആരാധനാലയങ്ങള്‍.