ചരിത്രം
സാമൂഹ്യരിത്രം
രണ്ടര നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഈ പ്രദേശം കൊച്ചിരാജാവിന്റെ അധീനതയിലായിരുന്നു. 1750-ല്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ദളവയായിരുന്ന രാമയ്യന് ദളവയാണ് കരപ്പുറത്തെ തിരുവിതാംകൂറിന്റെ ഭാഗമാക്കിയത്. അങ്ങനെ കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും തന്ത്രപ്രധാനമായ അതിര്‍ത്തിയായി പരിണമിച്ച ഈ അതിരില്‍ നാട്ടിയിരുന്ന അതിരുകുറ്റിയുടെ പേരിലറിയപ്പെട്ടിരുന്ന ഈ സ്ഥലം പില്ക്കാലത്ത് നാമപരിണാമം സംഭവിച്ച് അരികുകുറ്റിയാവുകയും തുടര്‍ന്ന് അരൂക്കുറ്റിയെന്ന സ്ഥലനാമമുണ്ടാവുകയും ചെയ്തു. 1799-ല്‍ കരപ്പുറം(ചേര്‍ത്തല) പ്രദേശം കൊച്ചിരാജാവിന് തിരിച്ചുനല്കിക്കൊണ്ട് അന്നത്തെ തിരുവിതാംകൂര്‍രാജാവായ ബാലരാമവര്‍മ്മ മഹാരാജാവില്‍ നിന്നും ഒരു നീട്ട് ഉണ്ടായെങ്കിലും അന്നത്തെ പ്രഗത്ഭനായ ദിവാന് രാജാകേശവദാസിന്റെ അവസരോചിതവും ധീരവുമായ ഇടപെടല്‍മൂലം ഈ നീട്ട് നടപ്പിലായില്ല. അങ്ങനെ അരൂക്കുറ്റി ഉള്‍പ്പെടുന്ന കരപ്പുറം പ്രദേശം എന്നന്നേക്കുമായി തിരുവിതാംകൂറിന്റെ ഭാഗമായിത്തീരുകയും ചെയ്തു. തിരുവിതാംകൂറില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോകുകയോ, തിരുവിതാംകൂറിലേക്ക് കൊണ്ടുവരികയോ ചെയ്തിരുന്ന സാധനങ്ങളിന്മേല് ചുങ്കം ഈടാക്കുന്നതിന് രാജ്യാതിര്‍ത്തിയായ അരൂക്കുറ്റിയില്‍ ചൌക്ക സ്ഥാപിക്കപ്പെട്ടിരുന്നു. തന്ത്രപ്രധാനമായ ഈ സ്ഥലത്ത് രാജാവും മറ്റു ഉന്നതാധികാരികളും വന്നാല്‍ താമസിക്കുന്നതിനായി എട്ടുകെട്ടോടുകൂടിയ കൊട്ടാരം സ്ഥാപിക്കുകയും മജിസ്ട്രേറ്റുകച്ചേരി, എക്സൈസ് കമ്മീഷണര്‍ ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ്, കസ്റ്റംസ് ഹൌസ്, ട്രഷറി, പോലീസ് സ്റ്റേഷന്, ജയില്‍, ആശുപത്രി എന്നിങ്ങനെ ഒരു പ്രാദേശിക ഭരണസിരാകേന്ദ്രത്തിനാവശ്യമായ എല്ലാ സര്‍ക്കാര്‍സ്ഥാപനങ്ങളും സ്ഥാപിക്കപ്പെട്ടിരുന്നു. അരൂക്കുറ്റിയുടെ പില്ക്കാലചരിത്രത്തില് ചൌക്ക നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ചൌക്കയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ജോലിക്കാര്‍ അന്നുണ്ടായിരുന്നു. കയര്പിരിക്കല്, കൃഷി, മത്സ്യബന്ധനം തുടങ്ങിയവയായിരുന്നു ജനങ്ങളുടെ പ്രധാനതൊഴിലുകള്‍. പുരാതന ആരാധനാലയങ്ങളായ ശ്രീതങ്കേക്കാട്ട് ശാസ്താക്ഷേത്രം, ശ്രീമാത്താനം ദേവീക്ഷേത്രം, മധുരകുളത്ത് ശ്രീസുബ്രഹ്മണ്യക്ഷേത്രം എന്നിവയും അനവധി ക്ഷേത്രങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു. അരൂക്കുറ്റിയിലെ മറ്റൊരു പ്രധാന ക്ഷേത്രമാണ് ശ്രീമാത്താനം ഭഗവതിക്ഷേത്രം. ഈ ക്ഷേത്രത്തിന് ഉദ്ദേശം നാലുനൂറ്റാണ്ടിലധികം പഴക്കമുണ്ട്. തൃച്ചാറ്റുകുളം ക്ഷേത്രത്തിലെ തിരുവുത്സവത്തിനു കൊടി കയറുന്നതിന് മൂന്നുമാസങ്ങള്‍ക്കുമുമ്പ് ദേശമുറുക്ക് എന്ന ആചാരം നിലനിന്നിരുന്നു. ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് അരൂക്കുറ്റിയിലെത്തി തെള്ളിക്കാട്ട്, അങ്ങാടി, ചൌക്ക, കുളപ്പുര, മാത്താനം, പതിയങ്കാട്ട് എന്നീ സ്ഥലങ്ങളില്‍ പാലക്കമ്പുകുത്തി തൃച്ചാറ്റുകുളത്തപ്പന്റെ അധീശശക്തി ഉറപ്പിക്കുന്ന ചടങ്ങായിരുന്നു ഇത്. രാജഭരണകാലത്ത് ഏതാനും മുസ്ളീം കുടുംബങ്ങള്‍ വന്നു താമസമാരംഭിച്ചു. കൊച്ചിയിലെ ചെമ്പിട്ടപളളിയിലാണ് അവര്‍ അന്ന് നമസ്ക്കാരവും, കബറക്കടക്കവും നടത്തിയിരുന്നത്. പിന്നീട് കണ്ണവേലി കുടുംബത്തില്‍ നിന്നും ലഭിച്ച സ്ഥലത്ത് കോട്ടൂര്പളളി പണികഴിപ്പിച്ചു. കേരളീയ വാസ്തുശില്പ മാതൃകയില്‍ പണികഴിപ്പിച്ച ഈ ആരാധനാലയം അരൂക്കുറ്റിയുടെ മദ്ധ്യഭാഗത്ത് പടിഞ്ഞാറന്‍ തീരത്തോടടുത്തു സ്ഥിതി ചെയ്യുന്നു. പില്ക്കാലത്ത് കിഴക്കന്‍ തീരത്തിനഭിമുഖമായി പണികഴിപ്പിച്ച കാട്ടുപുറം പള്ളിയും കേരളീയ വാസ്തുശില്പകലയുടെ മകുടോദാഹരണമായി സ്ഥിതി ചെയ്യുന്നു. രണ്ടു പളളികള്‍ക്കും ഉദ്ദേശം മുന്നൂറു വര്‍ഷത്തോളം പഴക്കമുണ്ട്. സ്വാതന്ത്ര്യ സമരസേനാനി മൊയ്തുമൌലവി ബാല്യകാലത്തിവിടെ മതപഠനം നടത്തിയിട്ടുണ്ട്. ആദ്യകാലങ്ങളില്‍ ക്രിസ്തീയ സമുദായാംഗങ്ങള്‍ ശവസംസ്കാരവും ആരാധനയും നടത്തിയിരുന്നത് ഇടക്കൊച്ചി പള്ളിയിലും പിന്നീട് അരൂര്‍ പളളിയിലുമായിരുന്നു. ഉദ്ദേശം 100 വര്‍ഷങ്ങള്‍ക്കുമുമ്പ് തൃച്ചാറ്റുകുളം കുഴുവേലില്‍ കോവിലകത്ത് കൊച്ചനുജന് തിരുമുല്‍പ്പാട് നല്കിയ സ്ഥലത്ത് ഇപ്പോഴുള്ള സെന്റ് ആന്റണീസ് ദേവാലയം സ്ഥാപിച്ചു. കായല്‍ തീരത്ത് വാലുപോലെ കിടന്നിരുന്ന സ്ഥലത്ത് പണികഴിപ്പിച്ച പളളിയായതുകൊണ്ടാവണം വാലേപ്പള്ളി എന്ന് പേരും ഈ ആരാധനാലയത്തിന് സംജാതമായത്. കായലിനോടഭിമുഖമായി സ്ഥിതിചെയ്യുന്ന ഈ ദേവാലയത്തിലെ തിരുനാള്‍ സര്‍വ്വമതസ്ഥരും വളരെ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള അരൂക്കുറ്റി ഗവണ്മെന്റ് യു.പി സ്കൂള്‍, ഉദ്യോഗസ്ഥന്മാരായി താമസിച്ചിരുന്നവരുടെ കുട്ടികള്‍ക്ക് വേണ്ടി സ്ഥാപിച്ചതാണെങ്കിലും ഗ്രാമവാസികള്‍ക്കും സമീപപ്രദേശത്തുള്ളവര്‍ക്കും വളരെയധികം ഉപകരിച്ചിട്ടുണ്ട്. അരൂക്കുറ്റി ആശുപത്രി സ്ഥിതിചെയ്യുന്നതിന് തെക്കുവശത്തായി പ്രസിദ്ധമായ ഒരങ്ങാടിയുണ്ടായിരുന്നു. അവിടെ നാടന്‍ കലകളുടെയും ഗുസ്തി പോലുള്ള അഭ്യാസങ്ങളുടെയും പ്രദര്‍ശനം നടന്നിരുന്നു. ദേശീയ സ്വാതന്ത്ര്യസമരരംഗത്ത് കാര്യമായ സംഭാവനയൊന്നും നല്കാന് അരൂക്കുറ്റിക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും കുട്ടംവീട്ടില് കേശവന് നായര്‍ താമ്രപത്രം ലഭിച്ച സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. കൂലിവര്‍ദ്ധനവിനുവേണ്ടി ഭൂവുടമകള്‍ക്കെതിരെ തെങ്ങുകയറ്റതൊഴിലാളികള്‍ നടത്തിയ കണ്ണന്തറ സമരവും, കര്‍ഷകതൊഴിലാളി യൂണിയന് നടത്തിയ താമരച്ചാല്‍ കരിസമരവും അരൂക്കുറ്റിയുടെ ചരിത്രത്തിന്റെ ഭാഗമാണ്. അരൂക്കുറ്റിയും ഇന്നത്തെ പെരുമ്പളവും ഉള്‍പ്പെട്ട മറ്റത്തില്‍ ഭാഗം പഞ്ചായത്താണ് ആദ്യം നിലവിലുണ്ടായിരുന്നത്. 1979-ല്‍ പെരുമ്പളവും അരുക്കുറ്റിയും വിഭജിച്ച് അരുക്കുറ്റി പഞ്ചായത്ത് നിലവില്‍ വന്നു. 1953-ല്‍ രൂപംകൊണ്ട മറ്റത്തില്‍ ഭാഗം പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റായി ആമിറ്റത്തു കൊച്ചുണ്ണി മൂപ്പനാണ് തെരഞ്ഞെടുക്കപ്പെട്ടത്. വാവലുംകാട് എന്ന പ്രശസ്തമായൊരു ഭൂപ്രദേശം തന്നെ ഇവിടെയുണ്ടായിരുന്നു. നാമമാത്രമെങ്കിലും ഇന്നവശേഷിക്കുന്നത് കാട്ടിലെ മഠം കാട് മാത്രമാണ്. ഉദ്ദേശം ആറേക്കറോളം ഉണ്ടായിരുന്ന കാട് ഇന്ന് മൂന്നേക്കറില്‍ താഴെയായി ചുരുങ്ങി. കാടും കുളവും വയലും തോടും പക്ഷിമൃഗാദികളും ഉള്‍ക്കൊള്ളുന്ന ജൈവസമ്പത്ത് ഈ ഗ്രാമത്തിന് കൈവിട്ടുപോയി. തിരുക്കൊച്ചി സംയോജനത്തിനുശേഷം, മുമ്പുണ്ടായിരുന്ന സര്‍ക്കാര്‍ഓഫീസുകള്‍ ഈ ഗ്രാമത്തില്‍ നിന്ന് മാറ്റപ്പെട്ടു. പലവിധത്തിലുള്ള വാസ്തുശില്പകലകളാല് രൂപകല്പനചെയ്തു നിര്‍മ്മിച്ച സര്‍ക്കാര്‍ മന്ദിരങ്ങള്‍ സംരക്ഷിക്കപ്പെടാതെ ഓരോന്നായി പൊളിച്ചുമാറ്റപ്പെട്ടു.