പഞ്ചായത്തിലൂടെ

ഭൂപ്രകൃതിയും വിഭവങ്ങളും

പഴയ തിരുവിതാംകൂറിനെ കൊച്ചി രാജ്യത്തുനിന്നും വേര്‍തിരിക്കുന്ന വേമ്പനാട്ടുകായലിന്റെ ഒരു ഭാഗമായ കൈതപ്പുഴ എന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് അരൂക്കുറ്റി. 1979-ലെ ഗ്രാമ പുനര്‍വിഭജനത്തില്‍ അന്നുവരെ, മറ്റത്തില്‍ഭാഗം ഗ്രാമം എന്നും മറ്റത്തില്‍ഭാഗം പഞ്ചായത്തും എന്നറിയപ്പെട്ടിരുന്ന ഈ ഗ്രാമം അരൂക്കുറ്റി പഞ്ചായത്ത് എന്നും പെരുമ്പളം പഞ്ചായത്ത് എന്നും രണ്ടായി വിഭജിക്കപ്പെട്ടു. വടക്കു ഭാഗത്തുള്ള കായലില്‍ ബോട്ടുചാലിനുവേണ്ടി ഡ്രഡ്ജ് ചെയ്തുണ്ടായ മൂന്ന് ചെറിയ തുരുത്തുകളും ഉണ്ട്. രണ്ടേക്കര്‍ വിസ്തൃതിയുള്ള ഈ മൂന്ന് തുരുത്തുകളുംകൂടി ഉള്‍പ്പെടുന്നതാണ് പഞ്ചായത്തുപ്രദേശം. ഭൂവിസ്തൃതി 1287 ഹെക്ടറാണ്. ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തുപ്രദേശം മുഴുവന്‍തന്നെ തീരസമതലം എന്ന വിഭാഗത്തില്‍പെടുന്നു. നല്ല ചൊരിമണലും അമ്ളഗുണമുള്ള ചെളിമണ്ണും ഇവിടെ കാണുന്നു. മുഖ്യവിളകളായി തെങ്ങ്, നെല്ല് എന്നിവയും ഇടവിളകളായി കവുങ്ങ്, വാഴ, കുരുമുളക്, ചേമ്പ്, ചീര, വെറ്റില, പച്ചക്കറികള്‍ തുടങ്ങിയവയും കൃഷി ചെയ്തുവരുന്നു. കൃഷിയും മത്സ്യബന്ധനവും അതുമായി ബന്ധപ്പെട്ട മറ്റു തൊഴിലുകളുമായിരുന്നു ജനങ്ങളുടെ പരമ്പരാഗരമായ ഉപജീവനമാര്‍ഗ്ഗമായുണ്ടായിരുന്നത്. നെല്‍പ്പാടങ്ങളില്‍ ഇരുപ്പൂ കൃഷിയാണ് നടത്തിവന്നിരുന്നത്. മഴയെ ആശ്രയിച്ചായിരുന്നു കൃഷി. ഇവിടത്തെ ചൊരിമണല്‍ നിറഞ്ഞ ഭൂപ്രദേശം തെങ്ങുകൃഷിക്ക് അനുയോജ്യമാണ്. നെല്‍കൃഷി ആദായകരമല്ലാതായതോടെ നെല്‍പ്പാടങ്ങള്‍ നികത്തി തെങ്ങുകൃഷി ആരംഭിച്ചു. ധാരാളം വീടുകളില്‍ കവുങ്ങ് കൃഷിചെയ്യുന്നുണ്ട്. മരച്ചീനി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ചെറിയതോതില്‍ കൃഷി ചെയ്യുന്നു. കശുമാവ്, കുരുമുളക്, വാഴ, പയര്‍, പച്ചക്കറികള്‍ എന്നിവയും നാമമാത്രമായി പല പുരയിടങ്ങളിലും വളര്‍ത്തുന്നുണ്ട്. മാവ്, ആഞ്ഞിലി, പ്ളാവ്, മഹാഗണി, തേക്ക് തുടങ്ങിയ വൃക്ഷങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വച്ചുപിടിപ്പിച്ചു കാണുന്നു. വേമ്പനാട് കായലുമായി ബന്ധപ്പെട്ടുകിടക്കുന്ന തോടുകളാണ് പഞ്ചായത്തിന്റെ മുഖ്യജലസ്രോതസ്. ചെറുതും വലുതുമായി 380 കുളങ്ങള്‍ പഞ്ചായത്തിലുണ്ട്. കുളങ്ങളില്‍ പലതും വേനല്‍ക്കാലത്ത് വറ്റുന്നവയാണെങ്കിലും ശുദ്ധജലമുള്ള വറ്റാത്ത നാല് വലിയ കുളങ്ങള്‍ പഞ്ചായത്തിന്റെ അധീനതയിലുണ്ട്.

അടിസ്ഥാനമേഖലകള്‍

പ്രധാനമായും കായലുകളിലാണ് മത്സ്യബന്ധനം നടത്തുന്നത്. തോടുകളും കരിനിലങ്ങളും വാറ്റി മത്സ്യം പിടിക്കുന്നു. ഓരോ വര്‍ഷവും മത്സ്യ ഉല്പാദനക്ഷമത കുറഞ്ഞ് വരികയാണ്. വലയും വള്ളവും നിറയെ മത്സ്യം ലഭിച്ചിരുന്ന കാലം ഓര്‍മ്മകളായി ശേഷിക്കുന്നു. ഊന്നിവല ഉപയോഗിച്ചുള്ള മത്സ്യബന്ധനമാണ് ഈ പ്രദേശത്ത് പ്രധാനമായും നടത്തുന്നത്. കൂടാതെ ചീനവല, ഒഴുക്കുവല, കോരുവല, വീശുവല എന്നിവ ഉപയോഗിച്ചും ചൂണ്ടയിട്ടും മത്സ്യം പിടിച്ചു വരുന്നു. ചെമ്മീനാണ് ഈ പ്രദേശത്ത് കൂടുതല്‍ ലഭിക്കുന്നത്. അരൂക്കുറ്റി ഗ്രാമപഞ്ചായത്തില്‍ സജീവമായ തൊഴില്‍ മേഖലയാണ് മത്സ്യബന്ധനം. കൈത്തൊഴില്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകള്‍ ഈ മേഖലയിലാണ് പണിയെടുക്കുന്നത്. ആദ്യകാലഘട്ടത്തില്‍ കയര്‍, എണ്ണയാട്ട്, കള്ള് എന്നിവയായിരുന്നു വ്യവസായങ്ങള്‍. കയര്‍-എണ്ണയാട്ടുവ്യവസായങ്ങളില്‍ മുഖ്യമായും മാനുഷികാധ്വാനമാണ് ഉപയോഗിച്ചിരുന്നത്. എണ്ണയാട്ടുവ്യവസായത്തില്‍ തേങ്ങ കൂടാതെ, പുന്നയ്ക്ക, കരിങ്ങാട്ടകുരു, ഓടത്തിന്‍കുരു എന്നിവയില്‍ നിന്നുമുള്ള എണ്ണയാട്ടും ഉള്‍പ്പെട്ടിരുന്നു. അടുത്ത കാലത്ത് ചെമ്മീന്‍ സംസ്ക്കരണവ്യവസായം വളര്‍ന്നുവന്നു. അതോടെ കയര്‍വ്യവസായത്തിന്റെ പ്രതാപം അസ്തമിക്കുകയും കയര്‍ വ്യവസായത്തില്‍ തൊഴില്‍ കണ്ടെത്തിയിരുന്നവര്‍ ചെമ്മീന്‍ വ്യവസായമേഖലയിലേക്ക് നീങ്ങുകയും എണ്ണയാട്ടുവ്യവസായം നാമാവശേഷമാവുകയും ചെയ്തു. മത്സ്യസംസ്ക്കരണമേഖലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. അരൂക്കുറ്റി ഗ്രാമപഞ്ചായത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ശുദ്ധമായ കുടിവെള്ളം എന്നും ഒരു പ്രശ്നമായിരുന്നു. ഇതിന്റെ പ്രധാന കാരണം ഗ്രാമത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പുതന്നെയാണ്. മൂന്ന് വശവും വേമ്പനാട്ട് കായലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന അതിര്‍ത്തി ഗ്രാമമായ ഈ പ്രദേശത്തിന്റെ പ്രധാന ഭീഷണി ഉപ്പുവെള്ളമാണ്. വേനല്‍ക്കാലത്ത് 65% കിണറുകളും വറ്റിപ്പോകുകയോ ഉപ്പുവെള്ളം കയറി ഉപയോഗശൂന്യമാകുകയോ ചെയ്യുന്നു. പഞ്ചായത്തിലെ പ്രധാന ചികിത്സാകേന്ദ്രം അരൂക്കുറ്റി പ്രൈമറി ഹെല്‍ത്ത് സെന്ററാണ്. കൂടാതെ ഒരു ഗവണ്‍മെന്റ് ആയൂര്‍വ്വേദ ഡിസ്പെന്‍സറിയും ഉണ്ട്. ഏതാനും സ്വകാര്യഹോമിയോ ക്ളിനിക്കുകളും, ആയൂര്‍വ്വേദ വൈദ്യശാലകളും അങ്ങിങ്ങായി പ്രവര്‍ത്തിക്കുന്നു.

വിദ്യാഭ്യാസം

പഴയ തിരുവിതാംകൂറിന്റെ അതിര്‍ത്തിഗ്രാമമായ അരൂക്കുറ്റിയില്‍ കേവലം ചില കുടിപ്പളളിക്കൂടങ്ങളില്‍ ഒതുങ്ങുന്നതായിരുന്നു പഴയ കാലഘട്ടത്തിലെ വിദ്യാഭ്യാസമേഖല. രാജഭരണത്തിന്റെ പ്രതാപകാലത്ത് ഉദ്യോഗസ്ഥന്‍മാരായി അനവധിയാളുകള്‍ ഇവിടെ സേവനമനുഷ്ഠിക്കാന്‍ എത്തിയിരുന്നു. അവരുടെ കുട്ടികളുടെ വിദ്യാഭ്യാസപ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് അരൂക്കുറ്റിയില്‍ ആദ്യമായി ഒരു പ്രാഥമികവിദ്യാലയം ആരംഭിച്ചത്. 1890-കളുടെ അവസാനത്തോടെയാണ് ഈ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം എന്നവകാശപ്പെടാവുന്ന അരൂക്കുറ്റി ഗവണ്‍മെന്റ് എലിമെന്ററി സ്കൂള്‍ സ്ഥാപിതമായത്. 1914-ല്‍ ഈ എലിമെന്ററി സ്കൂള്‍ വെര്‍ണാക്കുലര്‍ മിഡില്‍ സ്കൂളായി ഉയര്‍ന്നു. വിദ്യാഭ്യാസത്തോടുള്ള താത്പര്യം കൂടിവരുന്ന അനുഭവമാണ് തുടര്‍ന്നുകാണുവാന്‍ കഴിഞ്ഞത്. മുസ്ളീങ്ങളുടെ ഇടയില്‍ വിദ്യാഭ്യാസം നേടുന്നതിന് തടസ്സമായി നിന്ന മാമൂലുകളെ കാറ്റില്‍ പറത്തി ആ സമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ മുന്നേറാന്‍ 1912-ല്‍ ഇടിമണലുങ്കല്‍ എന്ന ഭവനത്തിനു മുന്നില്‍ സ്ഥാപിച്ച മറ്റത്തില്‍ ഭാഗം പ്രാഥമിക വിദ്യാലയം സഹായകമായി. സ്വകാര്യസ്കൂളായി ആരംഭിച്ച് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്കൂളായിട്ട് അതു മാറുകയായിരുന്നു. പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂളായ വടുതല ജുമാഅത്ത് സെക്കന്ററി സ്കൂള്‍ (വി.ജെ.എസ്.എസ്) 1965-ല്‍ സ്ഥാപിതമായി. ഹൈസ്കൂള്‍ സ്ഥാപിതമായതോടെ മൊത്തം സ്കൂളുകളുടെ എണ്ണം നാലായി ഉയര്‍ന്നു. ആകെയുള്ള വിദ്യാലയങ്ങളില്‍ രണ്ടെണ്ണം സര്‍ക്കാര്‍ മേഖയിലും രണ്ടെണ്ണം സ്വകാര്യമേഖലയിലുമാണ്.

ഗതാഗതം

മുന്‍കാലങ്ങളില്‍ യാത്രചെയ്യുന്നതിനും സാധനങ്ങള്‍ കൊണ്ടുപോകുന്നതിനും ജലഗതാഗതമാര്‍ഗ്ഗമായിരുന്നു മുഖ്യ ആശ്രയം. ജല ഗതാഗതം അരൂക്കുറ്റിയില്‍ സുഗമമായി നടന്നിരുന്നു. കൊല്ലം, ആലപ്പുഴ, കായംകുളം, കോട്ടയം മാന്നാര്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലേക്ക് അരൂക്കുറ്റിയില്‍ നിന്നും ബോട്ടുമാര്‍ഗ്ഗം യാത്രചെയ്യാമായിരുന്നു. അക്കാലത്ത് ഒരു പട്ടണത്തിന്റെ പ്രതീതിയായിരുന്നു അരൂക്കുറ്റിക്ക്. അരൂര്‍-ഇടക്കൊച്ചി പാലവും, പൂത്തോട്ട പാലവും പണിതീരുന്നതുവരെ കൊല്ലത്തേയ്ക്കും, കോട്ടയത്തേക്കും കൊച്ചിയില്‍ നിന്നും സാധനങ്ങള്‍ കൊണ്ടുപോയിരുന്നത് വലിയ കേവുവള്ളങ്ങളിലായിരുന്നു. ധാരാളം വള്ളങ്ങള്‍ മാലപോലെ കൂട്ടിക്കെട്ടി ബാര്‍ജ് കൊണ്ട് കെട്ടിവലിച്ച് ടണ്‍കണക്കിനു സാധനങ്ങള്‍ കുറഞ്ഞ ചെലവില്‍ പലദിക്കുകളിലേക്കും കൊണ്ടുപോയിരുന്നു. കേരള സംസ്ഥാനരൂപികരണത്തോടെ അരൂക്കുറ്റിയുടെ തൊട്ടടുത്ത വ്യവസായകേന്ദ്രവും തുറമുഖവുമായ കൊച്ചിയുമായുള്ള യാത്ര സുഗമമാക്കുന്നതിനുവേണ്ടി അരൂക്കുറ്റി-എറണാകുളം ബോട്ട് സര്‍വ്വീസ് ആരംഭിച്ചു. ദിവസവും ഏതാണ്ട് 14 ബോട്ടുകള്‍ വരെ സര്‍വ്വീസ് നടത്തിയിരുന്നു. അരൂര്‍ ബൈപാസിലൂടെയുള്ള ഗതാഗതം സുഗമമായതോടെ ഈ സര്‍വ്വീസുകള്‍ നിലച്ചു. പിന്നീട് അരൂക്കുറ്റി മുണ്ടംവേലി, അരൂക്കുറ്റി-കുമ്പളം സര്‍വ്വീസുകള്‍ തുടങ്ങി. പനങ്ങാടുവരെ ബസ് സര്‍വ്വീസ് ആരംഭിച്ചപ്പോള്‍ മുണ്ടേമ്പളളി ബോട്ട് സര്‍വ്വീസ് നിലച്ചു. രാജവാഴ്ചക്കാലത്തു തന്നെ ചേര്‍ത്തലയില്‍ നിന്ന് അരൂക്കുറ്റിയിലേക്ക് കരിഗ്യാസ് വണ്ടി ഓടിയിരുന്നു. പൂഴിയിട്ട റോഡില്‍ കൂടി വളരെ വര്‍ഷങ്ങള്‍ക്കുശേഷമാണ് ചേര്‍ത്തല-അരൂക്കുറ്റി പ്രൈവറ്റ് ബസ് സര്‍വ്വീസ് ആരംഭിച്ചത്. ലക്ഷ്മി മോട്ടോര്‍ സര്‍വ്വീസ് (എല്‍.എം.എസ്) 7 വണ്ടിവരെ ഓടിച്ചിരുന്നു. ക്രമേണ ബസ്സുകള്‍ കൂടി. 1974-ല്‍ ടാറിംഗ് നടന്നതോടെ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് ആരംഭിച്ചു. പഞ്ചായത്ത് രൂപീകൃതമായ ശേഷം ആദ്യമായി നിര്‍മ്മിച്ച റോഡുകള്‍ വടുതല-നദ്വത്ത് നഗര്‍ റോഡും, വടുതല ജെട്ടി റോഡുമാണ്.

സംസ്കാരം

വിവിധ രാജഭരണത്തിന്‍കീഴില്‍ കഴിഞ്ഞിരുന്ന ഈ ഭൂപ്രദേശം മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് തിരുവിതാംകൂറിനോട് ചേര്‍ക്കപ്പെട്ടു. അതിര്‍ത്തി ഗ്രാമമായതിനാല്‍ അരൂക്കുറ്റി ഒരു കൊച്ചു പട്ടണമായി. വാണിജ്യ വിപണന രംഗത്തല്ലാതെ സാംസ്കാരികരംഗത്ത് കാര്യമായ സംഭാവന ചെയ്യാന്‍ രാജഭരണത്തിനുപോലും കഴിഞ്ഞില്ല. മറ്റു പ്രദേശങ്ങളിലെ പോലെ ജന്മിത്തമായിരുന്നു ആദ്യകാലങ്ങളില്‍ നിലനിന്നിരുന്നത്. സവര്‍ണ്ണ ഹൈന്ദവ വിഭാഗത്തില്‍ പെട്ട ജന്മിമാരുടെ കുടിയാന്‍മാരായിരുന്നു നല്ലൊരു ഭാഗം ജനങ്ങളും. രാജാധിപത്യത്തിന്റെയും ജന്മിത്തത്തിന്റേയും ഗുണദോഷങ്ങള്‍ അനുഭവിച്ചറിഞ്ഞവരായിരുന്നു പൂര്‍വികര്‍. ഭൂപരിഷ്കരണനടപടികള്‍ ജീവിതരീതിയാകെ മാറ്റിമറിച്ചു. കുടിയാന്‍മാര്‍ സ്വന്തമായി ഭൂമിക്കര്‍ഹരായി. ജന്മിമാര്‍ക്കു പകരം ഇടത്തരം കര്‍ഷകര്‍ നിലവില്‍ വന്നു. മതവിശ്വാസവുമായി ബന്ധപ്പെട്ടതു തന്നെയാണ് അന്നും ഇന്നും ഇവിടത്തെ ആചാരങ്ങളും ആഘോഷങ്ങളും. മാത്താനം ക്ഷേത്രോത്സവം, കാട്ടുപുറം പള്ളി ചന്ദനക്കുടം മഹോത്സവം, വിടുതല പാദുവാപുരം പള്ളി തിരുനാള്‍ ഇവയാണ് ഈ ഗ്രാമത്തിലെ പ്രധാന ആഘോഷങ്ങള്‍. മാത്താനം ഉത്സവത്തോടനുബന്ധിച്ച് അന്നംവലി എന്നൊരു ചടങ്ങുണ്ടായിരുന്നു. ഇടക്കാലത്തുണ്ടായ ഒരു തര്‍ക്കത്തെ തുടര്‍ന്ന് ഇത് നിലച്ചുപോയി. ഇടയ്ക്കു ചില തടസ്സങ്ങളുണ്ടായെങ്കിലും കാട്ടുപുറം പള്ളിയിലെ ചന്ദനക്കുടം ഇന്നും നിലനില്‍ക്കുന്നു. അന്യദേശങ്ങളില്‍ നിന്നുപോലും ജനങ്ങള്‍ എത്തിച്ചേരുന്ന പാദുവാപുരം പളളിയിലെ തിരുനാള്‍ വീട്ടുപകരണങ്ങളുടെ ഒരു വിപണനമേള കൂടിയാണ്. കാവുകളോടനുബന്ധിച്ച് നടക്കുന്ന സര്‍പ്പംതുള്ളല്‍ ഇന്നും അതിന്റെ തനിമ നഷ്ടപ്പെടാതെ നിലനില്‍ക്കുന്നു.