ചരിത്രം

സാമൂഹ്യചരിത്രം

പശ്ചിമഘട്ടത്തില്‍ നിന്നുത്ഭവിച്ച് മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിലൂടെ ഒഴുകി അറബിക്കടലില്‍ ചേരുന്ന കടലുണ്ടിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുഗ്രാമമാണ് അബ്ദുറഹിമാന്‍ നഗര്‍. കൊടുവായൂര്‍ എന്ന പേരിലായിരുന്നു ആദ്യകാലങ്ങളില്‍ ഈ ഗ്രാമം അറിയപ്പെട്ടിരുന്നത്. കടലുണ്ടിപുഴ, പട്ടിശ്ശേരിപാടം, പെരുവള്ളൂര്‍പാടം, കുറ്റൂര്‍പാടം എന്നിവയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഈ കൊച്ചുഗ്രാമം വര്‍ഷകാലങ്ങളില്‍ ഒരു ദ്വീപിന്റെ പ്രതീതി സൃഷ്ടിക്കുമായിരുന്നു. ഈ ഗ്രാമത്തിലുള്ളവര്‍ക്ക് ആദ്യകാലങ്ങളില്‍ പുറം ലോകവുമായി ബന്ധപ്പെടാന്‍ വളരെ പ്രയാസങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. കൊടുവായൂര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ ഗ്രാമം മമ്പുറം, കൊടുവായൂര്‍, പുകയൂര്‍ എന്നീ മൂന്ന് ദേശങ്ങള്‍ ചേര്‍ന്നതായിരുന്നു. ഈ മൂന്നു ദേശങ്ങളും കൊടുവായൂര്‍ അംശത്തിന്റെ കീഴിലുമായിരുന്നു. പഞ്ചായത്തിലേയും പരിസര പഞ്ചായത്തിലേയും 22 ദേശങ്ങളുടെ ഭരണാധികാരിയായിരുന്ന കപ്പേടത്ത് മൂപ്പില്‍ നായരുടെ നാടുവാഴി ഭരണത്തിലായിരുന്നു ഈ പ്രദേശം. കൊടുവായൂര്‍ എന്നു പേരുണ്ടായിരുന്ന ഈ ഗ്രാമത്തിന്റെ നാമം, അബ്ദുറഹിമാന്‍ നഗര്‍ ബസാറിനടുത്ത് സ്ഥിതിചെയ്യുന്ന ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കപ്പേടത്ത് മൂപ്പില്‍ നായരുടെ ഭരണകാലഘട്ടത്തിനുശേഷം ഗ്രാമം ഏതാനും ചില ഭൂവുടമകളായ നാട്ടുകാരണവന്മാരുടെ ഭരണത്തിലായി. ഈ നാട്ടുകാരണവന്മാര്‍ക്കു ബ്രിട്ടീഷ് ഗവണ്‍മെന്റ് എല്ലാവിധ സൌകര്യങ്ങളും ഒത്താശകളും ചെയ്തുകൊടുത്തുപോന്നു. ഏതാനും ചില നെല്‍പ്പാടങ്ങളും, നെല്‍പാടങ്ങളോടു ചേര്‍ന്നുകിടക്കുന്ന, കേരകൃഷിയ്ക്കുപയോഗിക്കുന്ന സ്ഥലങ്ങളും ഇഞ്ചി, മരച്ചീനി പോലെയുള്ള കൃഷിക്കുപയോഗിക്കുന്ന സ്ഥലങ്ങളും മാറ്റിനിറുത്തിയാല്‍ 80 ശതമാനം ഭൂമിയും വെളിമ്പ്രദേശങ്ങളായിരുന്നു. വലിയ കുന്നുകളോ മലകളോ ഇല്ലാത്ത സമനിരപ്പായി കിടക്കുന്ന ഈ പ്രദേശങ്ങളത്രയും കന്നുകാലികളെ മേയ്ക്കുന്നതിനാണ് ഉപയോഗപ്പെടുത്തിയിരുന്നത്. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന ചുവന്ന നടപ്പാതകള്‍, നടപ്പാതകളുടെ ഓരങ്ങളില്‍ അങ്ങിങ്ങായി കാണുന്ന തണല്‍വൃക്ഷങ്ങള്‍, ചായപ്പീടികകള്‍, തണല്‍വൃക്ഷങ്ങളുടെ അടുത്തു കാണുന്ന അത്താണികള്‍, തണല്‍വൃക്ഷങ്ങളുടെ ചുവട്ടില്‍ ക്ഷൌരം ചെയ്യുന്നവര്‍ ഇരിക്കാനുപയോഗിക്കുന്ന കല്ലുകള്‍, കൂട്ടമായി മേഞ്ഞുനടക്കുന്ന കന്നുകാലികള്‍, മൈലുകള്‍ താണ്ടിചെല്ലുമ്പോള്‍ കാണുന്ന ചിനകള്‍ എന്ന പേരിലറിയപ്പെടുന്ന ചെറിയ ജലാശയങ്ങള്‍, ഇതൊക്കെ ചേര്‍ന്നതായിരുന്നു പഴയ കൊടുവായൂര്‍ എന്ന പേരിലറിയപ്പെട്ടിരുന്ന അബ്ദുറഹിമാന്‍ നഗറിന്റെ മനോഹരമായ പഴയകാല കാഴ്ചകള്‍. പച്ചപിടിച്ചുനില്‍ക്കുന്ന നെല്‍പ്പാടങ്ങളുടെ ഓരങ്ങളും കടലുണ്ടിപുഴയുടെ തീരപ്രദേശങ്ങളുമായിരുന്നു പഴയകാലത്ത് താമസത്തിന് കൂടുതലായും ഉപയോഗപ്പെടുത്തിയിരുന്നത്. ഭരണമാറ്റത്തിന്റെ ഫലമായി സാംസ്കാരികമേഖലകളിലും, സാമൂഹ്യമേഖലകളിലും വന്ന മാറ്റങ്ങള്‍ ഗ്രാമത്തിന്റെ ഉണര്‍വ്വിനു കാരണമായി. ഇതോടെ മതസംഘടനകളുടെ പ്രവര്‍ത്തനത്തിനും, സാംസ്കാരികപ്രവര്‍ത്തനത്തിനും ജീവന്‍ വച്ചു. ഇതിന്റെ ഫലമായി, ഗ്രാമത്തിലെ ഭൂരിപക്ഷസമുദായമായ മുസ്ളീംങ്ങളുടെ ഓത്തുപള്ളിയും ഏകാംഗവിദ്യാലയങ്ങളും പുറമേ അങ്ങിങ്ങായി ചില ഹിന്ദു എലിമെന്ററി സ്കൂളുകളും നിലവില്‍ വന്നു. ഓത്തുപള്ളികളായി തുടങ്ങിയ മതപഠനശാലകള്‍ക്കു ഈ പഞ്ചായത്തില്‍ തുടക്കം കുറിച്ചത്, ഇരുപതാം നൂറ്റാണ്ടിനുള്ളിലാണ്. 1954 കാലഘട്ടത്തില്‍ അബ്ദുറഹിമാന്‍ നഗര്‍ പഞ്ചായത്തിലേയും, വേങ്ങര-തേഞ്ഞിപ്പലം പഞ്ചായത്തുകളിലേയും നാട്ടുകാരണവന്‍മാരും പൊതുപ്രവര്‍ത്തകരും, ടിപ്പുസുല്‍ത്താന്റെ പടയോട്ടകാലത്തെ ഏറ്റവും വലിയ “നടവഴി” ആയിരുന്നതും, തിരൂരങ്ങാടിയെ കൊണ്ടോട്ടിയുമായി ബന്ധിപ്പിക്കുന്നതുമായ നടപ്പാത റോഡാക്കി മാറ്റാന്‍ തീരുമാനമെടുത്തു. എ.ആര്‍.നഗറിലെ ജനമുന്നറ്റത്തിന്റെ തുടക്കമായിരുന്നു അത്. ഇന്നാട്ടുകാര്‍ അക്കാലത്ത് അടക്കവെട്ടുന്ന ജോലിയിലും മദിരാശി, ബാംഗ്ളൂര്‍ പോലുള്ള വിദൂരനഗരങ്ങളില്‍ ബിസ്കറ്റുനിര്‍മ്മാണ ജോലിയിലും ഏര്‍പ്പെട്ടിരുന്നു. ഈ വിദേശജോലിക്കാര്‍ വീട്ടുകാര്‍ക്കായി അയച്ചുകൊടുക്കുന്ന പൈസയും കത്തുകളും വെള്ളക്കാട്ടുപടിയിലുണ്ടായിരുന്ന തപാലാഫീസ് മുഖേനയാണ് മേല്‍വിലാസക്കാര്‍ക്ക് എത്തിക്കൊണ്ടിരുന്നത്. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വളരെയേറെ വേരുകളുള്ള ഒരു ഗ്രാമമായിരുന്നു കൊടുവായൂര്‍. സ്വാതന്ത്ര്യസമരനായകന്‍ അബ്ദുറഹിമാന്‍ സാഹിബിന്റെയും സഹപ്രവര്‍ത്തകരുടെയും പ്രവര്‍ത്തനമേഖല കൂടിയായിരുന്നു ഈ പ്രദേശം. എന്ത് പേര് സ്വീകരിക്കണമെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നങ്കിലും അന്നത്തെ പ്രബലകക്ഷികളായ കോണ്‍ഗ്രസും മുസ്ളീംലീഗും പഞ്ചായത്തിന്റെ പേരു മാറ്റണം എന്ന കാര്യത്തില്‍ ഒരേ അഭിപ്രായക്കാരായിരുന്നു. കൊടുവായൂരിലെ കോണ്‍ഗ്രസ് നേതാവും എ.ആര്‍.നഗറിലെ പ്രഥമ പ്രസിഡന്റുമായിരുന്ന വി.അഹമ്മദ് ആസാദ് ഈ ആവശ്യത്തിനു വേണ്ടി ഉറച്ചുപ്രവര്‍ത്തിച്ചു. മാറിവരുന്ന പേരു അബ്ദുറഹിമാന്‍ സാഹിബിന്റേത് ആയിരിക്കണമെന്ന് അക്കാലത്ത് ആസാദ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ഉന്നയിക്കുകയും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയെ കൊണ്ട് ഈ പേര് താത്വികമായി അംഗീകരിപ്പിക്കുകയും ചെയ്തു. 1962 ലാണ് കൊടുവായൂരിന്റെ പേര് അബ്ദുറഹിമാന്‍ നഗര്‍ എന്നാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്. തുടര്‍ന്ന് നടന്ന പ്രവര്‍ത്തനഫലമായി വി.കെ.പടി പോസ്റ്റോഫീസ് അബ്ദുറഹിമാന്‍ നഗര്‍ പോസ്റ്റാഫീസാക്കി മാറ്റി. 1969 കാലഘട്ടം വരെ വില്ലേജിന്റെ പേര് കൊടുവായൂര്‍ എന്നുതന്നെ നിലനിന്നുപോന്നു. 1969-ലെ സര്‍ക്കാരാണ് കൊടുവായൂര്‍ വില്ലേജിന്റെ പേരു അബ്ദുറഹിമാന്‍ നഗര്‍ എന്നാക്കിമാറ്റിയത്. ഈ പഞ്ചായത്തിന്റെ  മുഖഛായ  മാറ്റിയെടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചത് കൊണ്ടോട്ടി-തിരൂരങ്ങാടി റോഡിന്റെ നിര്‍മ്മാണത്തോടെയായിരുന്നു. പുറംലോകവുമായി ബന്ധപ്പെടാന്‍ യാതൊരു ഗതാഗതസൌകര്യവും ഇല്ലാതിരുന്ന ഗ്രാമത്തിന് കൊണ്ടോട്ടി - തിരൂരങ്ങാടി റോഡിനു ശേഷം 17-ാം നമ്പര്‍ നാഷണല്‍ ഹൈവേയും പഞ്ചായത്തിലൂടെ കടന്നുപോയതോടെ ഗതാഗതമേഖലയില്‍ അഭൂതപൂര്‍വ്വമായ മാറ്റം സംഭവിച്ചു.

സാംസ്കാരികചരിത്രം

മലപ്പുറം ജില്ലക്കകത്തും പുറത്തും അറിയപ്പെടുന്ന മമ്പുറം മഖാമും മുസ്ളീം ദേവാലയവും വളരെ പ്രസിദ്ധമാണ്. തുല്യപ്രാധാന്യവും പഴമയുമുള്ളതാണ് എ.ആര്‍.നഗര്‍ ബസാറിനടുത്ത് സ്ഥിതി ചെയ്യുന്ന കൊടുവായൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ സംഭവങ്ങള്‍ മമ്പുറം മഖാമുമായി ബന്ധപ്പെട്ടുകിടക്കുന്നു. സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായി സാധാരണ ജനങ്ങളെ ബന്ധപ്പെടുത്തുന്നതില്‍ ഈ സ്ഥാപനം വളരെയേറെ പങ്ക് വഹിച്ചിട്ടുണ്ട്. അബ്ദുറഹിമാന്‍ നഗര്‍ പഞ്ചായത്തിന്റെ പ്രാചീനചരിത്രം കൊടുവായൂര്‍ ശ്രീസുബ്രഹ്മണ്യക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഈ ക്ഷേത്രം പരശുരാമനാല്‍ പ്രതിഷ്ഠിതമായതാണെന്നാണ് കരുതപ്പെടുന്നത്. ഇന്ന് ക്ഷേത്രത്തിനോട് തൊട്ട് ഒരു ശ്രീകൃഷ്ണക്ഷേത്രവും ശിവക്ഷേത്രവും കൂടി നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. ടിപ്പുവിന്റെ പടയോട്ടത്തില്‍ ഈ ക്ഷേത്രത്തിനു കേടുപാടുകള്‍ സംഭവിച്ചുവത്രെ. ഈ ക്ഷേത്രങ്ങളില്‍ നിന്നാണ് മറ്റ് കുടുംബക്ഷേത്രങ്ങളിലേക്ക് കലശങ്ങള്‍ കൊണ്ടുപോകുന്നത്. തൈപ്പൂയം, പ്രതിഷ്ഠാദിനം, വേട്ടക്കൊരുമകന്‍ പാട്ട്, ശ്രീകൃഷ്ണജയന്തി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങള്‍. ശബരിമല തീര്‍ത്ഥാടകരുടെ ഒരിടത്താവളം കൂടിയാണ് ഇത്. ശ്രീസുബ്രഹ്മണ്യക്ഷേത്രത്തിലെ കൊത്തുപണികള്‍, പഴയ ചില മുസ്ളീംദേവാലയങ്ങളില്‍ കാണുന്ന കൊത്തുപണികള്‍, കൊളപ്പുറം സൌത്തിലെയും, കുന്നംപുറത്തിനടുത്ത കുടക്കല്‍ പ്രദേശത്തും കാണുന്ന ‘കുടക്കല്ലുകള്‍’, അപൂര്‍വ്വമായി ചില സ്ഥലങ്ങളില്‍ കാണുന്ന അത്താണികള്‍, പഴയ ഭൂവുടമാകുടുംബങ്ങളില്‍ കാണുന്ന ചില പ്രാചീനപാത്രങ്ങള്‍, നാലാം വാര്‍ഡിലെ മണ്ണാറക്കല്‍ തൊടുവിനോടടുത്തുകാണുന്ന കളരിത്തറ എന്നിവയാണ് ഇന്നീ ഗ്രാമത്തിലവശേഷിക്കുന്ന ചരിത്രാവശിഷ്ടങ്ങള്‍. അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് സ്വാതന്ത്ര്യസമരപോരാളിയും ധീരദേശാഭിമാനിയുമായിരുന്ന മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ നാമധേയത്തില്‍ അറിയപ്പെടുന്നു എന്നുള്ളതു തന്നെ ഈ പ്രദേശത്തിന്റെ സാംസ്കാരികമഹത്വം വിളിച്ചോതുന്നു. ഓത്തുപള്ളിക്കൂടങ്ങളിലൂടെയും എഴുത്തുപള്ളിക്കൂടങ്ങളിലൂടെയും പള്ളിദര്‍സുകളിലൂടെയുമുള്ള വിദ്യാഭ്യാസത്തിലൂടെ ജനങ്ങളെ അറിവുള്ളവരും, സംസ്ക്കാരസമ്പന്നരുമാക്കുന്നതിനു സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ ഈ പ്രദേശത്ത് ശ്രമങ്ങള്‍ നടന്നിരുന്നു. ബഹുഭൂരിപക്ഷം കര്‍ഷകരും കൃഷിപ്പണിക്കാരായിരുന്ന ഗ്രാമത്തിന്റെ ഏറ്റവും വലിയ ഉത്സവം കാളപൂട്ട് മത്സരമായിരുന്നു. കോല്‍ക്കളി, വായ്പ്പാട്ട്, ചവിട്ടുകളി, കാറകളി എന്നിവയും ആദ്യകാലത്ത് ജനങ്ങളുടെ പ്രിയപ്പെട്ട വിനോദയിനങ്ങളായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് ഈ ഗ്രാമത്തിന്റെ പല ഭാഗങ്ങളിലായി അന്നത്തെ വിദ്യാഭ്യാസ തല്‍പ്പരരായ ആളുകള്‍ സ്ഥാപിച്ച അനൌപചാരിക വയോജന വിദ്യാഭ്യാസകേന്ദ്രങ്ങളാണ് പില്‍ക്കാലത്ത് ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളായി മാറിയത്. അബ്ദുറഹിമാന്‍ നഗറില്‍ ആദ്യമായി സ്ഥാപിതമായ ലൈബ്രറിയാണ് പോപ്പുലര്‍ ലൈബ്രറി ആന്റ്  റീഡിംഗ് റൂം. 1974-ല്‍ സ്ഥാപിതമായ ഇരുമ്പുചോല ബാഫഖി തങ്ങള്‍ സ്മാരക ലൈബ്രറി ആന്റ് വായനശാല സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുമ്പുചോല മാപ്പിളകലാവേദി, ജനവിദ്യാകേന്ദ്രം എന്നിവയും ഈ ലൈബ്രറിയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു.