പഞ്ചായത്തിലൂടെ

അബ്ദുറഹിമാന്‍ നഗര്‍ - 2010

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കില്‍ വേങ്ങര ബ്ളോക്കിലാണ് അബ്ദുറഹിമാന്‍ നഗര്‍ (എ.ആര്‍.നഗര്‍) ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1963 ഡിസംബര്‍ 27 നാണ് അബ്ദുറഹിമാന്‍ നഗര്‍ പഞ്ചായത്ത് രൂപീകൃതമായത്. 14.83 ച.കി.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്കു ഭാഗത്ത് തേഞ്ഞിപ്പലം, കണ്ണമംഗലം, മൂന്നിയൂര്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് വേങ്ങര, കണ്ണമംഗലം പഞ്ചായത്തുകളും, തെക്കുഭാഗത്ത് തിരൂരങ്ങാടി, വേങ്ങര  പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് മൂന്നിയൂര്‍, തിരൂരങ്ങാടി, തേഞ്ഞിപ്പലം പഞ്ചായത്തുകളുമാണ്. 35,534 വരുന്ന ജനസംഖ്യയില്‍ 18,272 പേര്‍ സ്ത്രീകളും 17,262 പേര്‍ പുരുഷന്‍മാരുമാണ്. 90% ത്തിനു മുകളില്‍ സാക്ഷരത നേടിയവരാണ് ഈ പഞ്ചായത്ത് നിവാസികള്‍.  ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിലാണ് അബ്ദുറഹിമാന്‍ നഗര്‍ പഞ്ചായത്ത്. അബ്ദുറഹിമാന്‍ നഗര്‍ പഞ്ചായത്ത് ഒരു കാര്‍ഷിക ഗ്രാമമാണ്. കടലുണ്ടി പുഴയോട് ചേര്‍ന്ന് കിടക്കുന്ന ഈ ഗ്രാമം അല്പം തെക്കോട്ട് ചരിഞ്ഞ സമതല പ്രദേശമാണ്. നെല്ല്, തെങ്ങ് എന്നിവയാണ് പ്രധാന കൃഷികള്‍. ഇടവിളകളായി വാഴ, മരച്ചീനി, ചേന, ചേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ്, ഇഞ്ചി, കുരുമുളക്, ജാതി എന്നിവ കൃഷി ചെയ്യുന്നു. പഞ്ചായത്തിലെ മുഖ്യ ജലസ്രോതസ്സ് കടലുണ്ടി പുഴയാണ്. ചെറുതും വലുതുമായ ആറ് കുളങ്ങള്‍ ഇവിടെയുണ്ട്. 140 പൊതുകിണറുകളും, 72 പൊതുകുടിവെള്ള ടാപ്പുകളും പഞ്ചായത്ത് നിവാസികള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്നു. കൊളപ്പുറം മൈനര്‍ ഇറിഗേഷന്‍ മമ്പുറം കനാല്‍, കൂരിയാട് കനാല്‍ എന്നിവയിലൂടെ പഞ്ചായത്തില്‍ ജലസേചന സൌകര്യം ലഭ്യമാകുന്നു. പഞ്ചായത്തില്‍ കുന്നുകളാല്‍ സമൃദ്ധമായ പ്രദേശമാണ് കുന്നുംപുറം. 250 തെരുവു വിളക്കുകള്‍ പഞ്ചായത്തിന്റെ വീഥികള്‍ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് മമ്പുറം മഖാം. കേരളത്തിലെ തന്നെ പ്രശസ്തമായ പള്ളികളിലൊന്നാണ് മമ്പുറം മഖാം. പള്ളിയില്‍ നടത്തിവരുന്ന ആണ്ടുനേര്‍ച്ചയില്‍ പങ്കെടുക്കാനായി വിദേശികളും സ്വദേശികളും ഒരുപോലെ എത്തിച്ചേരുന്ന പള്ളിയാണിത്. അരലക്ഷത്തിലേറെ പേര്‍ക്ക് ആണ്ടുനേര്‍ച്ചയില്‍ നല്‍കുന്ന അന്നദാനം ശ്രദ്ധേയമാണ്. 1943-നു മുമ്പ് ഗതാഗതസൌകര്യത്തിന്റെ അപര്യാപ്തത മൂലം പുറംലോകവുമായി ബന്ധപ്പെടാന്‍ വളരെയധികം പ്രയാസപ്പെട്ടിരുന്ന ഒരു ഗ്രാമമാണ് അബ്ദുറഹിമാന്‍ നഗര്‍. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കാലഘട്ടത്തില്‍ കൊണ്ടോട്ടി തിരൂരങ്ങാടി റോഡ് നിര്‍മ്മിച്ചതോടുകൂടിയാണ് ഗതാഗതസൌകര്യത്തിന് പരിഹാരമായത്. ദേശീയപാത-17 ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. കൊണ്ടോട്ടി-തിരൂരങ്ങാടി റോഡ്, വലിയപറമ്പ്-തോട്ടശ്ശേരിയറ റോഡ്, കുന്നുംപുറം-വേങ്ങര റോഡ് എന്നിവ പഞ്ചായത്തിലെ പൊതുമരാമത്ത് റോഡുകളാണ്. വി.കെ.പടി, എ.ആര്‍.നഗര്‍ എന്നീ ബസ്സ്റ്റാന്റുകളിലാണ് പഞ്ചായത്തിന്റെ ബസ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത്. വിദേശയാത്രക്കായി പഞ്ചായത്ത് നിവാസികള്‍ കരിപ്പൂര്‍ വിമാനത്താവളത്തെയാണ് ഉപയോഗപ്പെടുത്തുന്നത്. റെയില്‍വേ ഗതാഗതത്തിനായി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനും തുറമുഖം എന്ന നിലയില്‍ ബേപ്പൂര്‍ തുറമുഖവും പഞ്ചായത്തിനോട് അടുത്ത് സ്ഥിതി ചെയ്യുന്നു. കുന്നുംകുലം കടവ്, പനംപുഴ കടവ്, മമ്പുറം കടവ് എന്നിവിടങ്ങളിലാണ് പഞ്ചായത്തിന്റെ ജലഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത്. പനംപുഴ പാലം, മമ്പുറം മിനിപാലം എന്നിവ പഞ്ചായത്തിന്റെ ഗതാഗതരംഗത്തെ പുരോഗതി വിളിച്ചറിയിക്കുന്ന ചിഹ്നങ്ങളാണ്. എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ ഒന്നുമില്ലെങ്കിലും ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. ചെരുപ്പ് നിര്‍മ്മാണം, പപ്പടം നിര്‍മ്മാണം എന്നീ ചെറുകിട വ്യവസായങ്ങള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ ഇടത്തരം വ്യവസായ സംരംഭങ്ങളാണ് മരവ്യവസായം, മെറ്റല്‍ ക്രഷര്‍ തുടങ്ങിയവ.   കൊളപ്പുറം, കുന്നുംപുറം എന്നിവിടങ്ങളിലായി പെട്രോള്‍ ബങ്കുകള്‍ ഉണ്ട്. പൊതുവിതരണമേഖലയില്‍ 12 റേഷന്‍കടകളും ഓരോ മാവേലി, നീതി സ്റ്റോറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കുന്നുംപുറം, കൊളപ്പുറം എന്നിവിടങ്ങളില്‍ പഞ്ചായത്തിലെ വ്യാപാരം കേന്ദ്രീകരിച്ചിരിക്കുന്നു. കുന്നുംപുറത്താണ് പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ളക്സ് പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തിലെ മാര്‍ക്കറ്റുകള്‍ സ്ഥിതി ചെയ്യുന്നത് കുന്നുംപുറം, എ.ആര്‍.നഗര്‍ അങ്ങാടി എന്നിവിടങ്ങളിലാണ്. അബ്ദുറഹിമാന്‍ നഗര്‍ പഞ്ചായത്തില്‍ പതിനഞ്ചാളം മുസ്ളീംപള്ളികളും പത്തോളം ഹിന്ദു ദേവാലയങ്ങളും നിലവിലുണ്ട്. മമ്പുറം മഖാം മുസ്ളീം ദേവാലയവും, കൊടുവായൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും പഞ്ചായത്തിലെ പ്രസിദ്ധങ്ങളായ ആരാധനാലയങ്ങളാണ്. അബ്ദുറഹിമാന്‍ നഗര്‍ പഞ്ചായത്തിന്റെ ചരിത്രം കൊടുവായൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ ക്ഷേത്രത്തിനു പുറമേ തലവെട്ടി ശിവക്ഷേത്രം, കാരച്ചിന ശിവക്ഷേത്രം, കരിയാത്തിന്‍കാവ് എന്നിവ പ്രധാനപ്പെട്ട ഹൈന്ദവ ആരാധനാലയങ്ങളാണ്. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ഉത്സവങ്ങളും നേര്‍ച്ചകളും എല്ലാ മതവിഭാഗക്കാരും ഒരു പോലെ ആഘോഷിക്കുന്നു. സ്വാതന്ത്ര്യസമര സേനാനി മമ്പുറം തങ്ങള്‍, ഇസ്ളാമിക പണ്ഡിതന്‍ കുരുമ്പി മുഹമ്മദ് മുസലിയാര്‍, സ്വാതന്ത്ര്യസമരസേനാനിയും ഇസ്ളാമിക പണ്ഡിതനുമായ പൂക്കോയ തങ്ങള്‍, പൊതു പ്രവര്‍ത്തകരായ കാവുങ്ങല്‍ മുഹമ്മദ് കുട്ടി, പി.കെ. മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ എന്നിവര്‍ പഞ്ചായത്തിലെ പ്രമുഖ വ്യക്തികളാണ്. പഴയകാല കോണ്‍ഗ്രസ് നേതാവായിരുന്ന മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ അനുയായി ആയി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ആസാദ് സാഹിബ് പഞ്ചായത്തിലെ പ്രശസ്തനായ വ്യക്തിയാണ്. പഞ്ചായത്തിന്റെ കലാകായിക സാംസ്കാരിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളാണ് ദോസ്താന സ്പോര്‍ട്സ് ക്ളബ്ബും, നവകേരള സാംസ്കാരിക വേദിയും. ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു പുറമേ മമ്പുറം, കൊളപ്പുറം, പുകയൂര്‍, പുതിയത്തുപുറായ എന്നിവിടങ്ങളില്‍ ഉപകേന്ദ്രങ്ങളുണ്ട്. മമ്പുറത്തും പുകയൂരും ഉള്ള സര്‍ക്കാര്‍ ആയുര്‍വദ ആശുപത്രികളും കുന്നംപുറത്തെ ഹോമിയോക്ളിനിക്കും, സര്‍ക്കാര്‍ ആശുപത്രിയും പഞ്ചായത്തിലെ ആരോഗ്യസംരക്ഷണത്തിനായുള്ള സ്ഥാപനങ്ങളാണ്. മൃഗസംരക്ഷണവകുപ്പിനു കീഴില്‍ കുന്നുംപുറത്ത് ഒരു മൃഗാശുപത്രി പ്രവര്‍ത്തിക്കുന്നു. ഓത്തുപള്ളികളായി തുടങ്ങിയ മതപഠന ശാലകള്‍ക്കു ഈ പഞ്ചായത്തില്‍ തുടക്കം കുറിച്ചത് കഴിഞ്ഞ നൂറ്റാണ്ടിലാണ്. 1920-ലാണ് ആദ്യവിദ്യാലയം സ്ഥാപിതമായത്. ആദ്യ ഹൈസ്കൂള്‍ സ്ഥാപിതമായത് 1975ല്‍ ആണ്. 1975 നു ശേഷം തിരൂരങ്ങാടി, വേങ്ങര, കുറ്റൂര്‍ നോര്‍ത്ത് എന്നിവിടങ്ങളില്‍ സ്കൂളുകള്‍ നിലവില്‍ വന്നതോടെ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് തുടക്കം കുറിച്ചു. എ.ആര്‍.നഗര്‍ ഹൈസ്കൂള്‍ ചെണ്ടപുറായ, ജി.എല്‍.പി സ്കൂള്‍ പുകയൂര്‍, വലിയപറമ്പ് ; അരിക്കാട് മുഹമ്മദ് ഹാജി എല്‍.പി.സ്കൂള്‍ പുതിയത്തുപുറായ, ഗവണ്‍മെന്റ് യു.പി.സ്കൂള്‍ കടാടുംപുറം, കൊളപുറം ; എ.യു.പി.സ്കൂള്‍ ഇരുമ്പുചോല, ജി.എം.യു.പി.സ്കൂള്‍ മമ്പുറം എന്നിവ പഞ്ചായത്തിലെ വിദ്യാലയങ്ങളാണ്. കാനറാ ബാങ്ക്, എ.ആര്‍.നഗര്‍, കുന്നുംപുറം, പുകയൂര്‍, മമ്പുറം, കൊളപ്പുറം എന്നിവിടങ്ങളിലെ സഹകരണ ബാങ്കുകള്‍, സര്‍വ്വീസ് സഹകരണ ബാങ്ക്, സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് എന്നിവ പഞ്ചായത്തിന്റെ സാമ്പത്തികരംഗത്ത് പ്രവര്‍ത്തിക്കുന്നവയാണ്. അബ്ദുറഹിമാന്‍ നഗറില്‍ ആദ്യമായി സ്ഥാപിച്ച ലൈബ്രറിയാണ് പോപ്പുലര്‍ ലൈബ്രറി ആന്റ് റീഡിംഗ് റൂം. ഇതിനുപുറമേ നഹാസാഹിബ് ലൈബ്രറി സാംസ്കാരിക നിലയം, ബഫഖി തങ്ങള്‍ മെമ്മോറിയല്‍ ലൈബ്രറി എന്നിവ ഈ പഞ്ചായത്തിലെ വായനാശാലകളാണ്. ഓരോ കമ്മ്യൂണിറ്റിഹാളും, കല്ല്യാണമണ്ഡപവും പഞ്ചായത്തിലുണ്ട്. ടെലിഫോണ്‍ എക്സ്ചേഞ്ച്, വൈദ്യുതി ബോര്‍ഡ് ഓഫീസ് എന്നിവ കുന്നുംപുറത്തും, കൃഷിഭവന്‍. വില്ലേജ് ഓഫീസ് എന്നിവ ചെണ്ടപുറായയിലും പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തില്‍ മൂന്ന് തപാല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു.