അബ്ദുറഹിമാന്‍ നഗര്‍

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കില്‍ വേങ്ങര ബ്ളോക്കിലാണ് അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അബ്ദുറഹിമാന്‍ നഗര്‍ വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിനു 14.83 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കു ഭാഗത്ത് തേഞ്ഞിപ്പലം, കണ്ണമംഗലം, മൂന്നിയൂര്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് വേങ്ങര, കണ്ണമംഗലം പഞ്ചായത്തുകളും, തെക്കുഭാഗത്ത് തിരൂരങ്ങാടി, വേങ്ങര  പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് മൂന്നിയൂര്‍, തിരൂരങ്ങാടി, തേഞ്ഞിപ്പലം പഞ്ചായത്തുകളുമാണ്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും 9 കിലോമീറ്റര്‍ സമദൂരത്തായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുഗ്രാമമാണ് അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത്. പശ്ചിമഘട്ടത്തില്‍ നിന്നുത്ഭവിച്ച് മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിലൂടെ ഒഴുകി അറബിക്കടലില്‍ ചേരുന്ന കടലുണ്ടിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിനു അയല്‍പഞ്ചായത്തുകളുടെ പകുതി വിസ്തൃതിയേ ഉള്ളൂ. കൊടുവായൂര്‍ എന്ന പേരിലാണ് ആദ്യകാലങ്ങളില്‍ ഈ ഗ്രാമം അറിയപ്പെട്ടിരുന്നത്. കടലുണ്ടിപുഴ, പട്ടിശ്ശേരിപാടം, പെരുവള്ളൂര്‍പാടം, കുറ്റൂര്‍പാടം എന്നിവയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഈ ഗ്രാമം വര്‍ഷകാലങ്ങളില്‍ ഒരു ദ്വീപിന്റെ പ്രതീതി സൃഷ്ടിക്കുമായിരുന്നു. 1963 ഡിസംബര്‍ 4-നാണ് പഞ്ചായത്തിലേക്ക് ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത്. 1956-ല്‍ കേരള സംസ്ഥാനം നിലവില്‍ വരുന്ന കാലഘട്ടം വരെ ഈ ഗ്രാമം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. മദിരാശി അസംബ്ളിയിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍, ഈ ഗ്രാമവാസികള്‍ കോട്ടക്കല്‍ ഫര്‍ക്കയിലായിരുന്നു ഉള്‍പ്പെട്ടിരുന്നത്. മണ്ഡലങ്ങള്‍ വീണ്ടും വിഭജിക്കപ്പെട്ടതോടെ ഈ ഗ്രാമം തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ടു.