പഞ്ചായത്തിലൂടെ

അറക്കുളം - 2010

ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന അറക്കുളം ഗ്രാമപഞ്ചായത്ത് 1953-ലാണ് രൂപീകരിക്കപ്പെട്ടത്. 192.64 ച.കി.മീ വിസ്തൃതിയുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് വാഴത്തോപ്പ്, ഉപ്പുതറ പഞ്ചായത്തുകളും, തെക്ക് മീനച്ചില്‍ താലൂക്കും, മേലുകാവ് പഞ്ചായത്തും,  പടിഞ്ഞാറ് കുടയത്തൂര്‍, വെള്ളിയാമറ്റം പഞ്ചായത്തുകളും, വടക്ക് വാഴത്തോപ്പ്, ഉടുമ്പന്നൂര്‍ പഞ്ചായത്തുകളുമാണ് . 23892 വരുന്ന ജനസംഖ്യയില്‍ 11962 പുരുഷന്മാരും 11930 സ്ത്രീകളും ഉള്‍പ്പെടുന്നു. മൊത്തം ജനതയുടെ സാക്ഷരത 93% മാണ്. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന ഈ പഞ്ചായത്തില്‍ സമതലം, ചെരിവുള്ള പ്രദേശം, കുന്നിന്‍പുറം എന്നിവ ഉള്‍പ്പെടുന്നു. വലകെട്ട് മല, കൊട്ടംപടിമല, ഇലപ്പള്ളിമല, ഇടാട് മല, പതിപ്പള്ളിമല, അതൂര്‍മല എന്നിവ മലകളില്‍ ചിലതാണ്. നെല്ല്, കപ്പ, ചാമ, മഞ്ഞപ്പുല്ല്, മുതിര, തുവര തുടങ്ങിയ ധാന്യങ്ങളും കിഴങ്ങുവര്‍ഗ്ഗങ്ങളുമായിരുന്നു ആദ്യകാല കൃഷിയിനങ്ങള്‍. ഇന്ന് കൃഷി ചെയ്തുവരുന്ന പ്രധാന വിളകള്‍ റബ്ബര്‍, തെങ്ങ്, കാപ്പി, കുരുമുളക്, കൊക്കോ, ഏലം തുടങ്ങിയവയാണ്. മൂലമറ്റം പവര്‍ഹൌസില്‍ നിന്നും ഉത്ഭവിക്കുന്ന വലിയാര്‍പുഴയും ഇടുക്കി ഡാമിന്റെ ഭാഗമായുള്ള തടാകവും ഇവിടുത്തെ പ്രധാന ജലസ്രോതസ്സുകളാണ്. നിരവധി പൊതുകിണറുകളും 178 കുടിവെള്ള ടാപ്പുകളും പഞ്ചായത്തുനിവാസികള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്നു. പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയുടെ 40% പതിപ്പള്ളി, കുളമാവ് വനപ്രദേശങ്ങളാണ്. 200 തെരുവ് വിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിലെ വീഥികളെ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. കുളമാവ് ഡാം, നാടുകാണിപനലിന്‍, തുമ്പച്ചിമല, ഇലപ്പള്ളി എന്നിവ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളാണ്. തൊടുപുഴ-പുളിയന്‍മല സംസ്ഥാനപാതയും മൂലമറ്റം-ഏലപ്പാറ റോഡും ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. പഞ്ചായത്തുറോഡുകള്‍ യാത്രാസൌകര്യം ലഭ്യമാക്കുന്നുണ്ടെങ്കിലും പഞ്ചായത്തിന്റെ വികസനപദ്ധതികള്‍ക്ക് കൂടുതല്‍ ഗതാഗതസൌകര്യങ്ങള്‍ അത്യന്താപേഷിതമാണ്. വിദേശയാത്രകള്‍ക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്നത് ഏറ്റവും അടുത്ത വിമാനത്താവളമായ നെടുമ്പാശ്ശേരി വിമാനത്താവളത്തെയാണ്. കോട്ടയം റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. തുറമുഖം എന്ന നിലയില്‍ കൊച്ചി തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്തുള്ളത്. മൂലമറ്റത്ത് സ്ഥിതി ചെയ്യുന്ന കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റാന്റ്, പ്രൈവറ്റ് ബസ്സ് സ്റ്റാന്റ് എന്നിവയാണ് പഞ്ചായത്തിന്റെ റോഡുഗതാഗതം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന രണ്ടു സ്ഥലങ്ങള്‍. ജലഗതാഗതരംഗത്ത് കുളമാവ്, ചക്കിമാലി എന്നിവിടങ്ങളിലെ ബോട്ടുസര്‍വ്വീസുകളാണ് ഇന്ന് നിലവിലുള്ളത്. കുളമാവ് ഡാം പാലം ആണ് പഞ്ചായത്തിലെ പ്രധാനപാലം. എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ ഇല്ലയെങ്കിലും നിരവധി ചെറുകിട വ്യവസായങ്ങള്‍ പഞ്ചായത്തിന്റെ അങ്ങിങ്ങായി പ്രവര്‍ത്തിച്ചിരുന്നു. റബ്ബര്‍ തടി സുലഭമായി ലഭിക്കുന്ന ഈ പഞ്ചായത്തില്‍ റബ്ബര്‍അധിഷ്ഠിത വ്യവസായത്തിന് ഏറെ സാധ്യതയുണ്ട്. അറക്കുളത്തും മൂലമറ്റത്തും ഓരോ പെട്രോള്‍ ബങ്കുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. പഞ്ചായത്തിലെ പൊതുവിതരണമേഖലയില്‍ നിരവധി റേഷന്‍ കടകളും ഒരു മാവേലി സ്റ്റോറും, ഒരു നീതി സ്റ്റോറും പ്രവര്‍ത്തിച്ചു വരുന്നു. പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങള്‍ മൂലമറ്റം, കുളമാവ് എന്നീ സ്ഥലങ്ങളില്‍ സ്ഥിതിചെയ്യുന്നു. ഗ്രാമപഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്സ് വാളിക്കുളത്ത് നിലകൊള്ളുന്നു. മൂലമറ്റം, കുളമാവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റുകളും ചന്തകളും പഞ്ചായത്തിലെ വിപണന മാര്‍ഗ്ഗങ്ങളാണ്. അറക്കുളം ധര്‍മ്മശാസ്താക്ഷേത്ര പരിസരത്ത് നാട്ടുരാജാക്കന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. അടര്‍ (യുദ്ധം) ഉണ്ടായസ്ഥലം അടര്‍ക്കുളവും കാലക്രമത്തില്‍ ലോപിച്ച് അറക്കുളവുമായി. ആറു വലിയ കുളങ്ങള്‍ ഉള്ള പ്രദേശം അറക്കുളമായി എന്നാണ് മറ്റൊരു അഭിപ്രായം. ഇപ്പോള്‍ നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. ജലപ്പള്ളിക്ഷേത്രം, അറക്കുളം ശാസ്താക്ഷേത്രം, ശിവക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളും, കണ്ണിക്കല്‍ ഇലപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ ക്രിസ്ത്യന്‍പള്ളികളും, കുളമാവിലെ മുസ്ലീംപള്ളിയും പഞ്ചായത്തിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളാണ്. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടുനടക്കുന്ന ഉത്സവങ്ങള്‍, പള്ളിപെരുന്നാള്‍ നേര്‍ച്ച മുതലായ വിവിധ ആഘോഷപരിപാടികള്‍ ഈ പഞ്ചായത്തിലെ ജനതയുടെ സാംസ്കാരിക തനിമ വിളിച്ചോതുന്നവയാണ്. ദേശീയ ഫുട്ബോള്‍ ടീമിലെ എന്‍.പി.പ്രദീപ് ഈ പഞ്ചായത്തിന്റെ അഭിമാനമാണ്. കലാ-കായിക സാംസ്കാരികരംഗങ്ങളുടെ പുരോഗതിക്കായി ക്ലബ്ബുകളും പ്രവര്‍ത്തിച്ചുവരുന്നു. ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. പി.എച്ച്.സി.യുടെ ഒരു സബ് സെന്റ്ര്‍ അറക്കുളത്ത് സ്ഥിതി ചെയ്യുന്നു. കൂടാതെ ഒരു സ്വകാര്യ ആശുപത്രി മൂലമറ്റത്ത് പ്രവര്‍ത്തിക്കുന്നു. ആയുര്‍വേദ ഡിസ്പെന്‍സറി, ഹോമിയോ ആശുപത്രി എന്നിവ അറക്കുളത്ത് നിലകൊള്ളുന്നു. പി.എച്ച്.സി.യുടെ പ്രാഥമിക ആരോഗ്യ ഉപകേന്ദ്രം അറക്കുളത്ത് പ്രവര്‍ത്തിച്ചു വരുന്നു. മൂലമറ്റത്ത് സ്ഥിതിചെയ്യുന്ന സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സ് സേവനം പഞ്ചായത്ത് നിവാസികള്‍ക്ക് ലഭ്യമാണ്. അറക്കുളം പന്ത്രണ്ടാം മൈലില്‍ ഒരു എല്‍.പി. സ്ക്കൂള്‍ സ്ഥാപിച്ചതോടെയാണ് ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന് പഞ്ചായത്തില്‍ തുടക്കം കുറിച്ചത്. 2010-ല്‍ എത്തി നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍മേഖലയില്‍ മൂന്നോളം സ്ക്കൂളുകളും സ്വകാര്യമേഖലയില്‍ 13 സ്ക്കൂളുകളും പ്രവര്‍ത്തിച്ചുവരുന്നു. ഈ പ്രദേശത്തെ ഉന്നതവിദ്യാഭ്യാസത്തിനു സൌകര്യം ഒരുക്കിക്കൊണ്ട് സ്വകാര്യ മേഖലയിലെ ഒരു കോളേജ് അറക്കുളത്ത് പ്രവര്‍ത്തിക്കുന്നു. പി.എച്ച്.സിയുടെ ഒരു മൃഗാശുപത്രി അറക്കുളത്ത് സ്ഥിതി ചെയ്യുന്നു. മൂലമറ്റത്ത് ഒരു പഞ്ചായത്ത് മൃഗാശുപത്രിയും സ്ഥിതി ചെയ്യുന്നു. എസ്.ബി.ടി, ഫെഡറല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവയുടെ ഓരോ ശാഖകള്‍ പഞ്ചായത്തിന്റെ അങ്ങിങ്ങായി പ്രവര്‍ത്തിക്കുന്നു. ഇതുകൂടാതെ കെ.എസ്.ഇ.ബിയുടേയും കെ.എസ്.ആര്‍.ടി.സി യുടേയും ഓരോ എംപ്ലോയ്മെന്റ് സൊസൈറ്റികളും ഒരു സ്വകാര്യ ബാങ്കും പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. ഇടനാട്, അറക്കുളം, പുള്ളിക്കാനം, ഉരുമ്പള്ള്, പതിപ്പള്ളി എന്നിവിടങ്ങളിലായി ഓരോ കമ്മ്യൂണിറ്റി ഹാളും നിലകൊള്ളുന്നു. വൈദ്യുതിബോര്‍ഡിന്റെ ഓഫീസ് മൂലമറ്റത്തും വില്ലേജ് ഓഫീസുകള്‍ അറക്കുളം, ഇലപ്പിള്ളി എന്നിവിടങ്ങളിലും സ്ഥിതി ചെയ്യുന്നു. എന്‍.പി.ഒ.എല്‍, ബി.എസ്സ്.എന്‍.എല്‍, എഫ്.സി.ഐ എന്നിവയാണ് പ്രധാന മേഖലാ സര്‍ക്കാര്‍ ഓഫീസുകള്‍. കൊച്ചിന്‍ മലബാര്‍ എസ്റ്റേറ്റ് പുള്ളിക്കാനം, ഗ്രിന്‍സുറി, ഹോളിഡേ റിസോര്‍ട്ട് നടുക്കാണി, മൂലമറ്റത്ത് പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ബോര്‍ഡ് ഓഫീസ്, ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ്, ഡിസ്ട്രിക് സോയില്‍ കണ്‍സര്‍വേഷന്‍, എസ്.സി.ഡെവലപ്മെന്റ് ഓഫീസ്, മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍ എന്നിങ്ങനെ ധാരാളം സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ ഈ പഞ്ചായത്തിന്റെ അങ്ങിങ്ങായി പ്രവര്‍ത്തിച്ചുവരുന്നു. കാര്‍ഷിക മേഖലയിലെ പുരോഗതിക്ക് സഹായകമായി കൃഷിഭവന്‍ അറക്കുളത്തും ക്രമസമാധാനപാലനത്തിനായി പോലീസ് സ്റ്റേഷന്‍ കുളമാവിലും സ്ഥിതി ചെയ്യുന്നു. മൂലമറ്റം, അറക്കുളം, കുളമാവ്, കരിപ്പില്‍, മൂലമറ്റം ഈസ്റ്റ്, ഇലപ്പിള്ളി, പതിപ്പള്ളി, കണ്ണിക്കല്‍, ഇടാട് എന്നിവിടങ്ങളിലായി ഒന്‍പതോളം തപാല്‍, കൊറിയര്‍ സര്‍വ്വീസുകളും പ്രവര്‍ത്തിച്ചുവരുന്നു. ടെലിഫോണ്‍ എക്സ്ചേഞ്ച് അറക്കുളം, ഇലപ്പിള്ളി, കുളമാവ് എന്നിവിടങ്ങളിലായി സ്ഥിതിചെയ്യുന്നു.