ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

ഏകദേശം 1500 വര്‍ഷം പഴക്കമുള്ളതാണ് ഇവിടുത്തെ പ്രസിദ്ധമായ മൂകാംബിക ക്ഷേത്രം. കൊച്ചി രാജാവിന്റെ കീഴിലുണ്ടായിരുന്ന തൃശൂര്‍ താലുക്കിന്റെ ഉപതാലുക്കായിരുന്നു അന്തിക്കാട് ഫര്‍ക്ക. പടിഞ്ഞാറ് കനോലി കനാലും, കിഴക്ക് വിസ്തൃതമായ നെല്‍പ്പാടങ്ങളും, വടക്ക് ഏനാമാവ് പുഴയും അതിരിടുന്ന ഈ പ്രദേശത്തിന്റെ ഭൂപരമായ പ്രത്യേകതകള്‍ കൊണ്ടുതന്നെ ഒരു സുരക്ഷിതമേഖലയായിരുന്നു. നിരക്ഷരരും സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്നവരുമായ ഈ പ്രദേശത്തെ ഭൂരിഭാഗം തദ്ദേശവാസികളും ചെത്തുതൊഴിലാളികള്‍, ചകിരിതൊഴിലാളികള്‍, കര്‍ഷകതൊഴിലാളികള്‍ മുതലായവരായിരുന്നു. ചങ്ങരംകണ്ടത്ത് കൈമളും, ചേലൂര്-ചിറ്റൂര് നമ്പൂതിരിമാരും, ദേവസ്വങ്ങളും കൈവശമാക്കി വച്ചിരിക്കുകയായിരുന്നു ഈ പ്രദേശത്തെ ഭൂമി മുഴുവനും. തൊഴില്‍രംഗത്തും, സാംസ്കാരികരംഗത്തും, പിന്നോക്കാവസ്ഥയിലായിരുന്നു അന്തിക്കാട്. സ്വാതന്ത്ര്യസമരത്തിന്റെ  ആദ്യകാലത്ത് സഘടിതമായ പ്രക്ഷോഭങ്ങള്‍ കാര്യമായി ഈ പ്രദേശത്ത് ഉണ്ടായിട്ടില്ലെങ്കിലും കനോലി കനാലിന്റെ പടിഞ്ഞാറുഭാഗത്തുള്ള പഴയ മലബാര്‍ പ്രദേശത്ത് നടന്നിരുന്ന പ്രക്ഷോഭണങ്ങളില്‍ ഈ പ്രദേശത്തുനിന്നും കുറച്ചുപേര്‍ പങ്കെടുത്തിട്ടുണ്ടു. കൊച്ചി സംസ്ഥാനത്ത് രാജവാഴ്ചക്കെതിരായി, 1121 കര്‍ക്കിടകം 13 (1946 ജൂലായ് 30) ഉത്തരവാദഭരണദിനമായി ആചരിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി ചെത്തുതൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ഹര്‍ത്താലും പൊതുപണിമുടക്കും ഇവിടെയും നടന്നു. 1942-ലെ ഒത്തുതീര്‍പ്പുവ്യവസ്ഥകളുടെ ലംഘനവും തൊഴില്‍നിഷേധവും ഷാപ്പുകളുടെ ലോക്കൌട്ടും വീണ്ടുമൊരു സമരത്തിന് കാരണമായി. 1946-ല്‍ ആരംഭിച്ച ഈ സമരം 108 ദിവസം നീണ്ടുനിന്നു. ഈ സമരത്തിന്റെ ഭാഗമായാണ് ചരിത്രപ്രസിദ്ധമായ കുലമുറി സമരം അരങ്ങേറിയത്. സമരത്തെ അടിച്ചൊതുക്കുന്നതിന് മര്‍ദ്ദകവീരന്മാരായ പോലിസുദ്ദ്യോഗസ്ഥന്മാര്‍ അന്തിക്കാട്ടേക്ക് നിയോഗിക്കപ്പെടുകയും ഈ പ്രദേശത്ത് കര്‍ഫ്യു പ്രഖ്യാപിക്കുകയും ചെയ്തു. ഇത് മൂന്നുമാസക്കാലം നീണ്ടുനിന്നു. ഇന്‍ഡ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കാലം കര്‍ഫ്യു അയവില്ലാതെ നിലനിന്ന പ്രദേശം അന്തിക്കാടാണ്. 1947 ആഗസ്റ്റ് 15-ന് ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ അന്തിക്കാട് ഗ്രാമത്തില്‍ കര്‍ഫ്യു ആയിരുന്നു. ആഗസ്റ്റ് 20-നാണ് കര്‍ഫ്യു പിന്‍വലിച്ചത്. അന്തിക്കാടിന്റെ പടിഞ്ഞാറേതീരത്തു നടന്ന ചകിരിത്തൊഴിലാളിസമരവും അവകാശപ്പോരാട്ടങ്ങളുടെ ചരിത്രത്തില്‍ തെളിഞ്ഞുനില്‍ക്കുന്നു. പഞ്ചായത്തിന്റെ മൊത്തവിസ്തൃതിയില്‍ 22% കോള്‍നിലം ഉള്‍പ്പെടുന്നു. ഇത് പഞ്ചായത്തിന്റെ കിഴക്കുഭാഗത്തുള്ള പറമ്പുകളുടെ (കരഭൂമി) കിഴക്കോട്ടു ചരിഞ്ഞ് സമുദ്രനിരപ്പില്‍ നിന്ന് 2 മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍ വെള്ളം കെട്ടികിടക്കുന്ന അന്തിക്കാട് വില്ലേജിലെ കിഴക്കേ അറ്റത്തെ സ്ഥലമാണ്. വളരെ മുന്‍കാലത്ത് ഇവിടം കാന്താര്‍ വനമായിരുന്നുവത്രെ. 200-ല്‍ കൂടുതല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടം ഉപ്പുവെള്ളം കെട്ടികിടന്നിരുന്ന ചതിപ്പുനിലങ്ങളായിരുന്നു. കളിമണ്ണും എക്കല്‍ മണ്ണും മണലും ചേര്‍ന്ന മണ്ണാണ് മേല്‍ത്തട്ടില്‍. ഒരു മീറ്റര്‍ താഴോട്ടുപോയാല്‍ കപ്പച്ചേടിയാണ്. അടിയില്‍ പല ഭാഗത്തും വലിയ മരച്ചാഴികള്‍ ദ്രവിക്കാതെ കിടക്കുന്നത് ഇന്നും കണ്ടുവരുന്നുണ്ട്. അറബികടല്‍ പഞ്ചായത്തിന് വളരെ അടുത്തായതിനാല്‍ കടല്‍മത്സ്യത്തിന് ഒട്ടും ക്ഷാമമില്ല. കനോലി കനാലിന്റെ പടിഞ്ഞാറതിര്‍ത്തി പഴയ മലബാര്‍ പ്രദേശത്തിലെ നാട്ടിക ഫര്‍ക്കയായിരുന്നു. അതായത് ഇന്നത്തെ തൃശൂര്‍ ജില്ലയിലെ തളിക്കുളം പഞ്ചായത്ത്. ഇവിടെയാണ് മുറ്റിച്ചൂര്‍ കടവും പുലാമ്പുഴ കടവും സ്ഥിതിചെയ്യുന്നത്. ഈ രണ്ടു കടവിലും രണ്ടു കരക്കാര്‍ക്കുമായി സര്‍ക്കാര്‍ ലേലം ചെയ്തു കൊടുത്തിരുന്ന കടത്തു വള്ളങ്ങള്‍ ഉണ്ടായിരുന്നു. ഒരാള്‍ക്ക് കടത്തുകൂലി 1930 കാലഘട്ടത്തില്‍ ഒന്നര കാശായിരുന്നു (96 കാശു-ഒരു രുപാ). ഈ കടവുകള്‍ കേരളത്തിന്റെ തെക്കെയറ്റത്തു തിരുവനന്തപുരത്തുള്ള വള്ളക്കടവിനെ വടക്ക് കോഴിക്കോട്ടെ വളളക്കടവുമായി ബന്ധിപ്പിക്കുന്നതാണ്. റോഡുകള്‍ 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ വളരെ ചുരുക്കം. തൃശൂരില്‍ നിന്ന് തൃപ്രയാറിലേക്ക് കാഞ്ഞാണി വഴി അന്തിക്കാട്-പെരിങ്ങോട്ടുകര കൂടി പോകുന്ന ഒരേ ഒരു റോഡായിരുന്നു പഞ്ചായത്തിലുണ്ടായിരുന്നത്. ഈ റോഡുകളില്‍ ഒരോ മണിക്കുര്‍ ഇടവിട്ട് ഓടിക്കൊണ്ടിരുന്ന രണ്ടു ബസ്സുകളായിരുന്നു ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നത്. അന്തിക്കാട് സെന്ററില്‍ നിന്ന് പഞ്ചായത്തിന്റെ വടക്കുഭാഗത്തുള്ള വള്ളറക്കത്ത് മനയുടെ കിഴക്കേപടിവരെ അക്കാലത്ത് ഒരു പഞ്ചായത്തുറോഡുണ്ടായിരുന്നു. മെറ്റല്‍ ചീളുകള്‍ക്കു പകരം ചെങ്കല്‍ വിരിച്ചതായിരുന്നു അത്. ഈ രണ്ടു റോഡുകള്‍ കൂടാതെ മറ്റു റോഡുകളൊന്നും തന്നെ സ്വാതന്ത്ര്യലബ്ധിക്കു മുമ്പുണ്ടായിരുന്നില്ല. ഉള്‍പ്രദേശത്തെ യാത്ര മുഴുവനും പാടത്തെ നടവരമ്പത്തു കൂടിയും പറമ്പുകളുകളുടെ ഇടയിലുള്ള ഇടവഴികളില്‍ കൂടിയും മാത്രമായിരുന്നു. ഏകദേശം 75 വര്‍ഷത്തോളം പഴക്കം വരുന്ന അന്തിക്കാട് ഗവണ്‍മെന്റ് ആശുപത്രിയാണ് പഞ്ചായത്തിലെ ആദ്യത്തെ ആരോഗ്യകേന്ദ്രം. 20-ാംനൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടിയാണ് ഔപചാരികവിദ്യാഭ്യാസം ആരംഭിക്കുന്നത്. അതിനു മുമ്പു കളരികള്‍ കേന്ദ്രീകരിച്ച് വേദങ്ങളും ജ്യോതിഷവും കൂടി പഠിപ്പിച്ചിരുന്നു. ഇംഗ്ലീഷ് പഠിപ്പിക്കുന്ന ആദ്യത്തെ സ്കൂള്‍ പഞ്ചായത്തില്‍ സ്ഥാപിതമായത് 1902-ലാണ്. ലോവര്‍ പ്രൈമറി സ്കൂള്‍ ആയിരുന്നു അത്. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് ഒരു ഹൈസ്കുള്‍ പോലും ഇല്ലായിരുന്നു. പഞ്ചായത്തില്‍ ഇന്ന് ഇംഗ്ലീഷും ഹിന്ദിയും തമിഴും മറ്റു പല ഭാഷകളും അറിയുന്നവര്‍ ധാരാളമുണ്ട്. പ്രധാന തൊഴില്‍മേഖല തെങ്ങുകയറ്റവും നെല്‍കൃഷിയുമാണ്. കള്ളുചെത്തല്‍, ചെത്തി ചക്കരയുണ്ടാക്കല്‍, തൊണ്ടുതല്ലല്‍, തൊണ്ടുമൂടല്‍, കയര്‍ പിരിക്കല്‍, മര ചക്കാട്ടല്‍ എന്നീ പരമ്പരാഗതതൊഴില്‍ മേഖലകളും സജീവമായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നായന്മാരും ക്രിസ്ത്യാനികളും അല്ലാതെ ഒറ്റ പിന്നോക്കക്കാരന്‍ പോലും സര്‍ക്കാരുദ്യോഗത്തില്‍ ഉണ്ടായിരുന്നില്ല. അവരായിരുന്നു ആദ്യം സര്‍ക്കാരുദ്യോഗത്തില്‍ കയറുന്നത്. നായന്‍മാര്‍ക്ക് ക്ഷേത്രത്തോടു ബന്ധപ്പെട്ട തൊഴിലുകളുമുണ്ടായിരുന്നു. നായന്മാര്‍ക്കും ഈഴവര്‍ക്കും നെയ്ത്തുജോലി പതിവുണ്ടായിരുന്നു. ക്രിസ്ത്യാനികള്‍ക്ക് കച്ചവടവും എണ്ണ ആട്ടലും മുഖ്യതൊഴിലായിരുന്നു. ഈഴവരും, മുഹമ്മദീയരും മുന്‍കാലത്ത് വ്യാപകമായി സിലോണ്‍, സിങ്കപ്പുര്‍, മലയ, ബര്‍മ്മ തുടങ്ങിയ വിദേശങ്ങളില്‍ തൊഴിലെടുത്തിരുന്നു. താഴ്ന്ന ജാതിക്കാര്‍ക്ക് കാര്‍ഷികപണിയായിരുന്നു. മുളകൊണ്ട് മുറം, കുട്ട, കൂട, കോമ്പറം, പനമ്പ് മുതലായ ഗൃഹോപകരണങ്ങള്‍ ഉണ്ടാക്കുമായിരുന്നു. രണ്ടാംലോക മഹായുദ്ധം വന്നപ്പോള്‍ വളരെയധികം പേര്‍ സര്‍വ്വീസില്‍ ചേര്‍ന്നിരുന്നു. താഴെക്കിടയിലുള്ളവരിലേറെയും ആസ്സാമിലും ബര്‍മ്മയിലും കൂലിപ്പണിക്കാരായി പോയിരുന്നു. യുദ്ധാവസാനത്തോടെ അവര്‍ മടങ്ങിയെത്തുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിനു മുന്‍പും ആരംഭത്തിലും വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ സ്ഥാപനങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാലും മലയാളവും സംസ്കൃതവും ജ്യോതിഷവും പഠിക്കുന്നതിന് കളരികള്‍ (കുടിപ്പള്ളികൂടം) ഉണ്ടായിരുന്നു. ഈഴവരുടെ പല അനാചാരങ്ങളും സമ്പ്രദായങ്ങളും ശ്രീനാരായണഗുരുദേവന്റെ പരിശ്രമത്താല്‍ നിര്‍ബന്ധപൂര്‍വ്വം നിര്‍ത്തലാക്കി എന്നുള്ളതും സ്മരിക്കേണ്ടതുണ്ട്. അയല്‍പ്പക്കത്തുള്ള കാരമുക്കില്‍ ദീപപ്രതിഷ്ഠ നടത്തിയതും പെരിങ്ങോട്ടുകരയില്‍ സോമശേഖര ക്ഷേത്രത്തില്‍ ശിവപ്രതിഷ്ഠ നടത്തിയും ശ്രീനാരായണഗുരുവായിരുന്നു. പഞ്ചായത്തില്‍ ധാരാളം അമ്പലങ്ങളും, മുസ്ലീം-ക്രിസ്ത്യന്‍ ദേവാലയങ്ങളുമുണ്ട്. 1936-ലെ ക്ഷേത്രപ്രവേശനവിളംബരത്തിനു മുമ്പ് അവര്‍ണ്ണര്‍ക്ക് സവര്‍ണ്ണരുടെ ക്ഷേത്രപരിസരത്തുള്ള റോഡില്‍ നടക്കുവാനോ ക്ഷേത്രക്കുളത്തില്‍ കുളിക്കുവാനോ അവകാശമില്ലായിരുന്നു. അടുത്ത കാലം വരെ വസ്ത്രധാരണത്തില്‍ നിന്നുപോലും ജാതി തിരിച്ചറിയാമായിരുന്നു. താഴ്ന്ന ജാതിക്കാര്‍ക്ക് മാറു മറയ്ക്കാന്‍ പോലും അവകാശമില്ലായിരുന്നു. 1829-കാലഘട്ടത്തില്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്ന ചാന്നാര്‍ സ്ത്രീകള്‍ക്കു മാത്രമേ മേല്‍ശീല ധരിക്കാന്‍ അവകാശമുണ്ടായിരുന്നുള്ളൂ. ഇതിനെതിരെ 1859-ല്‍ കലാപമുണ്ടായി. ശീലവഴക്ക്, മുലമാറാപ്പ് വഴക്ക്, ചാന്നാര്‍ ലഹള എന്നിങ്ങനെയുള്ള പേരുകളിലാണ് ഇത് അറിയപ്പെട്ടിരുന്നത്. എന്നാല്‍ 1864-ല്‍ സര്‍ക്കാര്‍ എത്രയും മാനവിരോധം എന്ന ശീര്‍ഷത്തിലിറക്കിയ സര്‍ക്കുലറിലാണ് ഇതിനെല്ലാം വിരാമമായത്. ഇത് തിരുവിതാംകൂര്‍ മഹാരാജാവ് പുറപ്പെടുവിച്ചതാണെങ്കിലും അതിനുശേഷമാണ് കൊച്ചിയിലും ഇത്തരം ദുരാചാരങ്ങള്‍ ക്രമേണ മാറിയത്. പിന്നീടും കുറേക്കാലം ക്രിസ്ത്യാനികള്‍ക്ക് ചട്ടയും റൌക്കയും, ഈഴവര്‍ക്ക് മുട്ടിറങ്ങാത്ത മുണ്ടും മേല്‍ക്കട്ടിയും മുഹമ്മദീയര്‍ക്ക് പാദം വരെയുള്ള മുണ്ടും കൈനീണ്ട പ്രത്യേക തരത്തിലുള്ള കുപ്പായവും ആയിരുന്നു വേഷം. അവര്‍ണ്ണര്‍ തലയില്‍ കുടുമ വെച്ചിരിക്കണമെന്നും എന്നാല്‍ മീശപാടില്ല എന്നും ക്രിസ്ത്യാനികളും മുഹമ്മദീയരും മുടിവളര്‍ത്താന്‍ പാടില്ലയെന്നും ക്രിസ്ത്യാനി കൊന്ത കഴുത്തിലിടണമെന്നുമായിരുന്നു സവര്‍ണ്ണരുണ്ടാക്കിയിരുന്ന കീഴ്വഴക്കങ്ങള്‍. പാട്ടിലും കലകളിലും പോലുമുണ്ടായിരുന്നു ജാതിക്കനുസരിച്ചുള്ള വ്യത്യാസം. അയ്യപ്പന്‍പാട്ട്, ഉടുക്കുകൊട്ട് പാട്ട്, നന്തുണിപാട്ട്, പുള്ളുവര്‍കുടം പാട്ട്, മാപ്പിള പാട്ട് തുടങ്ങിയവയൊക്കെ ജാതിക്കനുസരിച്ചുള്ള പാട്ടുകളാണ്. മക്കത്തായമായിരുന്നു നമ്പൂതിരിമാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മറ്റു താഴ്ന്ന ജാതിക്കാര്‍ക്കും എല്ലാം. എന്നാല്‍ നായന്‍മാര്‍ക്ക് മാത്രം മരുമക്കത്തായമായിരുന്നു. നായന്മാരുടെ പുടവ കൊടുക്കലും മുഹമ്മദീയരൂടെ നിക്കാഹും രാത്രികാലങ്ങളിലായിരുന്നു. ഈഴവരുടെ കല്യാണത്തിന് പെണ്ണിനെ ഇറക്കുന്നതോടൊപ്പം ഓട്ടുപാത്രം കൊടുക്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. മുന്‍കാലത്തേതിന്‍ നിന്നും വളരെ ആര്‍ഭാടത്തോടെയാണ് ഇന്നത്തെ വിവാഹസദ്യകള്‍. ശ്രീനാരായണ ഗുരുദേവന്‍ നിര്‍ദ്ദേശിച്ചിരുന്നത് കല്യാണത്തിനു വെറും എട്ടുപേരെയാണ്.