അന്തിക്കാട്

തൃശൂര്‍ ജില്ലയിലുള്ള തൃശൂര്‍ താലൂക്കില്‍ അന്തിക്കാട് ബ്ലോക്കിലാണ് അന്തിക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അന്തിക്കാട്, പടിയം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന അന്തിക്കാട് പഞ്ചായത്തിന് 12.99 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഫസ്റ്റ്ഗ്രേഡ് പഞ്ചായത്തായ അന്തിക്കാടിന്റെ അതിരുകള്‍ പടിഞ്ഞാറുഭാഗത്ത് കനോലി കനാലും, കിഴക്കുഭാഗത്ത് മനക്കൊടി കായല്‍ നികത്തിയ നെല്‍പ്പാടങ്ങളും തെക്കുഭാഗത്ത് താന്ന്യം പഞ്ചായത്തും വടക്കുഭാഗത്ത് മണലൂര്‍ പഞ്ചായത്തുമാണ്. 15 വാര്‍ഡുകളാണ് അന്തിക്കാട് പഞ്ചായത്തിലുള്ളത്. തിരുകൊച്ചി സംസ്ഥാനത്ത് ആദ്യം രൂപം കൊണ്ട പഞ്ചായത്തുകളിലൊന്നാണ് അന്തിക്കാട് പഞ്ചായത്ത്. 1953-ലാണ് ഈ പഞ്ചായത്ത് രൂപികൃതമായത്. പടിയം, അന്തിക്കാട്, പുള്ള് എന്നീ ഗ്രാമങ്ങള്‍ ചേര്‍ന്നതായിരുന്നു അക്കാലത്ത് അന്തിക്കാട്. പഞ്ചായത്തുരൂപീകരണത്തിനു ശേഷം നടന്ന പുന:ക്രമീകരണത്തില്‍ ഈ പഞ്ചായത്തില്‍ അന്തിക്കാട്, പടിയം എന്നീ വില്ലേജുകള്‍ മാത്രമായി. അന്തിക്കാട് കാര്‍ത്ത്യായനി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് അന്തിക്കാട് എന്ന പേര്‍ വന്നതെന്നാണ് ഐതിഹ്യം. പണ്ടുകാലത്ത് കൊച്ചിരാജാവിന്റെ കീഴിലുണ്ടായിരുന്ന തൃശൂര്‍ താലുക്കിന്റെ ഉപതാലുക്കായിരുന്നു അന്തിക്കാട് ഫര്‍ക്ക. കനോലി കനാലും, വിസ്തൃതമായ നെല്‍പ്പാടങ്ങളും, ഏനാമാവ് പുഴയും അതിരിടുന്ന ഈ പ്രദേശത്തിന്റെ ഭൂപരമായ പ്രത്യേകതകള്‍കൊണ്ടുതന്നെ ഇവിടമൊരു സുരക്ഷിതമേഖലയായിരുന്നു. വളരെ മുന്‍കാലത്ത് ഇവിടം കാന്താര്‍ വനമായിരുന്നുവത്രെ. 200-ല്‍ കൂടുതല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടം ഉപ്പുവെള്ളം കെട്ടികിടന്നിരുന്ന ചതിപ്പുനിലങ്ങളായിരുന്നു. കളിമണ്ണും എക്കല്‍ മണ്ണും മണലും ചേര്‍ന്ന മണ്ണാണ് മേല്‍ത്തട്ടില്‍. ഒരു മീറ്റര്‍ താഴോട്ടുപോയാല്‍ കപ്പച്ചേടിയാണ്. അടിയില്‍ പല ഭാഗത്തും വലിയ മരച്ചാഴികള്‍ ദ്രവിക്കാതെ കിടക്കുന്നത് ഇന്നും കണ്ടുവരുന്നുണ്ട്. സമുദ്ര നിരപ്പില്‍ നിന്ന് 2 മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍ വെള്ളം കെട്ടി കിടക്കുന്ന 20,000 ഏക്കര്‍ വിസ്തൃതിയുള്ള മനക്കൊടി കായല്‍ (കോള്‍ നിലയങ്ങള്‍) പഞ്ചായത്തിന്റെ കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു.