ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

ആയിരം കൊല്ലങ്ങള്‍ക്കുമുമ്പ് തൈക്കൂട്ടത്തിന് സമീപം കല്ലൂര് ആല് എന്നറിയപ്പെടുന്ന സ്ഥലം വരെ പറവൂര്‍ നാടുവാഴിയുടെ ഭരണത്തിന്‍കീഴിലായിരുന്നു. ക്രമേണ ഈ സ്ഥലം തിരുവിതാംകൂര്‍രാജാവ് ആക്രമിച്ചുകീഴടക്കി. ഏതാണ്ട് ഇരുന്നൂറ് വര്‍ഷംമുമ്പ് തിരുവിതാംകൂറും കൊച്ചിയുമായി അതിര്‍ത്തിതര്‍ക്കം രൂക്ഷമായതോടെ ബ്രിട്ടീഷ് അധികാരികള്‍ ഇടപ്പെട്ട്, ഏകാംഗകമ്മീഷനെ നിയമിച്ച് അതിര്‍ത്തി നിര്‍ണ്ണയിച്ചുകൊടുത്തു. അങ്ങനെയാണ് പൂവ്വത്തുശ്ശേരി പ്രദേശത്തെ രണ്ടായി വിഭജിക്കുന്ന ആറടിപാതയും കൊച്ചി-തിരുവിതാംകൂര്‍ അതിര്‍ത്തികല്ലും(കൊ-തികല്ല്) രൂപംകൊണ്ടത്. പ്രസിദ്ധമായ അന്നമനട മഹാദേവക്ഷേത്രം കൊച്ചിരാജ്യത്തിന്റെ കീഴിലായി. ഇന്നു കാണുന്ന ക്ഷേത്രത്തിന്റെ രൂപകല്പനയും പത്ത് ദിവസങ്ങള്‍ നീളുന്ന ഉത്സവാഘോഷപരിപാടികളും കൊച്ചിരാജഭരണത്തിനു മുമ്പ് തുടങ്ങിയതാണ്. 600 കൊല്ലത്തിനുമേല്‍ പഴക്കം വരുന്ന വൃത്താകൃതിയുള്ള ക്ഷേത്രനിര്‍മ്മിതിയും അതിന്റെ ആസ്ഥാനവും പുറക്കാട്ടു പുള്ളിമനവകയാണ്. പരിസരത്തുള്ള ബ്രാഹ്മണ കുടുംബങ്ങളെ ക്ഷേത്ര ഊരായ്മക്കാരായി നിശ്ചയിച്ച് ക്ഷേത്രഭരണം നടത്തിപോന്നു. ഈ പ്രദേശം കൊച്ചിരാജഭരണത്തിന്‍ കീഴില്‍ വന്നതോടെ വികസനത്തിന് തുടക്കം കുറിച്ചു. കൊച്ചി രാജകുടുംബം സുഖവാസകേന്ദ്രമായി തിരഞ്ഞെടുക്കുകയും വിശ്രമിച്ച് കുളിച്ച് താമസിക്കുന്നതിന് ക്ഷേത്രത്തോടനുബന്ധിച്ച് കോവിലകവും നിര്‍മ്മിച്ചു. ചാലക്കുടിപ്പുഴയുടെ ഇരുകരകളിലുമുള്ള, അഡൂര്‍ ഫര്‍ക്കയില്‍പ്പെട്ട ഭൂമി മുഴുവന്‍ 9 ബ്രാഹ്മണ-ജന്മികുടുംബങ്ങളുടേയും ദേവസ്വങ്ങളുടേയും വകയായിരുന്നു. സര്‍ക്കാരുമായി നേരിട്ട് ബന്ധമുള്ള പണ്ഡാരവക ഭൂമികള്‍ വളരെ അപൂര്‍വ്വമായിരുന്നു. 1930-കളുടെ പകുതിവരെ പ്രാകൃതമായ പ്രയോഗങ്ങളും സംസ്കാരങ്ങളും ആചാരങ്ങളും നാട്ടില്‍ നിലനിന്നിരുന്നു. അക്കാലത്ത് സവര്‍ണ്ണര്‍ക്ക് മാത്രമായിരുന്നു ക്ഷേത്രങ്ങളില്‍ പ്രവേശനമുണ്ടായിരുന്നത്. അയിത്തം അതിന്റെ സകല തിന്മകളോടെ ഇവിടെയും നിലനിന്നിരുന്നു. ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരോട് അവര്‍ണ്ണജാതിക്കാര്‍ സംസാരിച്ചിരുന്നതുതന്നെ വ്യത്യസ്ത രീതിയിലായിരുന്നു. ഉദാഹരണത്തിന് നാണയത്തുട്ടിനെ ചെമ്പുകാശ് എന്നും നെല്ലിനെ നെല്‍പതിര് എന്നും ഞാന്‍ എന്നതിന് അടിയന്‍ എന്നുമായിരുന്നു അവര്‍ണ്ണര്‍ ഉപയോഗിച്ചിരുന്ന വാക്കുകള്‍. തിരുവിതാംകൂര്‍ ഭരണത്തില്‍ നിന്നും ഈ പ്രദേശം കൊച്ചി രാജഭരണത്തിന്‍ കീഴില്‍ വന്നതോടെ പുതിയ ഭരണപരിഷ്ക്കാരങ്ങള്‍ നടപ്പിലായി. സ്ഥലവാസികള്‍ക്ക് അനായസേന ഉച്ചരിക്കാന്‍ കഴിയുന്നതും അന്യദേശക്കാര്‍ക്ക് ഉച്ചരിക്കാന്‍ ഏറെ വൈഷമ്യം അനുഭവപ്പെടുന്നതുമായ അന്നമനട എന്ന താളാത്മകമായ സ്ഥലനാമത്തിന്റെ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ ചരിത്രരേഖകള്‍ ലഭ്യമല്ല. അഡൂര്‍ഫര്‍ക്ക രൂപീകരിച്ചതോടെ മേലഡൂര്‍, കീഴഡൂര്‍ തുടങ്ങി ഏഴര ഗ്രാമങ്ങളുടെ ആസ്ഥാനം അന്നമനടയായി. അന്നമനട മഹാദേവക്ഷേത്രവുമായി ബന്ധപ്പെട്ട് അന്നം കൊടുത്തിരുന്ന നട അന്നമനടയായി പരിണമിച്ചുവത്രെ. ജന്മിത്ത്വത്തിനും അയിത്തത്തിനും എതിരായി കേരളത്തില്‍ ഉയര്‍ന്നുവന്ന, നാരായണീയപ്രസ്ഥാനത്തിന്റേയും, അയ്യന്‍കാളിയുടേയും, ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെയും പോരാട്ടങ്ങളുടെ അലയൊലികള്‍ അന്നമനടയിലും പ്രതിഫലിച്ചിട്ടുണ്ട്. ആധുനിക കേരളത്തിന്റെ പുനഃസൃഷ്ടിക്കായി സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവൂം നടന്ന ചെറുതും വലുതുമായ സമരങ്ങളിലൊന്നായി കണക്കാവുന്ന പ്രാദേശികസമരമാണ് കുമ്പിടി കര്‍ഷകസമരം. 1954 ജനുവരി 8-നാണ് ഈ സമരം ആരംഭിച്ചത്. സമരക്കാര്‍ക്ക് നിരവധി മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടിവന്ന പ്രക്ഷോഭത്തില്‍ വി.പി.അറുമുഖന്‍, ഇ.കെ.വേലായുധന്‍, കെ.കെ.വിശ്വംഭരന്‍, കെ.കെ.സരോജനി, വി.പി.പത്മനാഭന്‍ എന്നിവര്‍ നേതൃത്വപരമായ പങ്കു വഹിച്ചിട്ടുണ്ട്. അന്നമനടയില്‍ ആദ്യകാലത്തുതന്നെ മജിസ്ട്രേറ്റ് കോടതി, പോലീസ് സ്റ്റേഷന്‍, പാര്‍വ്വത്യകച്ചേരി, ദേവസ്വംകച്ചേരി, അഞ്ചല്‍ ആപ്പീസ് തുടങ്ങിയ പൊതുസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു. 1886-ല്‍ മഹാദേവക്ഷേത്രത്തോട് ചേര്‍ന്നുള്ള ഊട്ടുപുരയില്‍ ആരംഭിച്ചതാണ് ഇന്നത്തെ അന്നമനട സര്‍ക്കാര്‍ യു.പി സ്ക്കൂള്‍. അന്നത്തെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തില്‍ പോലും അയിത്തവും ജാതിവ്യവസ്ഥയും നിലനിന്നിരുന്നു. അതിന്റെ ഭാഗമായി ഊട്ടുപുരയില്‍ സ്ഥാപിച്ച സ്ക്കൂളിലും അയിത്തജാതിക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. പടിഞ്ഞാറേ കൊരട്ടിയിലെ കൊരട്ടിസ്വരൂപവും കല്ലൂര്‍ഭാഗത്തെ പാലിയം കച്ചേരിയും പാലിയം ക്ഷേത്രവും ചരിത്രപ്രാധാന്യം ഏറെയുള്ളതാണ്. കൊരട്ടിപള്ളിയുടെ ഉത്ഭവചരിത്രത്തില്‍ കൊരട്ടി സ്വരൂപത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. നൂറ്റാണ്ടുമുമ്പ് മറ്റെങ്ങുമില്ലാത്ത പഞ്ചായത്തുകോടതി സംവിധാനം നടപ്പാക്കിയത് കൊച്ചിരാജ്യത്തായിരുന്നു. കോടതിയില്‍ ഈ പ്രദേശക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത ജൂറിയും അവരില്‍ ഒരു പ്രസിഡന്റും ഉണ്ടായിരുന്നു. ഇതിന്റെ ആദ്യ പ്രസിഡന്റ് പനമ്പിള്ളി കൃഷ്ണന്‍കുട്ടിമേനോന്‍ ആയിരുന്നു. കണ്ടരുമഠത്തില്‍ കുഞ്ഞുമുഹമ്മത് മേത്തര്‍, കണിച്ചായിഅന്തപ്പന്‍ മാസ്റ്റര്‍, കുമ്പിടി കുടിലിങ്ങല്‍ ലോനകുഞ്ഞ്, ചേലക്കാടന്‍ ചാക്കപ്പമാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസിഡന്റുപദം അലങ്കരിച്ചിട്ടുണ്ട്. അമ്പതുരൂപയില്‍ താഴെയുള്ള എല്ലാ പണമിടപാട് തര്‍ക്കങ്ങളും ജൂറി കോടതി തീര്‍പ്പു കല്‍പിച്ചിരുന്നു. ഈ കോടതിസംവിധാനം ജനങ്ങള്‍ക്ക് ഒരനുഗ്രഹമായിരുന്നു. പഞ്ചായത്തുകോടതിയുടെ പ്രവര്‍ത്തനം ഒരു പഞ്ചായത്ത് ഡിപ്പാര്‍ട്ട്മെന്റിന്റെ തന്ന രൂപകല്‍പ്പനയ്ക്ക് പ്രേരിതമായി. അതുപ്രകാരം ഇവിടെ പഞ്ചായത്ത് സ്ഥാപിച്ചപ്പോള്‍ വെട്ടത്ത് രാമന്‍മേനോനായിരുന്നു ആദ്യപ്രസിഡന്റ്. നൂറു വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഇതിന്റെ തുടക്കം. അക്കാലത്ത് പാലുപുഴ റോഡ്, മാളറോഡ്, പൊറക്കുളം പാലം, മലവെള്ളപാച്ചില്‍ നിയന്ത്രിക്കുന്നതിനുള്ള തോടുകള്‍, കല്‍വര്‍ട്ടുകള്‍ തുടങ്ങിയവയൊക്കെ ഈ ഭരണസമിതിയുടെ മേല്‍നോട്ടത്തില്‍ ഉണ്ടാക്കി. വാളൂര്‍ കൂട്ടാലചിറയും കല്ലൂര്‍ചിറയും അക്കാലത്ത് നിര്‍മ്മിച്ചവയാണ്. തൃശൂര്‍ ജില്ലയുടെ തെക്കേ അതിര്‍ത്തിയില്‍ ദേശീയ പാത 47-ല്‍ നിന്നും 5 കി.മീ പടിഞ്ഞാറും 17-ല്‍ നിന്ന് 16 കിലോമീറ്റര്‍ കിഴക്കുമായി സ്ഥിതി ചെയ്യുന്നു. മലയോര നിവാസികള്‍ക്ക് തീരദേശവുമായും തീരദേശവാസികള്‍ക്ക് മലയോരപ്രദേശവുമായും വാണിജ്യസംബന്ധമായി ബന്ധപ്പെടുന്നതിനുള്ള ഏറ്റവും ചുരുങ്ങിയ പാതയാണ് കൊരട്ടി - പുളിക്കക്കടവ്, അന്നമനട - മാള, പുത്തന്‍ചിറ - കൊടുങ്ങല്ലൂര്‍ പാതകള്‍. അന്നമനട എന്നു കേള്‍ക്കുമ്പോള്‍ ആരുടേയും മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് അന്നമനട മഹാദേവക്ഷേത്രവും, പഞ്ചവാദ്യകലയുമാണ്. മഹാദേവക്ഷേത്രം കേരളത്തിലെ പ്രശസ്തമായ ആരാധനാലയങ്ങളിലൊന്നാണ്. പഞ്ചാവാദ്യങ്ങളിലൊന്നായ തിമില എന്ന വാദ്യോപകരണത്തിന് ഇത്രയും പ്രമൂഖ്യം ഉണ്ടാകുവാന്‍ കാരണം അന്നമനടയാണ്. അന്നമനട അച്യുതമാരാര്‍, പരമേശ്വരമാരാര്‍, പീതാംബരമാരാര്‍ എന്നിവര്‍ തിമിലവാദനത്തില്‍ കരുത്താര്‍ജ്ജിച്ചപ്പോള്‍ അന്നമനടയുടെ പ്രശസ്തി ദൂരദേശങ്ങളിലേക്കും വ്യാപിച്ചു. നിരവധി പുരസ്കാരങ്ങള്‍ ഈ ത്രിമൂര്‍ത്തികളെ തേടിയെത്തി. വീരശൃംഖല, പൊന്നാട എന്നിവയ്ക്കു പുറമെ പഞ്ചവാദ്യപഞ്ചാനന്‍ എന്ന ബഹുമതിയും അച്യുതമാരാരെ തേടിയെത്തി. പരമേശ്വരമാരാര്‍ക്ക് കാലാചാര്യ ബഹുമതി ലഭിച്ചു.