അന്നമനട

തൃശ്ശൂര്‍ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ മാള ബ്ലോക്കിലാണ് അന്നമനട ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 25.08 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള അന്നമനട പഞ്ചായത്തില്‍ 18 വാര്‍ഡുകളുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കാടുകുറ്റി പഞ്ചായത്തും തെക്കുഭാഗത്ത് പാറക്കടവ് പഞ്ചായത്തും, കിഴക്കുഭാഗത്ത് കൊരട്ടി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് മാള, കൂഴൂര്‍ പഞ്ചായത്തുകളുമാണ്. ചാലക്കുടിപ്പുഴ അന്നമനട പഞ്ചായത്തിലൂടെ ഒഴുകുന്നു. പുഴയുടെ കിഴക്കേ കരയിലും പടിഞ്ഞാറേ കരയിലുമായി പഞ്ചായത്തിലെ വാര്‍ഡുകള്‍ സ്ഥിതി ചെയ്യുന്നു. അന്നമനട പഞ്ചായത്ത് ഒരു കാര്‍ഷികാധിഷ്ഠിത പ്രദേശമാണ്. ജനസംഖ്യയില്‍ ഭൂരിഭാഗവും കൃഷിയും കൃഷിയോടനുബന്ധിച്ച തൊഴിലിലും ഏര്‍പ്പെട്ടുജീവിക്കുന്നു. സ്ഥലവാസികള്‍ക്ക് അനായാസേന ഉച്ചരിക്കാന്‍ കഴിയുന്നതും അന്യദേശക്കാര്‍ക്ക് ഉച്ചരിക്കാന്‍ ഏറെ വൈഷമ്യം അനുഭവപ്പെടുന്നതുമായ അന്നമനട എന്ന താളാത്മകമായ സ്ഥലനാമത്തിന്റെ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ ചരിത്രരേഖകള്‍ ലഭ്യമല്ല. അന്നമനട മഹാദേവക്ഷേത്രവുമായി ബന്ധപ്പെട്ട് അന്നം കൊടുത്തിരുന്ന നട, അന്നമനടയായി പരിണമിച്ചുവത്രെ. ആയിരം കൊല്ലങ്ങള്‍ക്കുമുമ്പ് തൈക്കൂട്ടത്തിന് സമീപം കല്ലൂര് ആല് എന്നറിയപ്പെടുന്ന സ്ഥലം വരെ പറവൂര്‍ നാടുവാഴിയുടെ ഭരണത്തിന്‍കീഴിലായിരുന്നു. ക്രമേണ ഈ സ്ഥലം തിരുവിതാംകൂര്‍രാജാവ് ആക്രമിച്ചുകീഴടക്കി. ഏതാണ്ട് ഇരുന്നൂറ് വര്‍ഷംമുമ്പ് തിരുവിതാംകൂറും കൊച്ചിയുമായി അതിര്‍ത്തിതര്‍ക്കം രൂക്ഷമായതോടെ ബ്രിട്ടീഷ് അധികാരികള്‍ ഇടപ്പെട്ട്, ഏകാംഗകമ്മീഷനെ നിയമിച്ച് അതിര്‍ത്തി നിര്‍ണ്ണയിച്ചുകൊടുത്തു. അങ്ങനെയാണ് പൂവ്വത്തുശ്ശേരി പ്രദേശത്തെ രണ്ടായി വിഭജിക്കുന്ന ആറടിപാതയും കൊച്ചി-തിരുവിതാംകൂര്‍ അതിര്‍ത്തികല്ലും(കൊ-തികല്ല്) രൂപംകൊണ്ടത്. പ്രസിദ്ധമായ അന്നമനട മഹാദേവക്ഷേത്രം കൊച്ചിരാജ്യത്തിന്റെ കീഴിലായി. ഇന്നു കാണുന്ന ക്ഷേത്രത്തിന്റെ രൂപകല്പനയും പത്ത് ദിവസങ്ങള്‍ നീളുന്ന ഉത്സവാഘോഷപരിപാടികളും കൊച്ചിരാജഭരണത്തിനു മുമ്പ് തുടങ്ങിയതാണ്. അന്നമനട എന്നു കേള്‍ക്കുമ്പോള്‍ ആരുടേയും മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് അന്നമനട മഹാദേവക്ഷേത്രവും, പഞ്ചവാദ്യകലയുമാണ്. മഹാദേവക്ഷേത്രം കേരളത്തിലെ പ്രശസ്തമായ ആരാധനാലയങ്ങളിലൊന്നാണ്. പഞ്ചാവാദ്യങ്ങളിലൊന്നായ തിമില എന്ന വാദ്യോപകരണത്തിന് ഇത്രയും പ്രമൂഖ്യം ഉണ്ടാകുവാന്‍ കാരണം അന്നമനടയാണ്. അന്നമനട അച്യുതമാരാര്‍, പരമേശ്വരമാരാര്‍, പീതാംബരമാരാര്‍ എന്നിവര്‍ തിമിലവാദനത്തില്‍ കരുത്താര്‍ജ്ജിച്ചപ്പോള്‍ അന്നമനടയുടെ പ്രശസ്തി ദൂരദേശങ്ങളിലേക്കും വ്യാപിച്ചു.