ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

മൈസൂര്‍ രാജാവായിരുന്ന ഹൈദരാലി മലബാര്‍ ആക്രമിച്ചപ്പോള്‍, കോലത്തിനാട് വാണിരുന്ന വടക്കിളംകൂര്‍ രാജാവിനെ ഈസ്റ്റിന്ത്യാ കമ്പനിക്കാരുടെ വെള്ളപ്പട്ടാളം സഹായിക്കാനെത്തുകയും കോലത്തിരി രാജാവിന്റെ സാമാന്തരായിരുന്ന തലയിലച്ഛന്മാര്‍ക്ക് രക്ഷ നല്‍കുകയുമുണ്ടായി. ഈ സഹായത്തിന് പ്രത്യുപകാരമായി നല്‍കാമെന്നറ്റിരുന്ന പ്രതിഫലം യഥാസമയം ഈസ്റ്റിന്ത്യാ കമ്പനിക്ക് നല്‍കാതെ വന്നപ്പോള്‍ അഞ്ചരക്കണ്ടിപ്പുഴയുടെ ഇരുകരയിലുമുള്ള ഭൂമിയുടെ നികുതി പിരിക്കാനുള്ള അവകാശം തലയിലച്ഛന്മാര്‍ ഈസ്റ്റിന്ത്യാ കമ്പനിക്ക് നല്‍കി. 1799-ല്‍ കുരുമുളക്, കാപ്പി, കറപ്പ, ചന്ദനം തുടങ്ങിയവ കൃഷി ചെയ്യുന്നതിനായി അവര്‍ അഞ്ചു കണ്ടികള്‍ (വലിയകൃഷിയിടം) വില കൊടുത്തു വാങ്ങി. പിന്നീട് തോണിയില്‍ സാധനങ്ങള്‍ കയറ്റുവാനും ഇറക്കുവാനുമായി അര കണ്ടി കൂടി വിലയ്ക്കുവാങ്ങിയ വെള്ളക്കാര്‍ ഈ കൊച്ചുപ്രദേശത്തെ, അഞ്ചരക്കണ്ടി എന്ന നാമധേയത്തില്‍ പില്‍ക്കാലത്ത് അറിയപ്പെടുന്നതിനുള്ള ചരിത്രപശ്ചാത്തലമൊരുക്കി. വലിപ്പത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്തും ഏഷ്യയില്‍ ഒന്നാം സ്ഥാനത്തും നിലകൊള്ളുന്ന കറപ്പത്തോട്ടം(കറുവാപ്പട്ട-സിനമണ്‍) അഞ്ചരക്കണ്ടിക്ക് അഖിലലോകപ്രശസ്തി നേടിക്കൊടുത്തു. രണ്ടത്തറ സിനമണ്‍ എസ്റ്റേറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ കറപ്പത്തോട്ടം വിദേശീയര്‍ നട്ടുണ്ടാക്കിയ ഇന്ത്യയിലെ തോട്ടങ്ങളില്‍ ഏറ്റവും പ്രമുഖമാണ്. വിദേശ ഉടമയിലുള്ള കേരളത്തിലെ ആദ്യത്തെ തോട്ടവും ഇതുതന്നെെയാണ്. കേരളത്തില്‍ ആദ്യമായി കാപ്പിക്കൃഷി ആരംഭിച്ചത് ഇവിടെയാണ്. അഞ്ചരക്കണ്ടി സായ്പന്‍മാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബ്രൌണ്‍ സായ്പന്മാരുടെ കാലഘട്ടവും വിദേശീയരുടെ ആഗമനവും ഈ പ്രദേശത്തെ സാമൂഹിക, സാമ്പത്തിക മേഖലകളില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു എന്നു കാണാം. വിദേശങ്ങളില്‍ പോലും നല്ല മാര്‍ക്കറ്റുള്ള കറപ്പത്തൈലവും കറുവപ്പട്ടയും ഇവിടെനിന്ന് ഉല്‍പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്നുണ്ട്. 1800-ല്‍ പഴശ്ശിരാജാവിന്റെ സൈന്യവും ബ്രിട്ടീഷുകാരും തമ്മില്‍ ഈ മണ്ണില്‍ വച്ച് യുദ്ധം നടക്കുകയും കറപ്പത്തോട്ടം പഴശ്ശിരാജാവ് പിടിച്ചെടുക്കുകയും ചെയ്തു. ഈ യുദ്ധത്തില്‍ രണ്ടുതറ ദേശക്കാരുടെ അകമഴിഞ്ഞ പിന്തുണ പഴശ്ശിരാജാവിന് ലഭിച്ചിരുന്നു. 1803-ല്‍ സമീപപ്രദേശമായ കതിരൂരില്‍വച്ച് പഴശ്ശിരാജാവും ബ്രിട്ടീഷുകാരും വീണ്ടും ഏറ്റുമുട്ടുകയും തോട്ടം ഈസ്റ്റിന്ത്യ കമ്പനി തിരിച്ചുപിടിക്കുകയും ചെയ്തു. 1789-ല്‍ ഫ്രഞ്ചു സര്‍വീസില്‍ നിന്നും ഇംഗ്ളീഷുകാരുടെ കൂടെ പോലീസ് സൂപ്രണ്ടായി പ്രവര്‍ത്തിച്ചിരുന്ന മഡോക്ക് ബ്രൌണ്‍ ഈ തോട്ടത്തിന്റെ ഓവര്‍സിയറായി. അദ്ദേഹം ഈസ്റ്റിന്ത്യ കമ്പനിയില്‍ നിന്ന് 90 വര്‍ഷം ഈ തോട്ടം പാട്ടത്തിനെടുത്തു. ബ്രൌണ്‍ സായ്പിനുശേഷം തോട്ടത്തിന്റെ ഭരണം അദ്ദേഹത്തിന്റെ പിന്‍മുറക്കാര്‍ ഏറ്റെടുക്കുകയും ബ്രൌണ്‍’സ് സിനമണ്‍ എസ്റ്റേറ്റ് എന്ന പേരില്‍ ഇത് അറിയപ്പെടാനും തുടങ്ങി. അഞ്ചരക്കണ്ടിയുടെ സാംസ്കാരികമണ്ഡലത്തില്‍ എടുത്തുപറയത്തക്ക ധാരാളം മാറ്റങ്ങള്‍ വരുത്തിയത് ബ്രൌണ്‍ കുടുംബമാണ്. അഞ്ചരക്കണ്ടിയിലെ ഭൂമി സര്‍വേ ചെയ്യാനും അതിന്റെ രേഖകള്‍ സൂക്ഷിക്കുവാനുമുള്ള പുതിയൊരു സമ്പ്രദായത്തിന് ഇവര്‍ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ ആദ്യത്തെ സബ്രജിസ്ട്രാര്‍ ഓഫീസ് അഞ്ചരക്കണ്ടിയില്‍ സ്ഥാപിക്കപ്പെട്ടത് അക്കാലത്താണ്. കേരളത്തിലെ ആദ്യത്തെ സഹകരണസ്ഥാപനമായ അഞ്ചരക്കണ്ടി കടം വായ്പാ സഹകരണ സംഘം 1914 ഫെബ്രുവരി 2-ന് റോബര്‍ട്ട് എഡ്വേര്‍ഡ് ബ്രൌണ്‍ ആദ്യ അംഗമായി സ്ഥാപിതമായി. ഇംഗ്ളണ്ടിലെ തെയിംസ് നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ബ്രൌണ്‍ കുടുംബത്തിന്റെ ബംഗ്ളാവിന്റെ അതേ മാതൃകയില്‍ തന്നെെ, അഞ്ചരക്കണ്ടിപുഴയുടെ തീരത്ത് ബ്രൌണ്‍ സായ്പ് പണി കഴിപ്പിച്ച ബംഗ്ളാവ് ഇന്നും നിലകൊള്ളുന്നു. വെള്ളക്കാരുടെ ഭരണകാലത്ത് തോട്ടത്തിന്റെ ഉടമകളായി വന്ന വിവിധ സായ്പന്മാര്‍ അവരുടെ ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ച ചക്കരക്കല്‍-പനയത്താംപറമ്പ്, തട്ടാരി-പനയത്താംപറമ്പ്, തട്ടാരിപ്പാലം-പാളയം, കാവിന്മൂല-പുറത്തേക്കാട് എന്നീ റോഡുകള്‍ അഞ്ചരക്കണ്ടിയുടെ ഗതാഗതചരിത്രത്തില്‍ വികസനനാഴികക്കല്ലുകളാണ്. 1943-ല്‍ ബ്രൌണ്‍ കുടുംബത്തിന്റെ ഭരണം അവസാനിക്കുകയും മിസ്സിന് മാര്‍ഗരറ്റ് ഗ്രേസി എന്ന വെള്ളക്കാരി തോട്ടത്തിന്റെ ഉടമയാകുകയും ചെയ്തു. 1967-ക്രെയ്ഗ് ജോണ്‍സ് എന്ന സായ്പ് തോട്ടം വിലയ്ക്കുവാങ്ങി. പഴയ ചിറക്കല്‍ താലൂക്കില്‍പെട്ട അഞ്ചരക്കണ്ടി വില്ലേജിന്റെ ഭൂവിഭാഗം മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് രൂപവല്‍ക്കരിച്ച പഞ്ചായത്താണ് അഞ്ചരക്കണ്ടി പഞ്ചായത്ത്. ഉയര്‍ന്നു പരന്ന കുന്നിന്‍പ്രദേശങ്ങളും ചെരിവുകളും ചെറിയ ചെരിവുള്ള സമതലപ്രദേശങ്ങളും വയലുകളും അടങ്ങിയതാണ് ഇവിടത്തെ ഭൂപ്രദേശം. അങ്ങ് വയനാടന്‍ മലകളുടെ പടിഞ്ഞാറുഭാഗത്ത് നിന്ന് ഉത്ഭവിച്ച്, പടിഞ്ഞാറോട്ടൊഴുകി ധര്‍മ്മടത്തു വച്ച് രണ്ട് കൈവഴികളായി പിരിയുന്ന അഞ്ചരക്കണ്ടിപ്പുഴ ഒടുവില്‍ അറബിക്കടലില്‍ പതിക്കുന്നു. അഞ്ചരക്കണ്ടിയുടെ ചരിത്രപുരാവൃത്തങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച അഞ്ചരക്കണ്ടിപ്പുഴ കറപ്പത്തോട്ടത്തെ കീറിമുറിച്ച് ഒരല്പം ദൂരെ മാത്രം അഞ്ചരക്കണ്ടി പഞ്ചായത്തിനെ തഴുകിയൊഴുകുന്നു. ഉത്തരകേരളത്തിലെങ്ങും പ്രസിദ്ധമായ മാമ്പ സിയാറത്തുങ്കര മഖാം അഞ്ചരക്കണ്ടിയില്‍ സ്ഥിതിചെയ്യുന്നു. പിറന്ന മണ്ണിന്റെ മോചനത്തിനായി ഡച്ചുപടയോട് പോരാടുന്നതിനിടയില്‍ വീരമൃത്യുവരിച്ച രാജ്യസ്നേഹികളുടെ അന്ത്യവിശ്രമസ്ഥാനമായ സിയാറത്തുങ്കര മഖാമില്‍ നടന്നിരുന്ന നേര്‍ച്ച ഈ പ്രദേശത്തെ മതമൈത്രിയുടെ ഉത്തമ ദൃഷ്ടാന്തമായിരുന്നു. പാലേരി, അഞ്ചരക്കണ്ടി, കാമേത്ത്, മാമ്പ, മുരിങ്ങേരി എന്നീ അഞ്ചു ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് അഞ്ചരക്കണ്ടി. അഞ്ചരക്കണ്ടിയില്‍ 1942-ല്‍ മുഴപ്പാല ഗ്രന്ഥാലയം എന്ന പേരില്‍ ആദ്യത്തെ ഗ്രന്ഥാലയം സ്ഥാപിതമായി. ഭൂമിശാസ്ത്രപരമായി അഞ്ചരക്കണ്ടി പഞ്ചായത്തിലല്ലെങ്കിലും അഞ്ചരക്കണ്ടിയിലെ എല്ലാ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കും നാന്ദികുറിച്ചത് നാലാംപീടികയിലുള്ള ശ്രീനാരായണജ്ഞാനപ്രദായനി വായനശാലയില്‍ നിന്നാണ്. അഞ്ചരക്കണ്ടി പഞ്ചായത്തിന്റെ പ്രഥമ ഭരണസമിതിയോഗം 5.11.1955-ന് ചേര്‍ന്നത് ഇവിടെ വച്ചാണ്. 1957 ജൂണ്‍ 12-ാം തീയതി അഞ്ചരക്കണ്ടി ഹൈസ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചതും ഈ വായനശാലയിലാണ്. അന്നു ഇന്നും ഈ വായനശാലയുടെ പ്രധാന പ്രവര്‍ത്തകര്‍ അഞ്ചരക്കണ്ടി പഞ്ചായത്തിലുള്ളവരാണ്. 1950-ല്‍ മാമ്പദേശത്ത് വെലങ്ങേരി വീട്ടില്‍ വി.എ.അമ്പുവിന്റെ നേതൃത്വത്തില്‍, കര്‍ഷക പ്രസ്ഥാനത്തിന്റെ അമരക്കാരായിരുന്ന പ്രമുഖനേതാക്കള്‍ പങ്കെടുത്ത കര്‍ഷകസമ്മേളനം നടന്നിട്ടുണ്ട്. ഈ സമ്മേളനങ്ങള്‍ കര്‍ഷക-ബഹുജന സംഘടനകളുടെ രൂപീകരണത്തിലും വളര്‍ച്ചയിലും നിര്‍ണായ പങ്കു വഹിച്ചിട്ടുണ്ട്. ഇവിടത്തെ ഒരു പ്രധാന കുടില്‍ വ്യവസായമായിരുന്നു, അവില്‍ ഉത്പാദനം. കണ്ണൂരിലെ കൈത്തറി വ്യവസായ കേന്ദ്രങ്ങളില്‍ പ്രധാന സ്ഥാനം അഞ്ചരക്കണ്ടിക്കുണ്ടായിരുന്നു. സാര്‍വ്വത്രിക വിദ്യാഭ്യാസത്തിന്റെ പ്രധാന്യം കണക്കിലെടുത്ത് അഞ്ചരക്കണ്ടിയിലെ ആദ്യത്തെ വിദ്യാലയം പാളയത്ത് അഞ്ചരക്കണ്ടി എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ സ്ഥാപിക്കപ്പെട്ടു.

സാംസ്കാരികചരിത്രം

അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിന് മറ്റു പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി കലാ-കായിക-സംസ്കാരിക പ്രവര്‍ത്തനങ്ങളുടെ, സമ്പന്നമായൊരു പശ്ചാത്തലമുണ്ട്. 18-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തോടുകൂടി ബ്രിട്ടീഷുകാര്‍ പഞ്ചായത്തില്‍ ഉറപ്പിച്ച ആധിപത്യം സാമൂഹ്യജീവിതത്തെ തെല്ലൊന്നുമല്ല സ്വാധീനിച്ചത്. മറ്റു സമീപ പ്രദേശങ്ങളില്‍ ജന്മി-നാടുവാഴിത്ത വ്യവസ്ഥകള്‍ സര്‍വ്വവിധ പ്രതാപങ്ങളോടും കൂടി കൊടികുത്തി വാണിരുന്ന അവസരത്തിലും അഞ്ചരക്കണ്ടിയില്‍ അതിന്റെ സ്വാധീനം താരതമ്യേന കുറവായിരുന്നു. തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും മറ്റു ഉച്ച നീചത്വങ്ങളും നിലവിലുണ്ടായിരുന്നങ്കിലും മറ്റു പ്രദേശങ്ങളിലെ പോലെ അത്ര തീവ്രമായിരുന്നില്ല. പഞ്ചായത്തിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദു, ഇസ്ളാം മതവിഭാഗങ്ങളില്‍പ്പെട്ടവരാണ്. ക്രിസ്തുമതവിശ്വാസികളും പഞ്ചായത്തിലെ പ്രബലമതവിഭാഗമാണ്. വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങളോടുകൂടി ജീവിക്കുന്നവരാണെങ്കിലും ജനങ്ങള്‍ ഐക്യത്തോടും സൌഹാര്‍ദ്ദത്തോടും കൂടി കഴിഞ്ഞുവരുന്നു. ഹിന്ദുമതത്തില്‍, നമ്പ്യാര്‍, വാണിയ, തീയ്യ, മലയ, വണ്ണാന്‍, പേട്ടുവര്‍, കരിമ്പാലന്‍, കൊല്ലന്‍, തട്ടാന്‍, ആശാരി, പുള്ളുവന്‍, കണിയാന്‍ തുടങ്ങിയ ജാതികളും അവയില്‍ ചിലതില്‍ അതിന്റെ അവാന്തര വിഭാഗങ്ങളുമുണ്ട്. ജനനം, മരണം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ ആചാരങ്ങളാണ് നിലവിലുള്ളത്. മതപരമായും, ജാതീയമായും ആചാരാനുഷ്ഠാനങ്ങളില്‍ വൈജാത്യങ്ങളുണ്ടെങ്കിലും നാനാത്വത്തില്‍ ഏകത്വം എന്ന ചൊല്ല് അന്വര്‍ഥമാക്കുമാറ് ഇവയെല്ലാം കൂട്ടിയോജിപ്പിക്കുന്ന തനതായ ഒരു സാംസ്കാരികാന്തര്‍ധാരയുമുണ്ടെന്നു കാണാം. പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും പുരാതനമായ ധാരാളം ക്ഷേത്രങ്ങളും കാവുകളുമുണ്ട്. കൂടാതെ മുസ്ളിം ജനവിഭാഗത്തിന്റെ ആരാധാനാലയങ്ങളായ പള്ളികളുമുണ്ട്. ക്ഷേത്രങ്ങളിലും, കാവുകളിലും, കെട്ടിയാടിക്കുന്ന മുത്തപ്പന്‍, തമ്പുരാട്ടി, കുട്ടിച്ചാത്തന്‍, ഗുളികന്‍, ഭദ്രകാളി, ചാമുണ്ഡി, ഭൂതം, ഭൈരവന്‍, വിഷ്ണു, മൂര്‍ത്തി തുടങ്ങിയ തെയ്യങ്ങളും, ശൈവ, വൈഷ്ണവ പ്രതിഷ്ഠകളും അവയുടെ ഐതീഹ്യങ്ങളും വിശ്വാസങ്ങളും ജനമനസിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മതമൈത്രിക്ക് പേരുകേട്ട ആരാധനാലയങ്ങളും പഞ്ചായത്തിലുണ്ട്. മാമ്പ സിയാറത്തുങ്കര പള്ളി മഖാം ആ വിഭാഗത്തില്‍പ്പെടുന്ന പ്രധാനപ്പെട്ട ഒരാരാധനാലയമാണ്. മണ്‍മറഞ്ഞ രാമന്‍ പെരുവണ്ണാന്‍, കുഞ്ഞമ്പു പെരുവണ്ണാന്‍, കണ്ണന്‍ പെരുവണ്ണാന്‍, ആണ്ടിപണിക്കര്‍, കൊട്ടന്‍ പണിക്കര്‍ എന്നീ പ്രശസ്തരായ തെയ്യം കലാകാരന്മാര്‍ പഞ്ചായത്തില്‍ ജീവിച്ചിരുന്നവരാണ്. കണ്ണാടിവെളിച്ചം എന്ന പേരില്‍ എ.കെ.ജി.സ്മാരക വായനശാല ഒരു കൈയെഴുത്തുമാസിക പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. പണ്ടുകാലത്ത് പഞ്ചായത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രശസ്തമായ സാംസ്കാരികസ്ഥാപനങ്ങളായിരുന്നു അമ്പിളി കലാ-സാംസ്കാരിക സമിതി, കുഞ്ഞിക്കൃഷ്ണന്‍ സ്മാരക കലാസമിതി തുടങ്ങിയവ. മുന്‍കാലങ്ങളില്‍, മാനസികോല്ലാസത്തിനും കായികശേഷിക്കും ഉപകരിക്കുന്ന ഇട്ടികളി, ഗോട്ടികളി, തലമകളി, കൊത്തങ്കല്ലുകളി, ഞൊണ്ടിക്കളി, സോഡകളി, കബഡികളി, ചട്ടികളി തുടങ്ങിയ കായികവിനോദങ്ങള്‍ വ്യാപകമായിരുന്നു.