പഞ്ചായത്തിലൂടെ
അഞ്ചരക്കണ്ടി - 2010
കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ താലൂക്കില്‍ എടക്കാട് ബ്ളോക്കിലാണ് അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1955 നവംബര്‍ 5 നാണ് ഈ ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നത്. ഈ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 15.36 ച.കി.മീ. ആണ്. ഈ പഞ്ചായത്തിന്റെ അതിരുകള്‍, വടക്കുഭാഗത്ത് കൂടാളി, മുണ്ടേരി, കീഴല്ലൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് മുണ്ടേരി, ചെമ്പിലോട് എന്നീ പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചെമ്പിലോട്, പെരളശേരി എന്നീ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് വേങ്ങാട്, കീഴല്ലൂര്‍ എന്നീ പഞ്ചായത്തുകളുമാണ്. 21,882 വരുന്ന ജനസംഖ്യയില്‍ 10,380 പേര്‍ പുരുഷന്‍മാരും 11,502 പേര്‍ സ്ത്രീകളുമാണ്. സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച പഞ്ചായത്താണ് അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്. ഇടനാട് പ്രദേശമായ അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തില്‍ മുന്‍കാലങ്ങളില്‍ ശ്രദ്ധയും പരിചരണവും നല്‍കിയിരുന്ന പ്രധാന കൃഷിയായിരുന്നു നെല്‍കൃഷി. നിലവില്‍ പഞ്ചായത്തിലെ പ്രധാന കാര്‍ഷികവിള നാളികേരമാണ് 1187 ഹെക്ടര്‍ പ്രദേശത്ത് തെങ്ങ്കൃഷിചെയ്തുവരുന്നു. 75 ഹെക്ടര്‍ സ്ഥലത്ത് നെല്ല്, ഒന്നാംവിളയും, 65 ഹെക്ടറില്‍ നെല്ല് രണ്ടാംവിളയും, 2 ഹെക്ടറില്‍ നെല്ല് മൂന്നാംവിളയും കൃഷിചെയ്യുന്നു. കശുമാവ്, റബ്ബര്‍,കവുങ്ങ്, വാഴ, കുരുമുളക്, പയര്‍(ഇടവിള), മരച്ചീനി, മഞ്ഞള്‍, പച്ചക്കറി എന്നിവയാണ് മറ്റ് പ്രധാന വിളകള്‍. അഞ്ചരക്കണ്ടി പുഴ ഈ പഞ്ചായത്തിലൂടെയാണ് ഒഴുകുന്നത്. 4 കുളങ്ങളും, 18 പൊതുകിണറുകളും ഈ പഞ്ചായത്തിലുണ്ട്. ഇവ കൂടാതെ ജലസേചനത്തിനായി ഉപയോഗിക്കുന്ന പ്രധാന കനാലാണ് പഴശ്ശികനാല്‍. ശുദ്ധജലത്തിനായി 41 പൊതുകുടിവെള്ള ടാപ്പുകള്‍ ഈപഞ്ചായത്തിലുണ്ട്. വൈദ്യുതിവല്‍ക്കരണത്തിന്റെ ഭാഗമായി 287 തെരുവിളക്കുകള്‍ ഈ പഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. കണ്ണൂര്‍ - മട്ടന്നൂര്‍ - കൂട്ടുപുഴ റോഡ് (അഞ്ചരക്കണ്ടി വഴി), തലശ്ശേരി - ചാലോട് റോഡ്, ചക്കരക്കല്ല് - പനയത്താപറമ്പ്, റോഡ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന റോഡുകള്‍. ചക്കരക്കല്‍ ടാക്സിസ്റ്റാന്റ്, അഞ്ചരക്കണ്ടി ബസ് സ്റ്റാന്റ് എന്നിവ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. മാമ്പകനാല്‍പ്പാലം, കുഴിനടലോട് കനാല്‍പ്പാലം എന്നീ പാലങ്ങള്‍ പഞ്ചാത്തിലുണ്ട്. മംഗലാപുരമാണ് പഞ്ചായത്തിന് തൊട്ടടുത്തുള്ള പ്രധാന തുറമുഖം. കണ്ണൂരാണ് തൊട്ടടുത്ത റെയില്‍വേസ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. വിദേശയാത്രക്കായി പഞ്ചാത്ത് നിവാസികള്‍ ആശ്രിയിക്കുന്നത് കരിപ്പൂര്‍ വിമാനത്താവളത്തെയാണ്. വന്‍കിട വ്യവസായശാലകള്‍ ഒന്നുംതന്നെ ഈ പഞ്ചായത്തിലില്ല. കല്ലുകൊത്ത്, തെങ്ങ്ചെത്ത്, ബീഡിനിര്‍മ്മാണം, കൈത്തറി എന്നീ പരമ്പരാഗത വ്യവസായങ്ങള്‍ പഞ്ചായത്തിലുണ്ട്. ചെറുകിട വ്യവസായങ്ങളായ ഫ്ലോര്‍ മില്‍, വെല്‍ഡിംഗ്, ഓയില്‍മില്‍, ഈര്‍ച്ചമില്‍ എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു. ഇടത്തരം വ്യവസായമായ നാളീകേര സംസ്കരണ യൂണിറ്റ് അഞ്ചരക്കണ്ടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചക്കരക്കല്‍ - ഹിന്ദുസ്ഥാന്‍ പെട്രോളിയം, കാവിന്‍മൂല - എസ്സാര്‍ ഓയില്‍ എന്നിവ പഞ്ചായത്തിലെ പെട്രോള്‍ ബങ്കുകളാണ്. അഞ്ചരക്കണ്ടി ഫാര്‍മേഴ്സ് സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഏജന്‍സി, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ ഇവിടുത്തെ ഗ്യാസ് വിതരണ ഏജന്‍സികളാണ്. പൊതുവിതരണമേഖലയില്‍ 8 റേഷന്‍കടകള്‍ പഞ്ചായത്തില്‍ ഉണ്ട്. ഇതുകൂടാതെ മാവേലിസ്റ്റോറും, നീതിസ്റ്റോറും ഓരോന്നുവീതം പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു. ചക്കരക്കല്‍, മുഴപ്പാല, പാലയം കുഴിമ്പാലോട്, കാവിന്‍മൂല, പനയത്താംപറമ്പ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങള്‍. ചക്കരക്കല്‍ ടാക്സിസ്റ്റാന്റ് ഷോപ്പിംഗ് കോംപ്ളക്സ് പഞ്ചായത്തിലെ പ്രധാന ഷോപ്പിംഗ ്കോംപ്ളക്സാണ്. വിവിധ മതസ്ഥരുടെ ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. പാലേരി അമ്പലം, മാമ്പവിളയാറോട്ട് മഹാവിഷ്ണുക്ഷേത്രം, കൈതപ്പുറത്ത് മഠപ്പുര, കുന്നാത്ത് ഭഗവതി ക്ഷേത്രം തുടങ്ങി ഇരുപതോളം ക്ഷേത്രങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. മാമ്പസിയാറത്തുങ്കര മഖാം കോവല്‍ പള്ളി, പാളയം ജുമാഅത്ത് പള്ളി, ചക്കരക്കല്ല് ജുമാഅത്ത് പള്ളി, ആനേനിമെട്ട താഹാമസ്ജിദ് എന്നീ മുസ്ളീം പള്ളികളും ഇവിടെ സ്ഥിതി ചെയ്യുന്നു. മുത്തപ്പന്‍ ക്ഷേത്രത്തിലെ പുത്തരി വെള്ളാട്ടം, മുത്തപ്പന്‍ കെട്ടിയാടല്‍, തിറ, തെയ്യം, മറ്റ് അമ്പലങ്ങളിലെ ഉത്സവങ്ങള്‍, പെരുന്നാള്‍ ആഘോഷം എന്നിവ ഈ പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങളാണ് സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ബാലക്കണ്ടികുഞ്ഞാപ്പു, അദ്ധ്യാപകരായിരുന്ന കെ. സി. കുഞ്ഞമ്പു നായര്‍, കെ കുഞ്ഞിക്കോരന്‍ നമ്പ്യാര്‍ എന്നിവരും ശിരോമണി സി.പി. വൈദ്യര്‍, കുമാരന്‍ വൈദ്യര്‍, ഡോക്ടര്‍. എം. ഉത്തമന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കുമാരന്‍ മാസ്റ്റര്‍, മുന്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഭാസ്കരന്‍മാസ്റ്റര്‍, സാമൂഹ്യപ്രവര്‍ത്തകനായിരുന്ന കരുണന്‍ മേസ്ത്രി, മുന്‍ ഹെഡ്മാസ്റ്റര്‍മാരായിരുന്ന സി. ചന്തുക്കുട്ടി മാസ്റ്റര്‍, കെ. സി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ എന്നിവര്‍ അഞ്ചരക്കണ്ടി പഞ്ചായത്തിന്റെ അഭിമാനമായിരുന്നു. ഗുരുശ്രേഷ്ഠ അവാര്‍ഡ് നേടിയ കുറംങ്കുഴല്‍ വിദ്വാന്‍ യു. കെ. കുഞ്ഞിരാമന്‍ പണിക്കര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍. ഗോവിന്ദന്‍, വിഷവൈദ്യശിരോമണി ചേരന്‍ ചാത്തുവൈദ്യര്‍, മുന്‍ മന്ത്രി എന്‍. രാമകൃഷ്ണന്‍ എന്നിവര്‍ ഈ പഞ്ചായത്തില്‍ നിന്നുള്ള പ്രമുഖ വ്യക്തികളാണ്. പ്രിയദര്‍ശിനി യൂത്ത് സെന്റ്ര്‍ മുഴപ്പാല, അമ്പിളി കലാ സാംസ്കാരിക സമിതി കുഴിമ്പാലോട്, സോപാനം കുഴിമ്പാലോട്, സംഘചേതന എക്കാല്‍ എന്നിവ അഞ്ചരക്കണ്ടി പഞ്ചായത്തിലെ പ്രധാന സാംസ്ക്കാരിക സ്ഥാപനങ്ങളാണ്. കായികരംഗത്തിന് പ്രോത്സാഹനമായി പുഞ്ചിരി സ്പോര്‍ട്സ് ക്ളബ്ബ് ഓടത്തില്‍ പീടിക, സംഘശക്തി മുഴപ്പാല, സ്പോട്സ് പ്ളാനറ്റ് മുരിങ്ങേരി, അജിത് കുമാര്‍ സ്പോര്‍ട്സ് ക്ളബ്ബ്, യുവധാര കണ്ണാടി വെളിച്ചം, സോപാനം കുഴിമ്പാലോട്, യുവതരംഗ് എന്നീ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പ്രാഥമിക ആരോഗ്യരംഗത്ത് കണ്ണാടി വെളിച്ചം എന്ന സ്ഥലത്ത് ഒരു ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. അഞ്ചരക്കണ്ടിയില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് സ്ഥിതിചെയ്യുന്നു. ചക്കരക്കലില്‍ ബി. എം. ആശുപത്രി പ്രവര്‍ത്തിക്കുന്നു. പുറത്തേക്കാട് ഒരു ആയുര്‍വേദ ഡിസ്പെന്‍സറിയും, കുഴിമ്പാലോട് ഒരു സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയും പ്രവര്‍ത്തിക്കുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, ഡി. എച്ച്. ഡി. ചക്കരക്കല്‍, ബി. എം. ഹോസ്പിറ്റല്‍ എന്നിവ ജനങ്ങള്‍ക്കായി ആംബുലന്‍സ് സേവനം നല്‍കിവരുന്നു. മൃഗസംരക്ഷണരംഗത്ത് മുഴപ്പാലയില്‍ ഒരു മൃഗാശുപത്രി പ്രവര്‍ത്തിക്കുന്നുണ്ട്. കാവിന്‍മൂലയില്‍ ഈ പഞ്ചായത്തിന്റേതായി ഒരു ഐ. സി. ഡി. പി. ഉപകേന്ദ്രം പ്രവര്‍ത്തിക്കുന്നു. വിദ്യാഭ്യാസരംഗത്ത് വളരെയധികം നേട്ടങ്ങള്‍ കൈവരിച്ച പഞ്ചായത്താണ് അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്. സ്വകാര്യ - എയ്ഡഡ് മേഖലയില്‍ ഒരു ഹയര്‍ സെക്കന്ററി സ്കൂളും, 3 യു. പി. സ്കൂളുകളും 17 എല്‍. പി. സ്കൂളുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇതുകൂടാതെ സ്വകാര്യ മേഖലയില്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്, എസ്. യു. എം. ബി. എഡ് കോളേജ് എന്നിവ പ്രവര്‍ത്തിക്കുന്നു. കാവിന്‍മൂലയില്‍ ഒരു യോജന വിശ്രമകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതാണ് പഞ്ചായത്തിലെ പ്രധാന സാമൂഹ്യ സ്ഥാപനം. ധനകാര്യമേഖലയില്‍ നിരവധി സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. സിന്‍ഡിക്കേറ്റ് ബാങ്ക് ചക്കരക്കല്‍, എസ്. ബി. ടി. ചക്കരക്കല്‍, നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ബാങ്ക് ചക്കരക്കല്‍ എന്നിവ ഈ പഞ്ചായത്തിലെ ദേശസാല്‍കൃത ബാങ്കുകളാണ്. അഞ്ചരക്കണ്ടി ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണബാങ്ക് കാവിന്‍മൂല (ബ്രാഞ്ചുകള്‍ ചൂള, പാളയം, അഞ്ചരക്കണ്ടി, മുഴപ്പാല, കുഴിമ്പലോട്), അഞ്ചരക്കണ്ടി ക്ഷീരോല്‍പ്പാദക സഹകരണസംഘം മുഴപ്പാല, അഞ്ചരക്കണ്ടി പബ്ളിക് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചക്കരക്കല്‍, മൌവഞ്ചേരി കോ -ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് (പറയത്താംപറമ്പ് ശാഖ) എന്നീ സഹകരണ ബാങ്കുകളും ഇവിടെയുണ്ട്. ചക്കരക്കല്ലില്‍ പ്രവര്‍ത്തിക്കുന്ന ആശാന്‍ വായനശാല ആന്റ് ഗ്രന്ഥാലയമാണ് പഞ്ചായത്തിലെ പ്രധാന ഗ്രന്ഥശാല. ഇതു കൂടാതെ ഗാന്ധിസ്മാരക വായനശാല കാവിന്‍മൂല, എ. കെ. ജി. സ്മാരകവായനശാല വണ്ടിക്കാരന്‍ പീടിക, സി. എച്ച് രാമര്‍ഗുരുക്കള്‍ വായനശാല പനയത്താംപറമ്പ്, എ. കെ. ജി. സ്മാരകവായനശാല കണ്ണാടി വെളിച്ചം, മുഴപ്പാല വായനശാല മുഴപ്പാല, നരിക്കോട് പൊതുജന വായനശാല നരിക്കോട്, സി.ആര്‍. സി. വായനശാല മുരിങ്ങേരി, ചോരയാല്‍ കുണ്ട് വായനശാല എന്നീ വായനശാലകഉം ഈ പഞ്ചായത്തിലുണ്ട്. അഞ്ചരക്കണ്ടി സാംസ്കാരിക നിലയം വണ്ടിക്കാരന്‍ പീടികയാണ് പഞ്ചായത്തിലെ പ്രധാന കമ്മ്യൂണിറ്റി ഹാള്‍. മാമ്പ, മുഴപ്പാല, മുരിങ്ങേരി എന്നിവിടങ്ങലായി മൂന്നു തപാലാഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചക്കരക്കലില്‍ അഞ്ചരക്കണ്ടി ടെലഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നു. കൃഷിഭവന്‍ അഞ്ചരക്കണ്ടി, വില്ലേജ് ഓഫീസ് അഞ്ചരക്കണ്ടി എന്നീ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.