ആമുഖം
കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍ താലൂക്കില്‍ എടക്കാട് ബ്ളോക്കിലാണ് അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അഞ്ചരക്കണ്ടി വില്ലേജുപരിധിയിലുള്‍പ്പെടുന്ന അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിന് 15.36 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍, വടക്കുഭാഗത്ത് കൂടാളി, മുണ്ടേരി, കീഴല്ലൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് മുണ്ടേരി, ചെമ്പിലോട് എന്നീ പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചെമ്പിലോട്, പെരളശേരി എന്നീ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് വേങ്ങാട്, കീഴല്ലൂര്‍ എന്നീ പഞ്ചായത്തുകളുമാണ്. കണ്ണൂര്‍ പട്ടണത്തില്‍ നിന്നും 16 കിലോമീറ്റര്‍ തെക്കുകിഴക്കും തലശ്ശേരിയില്‍ നിന്ന് 20 കിലോമീറ്റര്‍ വടക്കുകിഴക്കും കൂത്തുപറമ്പില്‍നിന്ന് 10 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന പ്രകൃതിസുന്ദരമായ ഗ്രാമമാണ് അഞ്ചരക്കണ്ടി. വലിപ്പത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്തും ഏഷ്യയില്‍ ഒന്നാം സ്ഥാനത്തും നിലകൊള്ളുന്ന കറപ്പത്തോട്ടം(കറുവപ്പട്ട-സിനമണ്‍) അഞ്ചരക്കണ്ടിക്ക് അഖിലലോകപ്രശസ്തി നേടിക്കൊടുത്തു. രണ്ടത്തറ സിനമണ്‍ എസ്റ്റ്റേറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ കറപ്പത്തോട്ടം വിദേശീയര്‍ നട്ടുണ്ടാക്കിയ ഇന്ത്യയിലെ തോട്ടങ്ങളില്‍ ഏറ്റവും പ്രമുഖമാണ്. വിദേശ ഉടമയിലുള്ള കേരളത്തിലെ ആദ്യത്തെ തോട്ടവും ഇതുതന്നെെയാണ്. മൈസൂര്‍ രാജാവായിരുന്ന ഹൈദരാലി നല്‍കിയ സഹായത്തിന് പ്രത്യുപകാരമായി അഞ്ചരക്കണ്ടിപ്പുഴയുടെ ഇരുകരയിലുമുള്ള ഭൂമിയുടെ നികുതി പിരിക്കാനുള്ള അവകാശം തലയിലച്ഛന്മാര്‍ ഈസ്റ്റ്റിന്ത്യാ കമ്പനിക്ക് നല്‍കി. 1799-ല്‍ കുരുമുളക്, കാപ്പി, കറപ്പ, ചന്ദനം തുടങ്ങിയവ കൃഷി ചെയ്യുന്നതിനായി അവര്‍ അഞ്ചു കണ്ടികള്‍ (വലിയകൃഷിയിടം) വില കൊടുത്തു വാങ്ങി. പിന്നീട് തോണിയില്‍ സാധനങ്ങള്‍ കയറ്റുവാനും ഇറക്കുവാനുമായി അര കണ്ടി കൂടി വിലയ്ക്കുവാങ്ങിയ വെള്ളക്കാര്‍ ഈ കൊച്ചുപ്രദേശത്തെ, അഞ്ചരക്കണ്ടി എന്ന നാമധേയത്തില്‍ പില്‍ക്കാലത്ത് അറിയപ്പെടുന്നതിനുള്ള ചരിത്രപശ്ചാത്തലമൊരുക്കി. കേരളത്തില്‍ ആദ്യമായി കാപ്പിക്കൃഷി ആരംഭിച്ചത് ഇവിടെയാണ്. കറപ്പത്തോട്ടത്തിന്റെ ഉടമകളായിരുന്നു അഞ്ചരക്കണ്ടി സായ്പന്‍മാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബ്രൌണ്‍ സായ്പന്മാരുടെ കുടുംബം. 1789-ല്‍ ഫ്രഞ്ചു സര്‍വീസില്‍ നിന്നും ഇംഗ്ളീഷുകാരുടെ കൂടെ പോലീസ് സൂപ്രണ്ടായി പ്രവര്‍ത്തിച്ചിരുന്ന മഡോക്ക് ബ്രൌണ്‍ ഈ തോട്ടത്തിന്റെ ഓവര്‍സിയറായി. അദ്ദേഹം ഈസ്റ്റ്റിന്ത്യ കമ്പനിയില്‍ നിന്ന് 90 വര്‍ഷം ഈ തോട്ടം പാട്ടത്തിനെടുത്തു. ബ്രൌണ്‍ സായ്പിനുശേഷം തോട്ടത്തിന്റെ ഭരണം അദ്ദേഹത്തിന്റെ പിന്‍മുറക്കാര്‍ ഏറ്റെടുക്കുകയും ബ്രൌണ്‍’സ് സിനമണ്‍ എസ്റ്റ്റേറ്റ് എന്ന പേരില്‍ ഇത് അറിയപ്പെടാനും തുടങ്ങി. 1800-ല്‍ പഴശ്ശിരാജാവിന്റെ സൈന്യവും ബ്രിട്ടീഷുകാരും തമ്മില്‍ ഈ മണ്ണില്‍ വച്ച് യുദ്ധം നടക്കുകയും കറപ്പത്തോട്ടം പഴശ്ശിരാജാവ് പിടിച്ചെടുക്കുകയും ചെയ്തു. 1803-ല്‍ സമീപപ്രദേശമായ കതിരൂരില്‍വച്ച് പഴശ്ശിരാജാവും ബ്രിട്ടീഷുകാരും വീണ്ടും ഏറ്റുമുട്ടുകയും തോട്ടം ഈസ്റ്റിന്ത്യ കമ്പനി തിരിച്ചുപിടിക്കുകയും ചെയ്തു. അഞ്ചരക്കണ്ടിയുടെ സാംസ്കാരികമണ്ഡലത്തില്‍ എടുത്തുപറയത്തക്ക ധാരാളം മാറ്റങ്ങള്‍ വരുത്തിയത് ബ്രൌണ്‍ കുടുംബമാണ്. അഞ്ചരക്കണ്ടിയിലെ ഭൂമി സര്‍വേ ചെയ്യാനും അതിന്റെ രേഖകള്‍ സൂക്ഷിക്കുവാനുമുള്ള പുതിയൊരു സമ്പ്രദായത്തിന് ഇവര്‍ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ ആദ്യത്തെ സബ്രജിസ്ട്രാര്‍ ഓഫീസ് അഞ്ചരക്കണ്ടിയില്‍ സ്ഥാപിക്കപ്പെട്ടത് അക്കാലത്താണ്. കേരളത്തിലെ ആദ്യത്തെ സഹകരണസ്ഥാപനമായ അഞ്ചരക്കണ്ടി കടം വായ്പാ സഹകരണ സംഘം 1914 ഫെബ്രുവരി 2-ന് റോബര്‍ട്ട് എഡ്വേര്‍ഡ് ബ്രൌണ്‍ ആദ്യ അംഗമായി സ്ഥാപിതമായി. ഇംഗ്ളണ്ടിലെ തെയിംസ് നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ബ്രൌണ്‍ കുടുംബത്തിന്റെ ബംഗ്ളാവിന്റെ അതേ മാതൃകയില്‍ തന്നെെ, അഞ്ചരക്കണ്ടിപുഴയുടെ തീരത്ത് ബ്രൌണ്‍ സായ്പ് പണി കഴിപ്പിച്ച ബംഗ്ളാവ് ഇന്നും നിലകൊള്ളുന്നു.