ചരിത്രം
സാമൂഹ്യ-സാംസ്കാരികചരിത്രം
ഈ നൂറ്റാണ്ടിന്റെ മധ്യകാലഘട്ടം വരെ അറിയപ്പെടാതെ കഴിഞ്ഞിരുന്ന ഗ്രാമമായിരുന്നു ആനിക്കാട്. ഒരു സഹസ്രാബ്ദത്തിനു മുന്‍പ് ജനവാസമാരംഭിച്ചുവെന്ന് കരുതപ്പെടുന്ന ഈ പ്രദേശം ധാരാളം അയിനി(ആഞ്ഞിലി) വൃക്ഷങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ആദ്യകാലത്ത് അയനിക്കാട് എന്ന് വിളിക്കപ്പെട്ടിരുന്നു. നൂറ്റാണ്ടുകള്‍ക്കുമുമ്പ് നിര്‍മ്മിച്ച അറക്കൂട്ടം പുരകള്‍ക്കെല്ലാം ആഞ്ഞിലി നിര്‍ലോഭം ഉപയോഗിച്ചിരുന്നു. അയിനിമരങ്ങളുടെ കാടായ അയിനിക്കാട് കാലാന്തരത്തില്‍ ആനിക്കാട് ആയിമാറി. തിരൂവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്ന ഈ ഭൂപ്രദേശം മുഖ്യമായും രണ്ടു രാജവംശങ്ങളുടെ വകയായിരുന്നു. ഇടപ്പള്ളി സ്വരൂപം വകയും, തിരുവിതാംകൂര്‍ രാജഭരണത്തിന്റെ(സര്‍ക്കാര്‍) നേരിട്ടുള്ള ഉടമസ്ഥതയിലും. ആനിക്കാട് ഭഗവതിക്ഷേത്രവും വായ്പൂര് മഹാദവേര്‍ക്ഷേത്രവും ഇടപ്പള്ളിരാജാവ് പണികഴിപ്പിച്ചതായിട്ടാണ് ഊഹിക്കേണ്ടത്. ഇടപ്പള്ളിരാജാവിന്റെ പടയിലേക്ക് ഇവിടെ നിന്നും പരിശീലനം സിദ്ധിച്ചവരെ അയച്ചിരുന്നു. പടയുടെ പരിശീലനത്തിനായി ജന്മിത്തറവാടുകളില്‍ നടത്തിയിരുന്ന കളരികളുടെ തെളിവുകള്‍ നിലവിലുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായ ഒരു യുദ്ധത്തില്‍ പങ്കെടുത്ത് മരണമടഞ്ഞ രണ്ടുപേരുടെ സ്മരണാര്‍ത്ഥം അവരുടെ പ്രതിമകള്‍ ചെറുകര ഭവനത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. മനുഷ്യവാസം ആരംഭിച്ചത് എന്നാണെന്ന് കൃത്യമായി അറിയുവാന്‍ നിവൃത്തിയില്ലെങ്കിലും ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പും ഇവിടെ മനുഷ്യര്‍ വസിച്ചിരുന്നുയെന്നുവേണം അനുമാനിക്കാന്‍. വാസ്തുശില്പശൈലികളില്‍ നിന്നും ക്ഷേത്രപരിസരങ്ങളിലെ പുരാവസ്തുരേഖകളില്‍ നിന്നും അതാണ് ഊഹിക്കേണ്ടത്. ഏതാണ്ട് ഈ കാലഘട്ടത്തില്‍ തന്നെ ക്രിസ്ത്യാനികളും ഇവിടെ താമസമുറപ്പിച്ചു. ഇന്നുള്ള ക്രിസ്ത്യന്‍പള്ളികള്‍ക്ക് സഹസ്രാബ്ദങ്ങളുടെയൊന്നും പഴക്കമില്ലെങ്കിലും ചില ക്രിസ്ത്യാനികുടുംബങ്ങള്‍ ആദ്യകാലഘട്ടം മുതല്‍തന്നെ ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍. ഇസ്ലാംമതം ഉദ്ദേശം 150 വര്‍ഷങ്ങള്‍ക്കുമുമ്പെങ്കിലും ഇവിടേക്ക് കടന്നുവന്നുവെന്നുവേണം കരുതാന്‍. ശബരിമല അയ്യപ്പന്റെ സ്നേഹിതനായിരുന്ന എരുമേലി വാവര് സ്വാമിക്ക് ബന്ധമുള്ളതാണ് വായ്പൂര് മുസലിയാരുടെ കുടുംബം. ജന്മിത്തം കൊടികുത്തിവാണിരുന്ന കാലത്ത് സ്വന്തമായി ഭൂമിയില്ലാത്തവരായിരുന്നു ബഹുഭൂരിപക്ഷം കര്‍ഷകരും. അവര്‍ ജന്മിമാരുടെ പാട്ടക്കുടിയാന്മാരായിരുന്നു. അധഃസ്ഥിതജനത പുരയിടത്തില്‍ അടിമവേല ചെയ്യുമ്പോള്‍ ഉയര്‍ന്ന ജാതിക്കാര്‍ അവരുടെ അധികസമയം മതവിശ്വാസവുമായി ബന്ധപ്പെട്ട കലകള്‍ക്ക് വിനിയോഗിച്ചിരുന്നു. ഒരു മതത്തിലും സ്ഥാനമില്ലാതിരുന്ന അധഃസ്ഥിതവര്‍ഗ്ഗം അവരുടെ കൃഷിപ്പണിയുമായി ബന്ധപ്പെട്ട സംസ്കാരത്തില്‍ ഒതുക്കപ്പെട്ടു. പ്രാചീന നാടന്‍കലകളില്‍ ഒട്ടു മിക്കവയും പണിയെടുക്കുന്നവന്റെ സന്തോഷസന്താപവും വിശ്വാസ-നിശ്വാസങ്ങളും നിറഞ്ഞുനില്‍ക്കുന്നവയാണ്. ചാവുതുള്ളല്‍, കൊയ്ത്തുപാട്ട്, കോലംതുള്ളല്‍, പുള്ളവന്‍പാട്ട്, തെയ്യം, തിറ എന്നീ പ്രാചീനകലകളില്‍ ഈ സംസ്കാരത്തിന്റെ പ്രതീകങ്ങളായി ഇവിടെ നിലനിന്നിരുന്നു. രണ്ടു നൂറ്റാണ്ടള്‍ക്കുമുമ്പ് വരക്, മുതിര, ചേമ്പ്, പഞ്ഞപ്പുല്ല്, നെല്ല്, തെങ്ങ് ഇവയായിരുന്നു പ്രധാനകൃഷികള്‍. വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുക പതിവായിരുന്നു. കൃഷിഭൂമിക്കു ചുറ്റും ഉയര്‍ന്ന കല്ലുവെരകള്‍ തീര്‍ത്ത് കൃഷി സംരക്ഷിച്ചുപോന്നു. വൈദേശികക്രിസ്ത്യന്‍മിഷനറിമാരുടെ വരവിനുശേഷം സാംസ്കാരിക-സാമൂഹിക-വിദ്യാഭ്യാസ മേഖലകളില്‍ തിരുവിതാംകൂറില്‍ ആകമാനമുണ്ടായ മാറ്റം ആനിക്കാട്ടിലും പ്രതിഫലിച്ചു. ജന്മി-കുടിയാന്‍ വ്യവസ്ഥിതിയില്‍ വിള്ളല്‍ വീണു. മല്ലപ്പള്ളിയില്‍ സി.എം.എസ് മിഷനറിമാര്‍ സ്ഥാപിച്ച മധ്യതിരുവിതാംകൂറിലെ ആദ്യത്തെ സ്കൂള്‍ ആനിക്കാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസകാര്യത്തിലും വളരെ പ്രയോജനമുണ്ടാക്കി. സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന ജനതയുടെ വിദ്യാഭ്യാസപുരോഗതിക്ക് തിരുവിതാംകൂറില്‍ ആദ്യമായി സ്ഥാപിതമായ സ്കൂളായിരുന്നു ആനിക്കാട് ഗ്രാമത്തിലെ വെങ്ങളത്തുകുന്ന് പി.ആര്‍.ഡി.എസ്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ അലയടികള്‍ തീവ്രമായ നിലയില്‍ ആനിക്കാട്ടിലുണ്ടായിട്ടില്ല. എങ്കിലും ഒരു ന്യൂനപക്ഷം ജനതയ്ക്ക് സ്വാതന്ത്ര്യസമരത്തോട് അനുഭാവം ഉണ്ടായിരുന്നു. സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ ഭൂസ്വത്തിന്റെ 80%-വും ഏതാനും ജന്മിമാരുടെ ഉടമസ്ഥതയിലായിരുന്നു. ഭൂപരിഷ്കരണനിയമം പ്രാബല്യത്തില്‍ വന്നതോടുകൂടി ഫ്യൂഡല്‍ വ്യവസ്ഥിതിക്ക് മാറ്റം ഉണ്ടായി. 1950-കളുടെ അവസാനത്തോടും 60-കളുടെ ആരംഭത്തോടും കൂടി ഭൂമി ഭൂരിപക്ഷം ജനങ്ങളുടെ ഉടമസ്ഥതയിലായി. 1949-ല്‍ പഴയ കൊല്ലം ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ ആദ്യത്തെ ഗ്രാമോദ്ധാരണ സമിതി നിലവില്‍ വന്നപ്പോഴാണ് ആനിക്കാട് പഞ്ചായത്ത് എന്ന ആശയം സാക്ഷാത്കരിക്കപ്പെടുന്നത്. സാംസ്കാരികരംഗത്ത് ഇന്നത്തേതിനേക്കാള്‍ സമ്പുഷ്ടമായിരുന്നു 1950-കളിലെ ആനിക്കാട്. ആനിക്കാട് വിജയാ റീഡിംഗ് റൂം, പീപ്പിള്‍സ് റീഡിംഗ് റൂം ആന്‍ഡ് ലൈബ്രറി പെരുമ്പട്ടിമണ്‍, വൈ.എം.എ.ക്ളബ് ആന്‍ഡ് ലൈബ്രറി കരിമ്പോലി, നേതാജി റീഡിംഗ് റൂം ആന്‍ഡ് ലൈബ്രറി വായ്പൂര്, യൂണിയന്‍ ക്ളബ് റീഡിംഗ് റൂം ആന്‍ഡ് ലൈബ്രറി പുന്നവേലി, ജനതാ റീഡിംഗ് റൂം ആന്‍ഡ് ലൈബ്രറി കുളത്തുങ്കല്‍ കവല എന്നീ പ്രസ്ഥാനങ്ങളായിരുന്നു സാംസ്കാരികരംഗത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്.