പഞ്ചായത്തിലൂടെ

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കില്‍ മല്ലപ്പള്ളി ബ്ളോക്കിലാണ് ആനിക്കാട് ഗ്രാമപ്പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്ത് ആനിക്കാട് വില്ലേജിന്റെ പരിധിയിലാണ് ഉള്‍പ്പെടുന്നത്. ആനിക്കാട് ഗ്രാമപഞ്ചായത്തിന് 19.04 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയും 13 വാര്‍ഡുകളുമുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് നെടുങ്കുന്നം പഞ്ചായത്തും (കോട്ടയം ജില്ല), കിഴക്കുഭാഗത്ത് വെള്ളാവൂര്‍ പഞ്ചായത്തും (കോട്ടയം ജില്ല), തെക്കുഭാഗത്ത് മണിമലയാറും, മല്ലപ്പള്ളി, കോട്ടാങ്ങല്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പനയമ്പാല തോടും കറുകച്ചാല്‍ (കോട്ടയം ജില്ല) പഞ്ചായത്തുമാണ്. മനുഷ്യവാസം ആരംഭിച്ചത് എന്നാണെന്ന് കൃത്യമായി അറിയുവാന്‍ നിവൃത്തിയില്ലെങ്കിലും ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പും ഇവിടെ മനുഷ്യവാസമുണ്ടായിരുന്നു എന്നു വേണം അനുമാനിക്കാന്‍. ഈ പ്രദേശത്ത് പണ്ടുകാലത്ത് ധാരാളം അയിനി(ആഞ്ഞിലി) വൃക്ഷങ്ങള്‍ വളര്‍ന്നിരുന്നു. നൂറ്റാണ്ടുകള്‍ക്കുമുമ്പ് നിര്‍മ്മിച്ച അറക്കൂട്ടംപുരകള്‍ക്കെല്ലാം ആഞ്ഞിലി നിര്‍ലോഭം ഉപയോഗിച്ചിരുന്നു.  അയിനിമരങ്ങളുടെ കാട് ഉണ്ടായിരുന്ന സ്ഥലത്തിനെ അയിനിക്കാട് എന്നറിയപ്പെട്ടു. ഇതാണ് പില്‍ക്കാലത്ത് ആനിക്കാട് ആയി മാറിയത്. മണിമല, പമ്പ നദികളുടെ സംഗമസ്ഥാനത്തു നിന്നും ഏകദേശം 18 മൈല്‍ കിഴക്കുമാറി മണിമലയാറിനു വടക്ക്, തെക്കോട്ടു ചരിഞ്ഞുകിടക്കുന്ന നിമ്നോന്നത ഭൂവിഭാഗമാണ് ആനിക്കാട്. 1953 ജൂണിലാണ് ആദ്യമായി പഞ്ചായത്തുതെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുക്കപ്പെട്ട പ്രസ്തുത സമിതി 1953 ആഗസ്റ്റ് 15 ന് നിലവില്‍ വന്നു. അക്കാലത്ത് മല്ലപ്പള്ളി ആനിക്കാട് പഞ്ചായത്ത് എന്ന പേരിലറിയപ്പെട്ടിരുന്ന ഈ പഞ്ചായത്തിന് ഒരു ദ്വയാംഗമണ്ഡലമുള്‍പ്പെടെ 6 വാര്‍ഡും 7 മെമ്പര്‍മാരുമാണുണ്ടായിരുന്നത്.