ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം
ഈ ബ്ളോക്കിലെ പുരാതനവും പ്രശസ്തവുമായ കാലടി, മലയാറ്റൂര്‍ എന്നീ പ്രദേശങ്ങള്‍ ഏറെ ചരിത്രപ്രാധാന്യമുള്ളതും അതേസമയം പ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രങ്ങളും കൂടിയാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രിസ്തുവിന്റെ ശിഷ്യനായ തോമാശ്ളീഹാ കേരളത്തില്‍ എത്തിയപ്പോള്‍ സന്ദര്‍ശിച്ച പ്രദേശങ്ങളിലൊന്നായ മലയാറ്റൂര്‍ ഇന്ന് അങ്കമാലി ബ്ളോക്കിലാണ് സ്ഥിതി ചെയ്യുന്നത്. എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഹൈന്ദവനവോത്ഥാനനായകനായ ശ്രീ ശങ്കരാചാര്യര്‍ ജനിച്ച കാലടി എന്ന ഗ്രാമവും അങ്കമാലി ബ്ളോക്കിലാണ്. ഏതാണ്ട് 12 നൂറ്റാണ്ടു മുമ്പ് കുലശേഖര രാജശേഖരവര്‍മ്മന്‍ കാലടിയില്‍ വന്നു ശങ്കരാചാര്യരെ സന്ദര്‍ശിച്ചിരുന്നതായി ചരിത്രം പറയുന്നു.ശങ്കരാചാര്യരുടെ ചരിത്രവുമായി ബന്ധപ്പെട്ട മുതലക്കടവ്,ആര്യാംബാ സമാധിസ്ഥലം, കാര്‍ത്യായനിക്ഷേത്രം, ആചാര്യര്‍ പ്രതിഷ്ഠ നടത്തിയെന്നു വിശ്വസിക്കപ്പെടുന്ന ശ്രീകൃഷ്ണക്ഷേത്രം, തിരുവെള്ളമാന്‍തുള്ളി ക്ഷേത്രം, പുത്തന്‍കാവ് ഭഗവതി ക്ഷേത്രം എന്നിവ ഇന്നും കാലടിയിലുണ്ട്. കേരളപ്പഴമയുമായി ബന്ധപ്പെട്ട പറയി പെറ്റ പന്തിരുകുലത്തിലെ ചാത്തന്റെ വിഹാരമണ്ഡലമായ അകവൂര്‍മനയും,കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ വിവരിക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രവും ഉള്‍പ്പടുന്ന ചരിത്രപ്രസിദ്ധവും ഐതിഹ്യപ്രധാനവുമായ ശ്രീമൂലനഗരം ഗ്രാമം പെരിയാറിന്റെ തീരത്തായി ഈ ബ്ളോക്കില്‍ സ്ഥിതി ചെയ്യുന്നു. തൃക്കണിക്കാവ് ഉള്‍ക്കൊള്ളുന്ന പഴയ വെള്ളാരപ്പിള്ളി ഗ്രാമത്തിലെ പുതിയേടം കൊട്ടാരത്തിലാണ് കൊച്ചി രാജവംശത്തിലെ പ്രഗത്ഭനായ ശക്തന്‍ തമ്പുരാന്‍ ജനിച്ചത്. വെള്ളാരപ്പിള്ളി കോവിലകം ഇന്നും ഇവിടെയുണ്ട്. വളരെ പുരാതനകാലം മുതല്‍ മൂക്കന്നൂര്‍ പ്രദേശം ജനനിബിഡമായിരുന്നുവെന്നും പിന്നീടുണ്ടായ യുദ്ധമോ, പകര്‍ച്ചവ്യാധികളോ, പ്രകൃതിക്ഷോഭമോ കൊണ്ട് ജനങ്ങള്‍ ഒഴിഞ്ഞുപോയതാണെന്നും അങ്ങനെ കുറേക്കാലം ഇവിടം വനപ്രദേശമായിരുന്നന്നും പിന്നീടെന്നാ വീണ്ടും ജനവാസം ആരംഭിക്കുകയാണുണ്ടായതെന്നും വിശ്വസിക്കപ്പെടുന്നു. 1930-ല്‍ ചീനംചിറയില്‍ കണ്ടെത്തിയ കല്‍പ്പടവുകളും, കല്‍ക്കെട്ടുകളും, മറ്റു പ്രദേശങ്ങളില്‍ കണ്ടെത്തിയ മുനിയറകളും വലിയ മണ്‍ഭരണികളും, നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൂട്ടാല ദേവീക്ഷേത്രവും, അതിനു മുന്നിലുള്ള ആലും, തേവര്‍ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട ആറാട്ടുപുഴയും ഇവിടം നൂറ്റാണ്ടുകള്‍ക്കു മുമ്പെന്നോ ജനവാസകേന്ദ്രമായിരുന്നുവെന്നതിന് വ്യക്തമായ സൂചനകള്‍ നല്‍കുന്നു. 1756-ല്‍ കോഴിക്കോട് സാമൂതിരി, കൊച്ചി രാജ്യത്തിന്റ ഭാഗമായിരുന്ന ആലങ്ങാടും പറവൂരും ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ആക്രമിച്ച് കൈവശപ്പെടുത്തി. നഷ്ടപ്പെട്ട രാജ്യഭാഗങ്ങള്‍ തിരിച്ചുപിടിക്കുന്നതിന് കൊച്ചിരാജാവ് തിരുവിതാംകൂര്‍ രാജാവിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ തിരുവിതാംകൂറിന്റെ സഹായത്തോടെ സാമൂതിരിയെ പരാജയപ്പെടുത്തിയ കൊച്ചിരാജാവ് പ്രത്യുപകാരമായി കരപ്പുറം ദേശവും, ആലങ്ങാടും, പറവൂരും 1764-ല്‍ തിരുവിതാംകൂറിന് വിട്ടുകൊടുത്തു. അപ്രകാരം തിരുവിതാംകൂറിനോട് ചേര്‍ക്കപ്പെട്ട ആലങ്ങാട് മണ്ഡപത്തില്‍ ഉള്‍പ്പെട്ട പ്രവൃത്തി ആയിരുന്നു മഞ്ഞപ്ര. അക്കാലത്ത് പ്രവൃത്തിയുടെ ഭരണത്തലവന്‍ ചന്ദ്രകാരനായിരുന്നു. റവന്യൂജുഡിഷ്യല്‍ അധികാരത്തിനു പുറമേ, ക്ഷേത്രഭരണാധികാരവും നിക്ഷിപ്തമായിരുന്നത് ചന്ദ്രകാരനിലായിരുന്നു. ചന്ദ്രകാരന്റെ ഓഫീസ് ഇരുന്ന സ്ഥലത്തിന് ചന്ദ്രപ്പുര എന്നായിരുന്നു പേര്. ഇന്ന് മഞ്ഞപ്ര ഗ്രാമത്തിലെ പ്രധാന ജംഗ്ഷനുകളിലൊന്നാണ് ചന്ദ്രപ്പുര. ഇടതൂര്‍ന്ന് വളര്‍ന്ന കാര എന്ന കുറ്റിച്ചെടികള്‍ ഉണ്ടായിരുന്നതിനാലാകാം കറുകുറ്റി പ്രദേശത്തിന് ആ പേരു ലഭിച്ചത്. ടിപ്പു സുല്‍ത്താന്റെ പടയോട്ടത്തെ ചെറുക്കാന്‍ തിരുവിതാംകൂര്‍-കൊച്ചി രാജാക്കന്മാര്‍ സഹകരിച്ച് നിര്‍മ്മിച്ച നെടുങ്കോട്ടയുടെ അവശിഷ്ടങ്ങള്‍ ഈ ഗ്രാമത്തിന്റെ വടക്കുവശത്തായി കോട്ടത്തെണ്ട് എന്ന പേരില്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഇവിടുത്തെ വനപ്രദേശത്ത് കുടിയേറിപാര്‍ത്ത ജനസമൂഹം ഭൂരിിപക്ഷവും ക്രിസ്തുമതവിശ്വാസികളായിരുന്നു. സെന്റ് തോമസ് (തോമാശ്ളീഹാ) അദ്ദേഹത്തിന്റെ സമുദ്രാന്തരയാത്രകള്‍ക്കിടയില്‍ കേരളവും സന്ദര്‍ശിച്ചുവെന്നത് ചരിത്രമാണ്. കേരളത്തിലെ സുവിശേഷപ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് തോമാശ്ളീഹാ മലയാറ്റൂരിലെ മലമുകളിലെത്തുന്നത്.മലമുകളിലെ ശിലാപാളികളില്‍ അദ്ദേഹത്തിന്റേതെന്ന് കരുതപ്പെടുന്ന കാല്‍പ്പാടുകള്‍ പതിഞ്ഞുകിടപ്പുണ്ട്. തീര്‍ത്ഥാടക ലക്ഷങ്ങള്‍ ഇന്ന് അവിടെയെത്തി ആരാധന നടത്തുന്നു. ഇതിഹാസകഥാപാത്രങ്ങളായ പാണ്ഡവര്‍ വനവാസകാലത്ത് ഇവിടെ കുറേക്കാലം ചിലവഴിച്ചിരുന്നുവെന്ന് ഹിന്ദുക്കളുടെയിടയില്‍ ഐതിഹ്യമുണ്ട്. ബകന്റേയും ഭീമന്റെയും യുദ്ധം നടന്ന സ്ഥലമാണത്രെ ബകപുരം. ബകന്റെ തല വന്നുവീണ സ്ഥലം തലക്കണ്ടം, മണ വീണത് മണപ്പാട്ടുചിറ, കാല് വീണത് കാലടി, കൈ വീണത് കൈപ്പട്ടൂര്‍ എന്നിങ്ങനെ പോകുന്നു അനുമാനങ്ങള്‍. പാണ്ഡുപാറ, സീതപ്പാറ മുതലായ പേരുകളും ഈ കഥകള്‍ക്ക് തൊങ്ങലായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മലയും ആറും ചേര്‍ന്ന ഊര് എന്ന നിലയില്‍ മലയാറ്റൂര്‍ എന്ന പേരുണ്ടായി എന്നു കരുതപ്പെടുന്നു. നീലേശ്വരം എന്ന പേരിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍ക്ക് ഐതീഹ്യത്തോടാണ് കൂടുതല്‍ അടുപ്പം. വടക്കേടത്ത് മുകുന്ദന്‍ എന്ന നാടുവാഴി നീലിയെന്ന സ്ത്രീയെ താമസിപ്പിച്ചിരുന്ന സ്ഥലമായതുകൊണ്ടാണ് നീലീശ്വരം എന്ന സ്ഥലനാമമുണ്ടായതെന്നാണ് ഒരു ഐതിഹ്യം. നീല ഈശ്വരന്‍ (ശിവനോ കൃഷ്ണനോ ?) കളിയാടിയിരുന്ന സ്ഥലം എന്ന നിലയില്‍ നീലീശ്വരം എന്ന പേരുണ്ടായി എന്നതാണ് മറ്റൊരു വിശ്വാസം. നീലീശ്വരം എന്ന പദം പരിണാമം സംഭവിച്ചാണ് നീലേശ്വരമായത് എന്ന് പറയപ്പെടുന്നു. സത്യത്തിനും മിഥ്യയ്ക്കും പിടികൊടുക്കാത്തവയാണ് ഐതീഹ്യങ്ങള്‍. സത്യമെങ്കില്‍ ആശ്ചര്യകരവും, കല്‍പിതമെങ്കില്‍ വിസ്മയാവഹവുമായ കഥകളാണവ. നമ്പൂതിരി ഇല്ലങ്ങളുടെയും ക്ഷേത്രങ്ങളുടെയും ഏതാനും വന്‍കിട ഭൂവുടമകളുടെയും വകയായിരുന്ന കൃഷിയിടങ്ങള്‍ ഭൂപരിഷ്കരണം വന്നതോടെ പാട്ടക്കാരുടെയും കുടികിടപ്പുകാരുടെയും സ്വന്തമായിത്തീര്‍ന്നു. ശ്രീമൂലനഗരം ഗ്രാമത്തിലെ ചൊവ്വര പ്രദേശം കൊച്ചിരാജാക്കന്മാരുടെ വേനല്‍ക്കാല സുഖവാസകേന്ദ്രമായിരുന്നു. ചൊവ്വരയില്‍ വച്ച് തീപ്പെട്ട, മൂലം തിരുനാള്‍ രാമവര്‍മ്മ മഹാരാജാവിന്റെ ഓര്‍മ്മയ്ക്കായി, മുമ്പ് കൈപ്രക്കുന്ന് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്തിന് ശ്രീമൂലനഗരം എന്ന പേരു നല്‍കപ്പെട്ടു. ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് നിരവധി ചരിത്രസംഭവങ്ങള്‍ അരങ്ങേറിയിട്ടുള്ള പ്രദേശമാണ് ചൊവ്വര. ചൊവ്വര പരമേശ്വരന്‍, കെ.സി.എം.മത്തേര്‍ തുടങ്ങിയ സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് ജന്മം നല്‍കിയത് ചൊവ്വര ഗ്രാമമാണ്.ദേശീയനേതാക്കളില്‍ പലരും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഇവിടെ ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഇവിടെ ശക്തമായി നിലനിന്നിരുന്നു.മലയും പുഴയും ചേര്‍ന്ന ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട ജീവിതചര്യയാണ് ഇവിടുത്തെ ജനങ്ങളുടെ തൊഴിലും ജീവിതവും രൂപപ്പെടുത്തിയിട്ടുള്ളത്. റോഡുഗതാഗതം സുഗമമാവുന്നതിനു മുമ്പ് പെരിയാറില്‍ വഞ്ചിയും വള്ളവുമുപയോഗിച്ചായിരുന്നു ഗതാഗതവും ചരക്കുകടത്തും. രാജവാഴ്ചക്കാലത്ത് സ്ഥാപിച്ചിരുന്ന ചുമടുതാങ്ങികളും, തണ്ണീര്‍പന്തലുകളും, കാല്‍നടയാത്രയും, തലച്ചുമടായി സാധനങ്ങള്‍ കൊണ്ടുപോകുന്നതും സാധാരണമായിരുന്നതായി മനസിലാക്കാം. പെരുമ്പാവൂര്‍ ചന്തയിലേക്ക് തലച്ചുമടായും, എറണാകുളം ചന്തയിലേക്ക് വള്ളങ്ങളിലുമായിരുന്നു ചരക്കുകള്‍ കൊണ്ടുപോയിരുന്നത്. ആദ്യകാലത്ത് മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിന് ദൂരെനിന്ന് ആളുകളെത്തിയിരുന്നത് കാല്‍നടയായും, പെരിയാറിലൂടെ വള്ളങ്ങളില്‍ സഞ്ചരിച്ചും അന്തിയുറങ്ങിയുമൊക്കെയായിരുന്നു.