അങ്കമാലി

എറണാകുളം ജില്ലയില്‍ ആലുവ താലൂക്കിലാണ് അങ്കമാലി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര, കറുകുറ്റി, അയ്യംപുഴ, ശ്രീമൂലനഗരം, കാഞ്ഞൂര്‍, കാലടി, മലയാറ്റൂര്‍, നീലേശ്വരം എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് അങ്കമാലി ബ്ളോക്ക് പഞ്ചായത്ത്. കോതകുളങ്ങര സൌത്ത്, കോതകുളങ്ങര നോര്‍ത്ത്, മഞ്ഞപ്ര, മാണിക്യമംഗലം, മലയാറ്റൂര്‍ തെക്കുംഭാഗം, കിഴക്കുംഭാഗം, ചൊവ്വര എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന അങ്കമാലി ബ്ളോക്ക് പഞ്ചായത്തിന് 203.19 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 13 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് ചാലക്കുടി ബ്ളോക്കും, ചാലക്കുടിപ്പുഴയും, കിഴക്കുഭാഗത്ത് കൂവപ്പടി ബ്ളോക്കും, പശ്ചിമഘട്ടവും, തെക്കുഭാഗത്ത് പെരിയാര്‍ നദിയും, പടിഞ്ഞാറുഭാഗത്ത് പാറക്കടവ് ബ്ളോക്കുമാണ് അങ്കമാലി ബ്ളോക്ക് പഞ്ചായത്തിന്റെ അതിരുകള്‍. അങ്കമാലി ബ്ളോക്ക് പ്രദേശം മുഖ്യമായും കാര്‍ഷിക സമ്പദ് വ്യവസ്ഥയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. എല്ലാ പഞ്ചായത്തുകളിലും നെല്ല് ആണ് മുഖ്യവിള. മലയോര പഞ്ചായത്തുകളായ അയ്യമ്പുഴ, മലയാറ്റൂര്‍-നീലേശ്വരം എന്നിവിടങ്ങളില്‍ നെല്ലിനോടൊപ്പം തന്നെ തെങ്ങിനും റബ്ബറിനും പ്രാധാന്യമുണ്ട്. ബ്ളോക്കുപ്രദേശം മൊത്തത്തില്‍ എടുത്താല്‍ തെങ്ങുകൃഷിയാണ് കൂടുതല്‍ എന്നു പറയാം. പെരിയാറിന്റേയും ചാലക്കുടിപ്പുഴയുടേയും മധ്യത്തില്‍പ്പെടുന്ന ഭൂപ്രദേശം മുഴുവനും പുഴകളില്‍ നിന്നുള്ള ജലസേചന സൌകര്യങ്ങളെ ആശ്രയിച്ചാണ് കൃഷി നടത്തുന്നത്. മഴയെ ആശ്രയിച്ചുള്ള കൃഷി രീതിയും നിലനില്‍ക്കുന്നു. ഭൂപ്രകൃതിയനുസരിച്ച് ഈ ബ്ളോക്കിനെ മലമ്പ്രദേശം, ചെരിവുപ്രദേശം, സമതലം, കുന്നിന്‍പ്രദേശം എന്നിങ്ങനെ വിഭജിക്കാം. ബ്ളോക്കിന്റെ കിഴക്കുഭാഗം മലനിരകളും പടിഞ്ഞാറോട്ട് പോകുന്തോറും സമതലങ്ങളുമാണ്. പൊതുവേ വടക്കുകിഴക്കു നിന്നും തെക്കുപടിഞ്ഞാറു ഭാഗത്തേക്ക് ചെരിഞ്ഞാണ് ബ്ളോക്കുപ്രദേശത്തിന്റെ കിടപ്പ്. ഈ ബ്ളോക്കിലെ പുരാതനവും പ്രശസ്തവുമായ കാലടി, മലയാറ്റൂര്‍ എന്നീ പ്രദേശങ്ങള്‍ ചരിത്രപ്രാധാന്യമുള്ളതും അതേസമയം പ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രങ്ങളും കൂടിയാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രിസ്തുവിന്റെ ശിഷ്യനായ തോമാശ്ളീഹാ കേരളത്തില്‍ എത്തിയപ്പോള്‍ സന്ദര്‍ശിച്ച പ്രദേശങ്ങളിലൊന്നായ മലയാറ്റൂര്‍ ഇന്ന് അങ്കമാലി ബ്ളോക്കിലാണ് സ്ഥിതി ചെയ്യുന്നത്. എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഹൈന്ദവനവോത്ഥാനനായകനായ ശ്രീ ശങ്കരാചാര്യര്‍ ജനിച്ച കാലടി എന്ന ഗ്രാമവും അങ്കമാലി ബ്ളോക്കിലാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അങ്കമാലി ബ്ളോക്കിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. അങ്കമാലി ബ്ളോക്കിലൂടെ അഞ്ചുകിലോമീറ്ററോളം ദൂരം ദേശീയപാതയും, മൂന്ന് കിലോമീറ്ററോളം ദൂരം സംസ്ഥാന ഹൈവേയും കടന്നുപോകുന്നു.