പഞ്ചായത്തിലൂടെ

അങ്ങാടിപ്പുറം - 2010

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍ മങ്കട ബ്ളോക്കിലാണ് അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അങ്ങാടിപ്പുറം, വലമ്പൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിന് 36.94 ച.കി.മീ വിസ്തീര്‍ണ്ണമുണ്ട്. 1961-നവംബര്‍ 20-ാം തിയതിയാണ് അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കീഴാറ്റൂര്‍, മങ്കട പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് വെട്ടത്തൂര്‍ പഞ്ചായത്തും, പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് പുലാമന്തോള്‍ പഞ്ചായത്തും, പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് പുഴക്കാട്ടിരി പഞ്ചായത്തുമാണ്. 25262 സ്ത്രീകളും, 23598 പുരുഷന്‍മാരും ഉള്‍പ്പെടെ 48860 ജനസംഖ്യ വരുന്ന ഈ പഞ്ചായത്തിന്റെ സാക്ഷരതാ നിരക്ക് 97.4% മാണ്.  ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന അങ്ങാടിപ്പുറം പഞ്ചായത്തിനെ കുന്നിന്‍മണ്ട, ഉയര്‍ന്ന സമതലം, ചെറിയ ചെരിവ്, താഴ്വര, സമതലം, വെള്ളം കയറുന്ന മേഖല, കുത്തനെയുള്ള ചെരിവ് എന്നിങ്ങനെ 7 ആയി തരംതിരിക്കാം. കൃഷിയും അനുബന്ധ തൊഴിലുകളുമായിരുന്നു സാധാരണക്കാരായ ഗ്രാമീണരുടെ ഉപജീവനമാര്‍ഗ്ഗം. നെല്ല്, തെങ്ങ്, കമുക്, നേന്ത്രവാഴ, റബ്ബര്‍, കുരുമുളക്, മരച്ചീനി, കശുവണ്ടി, ഇഞ്ചി എന്നിവയാണ് ഇന്ന് പഞ്ചായത്തില്‍ കൃഷി ചെയ്യുന്ന പ്രധാന വിളകള്‍. മുയ്യാലന്‍ കുന്ന്, ചീരട്ടാമലകുന്ന്, കരിമലകുന്ന് എന്നിവ പഞ്ചായത്തിലുള്ള പ്രധാന കുന്നിന്‍ പ്രദേശങ്ങളാണ്. പഞ്ചായത്തിനെ രണ്ടായി വിഭജിച്ചു കൊണ്ട് ഒഴുകുന്ന 4859 മീ നീളമുള്ള ഓരാടംപാലം തോടും 97 കുളങ്ങളും പഞ്ചായത്തിന്റെ പ്രധാന ജലസ്രോതസ്സുകളാണ്. കൂടാതെ ഏറാന്തോടും പുപ്പലം-കൊല്ലരം തോടും പഞ്ചായത്തിന്റെ ജലവിഭവത്തെ വര്‍ദ്ധിപ്പിക്കുന്നു. 670 തെരുവു വിളക്കുകള്‍ അങ്ങാടിപ്പുറം പഞ്ചായത്തിന്റെ വീഥികളെ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. 1961-ല്‍ അങ്ങാടിപ്പുറം പഞ്ചായത്ത് രൂപീകൃതമായപ്പോള്‍ മദ്രാസ്-കോഴിക്കോട് ട്രങ്ക് റോഡ്, തിരൂര്‍ക്കാട്-ആനക്കയം റോഡുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് 147.351 കി.മീ നീളത്തിലുള്ള റോഡുകള്‍ പഞ്ചായത്തില്‍ ഗതാഗത സൌകര്യം ലഭ്യമാക്കുന്നു. പെരിന്തല്‍മണ്ണ-വളാഞ്ചേരി സംസ്ഥാനപാതയും, എന്‍.എച്ച് 213ഉം ഈ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ പാത 3 കി.മീ നീളത്തില്‍ ഈ പഞ്ചായത്തിന്റെ അതിര്‍ത്തിയിലൂടെ കടന്നു പോകുന്നു. റെയില്‍ ഗതാഗതത്തിന് കൂടുതല്‍ സൌകര്യം ഒരുക്കി കൊണ്ട് ഒരു റെയില്‍വേ സ്റ്റേഷനും ഈ പഞ്ചായത്തിലുണ്ട്. വിദേശയാത്രയ്ക്കായി അങ്ങാടിപ്പുറം നിവാസികള്‍ ആശ്രയിക്കുന്നത് ഏറ്റവും അടുത്ത വിമാനത്താവളമായ കോഴിക്കോട്-കരിപ്പൂര്‍ വിമാനത്താവളത്തെയാണ്. തുറമുഖം എന്ന നിലയില്‍ കോഴിക്കോട് തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. പെരിന്തല്‍മണ്ണ മനഴി ബസ്സ്റ്റാന്റ്, തറയില്‍ ബസ്സ്റ്റാന്റ് എന്നിവയാണ് പഞ്ചായത്തിന്റെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന രണ്ട് സ്ഥലങ്ങള്‍. ഓരാടം പാലം, ഏറാന്തോട് പാലം എന്നിവ പഞ്ചായത്തിന്റെ ഗതാഗത മേഖലയിലെ പുരോഗതി വിളിച്ചറിയിക്കുന്ന ചിഹ്നങ്ങളാണ്.  പൊതുമേഖലയിലോ, സ്വകാര്യമേഖലയിലോ പഞ്ചായത്തില്‍ വന്‍കിട വ്യവസായ യൂണിറ്റുകളൊന്നുമില്ല എങ്കിലും പരമ്പരാഗത കുടില്‍ വ്യവസായങ്ങളില്‍ പ്രധാനം കുട്ട, പായ, പപ്പടം എന്നിവയുടെ നിര്‍മ്മാണ യൂണിറ്റുകളാണ്. 1960-ല്‍ വള്ളുവനാട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അങ്ങാടിപ്പുറത്ത് ഖാദി നൂല്‍ നൂല്‍പ്പ് ആരംഭിച്ചെങ്കിലും, 1977-ല്‍ ഈ യൂണിറ്റ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള സര്‍വ്വോദയ സംഘം ഏറ്റെടുത്തു. ഇന്ധന വിതരണത്തിനായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള രണ്ട് പെട്രോള്‍ബങ്കുകള്‍ തിരൂര്‍ക്കാട്, പുത്തനങ്ങാടി എന്നിവിടങ്ങളിലായി സ്ഥിതിചെയ്യുന്നു. 38 റേഷന്‍ കടകള്‍, ഒരു മാവേലി സ്റ്റോര്‍ എന്നിവ പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.  പഞ്ചായത്തിലെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളാണ് അങ്ങാടിപ്പുറം, തിരൂര്‍ക്കാട്, പുത്തനങ്ങാടി എന്നീ സ്ഥലങ്ങള്‍ 20-ലധികം ഷോപ്പിംഗ് കോംപ്ളക്സുകളും, മാര്‍ക്കറ്റും, ചന്തയും അങ്ങാടിപ്പുറത്തിന്റെ വാണിജ്യരംഗത്തെ കൂടുതല്‍ സജീവമാക്കുന്നു. വള്ളുവനാടിന്റെ വാണിജ്യസിരാകേന്ദ്രവും, അദ്ധ്യാത്മിക സാംസ്ക്കാരിക ആസ്ഥാനവുമായിരുന്നു അങ്ങാടിപ്പുറം. പഴയ വള്ളുവനാടിന്റെ ഹൃദയഭാഗമായ ഈ പഞ്ചായത്തിന് ചരിത്രകഥകളേറെയുണ്ട്. അങ്ങാടിപ്പുറം എന്ന കൊച്ചുപട്ടണം വള്ളുവനാട് രാജസ്വരൂപത്തിന്റെ തലസ്ഥാനമായിരുന്നു. ചരിത്രമുറങ്ങുന്ന തിരുമാന്ധാംകുന്നും, തളി മഹാദേവ ക്ഷേത്രവും, ചാവേര്‍ത്തറയും, ചാവേര്‍ക്കാടും, കോട്ടപ്പറമ്പും, അല്പാക്കുളവും, ഇടത്തുപുറം ശ്രീകൃഷ്ണക്ഷേത്രവും, പുത്തനങ്ങാടിയിലെ മുസ്ലീം ദേവാലയവും ഈ ഗ്രാമത്തിനെ ചരിത്രപ്രസിദ്ധമാക്കുന്നു. ഭക്ത പൂന്താനം പ്രതിഷ്ഠ നടത്തിയ ഇടത്തുപുറം ശ്രീകൃഷ്ണക്ഷേത്രം ധാരാളം ഭക്തജനങ്ങളുടെ തീര്‍ത്ഥാടന കേന്ദ്രമാണ്. ഇതുകൂടാതെ റാവറമണ്ണ ശിവക്ഷേത്രം, മാണിക്യപുരം വിഷ്ണു ക്ഷേത്രം, മുതുവറ വിഷ്ണു ക്ഷേത്രം, തിരൂര്‍ക്കാട് ജുമാ മസ്ജിദ്, അങ്ങാടിപ്പുറം സലഫി മസ്ജിദ്, സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളി എന്നീ വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളും ഈ പഞ്ചായത്തില്‍ നിലകൊള്ളുന്നുണ്ട്. ഐതിഹ്യ പ്രസിദ്ധമായ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ 11 ദിവസം നീണ്ടുനില്‍ക്കുന്ന അങ്ങാടിപ്പുറംപൂരം വള്ളുവനാടിന്റെ ദേശീയോല്‍സവമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. പുത്തനങ്ങാടി നേര്‍ച്ച, വലമ്പൂര്‍, പരിയാപുരം പള്ളികളിലെ പള്ളിപെരുന്നാളുകള്‍ മറ്റ് പ്രാദേശിക മതപരമായ ചടങ്ങുകള്‍ എന്നിവ ഈ ഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്നവയാണ്. ദേശീയ പ്രസ്ഥാനത്തിലും, സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും ഈ പഞ്ചായത്ത് അതിന്റേതായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. 1921-മലബാര്‍ കലാപത്തില്‍ ഈ പഞ്ചായത്തിലെ പഴയതലമുറയില്‍പെട്ട പലരും പങ്കെടുത്തിരുന്നു. സ്വാതന്ത്ര്യസമര രംഗത്തെ മുന്നണി പോരാളികളായിരുന്ന എം.പി. നാരായണമേനോന്‍, എം.പി. ഗോവിന്ദമേനോന്‍, എം.പി. കുഞ്ഞിക്കണ്ണന്‍ മേനോന്‍, സി.പി.മാധവതരകന്‍ തുടങ്ങിയ മഹത്വ്യക്തികള്‍ ഈ നാടിന്റെ സാമൂഹ്യമേഖലയെ പുഷ്ടിപ്പെടുത്തിയവരാണ്. സാഹിത്യത്തിനും, കലക്കും അങ്ങാടിപ്പുറം നിസ്തുല സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ജ്ഞാനപ്പാന രചിച്ച പൂന്താനത്തിന്റെ ഈറ്റില്ലമായിരുന്നു അങ്ങാടിപ്പുറം. ഉണ്ണിക്കുട്ടന്റെ ലോകം ഉള്‍പ്പെടെ നിരവധി നോവലുകളുടെ കര്‍ത്താവായ നന്തനാരെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. നീലക്കുയില്‍ എന്ന ചിത്രത്തില്‍ കായലരികത്ത് വലയെറിഞ്ഞപ്പോള്‍ എന്ന പാട്ടുരംഗത്തിലൂടെ ശ്രദ്ധേയനായ സിനിമാ നടന്‍ കോച്ചാട്ടില്‍ ബാലകൃഷ്ണ മേനോന്‍, നാലമ്പലങ്ങളില്‍ ഒതുങ്ങി നിന്നിരുന്ന സോപാന സംഗീതത്തെ ജനമദ്ധ്യത്തിലെത്തിച്ച ലോകപ്രശസ്ത സോപാന സംഗീതജ്ഞന്‍ ഞരളത്ത് രാമപൊതുവാള്‍, കഥകളിയില്‍ തനതു ശൈലി രൂപീകരിച്ച കൂട്ടില്‍ കുഞ്ഞന്‍മേനോന്‍, കഥകളി മദ്ദളവാദന വിദഗ്ദ്ധന്‍ കലാമണ്ഡലം നാരായണന്‍ നമ്പീശന്‍, കഥകളികൊട്ടിലും, തായമ്പകയിലും വിദഗ്ദ്ധനായ സദനം വാസുദേവന്‍, കവി പി.സി.അരവിന്ദന്‍, പത്രപ്രവര്‍ത്തകന്‍ വി.കെ ബാലചന്ദ്രന്‍ എന്നിവര്‍ അങ്ങാടിപ്പുറത്തിന്റെ കലാ-സാംസ്കാരിക പാരമ്പര്യം ഹൃദയത്തിലാവാഹിച്ചവരാണ്.  കലാക്ഷേത്ര കലാവേദി, ദുര്‍ഗ്ഗ നൃത്ത കലാലയം, ദേശസേവിനി ക്ളബ്ബ്, ജോളി റോവേഴ്സ് ക്ളബ്ബ്, തിലകം തിരൂര്‍ക്കാട് എന്നിവ ഈ പ്രദേശത്തിന്റെ കലാ-കായിക-സാംസ്കാരിക രംഗത്തിന് സുദീര്‍ഘമായ നേതൃത്വം നല്‍കി വരുന്ന സംഘടനകളാണ്. പ്രാകൃതവും അന്ധവിശ്വാസാധിഷ്ഠിതവുമായിരുന്ന ചികിത്സാരീതികളില്‍ നിന്ന് അങ്ങാടിപ്പുറം പഞ്ചായത്ത് വിമോചിതമായത് മങ്കട പ്രാഥമികാരോഗ്യകേന്ദ്രം നിലവില്‍ വന്നതിനു ശേഷമായിരുന്നു. 88-91 കാലഘട്ടങ്ങളില്‍ വലമ്പൂര്‍, അരിപ്ര, ഏറാന്തോട്, പുത്തനങ്ങാടി എന്നിവിടങ്ങളിലായി പി.എച്ച്.സിയുടെ ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ആരംഭിച്ചതോടെ ആരോഗ്യ സംരക്ഷണ മേഖല രൂപീകരിക്കപ്പെട്ടു. 1996 ഫെബ്രുവരി 17-ാം തിയതി പഞ്ചായത്തില്‍ ആദ്യമായി പ്രാഥമികാരോഗ്യകേന്ദ്രം നിലവില്‍ വന്നു. എം.ഇ.എസ് മെഡിക്കല്‍ കോളേജ്, അങ്ങാടിപ്പുറം ക്ളിനിക്ക്, പരിയാപുരം ഹോമിയോ ഡിസ്പെന്‍സറി, ഗവണ്‍മെന്റ് ഹോമിയോ ഹോസ്പിറ്റല്‍, അങ്ങാടിപ്പുറം, തിരൂര്‍ക്കാട് എന്നിവിടങ്ങളിലെ കുടുംബക്ഷേമ കേന്ദ്രങ്ങള്‍ എന്നിവയും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു.  മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ ചെരക്കാപറമ്പില്‍ ഒരു വെറ്റിനറി ആശുപത്രിയും, വലമ്പൂരില്‍ ഐ.സി.ഡി.പി സെന്ററും മൃഗസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ ആദ്യത്തെ പൊതുവിദ്യാലയം കോട്ടപ്പറമ്പിലെ എലിമെന്ററി സ്കൂള്‍ ആണ്. 1964-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ട തിരൂര്‍ക്കാട് ഹൈസ്കൂളാണ് പഞ്ചായത്തിലെ ആദ്യത്തെ സ്കൂള്‍. ഇന്ന് 2 ഗവണ്‍മെന്റ് സ്കൂളുകളടക്കം 14 പ്രൈമറി സ്കൂളുകളും, 2 അപ്പര്‍ പ്രൈമറി സ്കൂളും, 3 ഹൈസ്കൂളും പഞ്ചായത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നു. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഐ.ടി.സി ഒരു ഗവണ്‍മെന്റ് പോളിടെക്നിക് എന്നീ 2 സാങ്കേതിക വിദ്യാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. അങ്ങാടിപ്പുറം സര്‍വ്വീസ് സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, ദേശസാല്‍കൃത ബാങ്കുകളായ ഫെഡറല്‍ ബാങ്ക്, എസ്.ബി.ടി, ഇന്ത്യന്‍ ബാങ്ക് എന്നിവ പഞ്ചായത്തിന്റെ സാമ്പത്തികരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. 1953-54 കാലഘട്ടത്തിലാണ് ദേശസേവിനി വായനശാല രൂപീകൃതമായത്. പുത്തനങ്ങാടി വായനശാല, ചെരക്കാപറമ്പ് വായനശാല, തിരൂര്‍ക്കാട് വിജയന്‍ സ്മാരക വായനശാല എന്നിവ പഞ്ചായത്തിലെ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളില്‍ നെടുനായകത്വം വഹിക്കുന്നു. അങ്ങാടിപ്പുറം വൈദ്യുതി ബോര്‍ഡ് ഓഫീസ്, പോസ്റ്റ് ഓഫീസ്, വില്ലേജ് ഓഫീസ്, ഏറാന്തോട് കൃഷി ഭവന്‍, ടെലിഫോണ്‍ എക്സ്ചേഞ്ച് എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളും, പ്രൊഫഷണല്‍ കൊറിയര്‍ സര്‍വ്വീസ്, അല്‍ഷിഫ നഴ്സിംഗ് കോളേജ്, മൌലാന നഴ്സിംഗ് കോളേജ്, 5 കല്യാണമണ്ഡപങ്ങള്‍ എന്നീ സ്വകാര്യ സ്ഥാപനങ്ങളും ഈ പഞ്ചായത്തിലുണ്ട്.