അങ്ങാടിപ്പുറം

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍ മങ്കട ബ്ളോക്കിലാണ് അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അങ്ങാടിപ്പുറം, വലമ്പൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിനു 36.94 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കീഴാറ്റൂര്‍, മങ്കട പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് വെട്ടത്തൂര്‍ പഞ്ചായത്തും, പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് പുലാമന്തോള്‍ പഞ്ചായത്തും, പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് പുഴക്കാട്ടിരി പഞ്ചായത്തുമാണ്. പഴയ കാലത്ത്, കിഴക്ക് പന്തല്ലൂര്‍ മല വരെയും, വടക്കും തെക്കും അതിരുകളില്‍ ആനക്കയം പുലാമന്തോള്‍ മല വരെയും, പടിഞ്ഞാറ് മലപ്പുറം പാങ്ങ് കുന്നുകള്‍ വരെയും വ്യാപിച്ചുകിടന്നിരുന്ന വള്ളുവനാടിന്റെ വാണിജ്യസിരാകേന്ദ്രവും, ആധ്യാത്മിക സാംസ്ക്കാരിക ആസ്ഥാനവുമായിരുന്നു അങ്ങാടിപ്പുറം. സംഘകാലത്ത് (എ.ഡി. 5-ാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടം) പുലയര്‍, കുറുവര്‍, വില്ലവര്‍, പറയര്‍, പാണര്‍, വെള്ളാളര്‍ തുടങ്ങിയവരായിരുന്നു കേരളത്തിലെ നിവാസികള്‍. വള്ളുവജാതിയില്‍പ്പെട്ടവരുടെ ആധിപത്യം മൂലമാണ് വള്ളുവനാട് എന്ന ദേശനാമം ഉണ്ടായത്. പഴയ വള്ളുവനാടിന്റെ ഹൃദയഭാഗമായ ഈ പ്രദേശത്തിനു ചരിത്രകഥകളേറെയുണ്ട്. അങ്ങാടിപ്പുറം എന്ന കൊച്ചുപട്ടണം വള്ളുവനാട് രാജസ്വരൂപത്തിന്റെ തലസ്ഥാനമായിരുന്നുവത്രെ. ഇന്നും പഴമക്കാര്‍ “വെള്ളാട്ടങ്ങാടി” എന്നാണ് ഈ പ്രദേശത്തെ വിളിക്കുന്നത്. ഐതിഹ്യപ്രസിദ്ധമായ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ 11 ദിവസം നീണ്ടുനില്‍ക്കുന്ന “അങ്ങാടിപ്പുറം പൂരം” വള്ളുവനാടിന്റെ ദേശീയോത്സവമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം തെക്കുകിഴക്കേ അതിര്‍ത്തിയായ ആട്ടീരിക്കുന്നാണ്. പടിഞ്ഞാറെ അതിര്‍ത്തിയായ മണ്ണാറമ്പും ഉയര്‍ന്ന പ്രദേശമാണ്. ഉയര്‍ന്ന പീഠഭൂമിയായി പഞ്ചായത്തിന്റെ കിഴക്കുഭാഗവും വടക്കുഭാഗവും നിലകൊള്ളുന്നു. പഞ്ചായത്തിന്റെ മധ്യഭാഗമായ ഓരാടംപാലം പുഴയുടെ ചുറ്റുവട്ടത്തുള്ള വയലേലകളാണ് പഞ്ചായത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പ്രദേശം. പഴയ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിനു കീഴിലായിരുന്ന അങ്ങാടിപ്പുറം, 1961 നവംബര്‍ 20-തിനാണ് സ്വയംഭരണാധികാരമുള്ള പഞ്ചായത്തായി മാറുന്നത്. 1963-ലാണ് തെരഞ്ഞെടുപ്പിലൂടെ പഞ്ചായത്തിലെ ആദ്യ ഭരണസമിതി നിലവില്‍  വന്നത്.