പഞ്ചായത്തിലൂടെ
ഭൂപ്രകൃതി
പള്ളിപ്പുറം വില്ലേജും അണ്ടൂര്‍ക്കോണം വില്ലേജിന്റെ ഒരു ഭാഗവും ചേര്‍ത്ത് രൂപീകരിച്ചതാണ് അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തുപ്രദേശം ചെറിയ കുന്നുകളും സമതലപ്രദേശങ്ങളും ചേര്‍ന്ന് കേരളത്തിന്റെ ഒരു കൊച്ചുമാതൃകയായി പരിലസിക്കുന്നു. അനേകം കുളങ്ങളും തോടുകളും കായലോര പ്രദേശങ്ങളും പഞ്ചായത്തിലുണ്ട്. മുപ്പത്തിരണ്ട് ഏക്കറോളം വിസ്തീര്‍ണ്ണമുണ്ടായിരുന്ന ആനതാഴ്ചിറയും അതിന്റെ പരിസരത്തുണ്ടായിരുന്ന കാടുകളും ഒരു കാലത്ത് പഞ്ചായത്തിന്റെ ജലസ്രോതസ്സുകളായിരുന്നു. ആനതാഴ്ചിറയില്‍ നിന്ന് നെല്‍പ്പാടങ്ങളിലേക്ക് വെള്ളം ആവശ്യാനുസരണം എത്തിച്ചിരുന്ന വലിയ തോടുകള്‍, മഴയില്ലാത്ത കാലങ്ങളില്‍ വറ്റിവരണ്ടുകിടക്കുന്ന കാഴ്ച ഇന്നു കാണാം.
കാര്‍ഷിക രംഗം
കൃഷിയെ മാത്രമായി ആശ്രയിച്ച് ജീവിക്കുന്നവര്‍ മുന്‍കാലങ്ങളില്‍ ധാരാളം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ തുലോം കുറവാണ്. ആളോഹരി നിയമം നടപ്പായതോടു കൂടി കൃഷിഭൂമി തുണ്ടുതുണ്ടുകളാക്കുകയും കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കാന്‍ കഴിയാതെ വരികയും കര്‍ഷകര്‍ മറ്റു രംഗങ്ങളിലേക്ക് തിരിയുകയും കാര്‍ഷികോല്പാദനം കുറയുകയും ചെയ്തു. പഞ്ചായത്തിലെ മൊത്തവിസ്തീര്‍ണ്ണത്തിന്റെ മൂന്നിലൊന്ന് ഭാഗം നെല്‍പ്പാടങ്ങളായിരുന്നു. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ നെല്‍പ്പാടമായ പള്ളിപ്പുറം ഏലാ ഈ പഞ്ചായത്തിലാണ്. എന്നാല്‍ പല കാരണങ്ങളാല്‍ നെല്‍പ്പാടം നികന്ന് പോയി. പള്ളിപ്പുറം ഏലായിലെ മുഴുവന്‍ നെല്‍കൃഷിയും ആനതാഴ്ചിറയെ ആശ്രയിച്ചാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ചിറയിലുണ്ടായിരുന്ന അത്ഭുതകരമായ ഊറ്റ് നികന്ന് ചതുപ്പ് പ്രദേശമായി മാറുകയും കാലക്രമേണ നികന്ന് പോവുകയും ചെയ്തു.
മൃഗസംരക്ഷണം
അണ്ടൂര്‍ക്കോണം പഞ്ചായത്തിലെ ഒരു മൃഗാശുപത്രിയാണ് കൊയ്ത്തൂര്‍ക്കോണം മൃഗാശുപത്രി. പഞ്ചായത്തിന്റെ സമീപപഞ്ചായത്തുകളായ പോത്തന്‍കോട്, മംഗലപുരം എന്നീ പഞ്ചായത്തുകളുടെ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന മോഹനപുരം എന്ന പ്രദേശത്താണ് മൃഗാശുപത്രി സ്ഥിതി ചെയ്യുന്നത്. 1960-ല്‍ വെറ്റിനറി സബ്സെന്ററിന് വേണ്ടി നിര്‍മ്മിച്ച സര്‍ക്കാര്‍ കെട്ടിടത്തില്‍ ഈ സെന്റര്‍ അപ്ഗ്രേഡ് ചെയ്ത് 1973 മുതല്‍ വെറ്റിനറി ഡിസ്പെന്‍സറിയായി പ്രവര്‍ത്തിച്ചുവരുന്നു.
വ്യവസായവും വാണിജ്യവും
അണ്ടൂര്‍ക്കോണം പഞ്ചായത്തുപ്രദേശം പ്രധാനമായും കാര്‍ഷിക മേഖലയിലാണെങ്കിലും വ്യവസായപരമായ ഒരടിത്തറ ഈ പ്രദേശത്തിനുണ്ട്. വ്യാവസായിക അസംസ്കൃത പദാര്‍ത്ഥങ്ങളായ തേങ്ങ, തൊണ്ട്, ചിരട്ട, ചകിരിച്ചോറ്, ഇന്‍ഡ്യന്‍ ക്ളേ, വിവിധ ഇനം പഴവര്‍ഗ്ഗങ്ങള്‍ മുതലായവ ഈ പ്രദേശത്ത് സുലഭമായി ലഭിക്കുന്നു. ഈ നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ തന്നെ അനേകം പരമ്പരാഗത കുടില്‍ വ്യവസായങ്ങള്‍ കൊണ്ട് നിറഞ്ഞതായിരുന്നു ഈ പ്രദേശം. തൊണ്ട്, കയര്‍ വ്യവസായങ്ങള്‍, എണ്ണ ആട്ട്, നെയ്ത്ത്, കക്കനീറ്റ്, ചൂരല്‍ വ്യവസായം, സ്വര്‍ണ്ണപ്പണി, ഫര്‍ണ്ണീച്ചര്‍ നിര്‍മ്മാണം, കെട്ടിടസാമഗ്രികളുടെ നിര്‍മ്മാണം എന്നിവ പ്രധാന കുടില്‍വ്യവസായങ്ങളായിരുന്നു. എന്നാല്‍ കാലക്രമേണ എണ്ണയാട്ട്, നെയ്ത്ത് എന്നീ പരമ്പരാഗത കുടില്‍ വ്യവസായങ്ങള്‍ നാശോന്മുഖമായെങ്കിലും മറ്റു കുടില്‍ വ്യവസായങ്ങള്‍ ഇന്നും ഈ പഞ്ചായത്ത് പ്രദേശത്ത് നിലനിന്നു പോരുന്നു. അണ്ടൂര്‍ക്കോണം പഞ്ചായത്തിലെ ചില വാര്‍ഡുകളില്‍ ഉണ്ടായിരുന്ന കൈത്തറി വ്യവസായം ഇന്ന് നാമമാത്രമായി ചുരുങ്ങിയിരിക്കുകയാണ്. ഈ പഞ്ചായത്തിലെ 8, 9 വാര്‍ഡുകളില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കക്കാ വ്യവസായം (കുമ്മായം നിര്‍മ്മിക്കല്‍) ഇന്ന് തീരെ ഇല്ലെന്ന് പറയാം. പരിചയസമ്പന്നരായ പരമ്പരാഗതതൊഴിലാളികളധികവും ഈ രംഗം വിട്ടിരിക്കയാണ്. അണ്ടൂര്‍ക്കോണം പഞ്ചായത്തുപ്രദേശത്തെ പ്രധാന പരമ്പരാഗത വ്യവസായമാണ് കൊപ്രാ സംസ്ക്കരണവും എണ്ണയാട്ടും. ആധുനിക എണ്ണയാട്ടുയന്ത്രങ്ങളുടെ ആവിര്‍ഭാവത്തോടെ പരമ്പരാഗതതൊഴിലാളികള്‍ ഈ രംഗം വിട്ടൊഴിഞ്ഞു. അതോടെ എണ്ണയാട്ടു ചെക്കുകള്‍ അപ്രത്യക്ഷമായി. മുമ്പ് കണിയാപുരം പബ്ളിക് മാര്‍ക്കറ്റ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണിപ്പോള്‍ കണിയാപുരം മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സ്ഥാപിച്ചിരിക്കുന്നത്. വ്യവസായരംഗത്തെന്നപോലെ വാണിജ്യരംഗത്തും അണ്ടൂര്‍ക്കോണം പഞ്ചായത്തു പ്രദേശത്തിന് മുന്‍നിരയില്‍ സ്ഥാനമുണ്ട്. പഞ്ചായത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന പള്ളിപ്പുറവും പടിഞ്ഞാറേ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കണിയാപുരം പുത്തന്‍കടവും പണ്ടുകാലത്ത് തിരക്കുപിടിച്ച വാണിജ്യകേന്ദ്രങ്ങളായിരുന്നു. തെങ്ങ്, കയര്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യാപാരങ്ങള്‍, കൊപ്രാവ്യാപാരം, പലചരക്കുവ്യാപാരം എന്നിവ പുത്തന്‍കടവില്‍ കേന്ദ്രീകരിച്ചിരുന്നു. കൊല്ലം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലേക്ക് ജലമാര്‍ഗ്ഗമുള്ള ചരക്കു ഗതാഗതം പുത്തന്‍കടവില്‍ നിന്നും സ്ഥിരമായി ഉണ്ടായിരുന്നു. കയര്‍ വ്യവസായരംഗത്തുണ്ടായ സ്തംഭനവും ഗതാഗത രംഗത്തുണ്ടായ നൂനത വ്യതിയാനങ്ങളും പുത്തന്‍കടവിന്റെ പ്രാധാന്യത്തിന് മങ്ങലേല്‍പ്പിച്ചു. കണിയാപുരം റയില്‍വേ സ്റ്റേഷന്‍ പരിസരമാണ് അതിനുശേഷം പ്രധാന വാണിജ്യ കേന്ദ്രമായത്. എന്നാല്‍ കണിയാപുരത്ത് നിര്‍ത്തുന്ന ട്രെയിനുകളുടെ എണ്ണത്തിലുണ്ടായ കുറവ്, റെയില്‍വേ സ്റ്റേഷന്‍ പരിസരത്തിന്റെ വാണിജ്യ പ്രധാന്യത്തിന് മങ്ങലേല്‍പിച്ചു. കണിയാപുരം പബ്ളിക് മാര്‍ക്കറ്റ് കോമ്പൌണ്ട് മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് ഏറ്റെടുത്തതോടെ റെയില്‍വേസ്റ്റേഷന്‍ പരിസരം തികച്ചും വിജനമായിത്തീര്‍ന്നു.
സഹകരണ മേഖല
പഞ്ചവത്സര പദ്ധതികളിലൂടെയുള്ള ആസൂത്രണം വരുന്നതിനു മുമ്പും ഈ പ്രദേശത്ത് പരസ്പര സഹായസഹകരണ സംഘങ്ങള്‍ വായ്പാരംഗത്തും നെയ്ത്തിനാവശ്യമായ നൂല്‍വിതരണ രംഗത്തും പ്രവര്‍ത്തിച്ചിരുന്നുവെന്നു ചരിത്രം വ്യക്തമാക്കുന്നു. പള്ളിപ്പുറം പരസ്പര സഹായസഹകരണ സംഘം, പള്ളിപ്പുറം വിനിയോജക സഹകരണ സംഘം എന്നിങ്ങനെയുള്ള സഹകരണസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് കാണാവുന്നതാണ്.
ഗതാഗതം
ഈ പഞ്ചായത്തില്‍ വെട്ടുറോഡ് മുതല്‍ കുറക്കോട് ജംഗ്ഷന്‍ വരെ ഏകദേശം നാല് കിലോ മീറ്ററോളം ദേശീയപാതയാണ്. ഏകദേശം നാലു കിലോമീറ്ററോളം ദൂരത്തില്‍ ഈ പഞ്ചായത്തില്‍ കൂടി റെയില്‍പാതയും കടന്നുപോകുന്നു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പൂര്‍ണ്ണമായും ജനകീയപങ്കാളിത്തത്തോടെ സ്ഥാപിച്ചിട്ടുള്ള ഒരു ബസ് ഡിപ്പോയാണ് കണിയാപുരം ബസ് ഡിപ്പോ.
വിദ്യാഭ്യാസരംഗം
ഒരു നൂറ്റാണ്ടിനുമുമ്പുതന്നെ, പഞ്ചായത്തില്‍ ഒരു മലയാളം പള്ളിക്കൂടം ആരംഭിച്ചിരുന്നു. ഈ പ്രദേശത്തുള്ളവരുടെ വിദ്യാഭ്യാസസാംസ്കാരിക പുരോഗതിയില്‍ മുഖ്യമായ സ്ഥാനം അന്നത്തെ വിദ്യാലയങ്ങള്‍ക്കുണ്ടായിരുന്നു. അന്നത്തെ അധ്യാപകര്‍ ഭാഷാപണ്ഡിതന്മാരും സാംസ്ക്കാരികനായകന്മാരും കൂടിയായിരുന്നു. ഇന്ന് കണിയാപുരം ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു നൂറ്റാണ്ടിന് മുന്‍പു തന്നെ ഒരു വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നു. ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളായിരുന്നു അക്കാലത്ത് നിലവിലുണ്ടായിരുന്നത്. ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളില്‍ ആഴ്ചയില്‍ രണ്ടോ, മൂന്നാ പീരീഡ് ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചിരുന്നു. ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുവാന്‍ യോഗ്യതയുള്ള അദ്ധ്യാപകര്‍ അന്ന് തീരെ കുറവായിരുന്നു. രാജഭരണകാലത്ത് രാജ്യകാര്യങ്ങള്‍ നിശ്ചയിച്ചിരുന്നത് രാജാവ് നിയമിക്കുന്ന ദിവാനായിരുന്നു. സര്‍ സി.പി.രാമസ്വാമി അയ്യര്‍ എന്ന ദിവാന്റെ ഭരണപരിഷ്ക്കാരമെന്ന നിലയില്‍ മലയാളം സ്ക്കൂളുകളില്‍ എട്ടും ഒന്‍പതും ക്ലാസുകള്‍ വേണ്ടെന്നുള്ള വിജ്ഞാപനമുണ്ടായി. പിന്നീട് ഏഴാം ക്ലാസില്‍ ഒരു പൊതു പരീക്ഷയുമായി മലയാളം സ്ക്കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ പ്രദേശത്തിന്റെ സമീപപ്രദേശങ്ങളായ കഴക്കൂട്ടം, മുരുക്കുംപുഴ, പുതുക്കുറിച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ അക്കാലത്ത് സ്വകാര്യവ്യക്തികള്‍ നടത്തുന്ന ചില ഇംഗ്ലീഷ് പ്രൈമറിവിദ്യാലയങ്ങള്‍ ഉണ്ടായിരുന്നു. സര്‍ക്കാരിന്റെ അംഗീകാരത്തോടെ അവര്‍ തന്നെ കുട്ടികളില്‍ നിന്ന് ഫീസ് വാങ്ങി അതുകൊണ്ട് അധ്യാപകര്‍ക്ക് ശമ്പളം നല്‍കി നടത്തിവന്നിരുന്ന ഇത്തരം വിദ്യാലയങ്ങളില്‍ ചിലതെല്ലാം ഇപ്പോള്‍ ഹൈസ്ക്കൂളുകളും യു.പി.സ്ക്കൂളുകളുമായി പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളം ഏഴാം ക്ലാസ് പാസ്സാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്ന് പഠിക്കുവാന്‍ ഇത്തരം വിദ്യാലയങ്ങളെ ആശ്രയിക്കേണ്ടി വന്നു. പ്രിപ്പാറട്ടറി, ഫസ്റ്റുഫാം, സെക്കന്റ് ഫാം, തേഡ് ഫാം എന്നീ പേരുകളിലറിയപ്പെട്ടിരുന്ന നാല് ക്ലാസുകള്‍ ഇത്തരം വിദ്യാലയങ്ങളിലുണ്ടായിരുന്നു. മലയാളം ഏഴാം ക്ലാസ് പാസ്സാകുന്ന ഒരു കുട്ടിക്ക് ഈ വിദ്യാലയത്തിലെ സെക്കന്റ് ഫാം ക്ളാസില്‍ ചേര്‍ന്ന് പഠിക്കാനേ അനുവാദമുണ്ടായിരുന്നുള്ളു. മാതൃഭാഷയോടൊപ്പം ഇംഗ്ലീഷിനും ഇത്തരം സ്ക്കൂളുകളില്‍ പ്രാധാന്യം നല്‍കിയിരുന്നു. തേഡ് ഫാമില്‍ പൊതുപരീക്ഷ നടത്തിയിരുന്നു. ഈ പരീക്ഷ ജയിക്കുന്നവര്‍ക്ക് തുടര്‍ന്ന് പഠിക്കാന്‍ ഈ പ്രദേശത്തോ പരിസരങ്ങളിലോ ഹൈസ്ക്കൂളുകള്‍ ഉണ്ടായിരുന്നില്ല. മലയാളം സ്കൂളുകള്‍ അപ്രത്യക്ഷമായതോടെ ഈ പ്രദേശത്ത് ആറു പ്രൈമറി സ്കൂളുകള്‍ അവശേഷിച്ചു. ഒരു ഹൈസ്കൂളിന്റെ അഭാവം യുവജനങ്ങളുടെ വിദ്യാഭ്യാസത്തിന്റെ വഴിത്താരയില്‍ മാര്‍ഗ്ഗതടസം സൃഷ്ടിച്ചു. ഈ ഘട്ടത്തിലായിരുന്നു തൊട്ടടുത്ത കഠിനംകുളം പഞ്ചായത്തില്‍ ഒരു ക്രിസ്ത്യന്‍ സ്വകാര്യ ഹൈസ്കൂള്‍ നിലവില്‍ വന്നത്. അവിടെ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു (ഇന്ന് കണിയാപുരം സെന്റ് വിന്‍സന്‍റ് ഹൈസ്കൂള്‍ എന്ന് അറിയപ്പെടുന്ന ആ വിദ്യാലയത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്നു). ഈ സ്ഥിതിവിശേഷം പ്രയോജനപ്പെടുത്തിക്കൊണ്ടായിരുന്നു ഇന്നത്തെ കണിയാപുരം മുസ്ലീം ഹൈസ്ക്കൂളിന് രൂപം നല്‍കാന്‍ സര്‍:സി.പി.ദിവാനായിരുന്ന കാലത്ത് ഇന്നാട്ടിലെ കയര്‍വ്യവസായപ്രമുഖനും പൊതുകാര്യ പ്രസക്തനുമായ ശ്രീമാന്‍ അഹമ്മദ് കുഞ്ഞ് ലബ്ബ മുന്നോട്ട് വന്നത്. അദ്ദേഹം എല്ലാ സമുദായത്തിലെയും കുട്ടികളുടെ വിദ്യാഭ്യാസത്തെ മുന്നില്‍ കണ്ടുകൊണ്ടായിരുന്നു കരുക്കള്‍ നീക്കിയത്. അഞ്ചും ആറും ക്ലാസുകള്‍ ഒരേ വര്‍ഷം തന്നെ അനുവദിച്ചുത്തരവായി. 1947-ല്‍ കണിയാപുരം മുസ്ലീം ഹൈസ്ക്കൂള്‍ സ്ഥാപിതമായി.