ആമുഖം
പള്ളിപ്പുറം വില്ലേജും അണ്ടൂര്‍ക്കോണം വില്ലേജിന്റെ ഒരു ഭാഗവും ചേര്‍ത്ത് രൂപീകരിച്ചതാണ് അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തുപ്രദേശം ചെറിയ കുന്നുകളും സമതലപ്രദേശങ്ങളും ചേര്‍ന്ന് കേരളത്തിന്റെ ഒരു കൊച്ചുമാതൃകയായി പരിലസിക്കുന്നു. അനേകം കുളങ്ങളും തോടുകളും കായലോര പ്രദേശങ്ങളും പഞ്ചായത്തിലുണ്ട്1953-ല്‍ അണ്ടൂര്‍ക്കോണം പഞ്ചായത്ത് രൂപികരിക്കപ്പെട്ടു. ഈ പഞ്ചായത്തിന്റെ കിഴക്കേ അറ്റത്തുള്ള ഒരു വാര്‍ഡാണ് അണ്ടൂര്‍ക്കോണം.അണ്ടൂര്‍ക്കോണം പഞ്ചായത്തുപ്രദേശം പ്രധാനമായും കാര്‍ഷിക മേഖലയിലാണെങ്കിലും വ്യവസായപരമായ ഒരടിത്തറ ഈ പ്രദേശത്തിനുണ്ട്. വ്യാവസായിക അസംസ്കൃത പദാര്‍ത്ഥങ്ങളായ തേങ്ങ, തൊണ്ട്, ചിരട്ട, ചകിരിച്ചോറ്, ഇന്‍ഡ്യന്‍ ക്ളേ, വിവിധ ഇനം പഴവര്‍ഗ്ഗങ്ങള്‍ മുതലായവ ഈ പ്രദേശത്ത് സുലഭമായി ലഭിക്കുന്നു. ഈ നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ തന്ന അനേകം പരമ്പരാഗത കുടില്‍ വ്യവസായങ്ങള്‍ കൊണ്ട് നിറഞ്ഞതായിരുന്നു ഈ പ്രദേശം.ഈ പ്രദേശത്തുള്ളവരുടെ വിദ്യാഭ്യാസസാംസ്കാരിക പുരോഗതിയില്‍ മുഖ്യമായ സ്ഥാനം അന്നത്തെ വിദ്യാലയങ്ങള്‍ക്കുണ്ടായിരുന്നു. അന്നത്തെ അധ്യാപകര്‍ ഭാഷാപണ്ഡിതന്മാരും സാംസ്ക്കാരികനായകന്മാരും കൂടിയായിരുന്നു. ഇന്ന് കണിയാപുരം ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു നൂറ്റാണ്ടിന് മുന്‍പു തന്ന ഒരു വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നു.ഈ പഞ്ചായത്തില്‍ വെട്ടുറോഡ് മുതല്‍ കുറക്കോട് ജംഗ്ഷന്‍ വരെ ഏകദേശം നാല് കിലോ മീറ്ററോളം ദേശീയപാതയാണ്. ഏകദേശം നാലു കിലോമീറ്ററോളം ദൂരത്തില്‍ ഈ പഞ്ചായത്തില്‍ കൂടി റെയില്‍പാതയും കടന്നുപോകുന്നു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പൂര്‍ണ്ണമായും ജനകീയപങ്കാളിത്തത്തോടെ സ്ഥാപിച്ചിട്ടുള്ള ഒരു ബസ് ഡിപ്പോയാണ് കണിയാപുരം ബസ് ഡിപ്പോ.കഴിഞ്ഞ നൂറ്റാണ്ടില്‍ അയിത്തവും ഉച്ചനീചത്വവും അതിശക്തമായി നിലനിന്നിരുന്ന ഒരു പ്രദേശമാണ് കണിയാപുരം. കണിയാപുരം എന്ന സ്ഥലത്ത് അടിമകമ്പോളം ഉണ്ടായിരുന്നതായും അയിത്തം അതിഭീകരമായി നിലനിന്നിരുന്നതിനാല്‍ ഇതിനെതിരായി പ്രക്ഷോഭസമരം നയിച്ച സാമൂഹ്യപരിഷ്കര്‍ത്താവും മഹാനുമായ ശ്രീ അയ്യങ്കാളിക്ക് കണിയാപുരത്ത് വച്ച് ജന്മിമാരുമായി ഏറ്റുമുട്ടേണ്ടിവന്നതായും ചരിത്രരേഖയുണ്ട്. പഞ്ചായത്തു രൂപീകരണവേളയില്‍ അണ്ടൂര്‍ക്കോണം, കണിയാപുരം എന്നീ പേരുകള്‍ പരിഗണനയില്‍ വരികയും, പഞ്ചായത്തിന്റെ പേര് അണ്ടൂര്‍ക്കോണം എന്നും അതിന്റെ ആസ്ഥാനം കണിയാപുരമായും നിശ്ചയിച്ചു. ഒന്നാമത്തെ ഭരണസമിതി 1954 ഏപ്രില്‍ 5-ാം തീയതി അധികാരമേറ്റു. ഏഴ് അംഗങ്ങളായിരുന്നു സമിതിയില്‍.