പഞ്ചായത്തിലൂടെ

ഭൂപ്രകൃതി

കടല്‍ത്തീരത്തിന് സമാന്തരമായി ഇടവിട്ടു കിടക്കുന്ന ഉയര്‍ന്ന മണല്‍പ്പരപ്പുകളാണ് ഇവിടുത്തെ പ്രത്യേകത. നെടുങ്കണ്ട പ്രദേശത്തെ ഒരേയൊരു ഉയര്‍ന്ന കുന്നിന്‍ചെരിവ് മാത്രമാണ് ഈ പഞ്ചായത്തിലുളളത്. ബാക്കി വാര്‍ഡുകളെല്ലാം തന്നെ തീരസമതലങ്ങളാണ്. പടിഞ്ഞാറ് അറബിക്കടലിനും, കിഴക്ക് അഞ്ചുതെങ്ങ് കായലിനും മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുഗ്രാമമാണ് അഞ്ചുതെങ്ങ്. ഉഷ്ണമേഖലാ മഴവനകാലാവസ്ഥയാണ് ഈ പഞ്ചായത്തിന്റേത്. മണ്‍സൂണ്‍ കാലങ്ങളില്‍ കനത്ത മഴയും സുഖകരമായ മഞ്ഞുകാലവും വരണ്ട വേനലും ലഭിക്കുന്നു. പൊതുവേ മണല്‍ത്തരികളും പൊടിമണലും ചേര്‍ന്നതാണ് ഇവിടുത്തെ മണ്ണ്. നെടുംങ്ങണ്ട പ്രദേശത്ത് എക്കല്‍ മണ്ണ് കലര്‍ന്ന മണല്‍ കാണപ്പെടുന്നു. നീര്‍വാര്‍ച്ചയുള്ളതും പൊതുവേ അമ്ലതയുളളതുമായ മണ്ണാണ്. പടിഞ്ഞാറുഭാഗത്ത് മണ്ണിന്റെ നീര്‍വാര്‍ച്ച കൂടുതലാണ്.

തൊഴില്‍

അഞ്ചുതെങ്ങ് പഞ്ചായത്ത് ഒരു കാര്‍ഷിക മേഖലയായിരുന്നെന്നോ ആണെന്നോ പറയാന്‍ കഴിയില്ല. ഇവിടെ കൃഷിക്കാര്‍ എന്ന പേരില്‍ ആരും അറിയപ്പെടുന്നില്ല. ഇവിടെ പ്രധാന വിള തെങ്ങാണ്. നെല്ലുല്‍പാദനം ഒട്ടും തന്നെയില്ല. തെങ്ങുകൃഷിക്കാര്‍ എന്ന് പറയാന്‍ നാമമാത്ര ആളുകള്‍ മാത്രമേയുളളൂ. ഏകദേശം അഞ്ചു കിലോമീറ്റര്‍ കടല്‍ത്തീരവും 41/2 കിലോമീറ്റര്‍ കായലോരവുമുളള ), വലിയവലയും (ചൂരാ, നെയ്മീന്‍, തേട്, സ്രാവ്) ഉപയോഗിക്കുന്നു. പ്ളൈവുഡും കട്ടമരവുമാണ് ഇവിടത്തെ മത്സ്യ തൊഴിലാളികള്‍ ഉപയോഗിക്കുന്ന മറ്റ് പ്രധാന മത്സ്യബന്ധനോപകരണങ്ങള്‍. മത്സ്യബ ന്ധന രംഗത്ത് സമീപകാലത്ത് ദ്രുതഗതിയിലുളള മാറ്റങ്ങള്‍ ദൃശ്യമാണ്. ഇന്നിപ്പോള്‍ യന്ത്രവല്‍കൃതരീതി വന്നിരിക്കുന്നു. പഴയ സമ്പ്രദായത്തിലുള്ള മത്സ്യബന്ധനോപാധികളുടെ സ്ഥാനത്ത് വലിയ വളളങ്ങളും ഫൈബര്‍ ബോട്ടുകളും നിലവില്‍ വന്നു. മത്സ്യവിപണന സഹകരണരംഗത്ത് വലിയ സംഘങ്ങളും ചെറിയ സംഘങ്ങളും സര്‍വ്വീസ് സൊസൈറ്റികളും പ്രവര്‍ത്തിച്ചുവരുന്നു. പഞ്ചായത്തില്‍ ഒരു പബ്ളിക് മാര്‍ക്കറ്റ് മാത്രമാണ് നിലവിലുളളത്.

അടിസ്ഥാന സൌകര്യങ്ങള്‍

തിരുവനന്തപുരം ജില്ലയില്‍ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന മേഖലകളില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന ഒരു കടലോര ഗ്രാമമാണ് അഞ്ചുതെങ്ങ്. ജില്ലയില്‍ ജനസാന്ദ്രത താരതമ്യേന കൂടുതലുള്ള പഞ്ചായത്തുകളിലൊന്നുമാണ് അഞ്ചുതെങ്ങ്. സാമൂഹ്യ ആരോഗ്യകേന്ദ്രം  അഞ്ചുതെങ്ങ് (സി.എച്ച്.സി), ഗവ. ആയൂര്‍വേദ ഡിസ്പെന്‍സറി നെടുങ്കണ്ട (ആയൂര്‍വേദം), ഗവ. ഹോമിയോ ഡിസ്പെന്‍സറി എന്നിങ്ങനെ സര്‍ക്കാരുടമസ്ഥതയിലുള്ള മൂന്ന് ആരോഗ്യസ്ഥാപനങ്ങളാണ് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലുള്ളത്. കേരളത്തിലുടനീളം നിലവിലുണ്ടായിരുന്നതുപോലെ കുടിപ്പളളിക്കൂട സമ്പ്രദായമാണ് പണ്ടുകാലത്ത് അഞ്ചുതെങ്ങുപ്രദേശത്തും നിലനിന്നിരുന്നത്. 1924 മുതല്‍ നെടുങ്കണ്ട ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചുവെന്ന് കാരണവന്മാര്‍ പറയുന്നു.

സംസ്കാരം

അഞ്ചുതെങ്ങില്‍ കോട്ട നിര്‍മ്മിക്കുവാന്‍ തിരുനെല്‍വേലിയില്‍ നിന്നും ജോലിക്കാരായി വന്നവര്‍ക്ക് (ചെട്ടിമാര്‍) ജംഗ്ഷനു സമീപം ആരാധനയ്ക്ക് വേണ്ടി അമ്മന്‍കോവില്‍ക്ഷേത്രം പണിതീര്‍ത്തു. അവരോടൊപ്പം തട്ടാന്മാര്‍ എന്ന സമുദായക്കാരും വന്നിരുന്നു. അവരുടെ ആരാധനാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ മുത്തുമാരിയമ്മന്‍ കോവില്‍ പണിതീര്‍ക്കുകയും ചെയ്തു. 1928 മുതല്‍ സമ്മിശ്ര സാംസ്കാരിക അന്തരീക്ഷമാണ് അഞ്ചുതെങ്ങ് പ്രദേശത്തിനുള്ളത്. അഞ്ചുതെങ്ങിലെ ആദ്യകാല തദ്ദേശവാസികള്‍ എന്ന് അറിയപ്പെട്ടിരുന്നവര്‍ അരയന്മാര്‍ (മരയ്ക്കാര്‍) ആയിരുന്നു. ഇവരുടെ തൊഴില്‍ മത്സ്യ ബന്ധനവും, കയര്‍നിര്‍മ്മാണവുമായിരുന്നു. കോട്ട സ്ഥാപിക്കാന്‍ വന്നവരായ ബ്രാഹ്മണര്‍ക്ക് മഠമായി മാമ്പളളിയും, ആരാധിക്കാന്‍ അമ്മന്‍കോവിലും, മുത്തുമാരിയമ്മന്‍കോവിലും സ്ഥാപിക്കപ്പെട്ടു. 1948-ല്‍ വോള്‍ഗാ തിയേറ്റര്‍ (ഇപ്പോഴത്തെ ഗ്രൌണ്ടിനു സമീപം) ഉണ്ടാക്കിയെങ്കിലും അത് ദീര്‍ഘകാലം പ്രവര്‍ത്തിച്ചില്ല. വോള്‍ഗാ തിയേറ്റര്‍ ഒരു വര്‍ഷം മാത്രമേ നിലനിന്നുളളൂ. ആറാം വാര്‍ഡില്‍ ചെക്കുംമൂട് കേന്ദ്രമാക്കി പ്രസിദ്ധമായ കഥകളി കേന്ദ്രം ഉണ്ടായിരുന്നുവെന്ന് കേള്‍ക്കുന്നു. ഒരുകാലത്ത് ഗുസ്തിമത്സരങ്ങളും വളളം കളിയും (അഞ്ചുതെങ്ങ് കായലില്‍) നടന്നിരുന്ന നാടാണിതെന്ന് സൂചനകളുണ്ട്. ഒരുകാലത്ത് മറ്റേതുനാടിനേക്കാളും മുമ്പേ പരിഷ്കൃതമായ വേഷഭൂഷ സമ്പ്രദായങ്ങള്‍ സായത്തമാക്കിയിരുന്നവരാണ് അഞ്ചുതെങ്ങുകാര്‍ എന്ന് വ്യക്തമായ സൂചനകളുണ്ട്. ഫുള്‍സൂട്ടും തൊപ്പിയും അണിഞ്ഞ പെണ്‍കുട്ടികളും പുരുഷന്‍മാരും ഈ കടലോര ഗ്രാമത്തിന്റെ വീഥികളില്‍ നടന്നിരിന്നു. അഞ്ചുതെങ്ങിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ശ്രീജ്ഞാനേശ്വര ക്ഷേത്രത്തിലും, സ്വാമിമഠത്തിലും പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചത് സാമൂഹ്യ നവോത്ഥാനത്തിനു വേണ്ടി പോരാടിയ ശ്രീനാരായണഗുരുവാണ്. വിപ്ലവത്തിന്റെ വെളളിനക്ഷത്രമായിരുന്ന മഹാകവി കുമാരനാശാന്റെ ജനനവും ഈ ഗ്രാമത്തിലാണ്. വൈദേശികാധിപത്യത്തിനെതിരെ ഭാരതത്തില്‍ നിന്ന് ആദ്യ വെല്ലുവിളികളുയര്‍ന്നതും ഈ കൊച്ചുഗ്രാമത്തിന്റെ വിരിമാറിലാണ്. പഞ്ചായത്തില്‍ മത്സ്യത്തൊഴിലാളികളായ ലാറ്റിന്‍ കത്തോലിക്കരും, റോമന്‍ കത്തോലിക്കരും ഹിന്ദുക്കളും, മുസ്ലീം കുടുംബങ്ങളുമുണ്ട്. തിരുനെല്‍വേലി ഡിസ്ട്രിക്ട് ബോര്‍ഡ് ആരംഭിച്ച ബോര്‍ഡ് ബോയ്സ് എല്‍.പി.എസ്. കൊന്നയില്‍ സ്ഥാപിതമായതോടെയാണ് അഞ്ചുതെങ്ങ് പ്രദേശത്ത് സ്ക്കൂളുകളുടെ ആരംഭം കുറിച്ചത്. പില്‍ക്കാലത്ത് ഈ സ്ക്കൂള്‍ മണ്ണാക്കുളം ഭാഗത്ത് സ്ഥാപിക്കുകയും, 1960-ല്‍ സര്‍ക്കാര്‍ തെരുവത്ത് സ്ഥലം ഏറ്റെടുത്തു കൊടുക്കുകയും ചെയ്തു. ഈസ്റ്റ് ഇന്‍ഡ്യാ കമ്പനി സ്ഥാപിച്ചതാണ് സെന്റ് ജോസഫ്സ് ഹൈസ്ക്കൂള്‍. അഞ്ചുതെങ്ങില്‍ 1948-ല്‍ ബെന്നി, എറ്റിഷ, സണ്ണി എന്നിവരുടെ നേതൃത്വത്തില്‍ പളളി ഗ്രൌണ്ടിനു സമീപം വോള്‍ഗാ തിയേറ്റര്‍ എന്ന പേരില്‍ ഒരു സിനിമാശാല സ്ഥാപിക്കുകയുണ്ടായി. പക്ഷേ ഒരു കൊല്ലം മാത്രമേ ഇത് പ്രവര്‍ത്തിച്ചുള്ളൂ. 1928-മുതല്‍ യൂണിയന്‍ പഞ്ചായത്തിനോടൊപ്പം തന്നെ കോട്ടയ്ക്കു സമീപം മജിസ്ട്രേട്ട് കോടതി പ്രവര്‍ത്തിച്ചിരുന്നു. ആ കോടതിയിലെ മജിസ്ട്രേട്ടിന് തഹസീല്‍ദാര്‍, സബ് രജിസ്ട്രാര്‍, മുന്‍സിഫ്, സെക്കന്റ് ക്ലാസ്സ് മജിസ്ട്രേട്ട് എന്നിവരുടെ അധികാരങ്ങളുണ്ടായിരുന്നു. ആ കോടതി സ്ഥലമാണ് ഇന്ന് കച്ചേരി ആശുപത്രിയായി അറിയപ്പെടുന്നത്. ശ്രീനാരായണഗുരുവിന്റെ കര്‍മ്മമണ്ഡലങ്ങളിലൊന്നായിരുന്നു വളരെക്കാലം അഞ്ചുതെങ്ങ്. ഗുരു‍ സ്ഥാപിച്ച സ്കൂളാണ് 1924-ല്‍ സ്ഥാപിതമായ നെടുങ്കണ്ട എച്ച്.എസ് എന്ന് കരുതപ്പെടുന്നു. ചെക്കുംമൂട്ടില്‍ (വാര്‍ഡ്-6) കഥകളിയുടെ പ്രധാന സങ്കേതമായിരുന്നു.