സാമൂഹ്യസാംസ്കാരികചരിത്രം
അഞ്ചാലുംമൂട് ബ്ളോക്കിലെ തൃക്കടവൂര്‍ ഗ്രാമം കടത്തുവള്ളങ്ങളെ ആശ്രയിച്ചിരുന്ന പ്രദേശം എന്ന അര്‍ത്ഥത്തില്‍ കടവുകളുടെ ഊര് എന്നാണ് പുരാതനകാലത്ത് വിളിക്കപ്പെട്ടിരുന്നത്. കടവുകളുടെ ഊര് പില്ക്കാലത്ത് കടവൂര്‍ എന്ന സ്ഥലനാമമായി പരിണമിക്കുകയും ഇവിടത്തെ ദേവാലയത്തോടുള്ള ബഹുമാനസൂചകമായി തിരുകടവൂര്‍ എന്നും തുടര്‍ന്ന് തൃക്കടവൂര്‍ എന്നും വിളിക്കപ്പെട്ടു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പ്രത്യേകിച്ച് ട്രേഡ് യൂണിയന് പ്രസ്ഥാനങ്ങള്‍ ഇവിടെ രാഷ്ട്രീയ സാമൂഹ്യ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്ന ചരിത്രമാണുള്ളത്. മരുന്തവെളി എല്‍.പി.എസ് എന്നറിയപ്പെടുന്ന സ്കൂളാണ് ഈ ഗ്രാമത്തിലെ ആദ്യ സ്കൂള്‍. 1896-ല്‍ ചന്ദ്രഴികത്തു വാദ്ധ്യാരാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. കയര്‍, നെയ്ത്തുതുണി, കാര്‍ഷികവിഭവങ്ങള്‍, മരം, ഇരുമ്പ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും, വില്‍ക്കുന്നതിനും പ്രമുഖ കമ്പോളമായ അഞ്ചാലുംമൂട് ചന്ത പണ്ടുമുതല്‍ തന്നെ നിലവിലുണ്ടായിരുന്നു. ഇവിടെ നിന്ന് വിദേശരാജ്യങ്ങളുള്‍പ്പെടെ ദൂരദേശങ്ങളിലേക്ക് ചെമ്മീന്‍ കയറ്റി അയച്ചിരുന്നു. ജലഗതാഗത കേന്ദ്രമായ തങ്കശ്ശേരിയില്‍ നിന്നും നീണ്ടകര അഴി കടന്നു കായലില്‍ കൂടി ഇവിടെ എത്തിച്ചേരാന്‍ സാധിച്ചിരുന്നു. 1952-ലാണ് കോട്ടയത്തു കടവ് നിലവില്‍ വന്നത്. നാനൂറിലേറെ വര്‍ഷത്തെ പഴക്കമുള്ള തൃക്കടവൂര്‍ ക്ഷേത്രം, നീരാവില്‍ ജുമാ-അത്ത് പള്ളി, കടവൂര്‍ ക്രിസ്ത്യന്‍ പള്ളി, കൂരിപ്പുഴ പള്ളി, കുപ്പണ ശ്രീ വേലായുധ മംഗല ക്ഷേത്രം എന്നിവയാണ് ഈ ഗ്രാമത്തിലെ പ്രധാന ആരാധനാലയങ്ങള്‍. മൂന്നു വശങ്ങളും അഷ്ടമുടിക്കായലിനാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന തൃക്കരുവ ഗ്രാമത്തില്‍ നെയ്ത്ത് ആയിരുന്നു പരമ്പരാഗത തൊഴിലും വ്യവസായവും. എട്ടുവീട്ടില്‍ പിള്ളമാരില്‍ നിന്ന് രക്ഷപ്പെടുന്നതിന് മാര്‍ത്താണ്ഡവര്‍മ്മ അജ്ഞാതവാസം നടത്തുന്ന കാലത്ത് അഷ്ടമുടിക്കായല്‍ നീന്തി രക്ഷപ്പെട്ട അദ്ദേഹത്തിന് അഭയം നല്‍കിയത് ഈ ഗ്രാമത്തിലെ പ്രാക്കുളം വലിയമഠം കുടുംബമായിരുന്നു. 19-ാം നൂറ്റാണ്ടില്‍ ഈ ഗ്രാമത്തിലേക്ക് ഓണാട്ടുകരയില്‍ നിന്നും ജലമാര്‍ഗ്ഗം അരി കൊണ്ടുവന്നിരുന്നു. ചന്തക്കടവ്, സാമ്പ്രാണിക്കോടി, പ്രാക്കുളം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അക്കാലത്ത് ചരക്കുനീക്കത്തിനും എത്തിക്കുന്നതിനും കടവുകള്‍ ഉണ്ടായിരുന്നു. ദേശീയപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇവിടെ നിന്നും സജീവമായി പങ്കെടുത്ത നേതാക്കളായിരുന്നു പി.കെ.പത്മനാഭപിള്ള, കെ.പി.സി.സി.പ്രസിഡന്റായിരുന്ന കുമ്പളത്തു ശങ്കുപ്പിള്ള, അഡ്വ.വെള്ളശ്ശേരിയില്‍ പത്മനാഭപിള്ള തുടങ്ങിയ പ്രമുഖര്‍. നിവര്‍ത്തന പ്രക്ഷോഭം, മദ്യവര്‍ജ്ജന പ്രക്ഷോഭം എന്നീ സമരങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്നവരാണ് ഫ്രാന്‍സിസ്, ആരാധന, പ്രാക്കുളം കുമാരന്, സ്ഥാണുദേവന്, കിടങ്ങില്‍ ചെല്ലപ്പന് എന്നിവര്‍. ക്വിറ്റ് ഇന്ത്യാ സമരവേളയില്‍ തൃക്കരുവാ ക്ഷേത്രമൈതാനത്ത് പ്രസംഗിച്ച അഡ്വ.എം.ജി.കോശിയെ ബ്രിട്ടീഷ് പോലീസ് അറസ്റു ചെയ്യുകയുണ്ടായി. “വൈക്കം സത്യാഗ്രഹം”, അയിത്തോച്ചടനത്തിനെതിരെ നടന്ന “പെരിനാട് ലഹള” എന്നീ ജനകീയ മുന്നറ്റങ്ങളില്‍ ഇവിടെ നിന്നുള്ള നാട്ടുകാരുടെ സജീവമായ പങ്കാളിത്തമുണ്ടായിട്ടുണ്ട്. തൃക്കരുവയില്‍ 1939-ല്‍ ആരംഭിച്ച ആള് പെരിയനാട് ലേബേഴ്സ് അസോസിയേഷന്, കമ്മ്യൂണിസ്റ്റുപാര്‍ട്ടി, ഐ.എന്‍.സി എന്നീ ബഹുജനപ്രസ്ഥാനങ്ങള്‍ അക്കാലം മുതല്‍ തന്നെ രാഷ്ട്രീയരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്നു. തൊഴിലാളി വര്‍ഗ്ഗം നടത്തിയ പ്രാക്കുളം സമരം ചരിത്ര പ്രസിദ്ധമാണ്. 1898-ല്‍ ഈ ഗ്രാമത്തില്‍ നിന്നും പ്രസിദ്ധീകരിച്ച മാസികയാണ് വിദ്യാവിലാസിനി. തൃക്കരുവാ ഗ്രാമത്തിലെ ആദ്യ സ്കൂളായ കാവറ വടക്കതില്‍ എല്‍.പി.എസ് 1890-ല്‍ തന്നെ നിലവില്‍ വന്നു. അഷ്ടമുടി വീരഭദ്രക്ഷേത്രം, കരുവാ ഭദ്രകാളിക്ഷേത്രം, പ്രാക്കുളം കുമാരമംഗലം, ഐപ്പുഴ സെന്റ് എലിസബത്ത് പള്ളി, കരുവ മസ്ജിദ് എന്നിവയാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങള്‍. തൃക്കരുവാ ഗ്രാമത്തിലെ “സാമ്പ്രാണക്കോടി” വിനോദസഞ്ചാരികളെ ഹഠാദാകര്‍ഷിക്കുന്ന അതിമനോഹരപ്രദേശമാണ്.