ആമുഖം

കൊല്ലം ജില്ലയില്‍, കൊല്ലം താലൂക്കിലാണ് അഞ്ചാലുംമൂട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തൃക്കടവൂര്‍, തൃക്കരുവാ എന്നീ ഗ്രാമപഞ്ചായത്തുകള്‍ അഞ്ചാലുംമൂട് ബ്ളോക്കില്‍ ഉള്‍പ്പെടുന്നു. 1956 ഏപ്രില്‍ 1-ാം തീയതിയാണ് അഞ്ചാലുംമൂട് ബ്ളോക്ക് പഞ്ചായത്ത്  നിലവില്‍ വന്നത്. തൃക്കടവൂര്‍, തൃക്കരുവാ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന അഞ്ചാലുംമൂട് ബ്ളോക്കിന് 53.62 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വിദ്യാഭ്യാസത്തിന് വളരെയേറെ പ്രധാന്യം കൊടുത്തിരുന്ന ചില മഹത്വ്യക്തികള്‍ ഇവിടെ ജനകീയ സഹകരണത്തോടെ പലയിടത്തും ആദ്യകാലത്ത് തന്നെ വിദ്യാലയങ്ങള്‍ സ്ഥാപിച്ചിരുന്നു. ഭൂപ്രകൃതിയനുസരിച്ച് അഞ്ചാലുംമൂട് ബ്ളോക്കിനെ ഉയര്‍ന്ന സമതലം, മിതമായ ചെരിവുപ്രദേശങ്ങള്‍, ചെറുചെരിവുപ്രദേശങ്ങള്‍, താഴ്വരകള്‍, തീരസമതലം, തുരുത്തുകള്‍ എന്നിങ്ങനെ തരം തിരിക്കാം. വെട്ടുകല്‍മണ്ണ്, ചരല്‍മണ്ണ്, എക്കല്‍മണ്ണ്, മണല്‍ കലര്‍ന്ന എക്കല്‍ മണ്ണ് എന്നിവയാണ് ഇവിടെ കണ്ടുവരുന്ന പ്രധാന മണ്‍തരങ്ങള്‍. 1953-ലാണ് തൃക്കടവൂര്‍, തൃക്കരുവാ എന്നീ ഗ്രാമപഞ്ചായത്തുകള്‍ നിലവില്‍ വന്നത്.