പഞ്ചായത്തിലൂടെ

ഭൂപ്രകൃതി, ജലപ്രകൃതി, ജനപ്രകൃതി

2445 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്താണ് അഞ്ചല്‍ പഞ്ചായത്ത്. കൊല്ലം ജില്ലയുടെ കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്ത് ആയൂരില്‍ നിന്നും ഏഴ് കിലോമീറ്റര്‍ കിഴക്കുമാറിയും പുനലൂര്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും 10 കി.മീറ്റര്‍ തെക്കുമാറിയും സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന്റെ വടക്ക് കരവാളൂര്‍ പഞ്ചായത്തും, പടിഞ്ഞാറ് ഇടമുളയ്ക്കല്‍ പഞ്ചായത്തും, കിഴക്ക് ഏരൂര്‍ പഞ്ചായത്തും തെക്കു കിഴക്ക് അലയമണ്‍ പഞ്ചായത്തും, തെക്ക് ഇട്ടിവ പഞ്ചായത്തും ചുറ്റപ്പെട്ടു കിടക്കുന്നു. ഇത്തിക്കരയാറ് പഞ്ചായത്തില്‍ പെടുന്നില്ലയെങ്കിലും തെക്കേ അതിരായി ഒഴുകുന്നു. സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരത്തെ അടിസ്ഥാനമാക്കി അഞ്ചല്‍ ഗ്രാമപഞ്ചായത്തിനെ  മലനാട്ടില്‍ പെടുത്തിയിരിക്കുന്നു. അതായത് സമുദ്ര നിരപ്പില്‍ നിന്നും 75 മീറ്റര്‍ ഉയരത്തില്‍ ആണ് പഞ്ചായത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളും സ്ഥിതി ചെയ്യുന്നത്. ധാരാളം തോടുകളും കുളങ്ങളും കൊണ്ടനുഗ്രഹീതമാണ് അഞ്ചല്‍ പഞ്ചായത്ത്. മിക്കവാറും ഗ്രാമപഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളും ബന്ധിച്ചിരിക്കുന്നു. പഞ്ചായത്തില്‍ ഒരു വര്‍ഷം ശരാശരി ലഭിക്കുന്ന 2573 മി.മീറ്റര്‍ മഴയാണ് ജലത്തിന്റെ പ്രധാന സ്രോതസ്സ്. മറ്റു പ്രധാന ഉപരിതല സ്രോതസ്സുകള്‍ തോടുകളും കുളങ്ങളുമാണ്. കിണറുകള്‍ ഭൂഗര്‍ഭ ജലസ്രോതസ്സുകളാണ്.   പഞ്ചായത്തിലെ പ്രധാന തോട് അഗസ്ത്യത്തോടാണ്. മിക്കവാറും എല്ലാ തോടുകളും തെക്കോട്ടൊഴുകി ഇത്തിക്കരയാറില്‍ പതിക്കുന്നു. ആര്‍ച്ചല്‍ തോട് വടക്കോട്ടൊഴുകി കല്ലടയാറ്റില്‍ ചെന്ന് പതിക്കുന്നു അഗസ്ത്യത്തോടില്‍ വട്ടമണ്‍ ഭാഗത്തും, അഗസ്ത്യക്കോട് ഗണപതി അമ്പലം ഭാഗത്തുമുള്ള ചെക്ക് ഡാമുകള്‍ പ്രധാന ജല സ്രോതസ്സാണ്. ഇത്തിക്കരയാറിന്റെ ഒരു പോഷക തോടാണ് അഗസ്ത്യക്കോട് തോട്. ഈ തോട്ടില്‍ ഊട്ടുപറമ്പ്, മൂലവിളപാലം, ലക്ഷംവീട്, ഏറം L.P.S., കുട്ടന്‍കര എന്നീ ഭാഗങ്ങളില്‍ തടയണ നിര്‍മ്മിച്ചിട്ടുണ്ട്. അഗസ്ത്യത്തോട്ടില്‍ വന്നുചേരുന്ന മറ്റൊരു പ്രധാന തോടാണ് ചോരനാട് നിന്നും ആരംഭിച്ച് വടമണ്‍ ക്ഷേത്രത്തിനു സമീപത്തു കൂടി കതുപ്പില എന്ന ഭാഗത്തു കൂടി വരുന്ന തോട്. ഇതിനുപുറമെ അഗസ്ത്യത്തോടില്‍ എത്തുന്ന ധാരാളം കൈത്തോടുകളും ഉണ്ട്. തോടുകള്‍ കഴിഞ്ഞാല്‍ വരുന്ന പ്രധാന ഉപരിതല സ്രോതസ്സ് കുളങ്ങളാണ് (ചിറകള്‍). കുളങ്ങളും ചിറകളുമായി ഏകദേശം 23 ജലസ്രോതസ്സുകള്‍ പഞ്ചായത്തിലുണ്ട്.

മണ്ണ്

പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കാണുന്ന മണ്ണ് ചെങ്കല്‍ മണ്ണാണ്. നീര്‍വാര്‍ച്ച കൂടുതലുള്ള ഈ മണ്ണ് ചരിവു പ്രദേശങ്ങളില്‍ ജലസംഭരണത്തിന് വിഘാതമാണ്. ഏകദേശം 2070 ഹെക്ടര്‍ പ്രദേശത്ത് ചെങ്കല്‍ മണ്ണാണ്.  പ്രധാന തോടായ അഗസ്ത്യത്തോടിന്റെ കരഭാഗങ്ങളില്‍ പശിമരാശിയുള്ള  ഏക്കല്‍ മണ്ണ് കാണപ്പെടുന്നു. അതുപോലെ താഴ്വരകളില്‍  പ്രത്യേകിച്ച് വയലേലകളില്‍ കാണുന്നത് കളിമണ്ണും, എക്കല്‍ മണ്ണുമാണ്. വളരെ ഫലഭൂയിഷ്ഠമായ ഈ മണ്ണില്‍ നീര്‍വാര്‍ച്ച കുറവാണ്. ഇതിനു പുറമേ അമ്പലത്തും മുകള്‍, അരിപ്ളാച്ചി, കൂട്ടപ്പാറ, മലവട്ടം എന്നീ ഭാഗങ്ങളില്‍ ചെങ്കല്‍ മണ്ണിനോടൊപ്പം പാറയും കാണപ്പെടുന്നു. പഞ്ചായത്തിന്റെ മുഖ്യ കൃഷിയായി കാണപ്പെടുന്നത് റബ്ബറാണ്. ആകെ വിസ്തൃതിയുടെ 28.62 ശതമാനം (700 ഹെക്ടര്‍) ഇതിനായി വിനിയോഗിക്കുന്നു. വര്‍ഷം കഴിയുന്തോറും റബ്ബര്‍ കൃഷിയുടെ തോത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. കൃഷിഭവന്റെ ഇന്നത്തെ  (1996) കണക്കനുസരിച്ച് 720 ഹെക്ടര്‍  പ്രദേശങ്ങളില്‍ റബ്ബര്‍ കൃഷി ചെയ്യുന്നു. ഉയര്‍ന്ന സമതലങ്ങളിലും കുത്തനെ ചരിവുള്ള പ്രദേശങ്ങളിലും റബ്ബര്‍ കീഴടക്കിക്കഴിഞ്ഞു. ചേറ്റുക്കുഴി, ആര്‍ച്ചല്‍ , തൂമ്പശ്ശേരി, മാവിള, അരിപ്ളാച്ചി തുടങ്ങിയ സ്ഥലങ്ങള്‍ ചില ഉദാഹരണങ്ങള്‍ ആണ്. ഇടത്തരം ചരിവുകളിലേക്കും  ഇത് വ്യാപിച്ചു കൊണ്ടിരിക്കുന്നു.  തൊഴിലാളികളുടെ ലഭ്യതയും ആദായവുമാണ് നാണ്യവിളയായ റബ്ബറിലേക്ക് കൃഷിക്കാരെ ആകര്‍ഷിക്കാന്‍ കാരണം. റബ്ബര്‍ കൃഷി  കഴിഞ്ഞാല്‍ കൂടുതല്‍ പ്രദേശങ്ങളില്‍ കാണുന്നത് മിശ്രവിളയാണ്. ഇതില്‍ തെങ്ങിനാണ് പ്രാധാന്യം. കൂടാതെ കവുങ്ങ്, മരച്ചീനി, മാവ്, പ്ളാവ്, കുരുമുളക്, വാഴ, പയറു വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, കിഴങ്ങു വര്‍ഗ്ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. പഞ്ചായത്തിന്റെ  ആകെ വിസ്തൃതിയുടെ 53.6 ശതമാനം (1311 ഹെക്ടര്‍) പ്രദേശങ്ങളില്‍ മിശ്രിത വിള നടക്കുന്നു. ഇടത്തരം ചരിവുകളിലും അപൂര്‍വ്വം കുത്തനെ ചരിവുള്ള പ്രദേശങ്ങളിലും മിശ്രിത കൃഷി കണ്ടു വരുന്നു. ഏകദേശം  304 ഹെക്ടര്‍ പ്രദേശങ്ങളില്‍ ചെയ്തിരുന്ന നെല്‍കൃഷിയാണ് മറ്റൊരു പ്രധാന കൃഷി. വളരെ  വേഗം കുറഞ്ഞുകൊണ്ടിരിക്കുന്ന കൃഷിയാണ് ഇത്. വീടുകള്‍ വയ്ക്കുന്നതിനും മറ്റ് മിശ്രിത വിളകള്‍ ചെയ്യുന്നതിനും പാടം നികത്തുന്നു. ഇന്നത്തെ കണക്കനുസരിച്ച് 270 ഹെക്ടറോളം  പ്രദേശത്തു മാത്രമേ നെല്‍കൃഷിയുള്ളൂ. ഏകദേശം 23 ഹെക്ടര്‍ പ്രദേശങ്ങള്‍ നികത്തിയിട്ടുണ്ട്.

കൃഷിയും ജലസേചനവും

കൊല്ലം ജില്ലയുടെ കിഴക്കേ അറ്റത്തുള്ളതും കാര്‍ഷികമായി വളരെയധികം  വികസന സാധ്യതകളുമുള്ള ഒരു പഞ്ചായത്താണ് അഞ്ചല്‍. ആദ്യകാലം മുതല്‍ക്കു തന്നെ മുഖ്യ വിളയായി നെല്ല് കൃഷി ചെയ്തിരുന്നു. കൂടാതെ മരച്ചീനി, മറ്റു കിഴങ്ങു വര്‍ഗ്ഗങ്ങള്‍,  പയറു വര്‍ഗ്ഗങ്ങള്‍, വാഴ, പച്ചക്കറി വര്‍ഗ്ഗങ്ങള്‍, കൂവരക് എന്നിവയും കൃഷി ചെയ്തിരുന്നു. ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയുടെ  കൃഷിക്കും പ്രാമുഖ്യം നല്‍കിയിരുന്നു. പൂര്‍ണ്ണമായും  മഴയെ ആശ്രയിച്ചുള്ള കൃഷി രീതികളായിരുന്നു ഈ പ്രദേശത്ത് നടത്തിയിരുന്നത്. കൂടാതെ ചിറകള്‍, കുളങ്ങള്‍, തോടുകള്‍ ഇവയും  ചെറിയ തോതില്‍ കൃഷിക്ക് ഉപയോഗപ്പെടുത്തിയിരുന്നു. ഏകദേശം 2445 ഹെക്ടര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ 25 ശതമാനത്തോളം  പ്രദേശം നെല്‍ വയലുകളായിരുന്നു. ബാക്കിയുള്ള പ്രദേശങ്ങള്‍ ഈ പഞ്ചായത്ത് പ്രദേശത്ത് ഉള്‍പ്പെട്ടിട്ടുണ്ട്. വയലേലകളില്‍ നെല്‍കൃഷിക്ക് പുറമേ ഇടവിള കൃഷികളും ചെയ്തു വന്നിരുന്നു. ആദ്യ കാലങ്ങളില്‍ പ്രധാനമായും  ഉപയോഗിച്ചിരുന്ന വിത്തിനങ്ങള്‍ ചമ്പാവ്, അതിക്കിരാഴി, കറുത്ത മുണ്ടകന്‍, തവളക്കണ്ണന്‍, വെള്ളചേറാടി, കറുത്ത ചേറാടി, പള്ളിപ്പുറം തുടങ്ങിയവയായിരുന്നു. കാളയും കലപ്പയും  ഉപയോഗിച്ചുള്ള ഉഴവും  ജൈവ വളങ്ങളുടെ ഉപയോഗവും  മറ്റുമായ നാടന്‍ കൃഷികളുമായിരുന്നു അവലംബിച്ചിരുന്നത്. 1960 കളിലാണ് T.R-8  തുടങ്ങിയ അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങളും രാസവളങ്ങളും  ഉപയോഗിക്കാന്‍ തുടങ്ങിയത്. തെങ്ങ്, കമുക് എന്നീ നെല്‍പ്പാടങ്ങളുടെ  വരമ്പുകളില്‍ വ്യാപകമായി കൃഷി ചെയ്തിരുന്നു. കൂടാതെ  ഉയര്‍ന്ന പ്രദേശങ്ങളിലും  ചരിഞ്ഞ പ്രദേശങ്ങളിലും  കശുമാവ്, പ്ളാവ്, മാവ് തുടങ്ങിയ  ഫല വൃക്ഷങ്ങളും  തെങ്ങ്, കമുക്, മരച്ചീനി, മറ്റു കിഴങ്ങു വര്‍ഗ്ഗങ്ങള്‍, കുരുമുളക്, വാഴ, ഇഞ്ചി, മഞ്ഞള്‍ എന്നിവയും മുഖ്യ വിളകളായി  കൃഷി ചെയ്തിരുന്നു. ഇവയ്ക്കു പുറമെ കൂവരക്, പയറ്, ഉഴുന്ന്, മുതിര, മധുരക്കിഴങ്ങ്, കൂവ, പച്ചക്കറികള്‍ എന്നിവയും കൃഷി ചെയ്തിരുന്നു. ജന്മി - കുടിയാന്‍ വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തില്‍ പകുതിവാരം, പാട്ടം വ്യവസ്ഥകളിലും കൃഷി നടത്തിയിരുന്നു. ഭൂപരിഷ്ക്കരണ നടപടികള്‍ വന്നതോടെ ഭൂവുടമ ബന്ധങ്ങളില്‍  മാറ്റം വരുകയും അതിനനുസൃതമായി കൃഷി രീതികളും വിളക്രമങ്ങളും മാറുകയും ചെയ്തു. ഉടമസ്ഥാവകാശം ലഭിച്ച കര്‍ഷകര്‍ നെല്‍പ്പാടങ്ങള്‍ വ്യാപകമായ  തോതില്‍ നികത്തുകയും കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക്  ഉപയോഗിക്കുവാനും തുടങ്ങി. ഇതുമൂലം നെല്‍പ്പാടങ്ങളുടെ വിസ്തൃതി താരതമ്യേന കുറയുകയും  നെല്ലുല്പാദനത്തെ സാരമായി ബാധിക്കുകയും ചെയ്തു. റബ്ബര്‍ കൃഷിയില്‍ നിന്നും വര്‍ദ്ധിച്ച വരുമാനം ലഭ്യമായതോടെ മരച്ചീനി, തെങ്ങ്, കശുമാവ് എന്നിവയുടെ കൃഷി കുറയുകയും ഇവ കൃഷി ചെയ്തിരുന്ന സ്ഥലങ്ങളില്‍ റബ്ബര്‍ കൃഷി സ്ഥാനം പിടിക്കുകയും ചെയ്തു. ഇപ്പോള്‍ അഞ്ചല്‍ പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയുടെ 21 ശതമാനത്തോളം വരുന്ന ഏകദേശം 720 ഹെക്ടര്‍ സ്ഥലത്ത് റബ്ബര്‍ കൃഷി ചെയ്തു വരുന്നു. പഞ്ചായത്തിലെ  പ്രധാന കൃഷികളില്‍ മറ്റൊന്ന് തെങ്ങുകൃഷിയാണ്. ഏകദേശം  660 ഹെക്ടര്‍  സ്ഥലത്ത് തെങ്ങുകൃഷി ചെയ്തു വരുന്നു. റബ്ബറില്‍ നിന്നുള്ള വരുമാനം കഴിഞ്ഞാല്‍ കര്‍ഷകര്‍ക്ക് ഈ പ്രദേശത്ത് നല്ല വരുമാനം ലഭ്യമാക്കുന്ന വിള തെങ്ങാണ്. നെല്‍കൃഷി ചെയ്തു വരുന്നത് ഏകദേശം 270 ഹെക്ടര്‍ സ്ഥലത്തു മാത്രമാണ്. ഏകദേശം 360 ഹെക്ടര്‍ സ്ഥലത്തോളം മരച്ചീനി കൃഷി ചെയ്യുന്നുണ്ട്. വാഴ, കിഴങ്ങു വര്‍ഗ്ഗങ്ങള്‍, കുരുമുളക്, കമുക്, പച്ചക്കറി വര്‍ഗ്ഗങ്ങള്‍, പയറു വര്‍ഗ്ഗങ്ങള്‍, വെറ്റില, ഇഞ്ചി, മഞ്ഞള്‍, ജാതി, ഗ്രാമ്പൂ, കശുമാവ് എന്നീ വിളകളും  ഈ പ്രദേശത്തെ  കൃഷിയിനങ്ങളില്‍ ഉള്‍പ്പെടുന്നു. പ്രാദേശിക വിളകളായി  എടുത്തു പറയാവുന്ന രണ്ട് വിളകളാണ് വെറ്റിലയും കൈതയും. പഞ്ചായത്ത് പ്രദേശത്തുള്ള കാര്‍ഷികോല്പന്നങ്ങളുടെ വിപണനം നടത്തി വരുന്നത് ജില്ലയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചന്തകളില്‍ ഒന്നായ അഞ്ചല്‍ ചന്തയിലൂടെയാണ്. പഞ്ചായത്ത് പ്രദേശത്തെ മാത്രമായി അഞ്ചല്‍ ബ്ളോക്ക് പ്രദേശത്തുള്ള  മിക്ക പഞ്ചായത്തുകളിലേയും  തൊട്ടടുത്തുള്ള ചടയമംഗലം, കൊട്ടാരക്കര പ്രദേശങ്ങളിലെയും കാര്‍ഷികോല്പന്നങ്ങള്‍ കൂടുതലും വിറ്റഴിയുന്നത് ഈ ചന്തയിലൂടെയാണ്. പഞ്ചായത്തിന്റെ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന  പുരോഗതിയില്‍ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് അഞ്ചല്‍ ചന്തയിലൂടെ നടക്കുന്ന വിപണനം. മലഞ്ചരക്ക് വ്യാപാരം ഏറെ ശ്രദ്ധ  പിടിച്ചുപറ്റിയിരുന്ന ചന്തയാണ് അഞ്ചല്‍ ചന്ത.

മൃഗസംരക്ഷണം

കാര്‍ഷിക മേഖലയായിരുന്ന അഞ്ചല്‍ പഞ്ചായത്തില്‍ ഒരു കാലത്ത് കാലി വളര്‍ത്തല്‍ കൃഷിയുടെ അവിഭാജ്യ ഘടകമായിരുന്നു. കാലി വളര്‍ത്തല്‍ പ്രധാന തൊഴില്‍ ആയിരുന്നു. ഉഴവു മാടുകള്‍ എന്ന നിലയിലും  ഭാര വണ്ടികള്‍ വലിക്കുന്നതിനും  കാലികളെ ഉപയോഗിച്ചിരുന്നു. പാലുല്പാദനം എന്ന ലക്ഷ്യത്തിന് ഉപരിയായി കൃഷിക്കാവശ്യമായ വളത്തിന്റെ സ്രോതസ്സ് എന്ന നിലയിലും കാലി വളര്‍ത്തലിന് പ്രത്യേക പ്രാധാന്യം മുന്‍പുണ്ടായിരുന്നു. ‘മരമടി’ എന്ന പരമ്പരാഗതമായ കാര്‍ഷിക ഉത്സവത്തിനും പേരു കേട്ട നാടായിരുന്നു അഞ്ചല്‍. മരമടി ഉത്സവങ്ങള്‍  സംഘടിപ്പിച്ചു നല്ലയിനം ഉരുക്കളെ  വളര്‍ത്തി കാര്‍ഷിക രംഗത്തേക്ക് സംഭാവന ചെയ്ത ആളായിരുന്നു ശ്രീ. അഞ്ചല്‍ മാധവന്‍ പിള്ള സാര്‍. മുന്‍കാലങ്ങളില്‍ അപേക്ഷിച്ച് മൃഗസംരക്ഷണത്തിന് വളരെയധികം മാറ്റം ഇന്ന് സംഭവിച്ചിട്ടുണ്ട്. കൃഷി കഴിഞ്ഞാല്‍ ജനങ്ങള്‍  പ്രധാനമായും  തൊഴിലാക്കിയിരുന്നത് കാലി വളര്‍ത്തലായിരുന്നു. ആഢ്യത്വത്തിന്റെ പ്രതീകമായിരുന്നു കാലി വളര്‍ത്തല്‍. ഇല്ലങ്ങളിലും തറവാട്ടുകളിലും ഇവയെ സംരക്ഷിക്കുന്നതിനായി പ്രത്യേകം കൂലിമേയ്പ്പുകാര്‍ ഉണ്ടായിരുന്നു. മൃഗങ്ങളുടെ ക്ഷേമത്തിനും പരിപാലനത്തിനും ചികിത്സാ രംഗത്തും  അറിയപ്പെടുന്ന പല മൃഗ വൈദ്യന്‍മാരും ഈ പഞ്ചായത്തില്‍ ഉണ്ടായിരുന്നു.  ഏറം ഗോപാല പിള്ള ആ കൂട്ടത്തിലെ പ്രസിദ്ധനായ  കാള വൈദ്യനായിരുന്നു. കേരളത്തിന്റെ തെക്കന്‍ ജില്ലകളിലെ അറിയപ്പെടുന്ന  ഒരു കന്നുകാലി ചന്തയാണ് അഞ്ചല്‍ കന്നുകാലിച്ചന്ത. അഞ്ചലിന്റെ സാമ്പത്തിക  വളര്‍ച്ചയില്‍ ഗണ്യമായ പങ്ക് ഈ ചന്തയ്ക്കുണ്ട്. മാറിയ സാഹചര്യത്തില്‍ കറവപ്പശു  ഉഴവ്-വണ്ടിക്കാളകള്‍  എന്നിവയുടെ കച്ചവടത്തേക്കാള്‍  മാംസത്തിന്റെ  ഉപയോഗത്തിനുള്ള കാലികളുടെ വ്യാപാരമാണ് നടക്കുന്നതെങ്കിലും ചന്തയുടെ തലയെടുപ്പ് ഇന്നും മോശമല്ല. 1969-ല്‍ അഞ്ചല്‍ പഞ്ചായത്തില്‍ ഒരു ഡിസ്പെന്‍സറി സ്ഥാപിച്ചു. 1991 -ല്‍ ഇത് ഒരു ആശുപത്രിയായി ഉയര്‍ത്തി.

ഊര്‍ജ്ജം/ ഗതാഗതം

1955 ലെ ചിങ്ങ മാസത്തില്‍ അഞ്ചല്‍  പട്ടണത്തിലെ  ഏതാനും  കടകളില്‍ ബള്‍ബുകള്‍ പ്രകാശിച്ചതോടു കൂടിയാണ് അഞ്ചല്‍ പഞ്ചായത്തില്‍ വൈദ്യുതി വെളിച്ചം കണ്ടു തുടങ്ങിയത്. ഇപ്പോഴത്തെ  സര്‍വ്വീസ് സഹകരണ സംഘം  നില്‍ക്കുന്ന  ഭാഗത്ത് ഒരു ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചു കൊണ്ടാണ് ഇതിന് തുടക്കം കുറിച്ചത്. അഞ്ചല്‍ പഞ്ചായത്തിന്റെ രൂപീകരണം 1953-ല്‍ ആണെങ്കിലും നാട്ടിലെ  റോഡുകള്‍ക്ക്  രണ്ടാം ലോക മഹായുദ്ധ കാലത്തോളം പഴക്കമുണ്ട്.  ശ്രീ. ചിത്തിര തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ  തിരുവിതാംകൂര്‍ വാണിരുന്ന കാലം കൊല്ലത്തുനിന്നും കുളത്തുപ്പുഴ തെന്മല വഴി  അന്നത്തെ  തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന  ചെങ്കോട്ടയിലേക്കും  മറ്റും സൈനികാവശ്യങ്ങള്‍ക്കും  വ്യവഹാര വാണിജ്യ ആവശ്യങ്ങള്‍ക്കും പുണ്യ ക്ഷേത്രങ്ങളായ അച്ചന്‍ കോവില്‍, ആര്യങ്കാവ് ക്ഷേത്രസന്ദര്‍ശത്തിനു വേണ്ടിയും  നിര്‍മ്മിച്ച ഒരു കാട്ടുപാത മാത്രമായിരുന്നു അഞ്ചലിന്റെ ആദ്യകാല ഗതാഗത സൌകര്യം. എട്ടുപത്ത് അടി വീതിയില്‍ ചെമ്മണ്ണു നിറഞ്ഞ ഈ പാതയുടെ ഇരുവശങ്ങളിലും തണല്‍ വിരിച്ച് തലയെടുപ്പോടെ നിന്നിരുന്ന കപ്പുമാവുകളും  മറ്റു വൃക്ഷങ്ങളും ഇന്നും നമുക്ക് കാണാന്‍ കഴിയും. 1940-45 കാലഘട്ടം വന്‍വൃക്ഷങ്ങളും കുറ്റിക്കാടുകളും കൊണ്ടു നിറഞ്ഞ ഒരു വനപ്രദേശമായിരുന്ന പഞ്ചായത്തിന് ഇന്നു വന്നിരിക്കുന്ന മാറ്റം അവിശ്വസനീയമാണ്. കാള വണ്ടികളും, കുതിര വണ്ടികളും  യാത്രക്കുവേണ്ടി  ഉപയോഗിച്ചിരുന്ന നമ്മുടെ നാട്ടില്‍ മാറ്റത്തിന്റെ തുടക്കം കുറച്ചു കൊണ്ട് 1945 ല്‍ സദാനന്ദപുരം  ആശ്രമാധിപതി മഹാപ്രസാദ സ്വാമിയുടെ വകയായി യശോദ, ഭാരതി എന്നീ രണ്ടു ബസ്സുകള്‍ കൊല്ലത്തു നിന്ന് അഞ്ചല്‍ വഴി കുളത്തൂപ്പുഴക്ക് ആദ്യമായി സര്‍വ്വീസ് ആരംഭിച്ചു. ഡ്രൈവര്‍ മാമ എന്ന അബുബേക്കര്‍ ഒരു ഫോര്‍ഡുകാര്‍ 1950-ല്‍ വാങ്ങിയതോടുകൂടി അദ്ദേഹം അഞ്ചലിലെ ആദ്യത്തെ മോട്ടോര്‍ മുതലാളിയാകുകയും ആദ്യമായി ഈ പ്രദേശത്ത് ടാക്സി സര്‍വ്വീസ് ആരംഭിച്ച ആളുമായി. 1957 ന് ശേഷമാണ് കാട്ടുപാതയായിക്കിടന്നിരുന്ന അഞ്ചലിലെ പ്രധാന റോഡുകള്‍ ടാര്‍ ചെയ്യപ്പെടുന്നത്. അഞ്ചലിലെ പ്രധാന റോഡുകളായ  അഞ്ചല്‍- ചണ്ണപ്പേട്ട റോഡിന്  40 വര്‍ഷത്തോളവും, അഞ്ചല്‍-തടിക്കാട് റോഡിന്  30 വര്‍ഷത്തോളവും  പഴക്കമുണ്ട്. 1957 ലാണ് അഞ്ചല്‍ പഞ്ചായത്തിലൂടെ ആദ്യമായി കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിക്കുന്നത്. തിരുവനന്തപുരത്തു നിന്നാരംഭിച്ച്  പുനലൂരില്‍ എത്തിച്ചേരുന്ന എക്സ്പ്രസ് ഒരു വര്‍ഷത്തോളം സര്‍വ്വീസ് നടത്തിയിരുന്നു. പിന്നീട്  സ്വകാര്യ മേഖലയില്‍  സി.കെ.എം.യൂണിയന്‍ എന്ന ബസ്സും ഓടിത്തുടങ്ങി. മോട്ടോര്‍  വാഹനങ്ങളുടെ രംഗപ്രവേശം  അഞ്ചലിലെ റോഡുകളുടെ പുരോഗതിയിലും ഗതാഗത സൌകര്യത്തിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കി. അഞ്ചല്‍ പഞ്ചായത്തിലെ  പ്രധാന റോഡു ഗതാഗത മാര്‍ഗ്ഗം റോഡുകളാണ്. റെയില്‍വേയുടെ ഗുണം ഇനിയും അഞ്ചലില്‍ എത്തേണ്ടിയിരിക്കുന്നു. ജില്ലാ റോഡുകളായ കൊല്ലം - കുളത്തുപ്പുഴ റോഡും, അഞ്ചല്‍ - പുനലൂര്‍ റോഡും, ചെങ്ങമനാട് - കടയ്ക്കല്‍ റോഡുമാണ് അഞ്ചല്‍ പഞ്ചായത്തിലുടെ കടന്നു പോകുന്ന ഏറ്റവും പ്രധാനപ്പെട്ട റോഡുകള്‍.

കുടിവെള്ളവും  പൊതുജനാരോഗ്യവും

അഞ്ചലിലെ ആദ്യത്തെ അലോപ്പതി ആശുപത്രി വട്ടമണ്‍ പാലത്തിന് പടിഞ്ഞാറുവശം ഡോ.ഐസക്ക് സ്ഥാപിച്ചു. 1953 ല്‍ ‘മേരീമക്കള്‍’ സന്യാസിനി സഭയുടെ പ്രവര്‍ത്തനത്തിലൂടെ സ്ഥാപിതമായ സെന്റ് ജോസഫ് ഹോസ്പിറ്റലിന്റെ ചരിത്രം അഞ്ചലിലെ ചികിത്സാ രംഗത്തിന്റെ വളര്‍ച്ചയുടെ  ചരിത്രം കൂടിയാണ്. ലോകപ്രശസ്ത ശാസ്ത്രജ്ഞനായ  എച്ച്.പി.വാറന്റെ വക പുരയിടത്തിലാണ് പ്രസ്തുത ആശുപത്രി ആരംഭിച്ചത്. പഴയതലമുറ ‘പട്ടരുവിള ആശുപത്രി’  എന്നാണ് ഈ മിഷന്‍ ആശുപത്രിയെ വിളിച്ചിരുന്നത്.  1954-ല്‍ ചാര്‍ജ്ജെടുത്ത അന്നമ്മ ഡോക്ടര്‍ അതുല്യമായ സംഭാവന ആതുര സേവനരംഗത്ത് നല്‍കിയിട്ടുണ്ട്. ഇന്ന് അഞ്ചലിലെ ആധുനിക സൌകര്യങ്ങളോടു കൂടിയ ഏറ്റവും മികച്ച ആശുപത്രിയാണിത്.  1954-ല്‍ ഒരു  അലോപ്പതി ആശുപത്രി സ്ഥാപിച്ചുകൊണ്ട്  ആതുര സേവനരംഗത്ത് നിറഞ്ഞു നിന്ന ജോര്‍ജ്ജ് ഡോക്ടര്‍ അഞ്ചലിന്റെ മനസ്സില്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ‘സര്‍ക്കാര്‍ വൈദ്യന്‍’  എന്നറിയപ്പെട്ടിരുന്ന ഡോ.പരമേശ്വരന്‍ പിള്ളയും ശ്രീ. നാണു വൈദ്യരും ശ്രീ. മാധവ വൈദ്യരും അഞ്ചലിന്റെ ചികിത്സാ രംഗത്ത്  ഗണ്യമായ സംഭാവനകള്‍  നല്‍കിയവരാണ്. ആശുപത്രിയുടെ പറുദീസയായി കഴിഞ്ഞ അഞ്ചലില്‍ ഇന്നും ചികിത്സ നടത്തി വരുന്ന പഴയ തലമുറയിലെ ശ്രീ. ചന്ദ്രന്‍ വൈദ്യരുടെ  സേവനവും  ഈ ഗ്രാമത്തിലെ ചികിത്സാ രംഗത്ത് എടുത്തു പറയേണ്ടുന്ന നാമധേയമാണ്. ആരോഗ്യ രംഗത്ത് അഞ്ചലില്‍ സര്‍ക്കാര്‍ മേഖലയില്‍ 1966-ല്‍ സ്ഥാപിക്കപ്പെട്ട പ്രൈമറി  ഹെല്‍ത്ത് സെന്ററും അതിന്റെ കീഴിലുള്ള സബ് സെന്ററുകളും  പരിമിതമായ സൌകര്യങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിച്ചു വരുന്നു. സ്വകാര്യ മേഖലയില്‍ മിഷന്‍ ആശുപത്രിക്ക് പുറമേ  പി.എന്‍.എസ് ഹോസ്പിറ്റല്‍,  മെറ്റേര്‍ണിറ്റി ഹോസ്പിറ്റല്‍, ശബരിഗിരി ഹോസ്പിറ്റല്‍, ഡോ.ദേവദാസ് ഹോസ്പിറ്റല്‍ എന്നിങ്ങനെ ‘നാല്’ അലോപ്പതി ഹോസ്പിറ്റലുകളും രണ്ട് ഹോമിയോ ആശുപത്രികളും  ‘രണ്ട് ആയുര്‍വേദ ആശുപത്രികളും  സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ‘ഒമ്പത് മെഡിക്കല്‍ സ്റ്റോറുകള്‍ പഞ്ചായത്ത് അതിര്‍ത്തിയില്‍ ഉണ്ട്. ഇവയ്ക്കു പുറമേ അഞ്ചല്‍ പട്ടണത്തിലെ അലയമണ്‍ പഞ്ചായത്ത് അതിര്‍ത്തിയില്‍ അനേകം ആശുപത്രികളും  മെഡിക്കല്‍ സ്റ്റോറുകളും അഞ്ചലിന്റെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

വിദ്യാഭ്യാസം

എച്ച്.ഹരിഹര അയ്യര്‍ എന്ന ബ്രാഹ്മണ യുവാവ് അഞ്ചല്‍  പുളിമുക്കില്‍ സ്ഥാപിച്ച, മൂന്നാം ക്ളാസ്സുവരെ മാത്രം പഠിപ്പിച്ചിരുന്ന പുല്ലുമേഞ്ഞ പള്ളിക്കൂടമാണ് അഞ്ചല്‍  പ്രദേശത്തെ  ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം. അതിനുശേഷം  കൊല്ലവര്‍ഷം 1089-ല്‍ നാലാം ക്ളാസുവരെയുള്ള ഗവ. പ്രൈമറി സ്കൂള്‍ സ്ഥാപിക്കപ്പെട്ടു. ഈ സ്കൂളാണ് ഇപ്പോഴത്തെ അഞ്ചല്‍ ഗവ. ഹൈസ്കൂള്‍. പിന്നീട് അനുവദിക്കപ്പെട്ട മാധവന്‍ പിള്ള സാറിന്റെ  ഭഗവതി വിലാസം ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ആണ് ഇപ്പോള്‍  ബി.വി.യു.പി.എസ് ആയി മാറിയത്. കോരുത് സാര്‍ (ഒന്നാം സാര്‍), തിരുവനന്തപുരം വേലുപിള്ള സാര്‍, വയലാ കുട്ടന്‍ പിള്ള സാര്‍ തുടങ്ങിയവര്‍ അക്കാലത്തെ  പേരു കേട്ട അദ്ധ്യാപകരായിരുന്നു. കോട്ടവിള നാരായണന്‍ നായര്‍ സ്ഥാപക മാനേജരായി നാട്ടുകാരുടെ കമ്മിറ്റി സ്ഥാപിച്ച് പില്‍ക്കാലത്ത് ഗവ.സ്കൂളായി മാറിയതാണ് ഇപ്പോഴത്തെ  അഞ്ചല്‍ ഈസ്റ്റ് ഗവ.ഹൈസ്ക്കൂള്‍. അറുപതുകളുടെ തുടക്കത്തോടെയാണ് അഞ്ചലില്‍ വിദ്യാഭ്യാസ രംഗത്ത് ഒരു കുതിച്ചുകയറ്റം നടന്നത്. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജാണ് ഇന്ന് ഈ പ്രദേശത്ത് ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ വിദ്യാഭ്യാസ സ്ഥാപനം. ഹൈസ്കൂള്‍ വിദ്യാഭ്യാസ രംഗത്ത് മൊത്തം  നാലു സ്കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ രണ്ടെണ്ണമാണ് സര്‍ക്കാര്‍ മേഖലയിലുള്ളത്. അഞ്ചലിലെ  ആദ്യകാല ട്യൂട്ടോറിയല്‍ അഞ്ചല്‍ ട്യൂട്ടോറിയല്‍ ആയിരുന്നു. ആദരണീയനായ പി. ഗോപാലന്‍ സ്ഥാപിച്ച  പി.ജി.ടി എന്ന സ്ഥാപനമായിരുന്നു സമാന്തര വിദ്യാഭ്യാസ രംഗത്തെ അഞ്ചലിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥാപനം. ഇന്ന് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ കേരളത്തിലെ ഒരു പ്രധാനപ്പെട്ട കേന്ദ്രമാണ് അഞ്ചല്‍. പാരലല്‍ കോളേജുകളുടെ പറുദീസ എന്നും അഞ്ചലിനെ വിശേഷിപ്പിക്കുന്നവരുണ്ട്.

സഹകരണം

അഞ്ചലില്‍ ഒരു സഹകരണ സംഘം ജന്മം കൊണ്ടത് വിവിധോദ്ദേശ്യ സഹകരണ സംഘം എന്ന പേരിലാണ്. കൊല്ലവര്‍ഷം 1123 മേടമാസം 19-ാം തിയതി ( എ.ഡി 1948) യാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഭക്ഷ്യ ക്ഷാമത്തെ അതിജീവിക്കാന്‍ മരച്ചീനി ഉല്പാദനം പ്രോല്‍സാഹിപ്പിക്കാനും വിപണനത്തെ സഹായിക്കാനും വേണ്ടി  കപ്പ ഉത്പാദന സഹകരണ സംഘം ആരംഭിച്ചു. 1956-57 ഈ രണ്ട് സഹകരണ സംഘങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ട് പ്രവര്‍ത്തനം വിപുലീകരിച്ചതാണ് ഇന്നത്തെ അഞ്ചല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്. അഞ്ചല്‍ ബ്ളോക്ക്-ഹൌസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി  1980 മാര്‍ച്ച് 10 ന് രജിസ്റ്റര്‍ ചെയ്ത  സൊസൈറ്റി പുതിയ വീടു നിര്‍മ്മിക്കാനും വീട് പുതുക്കിപ്പണിയാനും വായ്പകളും നല്‍കുന്നു. അഞ്ചല്‍ ക്ഷീരോല്പാദക സഹകരണ സംഘം 1977 ജൂണ്‍ 30 ന് ആരംഭിച്ചു. അഞ്ചല്‍ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ പ്രവര്‍ത്തന മേഖല അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ 6,4,12 എന്നീ വാര്‍ഡുകള്‍ ഒഴികെയുള്ള ഒമ്പത് വാര്‍ഡുകളാണ്. അഗസ്ത്യക്കോട് ക്ഷീരോല്പാദക സഹകരണ സംഘം 3-9-96-ല്‍ കുരുവിക്കോണത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ആര്‍ച്ചല്‍ ചെറുകിട റബ്ബര്‍ ഉല്പാദക സംഘം 1992-ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. റബ്ബര്‍ ഉല്പാദകര്‍ക്കാവശ്യമായ വളം, രാസ വസ്തുക്കള്‍, മറ്റുപകരണങ്ങള്‍ എന്നിവ സബ്സിഡൈസ് റേറ്റില്‍ സംഘത്തില്‍ നിന്ന് വിതരണം നടത്തുന്നു. കാര്‍ഷിക വികസന ബാങ്ക് ദീര്‍ഘകാല വായ്പകള്‍ക്ക് ജനങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥാപനമാണ് പുനലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പത്തനാപുരം  പ്രാഥമിക കാര്‍ഷിക-ഗ്രാമവികസന ബാങ്ക്  അഞ്ചല്‍ പഞ്ചായത്ത് ഉള്‍പ്പെടെ  പത്തനാപുരം താലൂക്ക് മുഴുവന്‍  ബാങ്കിന്റെ പ്രവര്‍ത്തന മേഖലയിലാണ്.