അഞ്ചല്‍

കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തുകളില്‍ ഒന്നാണ് അഞ്ചല്‍ ഗ്രാമപഞ്ചായത്ത്. 2445 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള ഈ പഞ്ചായത്തുള്‍‍പ്പെടുന്ന വില്ലേജ് അഞ്ചല്‍ വില്ലേജ് ആണ്. കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്ത് ആയൂരില്‍ നിന്നും ഏഴ് കിലോമീറ്റര്‍ കിഴക്കുമാറിയും പുനലൂര്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും 10 കി.മീറ്റര്‍ തെക്കുമാറിയും സ്ഥിതി ചെയ്യുന്നു. ഇന്ന് അനുക്ഷണം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പട്ടണമാണ് അഞ്ചല്‍. പഴയ തലമുറക്ക് അഞ്ചലിനെക്കുറിച്ചോര്‍ക്കാനൊരു ചിത്രമുണ്ട്. ഇന്നത്തെ അഞ്ചല്‍ റെയ്ഞ്ച് ഓഫീസ് ജംഗ്ഷനു ചുറ്റും നൈസര്‍ഗികമായ വനമായിരുന്നു. അതുവഴി ആയൂരിനും പുനലൂരിനും  കുളത്തുപ്പുഴയ്ക്കും കടന്നു പോകുന്ന ചെമ്മണ്‍ പാതകള്‍, ഈ പാതകളിലുടെ  നിരന്തരം പോകുന്ന കാളവണ്ടികളുടെ കടമണിയൊച്ച, വെടിക്കെട്ടു സ്ഥലത്തെ പുക കണക്കെ നാലുപാടും പൊടി പടലങ്ങള്‍ പറത്തികൊണ്ട് വല്ലപ്പോഴും മാത്രം കടന്നു പോകുന്ന മോട്ടോര്‍ കാറുകള്‍, ചുറ്റും ഫലഭൂയിഷ്ഠമായ തടപ്രദേശങ്ങള്‍, ചീവീടുകളുടെ താരാട്ടുകേട്ട് നിശയില്‍ മയങ്ങുന്ന ഗ്രാമാന്തരീക്ഷം ഇതായിരുന്നു പഴയ അഞ്ചല്‍. അഞ്ചല്‍ എന്ന സ്ഥലപ്പേരിന് കാരണമായത് പഴയകാലത്തെ ഈ അഞ്ചലാപ്പീസ് ഉണ്ടായതിനാലാണെന്ന് ഒരു അവകാശവാദം ഇന്നും നിലനില്‍ക്കുന്നു. ചരിത്രത്തിന്റെ ഏടുകള്‍ പരിശോധിച്ചാല്‍ മറ്റെവിടേയും എന്ന പോലെ അഞ്ചലിന്റേയും ഗതകാല സംസ്കാരത്തിന്റെ ഈറ്റില്ലങ്ങള്‍ ക്ഷേത്രങ്ങളായിരുന്നുവെന്ന് കാണാം. കലയുടേയും സാഹിത്യത്തിന്‍റെയും വിദ്യാഭ്യാസത്തിന്റേയും എല്ലാം ആസ്ഥാനമായിരുന്നു ഈ ക്ഷേത്രങ്ങള്‍. കൊട്ടാരക്കര തമ്പുരാന്റെ ഒരു  ആസ്ഥാനമായിരുന്ന  പനയഞ്ചേരിയായിരുന്നു അഞ്ചലിന്റെ സാംസ്കാരിക സിരാകേന്ദ്രം. 12 വര്‍ഷത്തിലൊരിക്കല്‍ അഞ്ചലിലെ ആറു കരക്കാരും കടയ്ക്കല്‍ പ്രദേശത്തുകാരും ചേര്‍ന്ന് നടത്തി വരാറുള്ള അതിപുരാതനവും  പ്രശ്സതവുമായ ഉത്സവാഘോഷമാണ് ” കടയ്ക്കല്‍ ഭഗവതി മുടിയെഴുന്നള്ളത്ത് “.