സാമൂഹ്യസാംസ്കാരികചരിത്രം
അഞ്ച് ആലുകള്‍ ഉണ്ടായിരുന്ന സ്ഥലമായതിനാലാണ് ഈ ഗ്രാമത്തിന് അഞ്ചല്‍ എന്ന സ്ഥലനാമം ലഭിച്ചതെന്ന് കരുതപ്പെടുന്നു. ഉത്തരം തീര്‍ച്ചപ്പെടുത്താനാവാത്ത അഞ്ചു തര്‍ക്കങ്ങള്‍ അഥവാ ചൊല്ലുകള്‍ നിലനിന്നിരുന്ന ഗ്രാമമാണ് അഞ്ചല്‍ എന്നും അതിനാലാണ് അഞ്ചു ചൊല്ലുകളുടെ നാട് എന്ന അര്‍ത്ഥത്തില്‍ അഞ്ചല്‍ എന്ന് പേര്‍ കൈവന്നതെന്നും മറ്റൊരു അഭിപ്രായവും കേള്‍ക്കുന്നുണ്ട്. “അഞ്ചല്‍ കുളം - ചിറയോ കുളമോ?”, എന്നതാണ് ഒന്നാമത്തെ തര്‍ക്കവിഷയം. കോണുകളും, ചതുരാകൃതിയിലുള്ള വശങ്ങളും വൃത്തരൂപവുമെല്ലാം ഇതിനുണ്ടുതാനും. “വടമണ്‍ പള്ളിക്കൂടത്തിനടുത്തുള്ള വടമണ്‍ കാഞ്ഞിരം കയ്ക്കുമോ മധുരിക്കുമോ?” എന്നതാണ് രണ്ടാമത്തെ തര്‍ക്കവിഷയം. ഇതിന്റെ ചില ഇലകള്‍ക്ക് മധുരരസവും മറ്റു ചില ഇലകള്‍ക്ക് പ്രത്യേകരുചിയോ മധുരമോ ഇല്ലാത്തതുമാണ്. കാഞ്ഞിരക്കുരു ലഭിക്കാത്ത മരമായതിനാല്‍ വടമണ്‍ കാഞ്ഞിരം കയ്ക്കുമെന്നാ മധുരിക്കുമെന്നാ ആര്‍ക്കും പറയാനാകില്ല. ഏറം ക്ഷേത്രത്തിനു സമീപമുള്ള “വയലില്‍ തേവര് ക്ഷേത്രം കരയിലോ വയലിലോ?” എന്നതാണ് മൂന്നാമത്തെ തര്‍ക്കവിഷയം. വയലിലാണോ കരയിലാണോ എന്നുറപ്പിച്ച് പറയാകാനാത്തതരം സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. “അഗസ്ത്യക്കോട് ക്ഷേത്രത്തിലെ മുനിയുടെ പ്രതിഷ്ഠ ആണോ പെണ്ണോ?” എന്നതാണ് നാലാമത്തെ തര്‍ക്കവിഷയം. കമിഴ്ന്നു വീണുകിടക്കുന്ന നിലയില്‍ കാണപ്പെടുന്ന ഈ പ്രതിഷ്ഠ ഇതുവരെ ഉയര്‍ത്തിനോക്കാന്‍ കഴിയാത്തതിനാല്‍ ആണോ പെണ്ണോ എന്ന് തീര്‍ച്ചപ്പെടുത്താനായിട്ടില്ല. “അഞ്ചല്‍ ഏറം കുറുമക്കാട് കുടുംബത്തിന്റെ യഥാര്‍ത്ഥ ജാതിയെന്ത്?” എന്നതാണ് അഞ്ചാമത്തെ തര്‍ക്കം. ഏറെ പുരാതനമായ കുടുംബമായതിനാല്‍ ഇത് ഇല്ലമാണോ, സ്വരൂപമാണോ തീര്‍ച്ചപ്പെടുത്താനാകാത്തതാണ് തര്‍ക്കത്തിന് ആധാരം. എന്നാല്‍ മേല്‍പ്പറഞ്ഞതൊന്നുമല്ലാ, സ്ഥലനാമത്തിനു പിന്നിലുള്ള ചരിത്രമെന്നും പണ്ടുകാലത്ത് തന്നെ ഇവിടെയൊരു അഞ്ചല്‍ ആപ്പീസ് സ്ഥാപിതമായിരുന്നുവെന്നും അതിനാലാണ് ഈ പ്രദേശത്തിന് അഞ്ചല്‍ എന്ന പേര് കൈവന്നതെന്നും മറ്റൊരു കൂട്ടര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും സ്ഥലനാമചരിത്രം ഖണ്ഡിതമായി പറയാനാകില്ല. മുമ്പ് വേണാടൊഴികെയുള്ള തിരുവിതാംകൂര്‍ പ്രദേശം ദേശിങ്ങനാട്, ഇളയിടത്തുസ്വരൂപം, തെക്കംകൂറ്, കായംകുളം, ചെമ്പകശ്ശേരി, വടക്കുംകൂറ് തുടങ്ങിയ നാട്ടുരാജ്യങ്ങളായി പല നാടുവാഴികളുടെ ഭരണത്തിന്‍കീഴിലായിരുന്നു. അക്കാലത്ത് ഇന്നത്തെ പത്തനാപുരം, കൊട്ടാരക്കര താലൂക്കുകളിലുള്‍പ്പെടുന്ന പ്രദേശത്തിന്റെ ഭരണം കൊട്ടാരക്കര രാജാവിനായിരുന്നു. കൊട്ടാരക്കര രാജാവിന് കൊട്ടാരക്കര കൂടാതെ പത്തനാപുരം താലൂക്കില്‍പെട്ട അഞ്ചല്‍ പ്രദേശത്തും ഒരു തലസ്ഥാനം ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. അത് ഇന്നത്തെ അഞ്ചല്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്ന പനയഞ്ചേരി എന്ന സ്ഥലത്തായിരുന്നുവത്രെ. രാജഭരണത്തകര്‍ച്ചയ്ക്കു ശേഷം അഞ്ചലിന്റെ പ്രധാനകേന്ദ്രം അഞ്ചല്‍ ചന്തമുക്കായിരുന്നു. ഇവിടം കേന്ദ്രീകരിച്ചായിരുന്നു കൂടുതല്‍ കടകളും മറ്റു വ്യാപാരസ്ഥാപനങ്ങളും ഉണ്ടായത്. പഴയ തിരുവിതാംകൂറിലെ ഏറ്റവും പഴക്കം ചെന്നതാണ് അഞ്ചല്‍ കന്നുകാലിച്ചന്തയും പൊതുമാര്‍ക്കറ്റും. അഞ്ചലിനെ കുറിച്ച് ആദ്യം പുറംനാടുകളില്‍ അറിയപ്പെടുന്നതു തന്നെ കന്നുകാലിച്ചന്തയുടെ പേരിലാണ്. അഞ്ചലിലെ ആദ്യത്തെ സ്കൂള്‍ അഞ്ചല്‍ പുളിമുക്കിലാണ് സ്ഥാപിതമായത്. ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാലത്ത് ചെങ്കോട്ടയിലേക്ക് സൈനികാവശ്യത്തിന് സാധനങ്ങള്‍ കൊണ്ടുപോകുന്നതിനും, ക്ഷേത്രങ്ങളിലേക്ക് പോകുന്നതിനും മറ്റും നിര്‍മ്മിച്ച ഒരു കാട്ടുപാതയായിരുന്നു ആദ്യകാലത്ത് ഇതുവഴിയുണ്ടായിരുന്ന ഗതാഗത സൌകര്യം. പനയഞ്ചേരി ശ്രീധര്‍മ്മ ശാസ്താക്ഷേത്രം, കളരി ക്ഷേത്രം, അഞ്ചല്‍ ഗണപതി ക്ഷേത്രം എന്നിവ കൂടാതെ നിരവധി ക്രിസ്ത്യന്‍-മുസ്ളീം പള്ളികളും ഈ പ്രദേശത്തുണ്ട്. ആദിവാസികളായിരുന്നു കുളത്തുപ്പുഴയിലെയും പരിസരപ്രദേശങ്ങളിലെയും ആദിമനിവാസികള്‍. തളിത്തിരി വംശജര്‍ വന്ന് കാടു വെട്ടിത്തെളിച്ച് താമസമാക്കിയതോടെ ആദിവാസികള്‍ ഇവിടെ നിന്നും വനാന്തര്‍ഭാഗത്തേക്ക് പിന്‍വാങ്ങി. രാജഭരണകാലത്ത് ശ്രീമൂലം തിരുനാള്‍ സുഖവാസത്തിനായി കുറ്റാലത്തേക്ക് പോയിരുന്നത് ഇവിടുത്തെ വനത്തിലെ നടപ്പാതയിലൂടെയായിരുന്നു. യാത്രാമധ്യേ കുളത്തൂപ്പുഴ സത്രത്തില്‍ വിശ്രമിക്കുകയും ചെയ്തിരുന്നു. “കുളന്ത” എന്ന തമിഴ് വാക്കിന്റെ അര്‍ത്ഥം കുഞ്ഞ് എന്നാണ്. കുളന്തയായ അല്ലെങ്കില്‍ “കുഞ്ഞ് അയ്യപ്പനെ” കണ്ടെടുത്ത പുഴ എന്ന അര്‍ത്ഥത്തില്‍ “കുളന്തപ്പുഴ” എന്നറിയപ്പെട്ടിരുന്ന സ്ഥലനാമമാണ് പില്‍ക്കാലത്ത് കുളത്തൂപ്പുഴ എന്ന് രൂപഭേദം സംഭവിച്ചത്. രാമയ്യന്‍ ദളവായുടെ കാലത്ത് നെടുമങ്ങാട്-ചെങ്കോട്ട പാത വികസിപ്പിക്കുവാന്‍ തുടങ്ങിയതോടെ ഈ ഗ്രാമത്തിന്റെ വികസനത്തിനു തുടക്കമായി. കുളത്തുപ്പുഴ പഴയകാലത്ത് തേയിലത്തോട്ടങ്ങളുടെ നാടായിരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച റബ്ബര്‍തോട്ടവും ലാഭത്തിന്റെ കഥകള്‍ മാത്രം പറയുവാനുള്ള റീഹാബിലിറ്റേഷന്‍ പ്ളാന്റേഷനും കുളത്തൂപ്പുഴയിലാണ് സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ കുളത്തുപ്പുഴ ശ്രീധര്‍മ്മശാസ്താക്ഷേത്രം, ആനക്കൂട് ക്ഷേത്രം, ചന്ദനക്കാവിലെ 200 വര്‍ഷം പഴക്കമുള്ള പള്ളി എന്നിവയാണ് ഈ ഗ്രാമത്തിലെ പ്രധാന ആരാധനാലയങ്ങള്‍. “ഏര്” അഥവാ കന്നുജോഡികളുടെ ഊരായതുകൊണ്ടാണ് ഏരൂര് എന്ന് ഈ ഗ്രാമത്തിന് പേരുണ്ടായത് എന്നാണ് ഐതീഹ്യം. ഒരുകാലത്ത് സമൃദ്ധമായ രീതിയില്‍ കന്നുകാലികളുണ്ടായിരുന്ന ഈ ഗ്രാമത്തിലെ കാലിച്ചന്തയില്‍ നിന്നും കന്നുകളെ വാങ്ങുന്നതിന് വിദൂരദേശങ്ങളില്‍ നിന്നുപോലും വ്യാപാരികള്‍ ഇവിടെ എത്തിയിരുന്നു. ഈ ഗ്രാമത്തിലെ ആദ്യത്തെ സ്കൂളായ ഏരൂര്‍ ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ ഒന്നരനൂറ്റാണ്ട് മുന്‍പാണ് ആരംഭിച്ചത്. ഏരൂര്‍ പരസ്പര സഹായ സഹകരണ സംഘം 1925-ലാണ് രൂപീകൃതമായത്. അഞ്ചല്‍-കുളത്തൂപ്പുഴ റോഡും, ഏരൂര്‍-ഇടമണ്‍ റോഡുമാണ് ഈ ഗ്രാമത്തിലെ ഏറ്റവും പഴക്കമുള്ള റോഡുകള്‍. തൃക്കോയിക്കല്‍ ശ്രീ നരസിംഹസ്വാമി ക്ഷേത്രം, ഏരൂര്‍ ഗണപതി ക്ഷേത്രം, ശ്രീ ആയിരവല്ലി ക്ഷേത്രം, തുടങ്ങിയ ക്ഷേത്രങ്ങളും തുമ്പോട് ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച്, മണലില്‍ കാത്തലിക് ചര്‍ച്ച് തുടങ്ങിയ ക്രിസ്ത്യന്‍ ദേവാലയങ്ങളും ഏരൂര്‍ മോസ്ക്, മരോട്ടിത്തടം പള്ളി തുടങ്ങിയ മുസ്ളീംപള്ളികളുമാണ് ഏരൂര്‍ ഗ്രാമത്തിലെ പ്രധാന ആരാധനാലയങ്ങള്‍. ആലയങ്ങള്‍ പണിയുന്നതിന് പറ്റിയ പശയും ഉറപ്പുമുള്ള ചെളി കലര്‍ന്ന മണ്ണുള്ള പ്രദേശമാണ് അലയമണ്‍ ഗ്രാമം. ആലയമണ്‍ എന്ന പദം ശബ്ദഭേദം സംഭവിച്ചാണ് അലയമണ്‍ ആയി മാറിയതെന്ന് കരുതപ്പെടുന്നു. അലയമണ്‍ അയ്യപ്പന്‍ ക്ഷേത്രം, കുട്ടിനാട് ശിവക്ഷേത്രം, ഇളവൂര്‍ ശ്രീ അയ്യപ്പന്‍ ക്ഷേത്രം, കോട്ടവിള ക്ഷേത്രം, മുളപ്പമണ്‍, കരുകോണ്‍ പള്ളികള്‍ എന്നിവയാണ് ഈ ഗ്രാമത്തിലെ പ്രധാന ആരാധനാലയങ്ങള്‍. തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു ഇടമുളയ്ക്കല്‍ ഗ്രാമം. തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളായിരുന്ന എം.എന്‍.ഗോവിന്ദന്‍ നായര്‍, പി.റ്റി.പുന്നൂസ്, റ്റി.എം.വര്‍ഗീസ് തുടങ്ങിയവരുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രങ്ങളിലൊന്നായിരുന്നു ഇടമുളയ്ക്കല്‍. 1925-ല്‍ തടിക്കാട്ടില്‍ മുഹമ്മദന്‍സ് സ്കൂള്‍ എന്ന പേരില്‍ ഒരു വിദ്യാലയം ആരംഭിച്ചു. മലമേല്‍ ഇരുമ്പഴിക്കല്‍ക്ഷേത്രം, കളരി ദേവീക്ഷേത്രം, അറയ്ക്കല്‍ ദേവീക്ഷേത്രം, മലമേല്‍ ശിവക്ഷേത്രം, ഭൂവനേശ്വരി ക്ഷേത്രം, ആയൂര്‍ ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച്, ആനപ്പുഴയ്ക്കല്‍ വയയ്ക്കല്‍ മുസ്ളീംപള്ളി എന്നിവയാണ് ഈ ഗ്രാമത്തിലെ പ്രധാന ആരാധനാലയങ്ങള്‍. രാവണസോദരനായ ഖരന്‍, രാമ-ലക്ഷ്മണന്മാരുമായുള്ള യുദ്ധത്തിനു വേണ്ടി വാളൂരിയ സ്ഥലമാണ് കരവാളൂരായതെന്നാണ് ഐതീഹ്യം. എന്നാല്‍ ഇവിടെ കച്ചവടത്തിനായി വന്നിരുന്ന തമിഴ്നാട്ടുകാരില്‍ നിന്ന് ഈ പ്രദേശത്തിന് ലഭിച്ച, “കരൈപാഴും ഊര്” (കരയില്‍ വാഴുന്ന സ്ഥലം) എന്ന നാമമാണ് കരുവാളൂരായി മാറിയതെന്നാണ് യുക്തിസഹമായ നിഗമനം. 1938-ലാണ് ഈ ഗ്രാമത്തിലൂടെ ആദ്യത്തെ ബസ് സര്‍വ്വീസ് ആരംഭിച്ചത്. വെഞ്ചേമ്പ് ശിവക്ഷേത്രം, വിഷ്ണു ക്ഷേത്രം, മാര്‍ത്തോമ്മാ ചര്‍ച്ച് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങള്‍. മുന്‍കാലത്ത് ഇടമണ്‍ പ്രദേശം കേന്ദ്രീകരിച്ച് ഇരുപതോളം ഈഴവ കുടുംബങ്ങള്‍ കുടിയേറിപാര്‍ത്തതായി കണക്കാക്കപ്പെടുന്നു. പിന്നീട് ഇവിടം തമിഴ് കുടിയേറ്റക്കാരുടെ കൈവശമായിത്തീര്‍ന്നു. പത്ത് (ടെന്‍) മലകളുടെ നാട് എന്ന അര്‍ത്ഥത്തിലാണ് തെന്മലയ്ക്ക് ആ പേരുണ്ടായതെന്നും അതല്ല തേന്‍ ധാരാളമായി ലഭിക്കുന്ന സ്ഥലമായതിനാലാണ് തെന്മല എന്ന പേര് കൈവന്നതെന്നും വ്യത്യസ്താഭിപ്രായങ്ങള്‍ നിലവിലുണ്ട്. കൊല്ലവര്‍ഷം 1916-ലാണ് ഇവിടെ ആദ്യമായൊരു വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിതമായത്. പഞ്ചായത്തില്‍ ആദ്യം തുടങ്ങിയ വ്യവസായ സ്ഥാപനം എച്ച് & സി കമ്പനിയുടെ നാഗമലയിലുള്ള തേയില നിര്‍മ്മാണ ഫാക്ടറിയാണ്. കല്ലട ഡാം, ഒറ്റക്കല്‍ തടയണ, ശെന്തുരുണി വന്യമൃഗസംരക്ഷണകേന്ദ്രം, മാമ്പഴത്തറക്ഷേത്രം, ഒറ്റക്കല്‍ പാണ്ഡവന്‍ പാറ എന്നിവ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. തെന്മല കേന്ദ്രീകരിച്ച് നിലവിലുള്ള ഇക്കോടൂറിസം പദ്ധതി വിനോദസഞ്ചാരികളുടെ പറുദീസയാണ്. 1932-ല്‍ സ്ഥാപിതമായ സെന്റ് ജോസഫ് ചര്‍ച്ചാണ് നിലവിലുള്ള ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഏറ്റവും പഴക്കമേറിയത്. മാമ്പഴത്തറ ദേവീക്ഷേത്രം ഇടമണ്‍ ആയിരവല്ലീ ക്ഷേത്രം, ഒറ്റക്കല്‍ മുസ്ളീം ദേവാലയം എന്നിവയാണ് പ്രധാന ആരാധനാലയങ്ങള്‍. സ്വാതന്ത്ര്യ ലബ്ധിക്കു മുന്‍പു വരെ ആര്യങ്കാവ് ഗ്രാമം തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. ഈ പ്രദേശത്ത് ആയിരം കാവുകള്‍ ഉണ്ടായിരുന്നു എന്നും അതിനാലാണ് ആര്യങ്കാവ് എന്ന സ്ഥലനാമമുണ്ടായതെന്നും പറയപ്പെടുന്നു. കാലാന്തരത്തില്‍ ആയിരംകാവ് ആര്യങ്കാവ് ആയിമാറി. ആര്യന്‍മാരുടെ വരവുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്തിന് ആര്യങ്കാവ് എന്ന പേരു വന്നതെന്ന് മറ്റൊരു അഭിപ്രായവും കേള്‍ക്കുന്നുണ്ട്. കേരളത്തിലെ ആദ്യ റെയില്‍പാതയായ കൊല്ലം-തിരുനല്‍വേലി പാത ഈ ഗ്രാമത്തില്‍ കൂടി കടന്നുപോകുന്നു. ആര്യങ്കാവ് ശ്രീ ധര്‍മ്മ ശാസ്താക്ഷേത്രം, അച്ചന്‍കോവില്‍ ശ്രീ ധര്‍മ്മ ശാസ്താക്ഷേത്രം എന്നിവ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്. ആര്യങ്കാവ് സെന്റ് ജോര്‍ജ്ജ് പള്ളി ഇടപ്പാളയം, നെടുമ്പാറ ക്രിസ്ത്യന്‍ ദേവാലയം, നെടുമ്പാറ, ഇടപ്പാളയം തുടങ്ങിയ സ്ഥലങ്ങളിലെ മോസ്കുകള്‍ എന്നിവയാണ് ആര്യങ്കാവിലെ പ്രധാന ആരാധനാലയങ്ങള്‍. ലോകത്തില്‍ ആദ്യത്തെ സ്റമ്പ് തേക്കുതോട്ടമായ ബോഡിലോണ്‍ പ്ളാന്റേഷന്‍ ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. പാലരുവി വെള്ളച്ചാട്ടം, ബോഡിലോണ്‍ തോട്ടം, അമ്പനാട് തേയില തോട്ടം, അച്ചന്‍കോവില്‍, ആര്യങ്കാവ് എന്നിവിടങ്ങളിലെ അതിപുരാതനമായ ശാസ്താക്ഷേത്രങ്ങള്‍, കല്ലട പവ്വര്‍ ഹൌസ് ഡാം, ഒറ്റക്കല്‍ ലുക്ക് ഔട്ട് തുടങ്ങിയവ ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.