അഞ്ചല്‍

കൊല്ലം ജില്ലയില്‍, പത്തനാപുരം താലൂക്കിലാണ് അഞ്ചല്‍ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അഞ്ചല്‍, കുളത്തൂപ്പുഴ, ഏരൂര്‍, അലയമണ്‍, ഇടമുളയ്ക്കല്‍, കരവാളൂര്‍, തെന്മല, ആര്യങ്കാവ് എന്നീ ഗ്രാമപഞ്ചായത്തുകള്‍ അഞ്ചല്‍ ബ്ളോക്കില്‍ ഉള്‍പ്പെടുന്നു. അഞ്ചല്‍, കുളത്തൂപ്പുഴ, തിങ്കള്‍കരിക്കം, ചണ്ണപ്പേട്ട, ഏരൂര്‍, ആയിരനല്ലൂര്‍, അലയമണ്‍, അറയ്ക്കല്‍, ഇടമുളയ്ക്കല്‍, കരവാളൂര്‍, ഇടമണ്‍, തെന്‍മല, പിറവന്തൂര്‍, ആര്യങ്കാവ് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന അഞ്ചല്‍ ബ്ളോക്ക് പഞ്ചായത്തിന് 95.076 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 1963-ലാണ് അഞ്ചല്‍ ബ്ളോക്ക് പ്രവര്‍ത്തനമാരംഭിച്ചത്. അക്കാലത്ത് ഒന്‍പതു പഞ്ചായത്തുകളും ഒന്‍പതു വില്ലേജുകളും ഈ ബ്ളോക്കില്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ ഉള്‍പ്പെട്ടിരുന്ന പുനലൂര്‍ പഞ്ചായത്ത് കാലക്രമേണ മുനിസിപ്പാലിറ്റിയായിമാറി. കശുവണ്ടിമേഖലയാണ് ഈ ബ്ളോക്കിലെ വ്യവസായരംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഒന്‍പതു കശുവണ്ടി ഫാക്ടറികള്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. ഈറ, മുള തുടങ്ങിയ വനവിഭവങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള പരമ്പരാഗത വ്യവസായങ്ങളും ചുടുകട്ട വ്യവസായവും ഈ ബ്ളോക്കിലെ എല്ലാ ഗ്രാമങ്ങളിലും നിലവിലുണ്ട്. കൊട്ടാരക്കര ഇളയിടത്തുസ്വരൂപത്തിന്റെ അധികാരപരിധിയില്‍ ഉള്‍പ്പെട്ടിരുന്ന പ്രദേശമായിരുന്നു പണ്ടുകാലത്ത് അഞ്ചലും പരിസരഗ്രാമങ്ങളും. ഭൂപ്രകൃതിയനുസരിച്ച് മലനാട്ടില്‍ സ്ഥിതി ചെയ്യുന്ന അഞ്ചല്‍ ബ്ളോക്ക് പഞ്ചായത്തിനെ ഉയര്‍ന്ന സമതലം, കുത്തനെ ചെരിവുള്ള പ്രദേശം, ഇടത്തരം ചെരിവുള്ള പ്രദേശം, താഴ്വര, കല്ലട ജലസംഭരണി, ചെരിവുള്ള പ്രദേശം, മലമ്പ്രദേശങ്ങള്‍, കുന്നിന്‍ പ്രദേശങ്ങള്‍ എന്നിങ്ങനെ തരംതിരിക്കാം. ചെങ്കല്‍ മണ്ണ്, നദീജന്യ എക്കല്‍ മണ്ണ്, ജൈവാംശം കൂടുതലുള്ള ചെങ്കല്‍ മണ്ണ്, വനമണ്ണ്, ചെളിമണ്ണ്, മണല്‍മണ്ണ് എന്നിവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്‍തരങ്ങള്‍.